Image

സാഹിത്യത്തിലും സമൂഹത്തിലും ഉണ്ടാവുന്ന മാറ്റങ്ങൾ എഴുത്തിനെ സ്വാധീനിക്കുന്നു: പാർവതി പി. ചന്ദ്രൻ (ഇമലയാളി കഥാമത്സരം 2024 ജൂറി അവാർഡ് ജേതാവ്)

Published on 14 February, 2025
സാഹിത്യത്തിലും സമൂഹത്തിലും ഉണ്ടാവുന്ന മാറ്റങ്ങൾ എഴുത്തിനെ സ്വാധീനിക്കുന്നു: പാർവതി പി. ചന്ദ്രൻ (ഇമലയാളി കഥാമത്സരം 2024  ജൂറി അവാർഡ് ജേതാവ്)

1. ഇ-മലയാളിയുടെ പുരസ്കാരം നേടിയതിൽ അഭിനന്ദനം.  ഇ-മലയാളിയുടെ പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ? എഴുത്തുകാരെ അംഗീകരിച്ചുകൊണ്ട് ഇ-മലയാളി നൽകുന്ന അവാർഡിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.
  
അമേരിക്കൻ മലയാളികൾ ഉൾപ്പെടെയുള്ളവർ കഥയെപ്പറ്റി മികച്ച അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്തിയിരുന്നതു കൊണ്ട് ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഇ-മലയാളിയുടെ ഉദ്യമം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതാണ്.

2. നിങ്ങൾ സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ രചനകൾ നടത്തിയിട്ടുണ്ട്. നിങ്ങളുടെ സർഗ്ഗശക്തി പ്രകടിപ്പിക്കാൻ നിങ്ങൾക്ക് എളുപ്പം ഏതു വിഭാഗം കൈകാര്യം ചെയ്യുന്നതിലാണ്. നിങ്ങൾ നിങ്ങളിലെ എഴുത്തുകാരനെ എപ്പോൾ/എങ്ങനെ കണ്ടുമുട്ടി.
          
കഥയാണ് ഏറ്റവും ഇഷ്ടം . ഏറ്റവും എളുപ്പവും അതു തന്നെയാണ്. ചെറിയ പ്രായം മുതലേ എനിയ്ക്ക് എഴുത്തിലും വായനയിലും നല്ല താൽപ്പര്യം ഉണ്ടായിരുന്നു.

3. ഇതിനകം എത്ര പുസ്തകങ്ങൾ എഴുതി? ഏതേതു വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഏറ്റവും പ്രചാരം കിട്ടിയ പുസ്തകം. അതേക്കുറിച്ച് ചുരുക്കി പറയുക.

കടൽക്കരയിലെ സൂര്യൻ, മരിച്ചവളുടെ ഫേസ്ബുക്ക് എന്നീ രണ്ട് കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ആദ്യത്തെ കഥാസമാഹാരമായ 'കടൽക്കരയിലെ സൂര്യൻ' 2017 ലും രണ്ടാമത്തെ കഥാസമാഹാരമായ ' മരിച്ചവളുടെ ഫേസ്ബുക്ക് ' 2020 ലും പ്രസിദ്ധീകരിച്ചു. ആദ്യ സമാഹാരത്തിൻ്റെ രണ്ടാം പതിപ്പ് 2020-ൽ പ്രസിദ്ധീകരിച്ചു. മരിച്ചവളുടെ ഫേസ്ബുക്കിന് കുറച്ചു കൂടി പ്രചാരം കിട്ടി. സോഷ്യൽ മീഡിയയിൽ വായനക്കാരുടെ ആസ്വാദനക്കുറിപ്പുകൾ, അക്കാദമിക് ജേണലുകളിൽ പഠനങ്ങൾ എന്നിവ വന്നു.

4. ഇ-മലയാളിയുടെ പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഇ-മലയാളിയുടെ പ്രവർത്തനശൈലിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ.

ഇപ്പോൾ ഉള്ള പ്രവർത്തനങ്ങൾ ഏറ്റവും നന്നായി മുന്നോട്ടു കൊണ്ടു പോവുക. കൂടുതൽ ആളുകളിലേക്ക് പ്രത്യേകിച്ചും ഏറ്റവും പുതിയ തലമുറയിലുള്ളവരിലേക്ക് ഇ-മലയാളി എത്തിച്ചേരുന്ന വിധത്തിൽ പ്രവർത്തിക്കണം എന്നാണ് അഭിപ്രായം.

5.എഴുത്ത് എന്ന അനുഭവത്തെക്കുറിച്ച് പറയുക. ക്ലാസ്സിക്ക് കൃതികൾ പുതിയ തലമുറ അവഗണിച്ച്കൊണ്ട് ആധുനികത എന്ന ഒരു രീതിയിൽ അഭിരമിക്കുന്നു. ഇത്തരം രചനകൾക്ക് സാഹിത്യമൂല്യം കുറയുമോ? പൊതുവെ സാഹിത്യമേഖല മന്ദീഭവിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?
        
എഴുത്ത് എന്നത് അപാര ലോകവുമായുള്ള ബന്ധനമാണ്. അത് ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്നുമുള്ള മോചനമാണ്. സാഹിത്യ മേഖല മന്ദീഭവിക്കുന്നു എന്ന അഭിപ്രായമില്ല. എങ്ങനെ എഴുതണം ഏതുവഴി സ്വീകരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്.

6. നിങ്ങൾ ആധുനികതയുടെ വക്താവാണോ? നമ്മൾ കടന്നുപോന്ന പല പ്രസ്ഥാനങ്ങളും വീണ്ടും തിരിച്ചുവരണമെന്ന അഭിപ്രായമുണ്ടോ? (ഉദാഹരണം..ക്ളാസ്സിസിസം, നിയോ ക്ളാസ്സിസിം, റൊമാന്റിസം, സിമ്പോളിസം,മോഡേണിസം ....) എങ്കിൽ ഏതു പ്രസ്ഥാനം നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു.
     
പ്രത്യേകിച്ച് ഏതെങ്കിലും ഒന്നിന്റെ വക്താവല്ല. സാഹിത്യത്തിലും സമൂഹത്തിലും ഉണ്ടാവുന്ന മാറ്റങ്ങൾ എഴുത്തിനെ സ്വഭാവികമായും സ്വാധീനിക്കും. കടന്നുപോന്ന പ്രസ്ഥാനങ്ങൾ തിരിച്ചുവരണമെന്ന അഭിപ്രായമില്ല.

7. എഴുത്തിൽ സത്യവും ഭാവനയും കലരുമ്പോൾ ഏതിന് പ്രാമുഖ്യം നൽകുന്നു. സത്യത്തിനു മുൻ തൂക്കം നൽകുമ്പോൾ സാഹിത്യമൂല്യം കുറയാൻ സാധ്യതയുണ്ടോ. നിങ്ങളുടെ കൃതികളെ ആസ്പദമാക്കി പറയുക.
     
എഴുത്ത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. സത്യവും ഭാവനയും ഒക്കെ അതിൽ സ്വഭാവികമായാണ് കടന്നുവരുന്നത്. ഏതെങ്കിലും ഒന്നിന് മുൻതൂക്കം കൊടുക്കണം എന്ന് ബോധപൂർവം ചിന്തിച്ചുകൊണ്ട്  എഴുതാൻ കഴിയുന്നതല്ല സാഹിത്യം. ഭാവനയിലൂടെ അവതരിപ്പിക്കുന്നത് സത്യം തന്നെയാണ്.

8. എഴുത്തുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടായ രസകരമായ എന്തെങ്കിലും അനുഭവങ്ങൾ പങ്കു വയ്ക്കുക.
        
രസകരം എന്നതിനേക്കാൻ ഓർമ്മയിൽ തങ്ങി നിൽക്കുന്ന അനുഭവങ്ങളാണ് കൂടുതൽ. എൻ്റെ കഥകൾ വായിക്കുകയും അതിനെപ്പറ്റി ഏറ്റവും നല്ല അഭിപ്രായം പറയുകയും ചെയ്തിട്ടുള്ളവരിൽ വളരെ സാധാരണക്കാർ ആയ ആളുകൾ ഉൾപ്പെടുന്നു എന്നത് ഒരു അംഗീകാരമായി ഞാൻ കാണുന്നു.

9. ഇ_മലയാളി എഴുത്തുകാരോടും വായനക്കാരോടും നിങ്ങൾക്ക് പറയാനുള്ളത്.
         
ഇ-മലയാളി എന്ന പ്ലാറ്റ്ഫോമിനെ ഏറ്റവും നന്നായി പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും ചെയ്യുക.

10. നിങ്ങളുടെ ആദ്യരചന എപ്പോൾ പ്രസിദ്ധീകരിച്ചു  അതേക്കുറിച്ച് ചുരുക്കമായി പറയുക. ഒരു എഴുത്തുകാരൻ ആകാൻ നിങ്ങൾക്ക് കഴിയുമെന്നു തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കു വയ്ക്കുക.
     
'കടൽക്കരയിലെ സൂര്യൻ' എന്ന കഥാസമാഹാരമാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത് . പ്രൊഫസർ എം.കെ സാനുമാഷാണ് പ്രകാശനം നിർവഹിച്ചത്. എഴുതുവാൻ കഴിയും എന്ന തിരിച്ചറിവ് വളരെ ചെറിയ പ്രായത്തിൽ തന്നെ ഉണ്ടായി. എഴുത്ത് പൊതുവെ ആനന്ദം തരുന്ന അനുഭവം ആണ്.

11. ഇ-മലയാളി പതിവായി വായിക്കാറുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ  വിവരിക്കുക.
       
ഇപ്പോൾ ഉള്ള രീതിയിൽ തന്നെ മുന്നോട്ട് പോവുകയും പുതിയ എഴുത്തുകാർക്ക് കൂടുതൽ പ്രാതിനിധ്യം കൊടുക്കുകയും ചെയ്യുക.

12. . ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് അതിലെ ഉള്ളടക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.  സാഹിത്യം,  മതം, പൊതുവിവരങ്ങൾ, പ്രവാസികൾക്കായുള്ള അറിയിപ്പുകൾ, നിരൂപണങ്ങൾ, സിനിമ, കല-സാംസ്കാരിക രംഗം എന്നിവ കൂടാതെ നിങ്ങൾ ഉൾപെടുത്താൻ ആഗ്രഹിക്കുന്ന പംക്തികൾ.
      
മികച്ച നിലവാരം പുലർത്തുന്ന പ്രസിദ്ധീകരണം ആണ് ഇ-മലയാളി. സ്ത്രീ ജീവിതവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ കുറിപ്പുകൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും എന്ന അഭിപ്രായമുണ്ട്.
    
13. എഴുതാൻ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ ? എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളിൽ ഉണ്ടായി.  ഇപ്പോൾ ആ സ്വാധീനത്തിൽ നിന്നും മുക്തനായി സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് കരുതുന്നോ 
      
എം.ടിയും മാധവികുട്ടിയുമാണ് എന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള എഴുത്തുകാർ.  ജീവിതഗന്ധിയായ രചനകൾ നിർവഹിച്ച എഴുത്തുകാരൻ എന്ന നിലയിൽ ആണ് എം.ടി സ്വാധീനിച്ചിട്ടുള്ളത്. ഭാഷയിൽ ഉൾപ്പെടെ പുതിയ ഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരി എന്ന നിലയിലാണ് മാധവിക്കുട്ടി സ്വാധീനിച്ചിട്ടുള്ളത്. ആരെയും അനുകരിക്കുവാൻ ശ്രമിച്ചിട്ടില്ല.
14. ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് നിങ്ങൾ ഇ- മലയാളിയിൽ
വായിച്ച ഏറ്റവും നല്ല രചന ഏതു?
         
ഏതെങ്കിലും ഒരു രചന മാത്രമായി പറയുന്നത് പ്രയോഗികമായി ബുദ്ധിമുട്ടാണ്.
15.നിങ്ങൾ എത്ര  പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവരിക്കുക ?
     
രണ്ടു കഥാസമാഹാരങ്ങൾ
16. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ എങ്ങനെ സ്വീകരിക്കുന്നു. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.
        
അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളെ ഉൾക്കൊള്ളുക, സ്വീകരിക്കുക എന്നുള്ളതാണ് എൻ്റെ രീതി.
17. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ ? ആ സ്വപ്നം സാക്ഷാത്‌കരിക്കപ്പെട്ടുവെന്നു നിങ്ങൾ വിശ്വസിക്കുന്നോ? ഇ മലയാളിയുടെ താളുകൾ അതിനു നിങ്ങൾക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നോ ?
        
എഴുത്തുകാരിയാവുക എന്നത് എൻ്റെ ബാല്യകാല സ്വപ്നം ആയിരുന്നു. ഒരു പരിധി വരെ അത് സാക്ഷാത്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇ-മലയാളിയുടെ സഹകരണത്തിലും എനിക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്.
18. അമേരിക്കൻ മലയാളി എഴുത്തുകാരിൽ അല്ലെങ്കിൽ ഇമലയാളിയിൽ എഴുതുന്ന എഴുത്തുകാരിൽ നിങ്ങൾ ആരെ ഇഷ്ടപ്പെടുന്നു. 
ഒരാളെ മാത്രമായി പറയുവാൻ കഴിയില്ല . അനു ചന്ദ്ര എന്ന എഴുത്തുകാരിയെ കൂടുതൽ ശ്രദ്ധിച്ചിട്ടുണ്ട്.
19. അവാർഡുകൾ, അംഗീകാരങ്ങൾ, അനുമോദനങ്ങൾ ഇവ നേടിയവരെ മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു. അതവർ അർഹിക്കുന്നില്ല. അർഹിക്കുന്നവർ വേറെ ചിലരാണു എന്നു തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാർഡ്.
       
ഓരോ അവാർഡുകളും അതാത് ജൂറി അംഗങ്ങൾ തീരുമാനിക്കുന്നതാണ്. അത് ലഭിച്ചവരെ അംഗീകരിക്കുക എന്നുള്ളതാണ് ഉചിതം.

ആദ്യ കഥാസമാഹാരമായ 'കടൽക്കരയിലെ സൂര്യൻ്റെ' പ്രകാശന സമയത്ത് കുടുംബാംഗങ്ങളോടൊപ്പം .

രണ്ടാമത്തെ കഥാസമാഹാരമായ 'മരിച്ചവളുടെ ഫേസ്ബുക്കിൻ്റെ' പ്രകാശനം കൊച്ചി, കൃതി, അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് എഴുത്തുകാരൻ സി.വി ബാലകൃഷ്ണനും നിരൂപകൻ കെ.ബി പ്രസന്നകുമാറും ചേർന്ന് നിർവ്വഹിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക