"ആകാശവാണി വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ" ,ആറേകാലിൻ്റ പ്രാദേശികവാര്‍ത്തയിലായിരുന്നു ഒരു ദിവസം തുടങ്ങുന്നത്. ദേശത്തെ സംഭവ വികാസങ്ങളൊക്കെ രാവിലത്തെ വാർത്തയിലൂടെ കേൾക്കുന്നത് വല്ലാത്തൊരനുഭവമായിരുന്നു.
തുടര്‍ന്നുള്ള 'ഭക്തിഗാനങ്ങൾ' കേൾക്കുമ്പോഴായിരുന്നു മുത്തശ്ശിയുടെ മുഖമൊന്ന് തെളിഞ്ഞിരുന്നത്. തുടർന്നു വരുന്ന 'വയലും വീടും ' കൃഷിയെപ്പറ്റിയായിരുന്നു.അതു കഴിഞ്ഞ്'കമ്പോളനിലവാരം'.. അതു കേൾക്കുമ്പോള്‍ അച്ഛൻ പറയും, 'കൊപ്ര ക്ക് വിലയില്ല' ,ഇന്നും. തുടർന്ന് ഡെല്‍ഹി വാര്‍ത്ത, പറമ്പിലോട്ടിറങ്ങിയ അമ്മാവൻ പറയുന്നുണ്ടാകും "സൗണ്ടൊന്ന് കൂട്ടി വയ്ക്ക് പെണ്ണേ " എന്ന്. അമ്മാവന് എന്തോ ഡൽഹി വാർത്ത ഇഷ്ടമായിരുന്നു.
'യുവവാണി'യും 'മഹിളാലയവും.
വല്യേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. അതു കഴിഞ്ഞ് വരുന്ന
'ചലച്ചിത്രഗാന'ങ്ങളായിരുന്നു എൻ്റെ ഇഷ്ടം.
"സംപ്രതി സൂയന്താം ,പ്രവാചക രാമാനന്ദ സാഗര "- സംസ്കൃത വാർത്ത തുടങ്ങുമ്പോഴാണ് റേഡിയോക്ക് വിശ്രമം.പിന്നെ രാത്രിയിൽ എട്ട് മണിക്ക്
'കണ്ടതും കേട്ടതും' വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള പരിപാടിയായിരുന്നു, അത്രക്ക് ചിരിയുണർത്തുന്ന പരിപാടിയായിരുന്നു അത്.'സാഹിത്യരംഗം' കേൾക്കാൻ ആരുമില്ലങ്കിലും റേഡിയോ തൻ്റെ ജോലി തുടരും. ആ സമയത്തായിരിക്കും അത്താഴം. തുടർന്നു വരുന്ന 'നാടകം ' കേൾക്കാൻ ഞങ്ങൾക്ക് ഉത്സവപ്പറമ്പിനേക്കാൾ ആവേശമായിരുന്നു. മൊട്ടുസൂചി താഴെ വീണാൽ കേൾക്കാവുന്ന നിശബ്ദതയായിരിക്കും അപ്പോൾ.
പത്തരക്കുള്ള രഞ്ജിനിയിലെ ചലച്ചിത്രഗാനങ്ങൾ കേട്ടാണ് ഞങ്ങൾ ഉറങ്ങിയിരുന്നത്...
എത്ര പെട്ടെന്നാണ് ശീലങ്ങളൊക്കെ മാറിയത്. കുടുംബങ്ങളൊക്കെ ദൂരദർശനും, അതു കഴിഞ്ഞ് സ്വകാര്യ ചാനലുകൾക്കും അതുവഴി സീരിയലുകൾക്കും ഇപ്പൊ മൊബൈൽ ഫോണിനും അടിമപ്പെട്ടുപോയത്.
നവമാധ്യമങ്ങൾ എത്ര മുന്നിൽ നിരന്നാലും ഇന്നും മനസ്സിനുള്ളിൽ കുട്ടിക്കാലത്തെ അനുസ്മരിപ്പിക്കുന്ന ഓർമ്മകളിൽ ആദ്യപ്രണയം റേഡിയോയോട് തന്നെ.
ഇന്ന് ലോക റേഡിയോ ദിനമായ ഫെബ്രുവരി 13, എൻ്റെ ഓർമ്മകളിലൂടെ......