Image

മഞ്ഞുപെയ്യുമ്പോള്‍ (പ്രണയവാര രചന: ചിഞ്ചു തോമസ്)

Published on 14 February, 2025
മഞ്ഞുപെയ്യുമ്പോള്‍ (പ്രണയവാര രചന: ചിഞ്ചു തോമസ്)

കോവിഡ് യാത്രാനിയന്ത്രണം പിൻവലിച്ചപ്പോൾത്തന്നെ ഇന്റർനാഷണൽ അലയൻസ് ഓഫ് ക്ലബ്സിന്റെ (IAC) പതിനഞ്ചാമത് ഇന്റർനാഷണൽ കൺവെൻഷൻന്റെ തീയതി നിശ്ചയിച്ചു.ബോബി ക്ലബ്ബിന്റെ അഡ്വൈസറി ബോർഡ്‌ ചെയര്മാനാണ്. ഒരുജോലിയും ചെയ്യാതെ നാലുപേരുടെ മുന്നിൽ മേനിപറയാൻ അലങ്കരിക്കുന്ന ഒരു പദവിയല്ല അത്.സഹായം ചോദിക്കുന്നവരുടെ മനസ്സ് കവരുന്ന ആളായിരുന്നു അദ്ദേഹം.
ആ ക്ലബ്ബിൽ തന്നെ ഗ്രൂപ്പിസമുണ്ട്.  പടലപിണക്കങ്ങളും. ക്ലബ്ബിന്റെ അഡ്വൈസറി ചെയർമാനാണെങ്കിലും ബോബിയോട് ചോദിക്കാതെ പല പരിപാടികളും നടത്താൻ പലരും ശ്രമിച്ചു. കൈകൂലി വാങ്ങി ക്ലബ്ബിന്റെ മെമ്പർഷിപ് യോഗ്യതയില്ലാത്തവർക്കും കൊടുക്കാൻ പരിപാടിയിട്ടു. പക്ഷേ ബോബിക്ക് അതൊക്കെ ചോർത്തിക്കൊടുക്കാൻ ആളുകളുണ്ടാകും.ബോബിവന്നു നിന്നാൽത്തന്നെ അദ്ദേഹത്തിന്റെ തേജസ്സിൽ പിറകിൽനിന്ന് കുത്തുന്നവരും തമ്മിലടിപ്പിക്കുന്നവരും മിണ്ടാതെനിന്ന് അദ്ദേഹം പറയുന്നത് കേൾക്കും. കാര്യങ്ങൾ നേരെചൊവ്വേ നടന്നുപോകണമെങ്കിൽ ബോബി ഉണ്ടായേലേ തീരൂ.
ചിക്കാഗോയിൽ വെച്ചായിരുന്നു കൺവെൻഷൻ.ഗോൾഫ്,ഹോഴ്സ് റൈഡിംഗ്,സ്വിമ്മിംഗ്, ഷൂട്ടിങ്, മറ്റ് അതിലേറ്റിക് ഫെസിലിറ്റീസ് എല്ലാം ആവശ്യംപോലെ ഉപയോഗിക്കാം. ഈ ക്ലബ്ബിൽ ചേരാൻ വലിയ ഒരു തുക അടയ്ക്കണം. പിന്നെ ഇത്ര വർഷത്തെ കാത്തിരിപ്പ് വേണം. ലോകത്തെ ഏറ്റവും ഉയർന്ന ആളുകൾക്ക് സങ്കമിക്കാനൊരു  ക്ലബ്‌. 
ചിക്കാഗോയിൽ കൺവെൻഷൻ നടക്കുന്ന സ്ഥലത്ത് ഒരു കാർ വന്നുനിന്നു. കാറിൽനിന്ന് ഒരു സ്ത്രീ പുറത്തിറങ്ങി. അവർക്കും കൺവെൻഷന് പങ്കെടുക്കണം. മെമ്പർഷിപ് കാർഡ് കാണിച്ചെങ്കിൽ മാത്രമേ അകത്തേക്ക് പ്രവേശനമുള്ളൂ.അവളെ നോക്കി അകത്തേക്ക് പോകുകയായിരുന്ന ഒരു മനുഷ്യനെ അവൾ ചിരിച്ചുകാണിച്ച്‌ അയാളുടെ കൈകളിൽപിടിച്ച്‌  അയാളുടെ കൂടെ നടന്നു. 
അയാൾ ഒന്നമ്പരന്നു. എങ്കിലും അയാൾ അവളുടെ കൈകൾ ചേര്ത്തുപിടിച്ചു. അയാളുടെ മെംബെർഷിപ്‌ കാർഡിൽ അവളും അകത്തുകടന്നു. 
അവൾ അയാളോട് പറഞ്ഞു, ‘ഞാൻ കാർഡ് എടുക്കാൻ മറന്നു അതാ‘..
അയാൾക്ക്‌ അത് വിശ്വാസമായില്ല. കൺവെൻഷനുള്ള ഇൻവിറ്റേഷൻ കാണിക്കാമായിരുന്നല്ലോ.. അയാൾ ചോദിച്ചു. 
ങ്ഹാ.. അങ്ങനെയൊരുകാര്യമുണ്ടെന്നും അവൾക്കറിഞ്ഞുകൂടാ..
സർ എനിക്കിവിടെ ഒരാളെ കാണണമായിരുന്നു. കോവിഡ് വന്നതിനു ശേഷം ഇപ്പോഴല്ലേ മനുഷ്യർ മനുഷ്യരെ കാണുന്നത്!
അതിന് വേറെയും മാർഗങ്ങളുണ്ടല്ലോ..
ഞാൻ താമസിക്കുന്നത് ചിക്കാഗോയിലാണ്. ഇവിടെ എനിക്ക് കാണാനുള്ള ആൾ വരുന്നു എന്നറിഞ്ഞപ്പോൾ ഒന്നുവന്നു കാണണം എന്ന് തോന്നി. 
എനിക്ക് നിങ്ങളുടെ നമ്പർ തരൂ. എന്തേലും പ്രശ്നം ഉണ്ടായാൽ എന്റെ തലയിലിരിക്കരുതല്ലോ..അയാൾക്ക്‌ അവളെ ഫോണിൽ ബന്ധപ്പെടാനുള്ള ദുരുദ്ദേശവുമുണ്ടെന്നു പറഞ്ഞുകൂടാ.. 
അയാൾക്ക് അവൾ നമ്പർ കൊടുത്തു. ആ പോട്ട്.. ശല്യം ആണേൽ നമ്പർ മാറ്റാമല്ലോ, അവൾ ചിന്തിച്ചു.
അവളൊരു സുന്ദരിയായ സ്ത്രീ എന്ന് പറഞ്ഞുകൂടാ..അതീവ സുന്ദരി.. എവിടെച്ചെന്നാലും ആളുകൾ നോക്കും.ഒന്നുമിണ്ടാൻ കാരണങ്ങൾ കണ്ടെത്തും.അവർക്ക് അവരുടെ സൗന്ദര്യത്തെപ്പറ്റി അത്രെ നിശ്ചയമില്ല. എന്നാൽ അവർ പരിചയപ്പെടുന്ന സ്ത്രീകൾ പറയും ‘നിങ്ങൾ സുന്ദരിയാണ്’! ആണോ.. എന്നുമാത്രം ചോദിച്ചു ഒന്ന് നാണിച്ചു ചിരിക്കുകമാത്രം ചെയ്തു അവർ.
ഒരു സ്ത്രീ വേറൊരു സ്ത്രീ  സുന്ദരിയാണെന്ന്  കൊന്നാലും പറയുകയില്ലല്ലോ. ആ സ്ഥാനത്താണ്..!
അവർ വെൽക്കം സ്പീച്ച് നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ചു. അവിടെയിട്ടിരുന്ന കസേരകളിലൊന്നിൽ അവർ ഇരുന്നു. ഡയസിൽ ഇരിക്കുന്ന ആളുകളെ ശ്രദ്ധിച്ചു.ബോബിയില്ല!
ആരോ ബോബിയെ പ്രസംഗിക്കാൻ ക്ഷണിച്ചു.ആൾക്കൂട്ടത്തിന്റെ ഇടയിൽനിന്നും ബോബി ഡയസിൽലേക്ക് ഓടിക്കയറി. കൂടിനിന്ന ആളുകൾ ആർപ്പുവിളിക്കുകയും കൈയടിക്കുകയും ചെയ്തു. ബോബി പ്രസംഗിക്കുമ്പോൾ  തന്റെ ജീവിതാനുഭവം നർമ്മം കലർത്തി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ശരീരഭാഷയും ശബ്ദക്രമീകരണവും ശത്രുക്കളെപ്പോലും ആകർഷിച്ചു. ആദ്യം തലോടുകയും പിന്നെ കൊട്ടുകൊടുക്കാനുള്ളവരുണ്ടെങ്കിൽ അവരെ കൊന്ന് കൊലവിളിക്കുകയും ചെയ്യുന്ന ബോബിയുടെ സ്വഭാവം ആ സ്ത്രീക്ക് അറിയാമായിരുന്നു. ബോബിയുടെ തലോടൽ തുടങ്ങിയപ്പോഴേ അദ്ദേഹത്തെ അറിയാവുന്നവർ അട്ടഹസിച്ചുതുടങ്ങി. ക്ലബ്‌ മെമ്പേഴ്സിന് ആവേശം പകർന്നുകൊണ്ട് ബോബി പ്രസംഗം തുടർന്നു.
ആ സ്ത്രീ വേറെ ഒന്നും കണ്ടില്ല. ആരേയും ശ്രദ്ധിച്ചില്ല.ബോബിയെ മാത്രം നോക്കി അവർ. അവർ കാണുന്നത് ലോകത്തിലെ മനോഹരമായ സൃഷ്ടിയെയാണ്.ബോബി..! മറ്റെല്ലാം അദ്ദേഹത്തിന് തഴയെയുള്ളൂ.. മറ്റെന്തും.. ചിക്കാഗോ നഗരവും ബോബിക്ക് താഴെ!
നമ്മുടെ ക്ലബ്‌ ഒരു വലിയ കൂട്ടായ്മയാണ്: ബോബി തുടർന്നു: അടുത്തുതന്നെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. നിങ്ങളുടെയെല്ലാം അഭ്യർത്ഥന മാനിച്ചാണ് ഞാൻ എപ്പോഴും ഇലക്ഷന് നിൽക്കുന്നത്. ഞാൻ നിന്നാൽ ജയിക്കുമെന്നുള്ള കാര്യം ഉറപ്പുള്ളതാണല്ലോ..
സദസ്സിൽ കൂട്ടച്ചിരിയുയർന്നു..
ആരെങ്കിലും എന്നോട് നിൽക്കേണ്ട എന്ന് പറയുകയാണെങ്കിൽ ഞാൻ നിൽക്കില്ല. 
അയ്യോ.. ബോബി നിൽക്കണം.. ബോബി ഇനി പ്രസിഡന്റ്‌ ആയി നിൽക്കണം. ആൾക്കൂട്ടത്തിൽനിന്ന്  ആരവമുയർന്നു..ബോബി ബോബി ബോബി ബോബി..
അവൾക്ക് സന്തോഷം സഹിക്കാൻ കഴിഞ്ഞില്ല. അവിടെനടക്കുന്ന മേളം കണ്ട് അവൾ കോരിത്തരിച്ചിരുന്നു.
ഓക്കേ..ഓക്കെ..ഞാൻ ഇനിയും മത്സരിക്കാം.. അവിടെയുണ്ടായ ചിലർ പല്ലുകടിച്ചു.. പക്ഷേ ഒരു ജനകൂട്ടം കൈയടിച്ചു.
പ്രസംഗം നിർത്തി ആൾക്കൂട്ടത്തെ നോക്കി ബോബി നന്ദി പറഞ്ഞു.പെട്ടെന്ന് അവളുടെ മുഖത്തേക്ക് ബോബിയുടെ കണ്ണുകൾ വന്നുനിന്നു.
ബോബിയുടെ ഒരൊറ്റ നോട്ടം..അവളുടെ ഹൃദയമിടിപ്പ് അവള്ക്കുതന്നെ കേൾക്കാമിപ്പോൾ..!ഓഹ് ബോബി!
നീ ഇവിടെ.. ബോബിയുടെ കണ്ണുകൾ ചോദിച്ചു.
അതെ..വഴിപോക്കർക്കു പ്രവേശനമുണ്ട് എന്നാരോ പറഞ്ഞു.. അവളുടെ കണ്ണും മറുപടികൊടുത്തു.
ചിക്കാഗോയിൽ കോൺഫറൻസ് ഉള്ളകാര്യം പറഞ്ഞില്ല!ഓഹ് ഞാനാരാ എല്ലേ ഇതൊക്കെ പറയാൻ! അവളുടെ കണ്ണുകളും ചുണ്ടും കവിളുകളും പരിഭവിച്ചു പറഞ്ഞു.
പുറത്തേക്ക് വരാൻ അവർ ബോബിക്ക് പിന്നെയും കണ്ണിൽക്കൂടി സന്ദേശമയച്ചു. എന്നിട്ടവർ പിറത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞ് ബോബി വന്നു.
എന്താ.. ബോബി ചോദിച്ചു.
ഒന്നുമില്ല..അല്ല..ഉണ്ട്.. അമേരിക്കയിൽ പരസ്യമായി ഉമ്മവെക്കാൻ കഴിയും..! 
അതിന്! അതിപ്പോൾ പറയേണ്ടുന്ന കാര്യം! 
കാര്യം.. എനിക്ക് ഉമ്മ വേണം. അതുതന്നെ കാര്യം..അവർ പറഞ്ഞു.
അതിനാണോ നീ ഇവിടെവരെ വന്നത്!
ആണെങ്കിൽ!
നടക്കില്ല.
എന്തുകൊണ്ടില്ല!അവൾ പരിഭവിച്ചു.
ബോബി അതിന് ഒന്നുംപറഞ്ഞില്ല.
ഒരു പേപ്പർ ബോബിക്ക് കൊടുത്തിട്ട് അവർ നടന്നുനീങ്ങി.
‘പിന്നേ.. മത്സരിക്കാതെ പിന്നോട്ട് മാറുന്ന ഒരാള്! ആൾക്കൂട്ടത്തേക്കൊണ്ട് ബോബി ബോബിന് വിളിപ്പിക്കാനുള്ള നമ്പറോ അതോ പ്രസിഡന്റ്‌ ആകാനുള്ള പുറപ്പാടോ! എന്റെ ഹൃദയത്തിന്റെ പ്രസിഡന്റാണ് താങ്കൾ എന്നുള്ള വിവരം അറിയാമോ?ങ്ഹാ അതിരിക്കട്ടെ താങ്കൾക്ക് ഒരായിരം ജന്മദിനാശംസകൾ!അടുത്തമാസമാണ് പിറന്നാൾ എന്നെനിക്കറിയാം. എങ്കിലും..!‘
ബോബി പേപ്പർ മടക്കി പോക്കറ്റിലിട്ട് അവളെ നോക്കി.അവളും തിരിഞ്ഞു നിന്നു. രണ്ടുപേരും പ്രേമം നിറച്ച് മന്ദഹാസം പൊഴിച്ചു.
‘I love you bobby’, അവൾ മഞ്ഞുപെയ്യുന്ന ചിക്കാഗോ തെരുവിൽ നിന്ന് ബോബിയെനോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. ആ തെരുവ് മുഴുവനും കേൾക്കെ..

 

 

Join WhatsApp News
Sudhir Panikkaveetil 2025-02-14 17:01:46
പ്രണയം അറിയിക്കാൻ ചിക്കാഗോ വരെ പോയ അനുരാഗിണി , ഗ്രാമങ്ങളിൽ രാപ്പാർത്ത് മുന്തിരിവള്ളി തളിർത്ത് പൂവിടുകയും . മാതളനാരകം പൂക്കുകയും ചെയ്തെങ്കിൽ അവിടെ വച്ച് പ്രേമം കൊടുക്കാൻ പോയ സോളമന്റെ നായികയെപ്പോലെ . അപ്പോൾ പ്രണയം ദൃഢമായിരുന്നു. മിന്നുകെട്ട് ഉണ്ടാകുമോ എന്ന് കഥാകാരിക്കറിയാമല്ലോ ഞങ്ങളെ അറിയിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക