Image

അനുപല്ലവി (കവിത: വേണുനമ്പ്യാർ)

Published on 14 February, 2025
അനുപല്ലവി (കവിത: വേണുനമ്പ്യാർ)

സൂചകചിഹ്നങ്ങളൊ
കാൽപ്പാടുകളൊ 
ഉപേക്ഷിക്കില്ലെന്നറിയാം
എങ്കിലും  ഞാൻ
നിന്നെ തേടി അലയണം
അതിരുകളില്ലാത്ത
അണ്ഡകടാഹത്തിന്റെ
മുക്കിലും മൂലയിലും തിരയണം
പാതരഹിതമായ പാതയിൽ
അപാരതയിൽ നിന്നെ തേടി ഇങ്ങനെ
അവിരാമം അലയുന്നതേ സുഖം!

ഉൾകാഴ്ച സുഖദവും മനോഹരവുമാകുമെന്ന
കരുതലിൽ ഞാനും പരപ്രേരിതനായി
ആ ക്രൂരകൃത്യം ചെയ്തു പോയി
കണ്ണ് സ്വയം കുത്തി പൊട്ടിച്ചു കളഞ്ഞു
അതിൽ തെല്ലും പശ്ചാത്താപമില്ല
അല്ലെങ്കിലും നിന്നെ കാണിച്ചു
തരാനാവാത്ത കൃഷ്ണമണി കൊണ്ട്  പ്രയോജനമെന്തിരിക്കുന്നു?

ശൂന്യമായ ഒരു  സ്ഫടികം കണക്കെ
നീ ഏതൊ അജ്ഞാത ചക്രവാളത്തിൽ സ്വയം വെട്ടിത്തിളങ്ങുന്നുവെന്ന് പറഞ്ഞു
കേൾക്കുന്നു
ഒരു നിമിഷം പോലും ഈ മൂഢൻ
ഓർത്തതേയില്ല
അതിവന്റെ ഹൃദയത്തിലാകുമെന്ന്.

നയനരഹിതനായ ഞാൻ 
നയനാഭിരാമിയായ നിന്നെ
എന്നെങ്കിലും
കണ്ടെത്തുമോ?

കണ്ടെത്തിയാൽ
ഒന്നും അറിയാത്ത മട്ടിൽ
എന്നോട് നിർദ്ദയം
ഒരപരിചിതയുടെ
നാട്യത്തിൽ   ഇതാര് എന്നു
ചോദിക്കരുതേ
നിനക്ക് എന്നെക്കാൾ നന്നായിട്ടറിയാമല്ലോ
ഞാനാരാണെന്ന സത്യം.

കേൾക്കുന്ന അപസ്വരങ്ങൾ കേൾക്കാതെ 
മാറ്റി നിർത്തിയാലെങ്കിലും 
നിന്റെ പ്രണയഗാനത്തിന്റെ അനുപല്ലവി
എനിക്ക് കേൾക്കാൻ കഴിയുമൊ
ശബ്ദലയജ്ഞാനാമൃതരഹസ്യം
താളക്കേടുള്ള ഈ മനസ്സിലേക്കു
സന്നിവേശിപ്പിച്ചു തരാൻ
നിന്റെ ഹൃദയത്തിനല്ലാതെ 
മറ്റാർക്ക് കഴിയും!

വ്യക്തവും സുതാര്യവുമാണ്
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ
അവ എന്നെയും നിന്നെയും
പരിമിതമാക്കുകയേയുള്ളൂവെന്നും
നല്ലവണ്ണം അറിയാം
പ്രതിഭാസങ്ങളുടെ താളത്തിൽ
ചേതനയുടെ ഒത്തുകളി
സജീവനടരാജനടനങ്ങൾ
ഇതിന്റെയൊക്കെ
ആദിയുമന്തവുമാരു കണ്ടു!

അത് അതേപടി വിടാം
നിമിഷമോരോന്നും അസാധാരണം
നിന്റെ പാരിതോഷികം
അത് പരിപാലിക്കാൻ  ഉതകുമാറാകട്ടെ
നീന്റെ  അസാന്നിദ്ധ്യത്തിന്റെ
മഹത്തായ സന്നിധി !

സർവ്വതും  ഉൾക്കൊള്ളുന്ന
അനന്തതയുടെ സുതാര്യതയിൽ
ജനിമൃതികൾ തൊട്ടശുദ്ധമാക്കാത്ത
തെളിഞ്ഞ പ്രകാശത്തിലൂടെ,
നിഴൽനൃത്തങ്ങൾക്കിടയിലെ
നിശ്ചലതയുടെ സക്രിയതയെ
പുകഴ്ത്തിക്കൊണ്ട്
പവിത്രതയുടെ പുതിയ 
പഞ്ചവർണ്ണത്തൂവലുകളുമായി
വിരാടാംഗനയായ നിന്റെ
ആകാശത്തേക്ക് കുതിക്കട്ടെ!
പറത്തത്തിനിടയിൽ
പടി പടിയായി ഞാനെന്നെ
കുറച്ചു കൊണ്ടിരിക്കും
അതിനുള്ള ആത്മബലം
സ്വന്തം കഴിവാണെന്ന്
ഞാനൊരിക്കലും കരുതുന്നില്ല
നിന്റെ കൃപ കൂടാതെ
അതെങ്ങനെ നടക്കാൻ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക