Image

പ്രണയവാര വിശേഷങ്ങൾ ( നമുക്ക് ചുറ്റും -6:സുധീർ പണിക്കവീട്ടിൽ)

Published on 14 February, 2025
പ്രണയവാര വിശേഷങ്ങൾ ( നമുക്ക് ചുറ്റും -6:സുധീർ പണിക്കവീട്ടിൽ)

“മകരം പോയിട്ടും മാടമുണർന്നിട്ടും മാറത്തെ കുളിരൊട്ടും പോയില്ലേ” എന്ന് സുന്ദരിയായ ഒരു പെണ്ണ് ചോദിക്കുമ്പോലെ കാതോർത്ത് മകരക്കുളിരിൽ മൂടി പുതച്ച് കിടക്കാൻ നല്ല സുഖം.  ജനുവരി മുതൽ ഏപ്രിൽ വരെ ത്രുസ്സൂരിൽ വേലപൂരങ്ങളുടെ, വെടിക്കെട്ടിന്റെ,  കാവടിയാട്ടത്തിന്റെ, ആനയോട്ടത്തിന്റെ, ഏകാദശികളുടെ അയ്യപ്പൻവിളക്കിന്റെയൊക്കെ കോലാഹലമാണ്. അതിലൊക്കെ പങ്കുകൊള്ളാൻ എത്തിയിരിക്കയാണ്. മരിച്ചുപോയ സഹോദരിയുടെ വീട്ടിൽ ഒരാഴ്ച്ചയായി ഒറ്റക്ക് കഴിയുകയാണ്. ഇളയ സഹോദരി നാളെയോ മറ്റന്നാളോ എത്തും. 
സഹായത്തിനായി ഏർപ്പാടാക്കിയ ഒരു യുവതി  വന്നു സ്വാമി മുറിയിൽ വിളക്ക്  വച്ച് പ്രാതൽ തയ്യാറാക്കുകയാണെന്നു കിടക്കയിൽ കിടന്നു മനസ്സിലായി. കുറച്ചു കഴിഞ്ഞപ്പോൾ അവൾ വന്നു ചോദിച്ചു. ചേട്ടാ എണീക്കുന്നില്ലേ? കാപ്പി ഇപ്പോൾ വേണോ? ഇനി ഉറങ്ങിയാൽ ശരിയാകില്ല. എണീറ്റ് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു കാപ്പി കുടിക്കുമ്പോൾ അവൾ വന്നു പറഞ്ഞു  ഉമ്മറത്തു മനയ്ക്കലെ തിരുമേനി വന്നു നിൽക്കുന്നു. ചേട്ടനെ കാണണമെന്ന്. 
പൂമുഖത്തു ചെന്നപ്പോൾ തിരുമേനി കസേരയിൽ കയറി ഇരുപ്പുറപ്പിച്ചിട്ടുണ്ട്. കണ്ടാൽ നല്ല സുന്ദരൻ. ഷർട്ടിട്ടില്ല. പൂണൂലിന്റെ മീതെ ഒരു രണ്ടാംമുണ്ട്. വായിൽ നിറയെ  മുറുക്കാൻ. നെറ്റിയിൽ ചന്ദനവും അതിനിടയിൽ കുങ്കുമവും. ഈ കാലത്തും ഇങ്ങനെയൊക്കെ എന്ന് മനസ്സിൽ തോന്നി. ഒരു ജ്യോതിഷനെപോലെ തിരുമേനി ചോദിച്ചു.  ഇയാൾ എന്താ ഈ പഴഞ്ചൻ വേഷത്തിൽ എന്നാവും താൻ ചിന്തിക്കുന്നത് അല്ലേ ? എന്നിട്ട് പറമ്പിലേക്ക് നടന്നു.  ഭേഷായി ഒന്ന് തുപ്പിയിട്ട് തിരിച്ചുവന്നു.
താൻ ഒന്ന് മനസ്സിലാക്കാ .. കാണുന്നപോലെ അല്ല ഞാൻ. കളക്ട്രേറ്റിൽ നല്ല ഉദ്യോഗമുണ്ട്. കഴിഞ്ഞുകൂടാൻ സ്വത്തുണ്ട്. നിങ്ങളൊക്കെ കരുതുന്ന പോലെ ഇത്തിരി ഫലിതമുണ്ട്. പിന്നെ ഇടം വലം നോക്കി ഇത്തിരി വിടത്വവും. ഇതൊന്നുമല്ലെങ്കിൽ പിന്നെ എന്ത് ജീവിതം ഹേ. 
തിരുമേനിക്ക് നല്ല കാപ്പി എടുക്കാൻ പറയട്ടെ.  ഇവിടെ അടുത്ത ഇല്ലത്ത് പ്രത്യേകം പൊടിച്ച്  തരുന്നതാണ്.നാട്ടിൽ വന്നാൽ അതാണ് കുടിക്കുക. തിരുമേനിക്ക് ഇഷ്ടാവും. യുവതിയെ പൂമുഖത്തേക്ക് വിളിച്ച് തിരുമേനിക്ക് കാപ്പി കൊണ്ടുവരൂ എന്ന് പറഞ്ഞു. തിരുമേനി അവരെ കണ്ണെടുക്കാതെ  നോക്കിയിരുന്നു. അവർ പോയി കഴിഞ്ഞപ്പോൾ ഒരു ചോദ്യം. താൻ ഈ വിഷയകാര്യങ്ങളിൽ എങ്ങനാ? വളരെ താൽപ്പര്യം ഉള്ളവനാണെന്നു പറഞ്ഞപ്പോൾ തിരുമേനി കണ്ണിറുക്കി ചോദിച്ചു ആ പോയവളുമായി തനിക്ക് എന്തെങ്കിലും ഇടപാടുകൾ ഉണ്ടോ? താൻ ഇവിടെ ഒറ്റയ്ക്ക്? അവൾ പ്രായം കവിഞ്ഞ ഒരു യുവതി.അപ്പോഴേക്കും അവൾ കാപ്പിയുമായി വന്നു.തിരുമേനി അവളോട് എന്താ നിന്റെ പേര്. രാധ. ഓ കൃഷ്ണന് പ്രിയപ്പെട്ടവൾ. നിനക്ക് കൃഷ്ണൻ ഉണ്ടോ? അവൾ ഉണ്ടെന്നു തലയാട്ടി ലജ്ജനമ്രമുഖിയായി തിരിച്ചുപോയി. അവൾ   പോയപ്പോൾ  തിരുമേനിതാഴെ പറയുന്ന  രണ്ടു ശ്ലോകങ്ങൾ  ചൊല്ലി അർഥം പറഞ്ഞു.
നയനങ്ങളിലഞ്ജന കാന്തകണം
അധരത്തിലനംഗ മരന്ദരസം
കണ്ണുകളിൽ കറുത്ത കാന്തങ്ങൾ, കണ്മഷിയുടെ കറുപ്പ് കണങ്ങൾ എന്നുമാവാത്രേ. ചുണ്ടിൽ കാമദേവന്റെ തേൻ തുള്ളിയുടെ രസം.
ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതി
ക്വ ജപഃ? ക്വ തപഃ? ക്വ സമാധിവിധിഃ?
ച്ചാൽ, ചന്ദ്രനെപോലെ മുഖശോഭ, മൃഗങ്ങളുടെ രാജാവായ സിംഹത്തിന്റെ അരക്കെട്ടുപോലെയുള്ള അരക്കെട്ട്, ആന നടക്കുന്നപോലെ കുഴഞ്ഞ നടപ്പ് അങ്ങനെ ഒരു യുവതി ഹൃദയത്തിൽ താമസിച്ചാൽ ജപം  എവിടെ കിടക്കുന്നു, തപസ്സ് എവിടെ കിടക്കുന്നു സമാധിവിധി എവിടെ കിടക്കുന്നു. ഹൃദയത്തിൽ താമസിക്കണമെന്നില്ല അടുത്തിരുന്നാലും മതിയത്രെ.
തിരുമേനി തുടർന്നു. ഞാൻ പറഞ്ഞുവന്നത് താൻ ഇവിടെ ഒറ്റക്ക്, അവളാണെങ്കിൽ കണ്ടാൽ കൊള്ളാവുന്ന നിറയൗവ്വനയുക്ത.  എന്തെങ്കിലും വശപ്പിശക്ക് പറ്റിയാലും തരക്കേടില്ല ഹേ. തനിക്ക് ഇപ്പോൾ വയസ്സ് എത്രയായി. തിരുമേനി,  വയസ്സ് ചോദിക്കരുത്, വിചാരിക്കരുത് പറയരുത്. എന്നാൽ വേണ്ട. പക്ഷെ തന്റെ രൂപത്തെക്കാൾ തനിക്ക് പ്രായം ഉണ്ട്. താൻ ആരോഗ്യവാനാണ്. ചെറുപ്പത്തിൽ വാട്ടർബെറീസ് കോമ്പൗണ്ട് എന്ന ഒരു ഔഷധം അച്ഛൻ സിലോണിൽ നിന്നും കൊടുത്തയച്ചിരുന്നത് ഇശ്ശി കഴിച്ചിട്ടുണ്ട്. അതുകൊണ്ട് യൗവനം വിടപറയാതെ തത്തി തത്തി നിൽക്കുന്നു.  
നമുക്ക് കാര്യത്തിലേക്ക് വരാം. നോമിന് വിഷയകാര്യങ്ങളിൽ നല്ല അറിവും പരിചയവുമുണ്ടെങ്കിലും പ്രണയം എന്താണെന്ന് അങ്ങട് മനസ്സിലായിട്ടില്ല. തന്റെ കൃതികളൊക്കെ മനയ്ക്കലെ കാര്യസ്ഥന്റെ മകൾ കൊണ്ടുതരാറുള്ളത് വായിച്ചിട്ടുണ്ട്. താനറിയോ അവളെ? അറിയാം തിരുമേനി വാട്സാപ്പ് വഴി സമ്പർക്കം ഉണ്ട്. വേറെ ചുറ്റിക്കളിയൊന്നുമില്ലല്ലോ. ഇല്ല തിരുമേനി. അങ്ങനെയുണ്ടെങ്കിലും കാര്യമാക്കണ്ട. ജീവിതം ആസ്വദിക്കാനുള്ളതാടോ. അവൾക്കാച്ചാൽ മനക്ക് പുറത്തുള്ള എന്റെ ചെറിയ ഒളി സേവകളെപ്പറ്റി അറിയാം. അവളാ പറഞ്ഞത് തിരുമേനി ഇത്തരം വഷളത്തരമൊക്കെ ഉപേക്ഷിച്ച് ഒരു പ്രണയലോലുപൻ ആകണമെന്ന്. അതിനു താൻ സഹായിക്കുമെന്ന്. പ്രണയത്തെക്കുറിച്ച് നോമിന് ഒരു രൂപവുമില്ല. അകത്തുള്ളോരു മൂന്നുണ്ട്. പുറത്ത് ഒന്നിലധികം കാമാക്ഷിമാർ ഉണ്ട്. അതൊന്നും പ്രണയമാണെന്ന് തോന്നുന്നില്ല. അവരോടൊന്നും ദിവ്യപ്രേമമോ, പ്രണയമോ തോന്നീട്ടില്ല.
തിരുമേനിക്ക് വേളിയും, സന്താനങ്ങളും വീടും കഴിഞ്ഞുകൂടാനുള്ള ചുറ്റുപാടുമുണ്ടല്ലോ.പിന്നെ എന്തിനാണ് ഇപ്പോൾ പ്രണയം പഠിക്കുന്നത്. അല്ലെങ്കിൽ തന്നെ പ്രണയം ഒരാളെ പഠിപ്പിക്കാൻ പറ്റുകയില്ല അതൊക്കെ ജന്മസിദ്ധമാണ്. കൃഷ്ണാഅംശം ഉണ്ടാകുക എന്ന് പറയും. 
തിരുമേനി - പ്രണയവും കാമവും തമ്മിൽ വളരെ വ്യത്യാസമുണ്ട്. പ്രണയം ദിവ്യമായ ഒരു അനുഭൂതിയാണ്. അത് ഹൃദയ തന്ത്രികൾ മീട്ടുന്ന  രാഗസുധയാണ്. കാമം ശരീരത്തിന്റെ ഒരു ആവശ്യമാണ് അത് ഒരു പക്ഷെ താൽക്കാലികമായ ഒരു ബന്ധത്തിന് ഉറപ്പു നൽകിയേക്കാം. പക്ഷെ നില നിൽക്കില്ല. അതേസമയം പ്രണയത്തിന്റെ ഭാഗമായി കാമം നിർവഹിക്കപെടുമ്പോൾ അതിനു ദിവ്യപരിവേഷം കിട്ടുന്നു, വംശം നിലനിർത്താനായി പ്രകൃതി കനിഞ്ഞു തന്ന വരദാനമാണ് കാമം.  അതിനു നിമിഷാർദ്ധത്തെ ആയുസ്സേ കാണുകയുള്ളു. എന്നാൽ പ്രണയം അനശ്വരമാണ്.
പ്രണയത്തിൽ സ്ത്രീ ഉപഭോഗവസ്തുവല്ല. അവൾ ദേവതയാണ്. പുരുഷന്റെ വാരിയെല്ലിൽ നിന്ന് സ്ത്രീയെ സൃഷ്ടിച്ചുവെന്നു അഹങ്കരിക്കുന്ന പുരുഷന് സിറിയയുടെ ദേശീയ കവി നിസ്സാർ ഖബാനി നല്ല മറുപടി കൊടുക്കുന്നു. 
ഏതോ പുരുഷന്റെ വാരിയെല്ലിൽ നിന്നല്ല,
സ്ത്രീ പുറത്തുവന്നത്;
അവനാണ്‌ അവളുടെ ഗർഭപാത്രത്തിൽ നിന്നു പുറത്തുവന്നത്.
*****   ****
കുട്ടികളെ ഗർഭം ധരിക്കുന്നതു സ്ത്രീ തന്നെ,
പുരുഷൻ പ്രസവാശുപത്രിയിൽ ചെന്ന്
പിതാവു താനാണെന്നൊപ്പിടുന്നതേയുള്ളു.
തിരുമേനി,  പ്രണയം ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നുന്ന ഒരു വികാരമാണ്. ഇഷ്ടവും, സ്നേഹവും ഇതിൽ നിന്നും വിഭിന്നമാണ്‌. ഇഷ്ടത്തോടെ സന്തോഷമായി കഴിയുന്ന ഭാര്യ ഭർത്താക്കന്മാർ ഉണ്ടാകാം പക്ഷെ അവർ പ്രണയിക്കുന്നില്ലായിരിക്കും. അതെ സമയം വേറൊരാളുടെ ഭാര്യ വേറൊരു സ്ത്രീയുടെ ഭർത്താവിനെ പ്രണയിക്കാം. അതിനെ അവിഹിതമെന്നൊക്കെ പറയുമെങ്കിലും സമൂഹം പറയുന്ന അവിഹിതത്തി ൽ അവർ പെടുന്നില്ല. അതാണ്  പ്രണയം. പ്രണയത്തെ ആർക്കും നിർവ്വചിക്കാൻ കഴിഞ്ഞിട്ടില്ല. ചില പ്രണയകഥകൾ നമുക്ക് അറിയാവുന്നവയുണ്ട്. നളനും, ദമയന്തിയും, ഹീര- രഞ്ജ, ലൈല മജ്നു തുടങ്ങിയവർ പ്രണയക്കുരുക്കിൽ പെട്ടവരാണ്.ഇതൊരു ഉൾപ്രേരണയാണ്. പ്രണയത്തെ രതിയുമായി മനുഷ്യർ ബന്ധിപ്പിക്കുന്നതുകൊണ്ട് പലർക്കും പ്രണയിക്കാൻ ഭയമാണ്. 
തിരുമേനി എന്റെ പ്രസംഗം കേട്ടിരുന്നു വീണ്ടും മുറുക്കി. എന്നിട്ട് ഒരു ചുവന്ന ചിരി ചിരിച്ചു പറഞ്ഞു. താൻ പറയുന്നതൊന്നും എനിക്ക് മനസ്സലാകുന്നില്ല. നോമിന്റെ കാരണവന്മാർ രാത്രി ചൂട്ടും കത്തിച്ച് പാറുകുട്ടിമാരും, കല്യാണിക്കുട്ടിമാരും താമസിക്കുന്ന വീടുകളിലേക്ക് ഒരു ഒരു എഴുന്നെള്ളത്ത് ഉണ്ടായിരുന്നു. "നൂറു വെറ്റില തിന്ന പുലരി വരുവോളം "അവിടെ "കാമന്റെ ഞാണൊലികൾ "മുഴങ്ങി. അതേപോലെ നോമും ഇപ്പോൾ ആ പരിപാടി പരീക്ഷിച്ച് നോക്കുന്നുണ്ട്. ആ സുഖം താൻ പറയുന്ന പ്രണയത്തിനുണ്ടെന്നു തോന്നുന്നില്ല. നോം ഇറങ്ങട്ടെ. തന്റെ ഭാഷണത്തിനു നന്ദി എന്നും പറഞ്ഞു തിരുമേനി കുടയും എടുത്ത് പുറപ്പെട്ടു.
തിരുമേനിയിൽ നിന്ന് ചില ശൃങ്കാര ശ്ലോകങ്ങൾ കേൾക്കാൻ കഴിഞ്ഞുവെന്ന് ആശ്വസിച്ചു തൊടിയിലേക്കിറങ്ങി. ഏതോ സിനിമ ഗാനത്തിൽ പറയുന്നപോലെ  "മകരസൂര്യൻ ഓമനിക്കും മഞ്ഞു തുള്ളികൾ” ഉരുകി കഴിഞ്ഞു. കുറെ കുഞ്ഞാറ്റ കിളികൾ കൂട്ടത്തോടെ പറന്നുവന്നു. മാവിൻകൊമ്പത്ത് ഒരു അണ്ണാറക്കണ്ണൻ ചാടി ചാടി നടക്കുന്നുണ്ട്. ഞാനും പൂവാലനാണെന്നു പറയുന്നപോലെ അവൻ എന്തോ ശബ്ദമുണ്ടാക്കി. ഒരു കുളിർക്കാറ്റ് തൊട്ടു തലോടി പോയി. ഏതോ പൂവിന്റെ സൗരഭ്യം. “തുമ്പ്‌കെട്ടിയിട്ട ചുരുൾ മുടിയിൽ തുഷാരഹാരം ചാർത്തി” ഇതുവഴി പോയ പെൺകിടാവിനെ ഓർത്തു. ഓ എൻ വി യുടെ വരികൾ ഉരുവിട്ടു.
എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ നിന്നെയും തേടീ..
എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു.
നാളെ പ്രണയദിനമാണെന്നു കുയിലുകൾ പാടി. അതിനായി കാത്തിരിക്കാം ഹൃദയമിടിപ്പോടെ!!
എല്ലാവർക്കും പ്രണയദിനാശംസകൾ.
ശുഭം

 

Join WhatsApp News
Chinchu Thomas 2025-02-14 02:10:19
അസാധ്യ എഴുത്തുകാരൻ
Easow Mathew 2025-02-14 15:58:58
Congratulations to dear Sudhir! This write-up is beautiful; really poetic. Wish you all the best. Dr. E.M. Poomottil
Thomas, Jacob 2025-02-15 12:48:43
Happy Valentine’s Day
Ammini chechi 2025-02-17 02:01:06
Nice words for all lovers. Have a great time with your family in Thrissur.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക