പാലാ ബിഷപ്പ് ഹൗസിന്റെ കീഴിലുള്ള ഭൂമിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തിന് പിന്നാലെ വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകയാണ്. അരമനയ്ക്ക് സമീപം കൊട്ടാരമറ്റത്ത് ആര്‍.വി സ്‌ക്വയറിന് സമീപത്തുള്ള പാലാ രൂപതയുടെ 1.35 ഏക്കര്‍ ഭൂമി കപ്പ കൃഷിക്കായി ജെ.സി.ബി ഉപയോഗിച്ച് മണ്‍കൂന ഉണ്ടാക്കുന്നതിനായി ആഴത്തില്‍ മാന്തിയപ്പോഴാണ് ശിലാവസ്തുക്കള്‍ കണ്ടെത്തിയത്. ഇത് ശിവലിംഗവും പാര്‍വതി വിഗ്രഹവുമാണെന്നും വിഗ്രഹത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേല്‍ശാന്തി പ്രദീപ് നമ്പൂതിരി പറഞ്ഞു.
തുടര്‍ന്ന് വിശ്വഹിന്ദുപരിഷത്ത് ജില്ല ഭാരവാഹി മോഹനന്‍ പനയ്ക്കല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടം സന്ദര്‍ശിച്ചു. ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറ് മാറിയാണ് ഈ സ്ഥലം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നതായാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടത്തുകയായിരുന്നു. ശിവലിംഗത്തിന് പുറമെ ശില, കല്‍വിളക്ക് എന്നിവയാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്.
മുമ്പ് പാലാ രൂപതയുടെ മാര്‍ സ്ലീവാ ആശുപത്രിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ആവശ്യങ്ങളുടെ ഭാഗമായി വില്പന നടത്താന്‍ ആലോചിച്ചിരുന്ന വസ്തുവകകളില്‍ ഒന്നാണത്രേ ഈ സ്ഥലം. കൂത്താപ്പാടി ഇല്ലം വകയായിരുന്ന ഭൂമി, ഇല്ലം ക്ഷയിച്ചതോടെ ചില കുടുംബങ്ങള്‍ പാട്ടത്തിനെടുത്തെന്നും അവര്‍ പിന്നീട് കൈയേറ്റം നടത്തുകയും ചെയ്തു എന്നും പറയപ്പെടുന്നു. പലതവണ കൈമറിഞ്ഞ ഈ ഭൂമി വെട്ടത്ത് കുടുംബക്കാരില്‍ നിന്നാണ് പാല അരമന വാങ്ങിയത്. 10 വര്‍ഷത്തിന് മുന്‍പ് ഇവിടെ റബറായിരുന്നു. പിന്നീടാണ് കപ്പ കൃഷി ആരംഭിച്ചത്.
അതേസമയം, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലവില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് പൊലീസും റവന്യൂ അധികൃതരും അറിയിച്ചു. ദേവപ്രശ്‌നം ഉള്‍പ്പെടെ ആചാരപരമായ കര്‍മ്മങ്ങള്‍ക്ക് വെള്ളാപ്പാട്ട് ക്ഷേത്രം ഭാരവാഹികള്‍ പാലാ അരമനയെ സമീപിക്കുകയും ചെയ്തു. ഹൈന്ദവ ആചാര പ്രകാരം വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിന് സഹായം ചെയ്യുമെന്ന് പാല അരമന വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ക്ഷേത്രമുണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ടെന്ന് വെള്ളാപ്പാട് ക്ഷേത്ര കമ്മിറ്റിയംഗം പറഞ്ഞയുന്നു. ആറ് മാസം മുന്‍പ് വെള്ളാപ്പാട് ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നം നടന്നപ്പോള്‍ ഈ ക്ഷേത്രത്തിനെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. അധികം താമസിക്കാതെ ഇവിടെ ഒരു മാറ്റം സംഭവിക്കുമെന്ന് താംബൂല പ്രശ്‌നത്തിന് നേതൃത്വം നല്‍കിയ ജ്യോതിഷി ചോറോട് ശ്രീനാഥ് പണിക്കര്‍ പറഞ്ഞിരുന്നതായും കമ്മിറ്റിയംഗം വ്യക്തമാക്കി. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് 'തണ്ടളത്ത് തേവര്‍' എന്നറിയപ്പെട്ടിരുന്ന ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഇവിടെ ബലിക്കല്ലും പീഠവും കിണറും ഉണ്ടായിരുന്നതായി കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുള്ളതായി സമീപവാസികളും പറയുന്നു. ഇപ്പോള്‍ ഉള്ള താമസക്കാരുടെ മുത്തച്ഛന്റെ ചെറുപ്പത്തില്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്നും 'തേവര്‍ പുരയിടം' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇല്ലം ക്ഷയിച്ചതോടെ ക്ഷേത്രം അന്യാധീനപ്പെടുകയായിരുന്നു. സമീപത്തുള്ള എല്ലാവര്‍ക്കും നേരത്തെ ഇവിടെയൊരു ക്ഷേത്രമുണ്ടായിരുന്നതായി അറിയാമെന്നും അത് നാമാവശേഷമായ രീതിയിലായിരുന്നു എന്നും വെള്ളാപ്പാട് ക്ഷേത്രഭാരവാഹികള്‍ വിശദീകരിക്കുന്നു.
അതേസമയം, പാലാ രൂപത വക ഭൂമിയില്‍ നിന്നും ശിവലിംഗം കണ്ടെടുത്ത സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നത് വിശ്വാസികള്‍ക്കിടയിലും വൈദികര്‍ക്കിടയിലും അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. പാലാ രൂപത ചര്‍ച്ച ചെയ്യുകയോ വിശദീകരിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ ബി.ജെ.പി നേതാവുമായി മാറിയ പി.സി ജോര്‍ജ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതാണ് വിവാദമായി. ബി.ജെ.പി അനുകൂല ക്രിസ്റ്റ്യന്‍ തീവ്ര വിഭാഗമായ കാസയും രംഗത്ത് വന്നതാണ് വിശ്വാസികള്‍ക്കിടയില്‍ സംശയങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമായിരിക്കുന്നത്.
ശിവലിംഗം കണ്ടെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് പാലാരൂപത വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന രീതിയില്‍ പി.സി ജോര്‍ജ് പ്രതികരിച്ചതാണ് വിവാദമായത്. പാലാ രൂപത ചര്‍ച്ച ചെയ്യുകയോ ഔദ്യോഗികമായി വിശദീകരിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ രൂപതാധികാരികള്‍ സമ്മതിച്ചതായാണ് പി.സി പോസ്റ്റിട്ടത്. ഇരു സമുദായങ്ങളുമായി സംസാരിച്ച് ഇരുകൂട്ടര്‍ക്കും പ്രശ്‌നങ്ങള്‍ ഇല്ലാത്തവിധം പരിഹാരം കണ്ടെത്തുന്നതിനും അതിനായുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതിലും വിശ്വാസികള്‍ക്ക് എതിര്‍പ്പുണ്ടാകില്ലെന്നും ഇക്കാര്യങ്ങള്‍ പറയാന്‍ പി.സി ജോര്‍ജിനെ തങ്ങളാരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വൈദികരും അല്‍മായ നേതാക്കളും വ്യക്തമാക്കി.
വിവിധ ആവശ്യങ്ങള്‍ക്കായി മണ്ണ് മാന്തുമ്പോള്‍ കേരളത്തിന്റെ പലഭാഗത്തുനിന്നും ശിലാ വസ്തുക്കളും വിഗ്രഹങ്ങളും കുരിശുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. അപ്പോഴൊക്കെ വര്‍ഗീയ വാദികളും രാഷ്ട്രീയക്കാരും തല്‍പര കക്ഷികളുമൊക്കെ മുതലെടുപ്പുമായി രംഗത്തുവരാറുമുണ്ട്. അത്തരത്തില്‍ കേരളത്തിന്റെ മുഖമുദ്രയായ മതമൈത്രിക്ക് ഏറ്റ കളങ്കമായിരുന്നു നിലയ്ക്കല്‍ പ്രക്ഷോഭം. കേരളത്തിലെ ഹിന്ദു-ക്രിസ്ത്യന്‍ ഏറ്റുമുട്ടലിന്റെ കത്തുന്ന ചരിത്രമാണ് നിലയ്ക്കല്‍ പ്രക്ഷോഭത്തിന്റെ കറുത്ത അധ്യായങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളത്.
983 മാര്‍ച്ച് 29-ന് നിലക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ കേരള ഫാമിംഗ് കോര്‍പ്പറേഷന്റെ സ്വകാര്യ ഭൂമിയില്‍ ഒരു കല്‍ക്കുരിശ് കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അടുത്ത ദിവസം, പമ്പാവാലി പള്ളിയുടെ വികാരിയായ ഫാ. മാത്യു അന്ത്യാകുളവും അനുയായികളും കുരിശ് കണ്ടെത്തിയ സ്ഥലത്ത് ഒരു താല്‍ക്കാലിക ഷെഡ്ഡ് സ്ഥാപിക്കുകയും പ്രാര്‍ത്ഥനകള്‍ ആരംഭിക്കുകയും ചെയ്തു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവിടെ സെന്റ് തോമസ് നിര്‍മ്മിച്ച ഒരു പള്ളിയുടേതാണ് ആ കുരിശ് എന്നായിരുന്നു കത്തോലിക്കാ വിശ്വാസികളുടെ വാദം.
18 മലകള്‍ ചേര്‍ന്ന അയ്യപ്പന്റെ പൂങ്കാവനമാണെന്നാണ് ഹിന്ദുക്കള്‍ കണക്കാക്കുന്ന പ്രദേശമാണിത്. നിലക്കല്‍ ക്ഷേത്രത്തിനു സമീപം പള്ളി പണിയണമെന്ന കത്തോലിക്കരുടെ ആവശ്യം ഹൈന്ദവ കൂട്ടായ്മ എതിര്‍ത്തു. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പള്ളിക്കു വേണ്ടിയുള്ള സമൂഹ ആവശ്യവും ഉയര്‍ത്തി. 1983 മേയ് 19-ന് മുഖ്യമന്ത്രി കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലയ്ക്കലില്‍ പള്ളി പണിയാനായി ഒരു ഹെക്ടര്‍ ഭൂമി സഭയ്ക്ക് അനുവദിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ ഞെട്ടിപ്പോയ ഹിന്ദു സമൂഹം, പള്ളി പണിയാന്‍ അനുവദിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയാന്‍ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തു.
രണ്ടായിരത്തിലധികം വരുന്ന ഹിന്ദുക്കള്‍ പ്രകടനം നടത്തുകയും പോലീസ് നടപടിയില്‍ പലര്‍ക്കും പരിക്കേല്ക്കുകയും ചെയ്തു. കേരളമാകമാനം പ്രതിഷേധമുണ്ടായി. പലയിടത്തും പ്രതിഷേധം അക്രമാസക്തമാവുകയും പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരേ ബോംബാക്രമണവുമുണ്ടായി. സ്വാമി സത്യാനന്ദ സരസ്വതി, കുമ്മനം രാജശേഖരന്‍, ശിശുപാല്‍ ജി എന്നിവരുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടനകള്‍ സംയുക്തമായി നിലയ്ക്കലില്‍ പള്ളി പണിയുന്നതിനെതിരായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു.
ജൂലൈ 21-ന് വടവട്ടൂരില്‍ വിവിധ സഭകളില്‍പ്പെട്ട 21 ബിഷപ്പുമാര്‍ ഒത്തു ചേരുകയും അന്തരീക്ഷം ശാന്തമാകുന്നതുവരെ പള്ളിയുടെ നിര്‍മ്മാണം നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ജൂലൈ 23-ന് സത്യാനന്ദ സരസ്വതി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ആഗസ്റ്റ് 19-ന് 15 ബിഷപ്പുമാരടങ്ങിയ സബ് കമ്മിറ്റി പണിയാനുദ്ദേശിക്കുന്ന പള്ളിയുടെ സ്ഥാനം മഹദേവര്‍ ക്ഷേത്രത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരെ, ആങ്ങമൂഴി ഉള്‍വനത്തില്‍ തേവര്‍ മലയുടെ താഴ് വരയില്‍ നിരപ്പായ സ്ഥലത്തേയ്ക്ക് മാറ്റാമെന്ന് തീരുമാനിച്ചു. മാറ്റിപ്പണിഞ്ഞ പള്ളിയുടെ സില്‍വര്‍ ജൂബിലി 2011-ല്‍ ആഘോഷിക്കപ്പെട്ടു. കുരിശ് ആദ്യം കണ്ടെത്തിയ സ്ഥലം ഇപ്പോള്‍ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ വാഹന പാര്‍ക്കിങ്ങിന്റെ ഭാഗമാണ്.