Image

വാലൻ്റെൻ ദിന സ്പെഷ്യൽ പാട്ടോർമ്മ - ചിത്രം - സ്പിരിറ്റ് (എന്റെ പാട്ടോർമ്മകൾ. 19: അമ്പിളി കൃഷ്ണകുമാര്‍)

Published on 13 February, 2025
 വാലൻ്റെൻ ദിന സ്പെഷ്യൽ പാട്ടോർമ്മ - ചിത്രം - സ്പിരിറ്റ് (എന്റെ പാട്ടോർമ്മകൾ. 19: അമ്പിളി കൃഷ്ണകുമാര്‍)

" മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ...! "

വല്ലാത്തൊരനുഭൂതി സമ്മാനിച്ചു കടന്നുവരുന്നൊരു പാട്ടാണ്. 
അമ്യതവർഷം ഭൂമിയിലേക്ക് പൊഴിച്ചുകൊണ്ട് ആകാശത്തിൻ്റെ സമ്മാനമായ മഴ !

 ആ  'മഴ 'യിൽ തുടങ്ങുന്നൊരു പാട്ട്..!
മഴ എന്ന മനോഹര വാക്കിൽ നിറഞ്ഞിരിക്കുന്ന തണുപ്പുപോലൊരു ഗാനം. മഴ എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലൊരു തണുപ്പ് പടരില്ലേ..? മഴയിൽ തുടങ്ങുന്ന ഈ പാട്ടിലും മഴപോലെ പ്രണയവും വിരഹവും അനുഭൂതിയും നിറഞ്ഞിരിക്കുന്നു.

2012-ൽ  രഞ്ചിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ  'സ്പിരിറ്റ്' എന്ന സിനിമയിലേതാണീ പാട്ട്.  *റഫീക്ക് അഹമ്മദ്* എന്ന ഗാനരചയിതാവിന്റെ തൂലികത്തുമ്പിൽ നിന്നിറ്റു വീണ ഈ പാട്ടിന് , 2012 -ലെ  *ബസ്റ്റ് ലിറിസിസ്റ്റ്* അവാർഡ് കിട്ടിയതിൽ അൽഭുതപ്പെടാനൊന്നുമില്ല. അത്രയ്ക്ക് സുന്ദരമാണീ വരികൾ..!!. റഫീക്ക് അഹമ്മദിന്റെ ആ മനോഹര വരികൾക്ക് ഷഹബാസ് അമന്റെ സംഗീതവും വിജയ് യേശുദാസിന്റെ ആലാപനവും കൂടിയായപ്പോൾ സ്വർണ്ണത്തിനു സുഗന്ധമെന്നപോലെ ആ വരികളുടെ മനോഹാരിത ഇരട്ടിപ്പിച്ചു.

നഷ്ടപ്രണയത്തെ ഇങ്ങനെയല്ലാതെ വരികൾ കൊണ്ട് വരച്ചിടുന്നതെങ്ങിനെയാണ്?
ഇതിലുമുപരിയായി എന്താണ് പറയുക.? കാണുന്നവർക്ക് ഇതൊരു സാധാരണ പ്രണയം..
പക്ഷേ ഇവിടെ ആ പ്രണയം ഉടലെടുത്തതു നഷ്ടപ്പെടലിനു ശേഷമായിരുന്നുവെന്നത് ഒരു പ്രത്യേകത തന്നെയാണ്. അപ്പോൾ , ചില പ്രത്യേകതകൾ ഉള്ളൊരു പ്രണയം.
അതു കൊണ്ടു തന്നെ ആ പ്രണയം വാചാലമല്ലാത്ത വിധം മൗനത്തിൽ അമർന്ന് പനിക്കുന്ന ഒരു പ്രണയച്ചൂടിൽ ഒളിപ്പിച്ചിരിക്കുകയാണ്. നഷ്ടപ്പെടുത്തിയതിനെ ഓർത്തു നെടുവീർപ്പിടുന്ന ഒരു പ്രണയച്ചൂട്...!!

എത്ര മാർദ്ദവമായാണ് ആ വരികൾ നമ്മിലൂടെ തഴുകി കടന്നുപോകുന്നത്.?
. ആ നെടുവീർപ്പുകളെ ആദ്യ വരികളായി നമ്മുടെ മുന്നിലേക്ക് പതുക്കെ ഒഴുക്കി വിടുന്നതു പോലെ...!! സുന്ദരമായൊരു പ്രണയത്തിന്റെ നല്ലോർമകൾ ആ രാത്രിയിൽ നിറ മൗന ചഷകത്തിനിരുവശവുമിരുന്ന് രഘുനന്ദനും മീരയും പുനർസൃഷ്ടിക്കുകയാണിവിടെ.. അതവരിലൂടെ, ആ വരികളിലൂടെ ആസ്വാദക മനസ്സുകളിലേക്ക് ഒരു കുളിർ മഴയായ് മെല്ലെ മെല്ലെ പെയ്തിറങ്ങുകയാണ്..

          
വീണ്ടെടുപ്പിനു തീരെ സാധ്യതയില്ലാത്ത ചില നഷ്ടങ്ങളുണ്ട് ജീവിതത്തിൽ.  
അവ നഷ്ടമായിത്തന്നെ അവശേഷിക്കും. 
വിരഹം വേദനയാണ്. കാത്തിരുപ്പും.. എന്നാലിവിടെ നഷ്ടപ്പെട്ടതിനെയോർത്തു, മന:പൂർവ്വം നഷ്ടപ്പെടുത്തിയതിനെ ഓർത്തുള്ള തേങ്ങലുകൾ നെടുവീർപ്പുകളായ് മാറുകയാണ്. സന്ധ്യയുടെ പരമമായ ഏകാന്തതയിൽ രഘുനന്ദന്റേതായിരുന്ന മീരയും, മീരയുടേതായിരുന്ന രഘുനന്ദനും വെറും സുഹൃത്തുക്കൾ മാത്രമായി ഒരു മേശക്കിരുപുറവുമിരിക്കുകയാണ്. 
അവിടെ പശ്ചാത്തലത്തിൽ കേൾക്കുന്ന ഗാനമായിട്ടു വരുന്നതവരുടെ മനസ്സുകൾ തന്നെയാണ്. മൗനം മാത്രമാണവർക്കവിടെയൊരു കൂട്ട്.. 
അവിടെ , അവർക്കിടയിൽ മുളച്ചു പൊന്തിയ മൗനത്തിന്റെ വിത്തിന് അവരുടെ ആത്മാവിനുള്ളിലെ പ്രണയത്തെ വളർത്താനാകുന്നില്ല.. പ്രിയകരമായ മധുരമുള്ള വാക്കുകൾ ഉതിർന്നു വീഴേണ്ടുന്ന സമയം. പക്ഷേ..., പക്വമതികളായ നായികാനായകൻമാർക്കിടയിൽ, ഉള്ളിലിരമ്പുന്ന മഹാ സമുദ്രത്തെ നിറചഷകത്തോടുപമിച്ച് അതിൽ നിന്നൊരു തുള്ളി പോലും വെളിയിലേക്കു തുളുമ്പാതെ, ഒരേ മേശക്കിരുപുറവുമിരുന്ന് , ഒരു ചുംബനത്തിന്റെ ദാഹം ശമിക്കാതെ എരിയുകയാണ്..!! ഇങ്ങനെയുള്ള നിമിഷങ്ങളിൽക്കൂടി കടന്നു പോയവർക്കെല്ലാം ഒരു നെടുവീർപ്പോടെയേ ഇത് കണ്ടിരിക്കാനാവൂ.

ഓരോ വരിയും വാക്കുകളുമെത്ര സുന്ദരമായി ഇഴ ചേർന്നിരിക്കുന്നുവെന്നു നോക്കു..
ഷഹബാസ് അമന്റെ സംഗീതത്തിൽ മെല്ലെയൊഴുകി തഴുകിതലോടി കടന്നുവരുന്ന വരികൾ ആസ്വാദക മനസ്സുകളിൽ വളരെ ആഴത്തിൽ വന്നു പതിക്കുന്ന കാഴ്ച...! പശ്ചാത്തലത്തിനൊത്ത വരികളോ, അതോ, വരികൾക്കൊത്ത പശ്ചാത്തലമോയെന്നു തിരിച്ചറിയാൻ കഴിയാത്ത വിധം ഭംഗിയിൽ ചിത്രീകരിച്ചിരിക്കുന്നു.

ആ  വരികൾ പതിഞ്ഞ താളത്തിൽ തേൻമഴയായ് കാതുകളിൽ പതിക്കുമ്പോൾ നഷ്ട പ്രണയത്തെക്കുറിച്ചോർക്കാതിരിക്കാൻ കഴിയുമോ..? ഓർക്കും. ഓർത്തോർത്ത് വീണ്ടും കേൾക്കും. അത്രമേലൊരാകർഷണീയത, . ഒരു സുഖം.. ആസ്വാദകരെ പിടിച്ചിരുത്താനുള്ള ഒരു മാന്ത്രിക സൗന്ദര്യം ഒക്കെയീ പാട്ടിനുണ്ട്.

മൗനത്താൽ ചുവക്കുന്ന സന്ധ്യയിൽ മനസ്സിലൊരു സാഗരമിരമ്പുമ്പോഴും ആർദ്രമായ മണൽപ്പരപ്പിൽ എന്തിനെന്നറിയാതെ മണൽശില്പം തീർത്തവർ..! ഒരു തിര വരുന്ന അത്രയും ആയുസ്സേ ആ ശില്പത്തിനുള്ളൂവെന്നറിയുന്ന അവർക്ക് മണലിലല്ലാതെ, വേറെയെവിടെയാണൊരു പ്രണയ ശില്പം തീർക്കാൻ കഴിയുക...?

' മണലിന്റെ ആർദ്രമാം മാറിടത്തിൽ' -

എന്ന പ്രയോഗമെത്ര മനോഹരം. ...!..' നനവ് ' എന്ന വാക്കിന്  'ആർദ്രം ' എന്ന് കേൾക്കുമ്പോഴാണ് അതിൻ്റെ അർത്ഥം പൂർണ്ണമാകുന്നതെന്നു തോന്നും. അതിനോളം ഭംഗിയുള്ള, ചേർന്നു നിൽക്കുന്ന വേറൊരു പദവും എനിക്കറിയില്ല. ഉണ്ടെന്നു തോന്നുന്നില്ല. ഞാൻ കേട്ടിട്ടുമില്ലതന്നെ.

'സമയ കല്ലോലങ്ങൾ കുതറുമീ കരയിൽ നാം ...'

എന്ന പ്രയോഗവും വളരെ മനോഹരം..!

' പിരിയുന്നു സാന്ധ്യ വിഷാദമായ് ' -

എന്ന ചരണത്തിലെ അവസാന വരിയിൽ എല്ലാം അടങ്ങിയിട്ടുണ്ട്. അല്ലെങ്കിലും സന്ധ്യയ്ക്ക്  എപ്പോഴുമൊരു വിഷാദഛായയുണ്ട്. ആ വിഷാദത്തെ എത്ര സുന്ദരമായി കഥയിലേക്കു ചേർത്തു നിർത്തി പ്രകൃതിയും കടൽക്കരയുമൊക്കെ മന:കണ്ണിൽ കാണക്കത്ത വിധം ആ വരികളെ ഭംഗിയിൽ അടുക്കി ചിട്ടപ്പെടുത്തിയിരിക്കുന്നുവെന്നു നോക്കൂ.

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍........
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍........!

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍..........

ഒരു ചുംബനത്തിന്നായ് ദാഹം  ശമിക്കാതെ
എരിയുന്ന പൂവിതള്‍ത്തുമ്പുമായി...
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം  പടര്‍ന്നൊരു ചുണ്ടുമായി.....

വെറുതെ പരസ്പരം  നോക്കിയിരിക്കുന്നു
നിറ മൗനചഷകത്തിനിരുപുറം  നാം ....

വെറുതെ പരസ്പരം  നോക്കിയിരിക്കുന്നു
നിറ മൗനചഷകത്തിനിരുപുറം  നാം ..

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍..

സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...

ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ
പിരിയുന്നു സാന്ധ്യവിഷാദമായി...
ഒരു സാഗരത്തിന്‍ മിടിപ്പുമായി...
ഒരു സാഗരത്തിന്‍ മിടിപ്പുമായി...

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍..
മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍....
തിരികളുണ്ടാത്മാവിനുള്ളില്‍....
തിരികളുണ്ടാത്മാവിനുള്ളില്‍..........

Read More: https://emalayalee.com/writer/297

 

Join WhatsApp News
Sudhir Panikkaveetil 2025-02-14 00:24:08
മനോഹരമായ അപഗ്രഥനം. ആ പാട്ടു പോലെ ഹൃദ്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക