Image

"നമുക്ക് എന്നും സിനിമയ്‌ക്കൊപ്പം നില്‍ക്കാം"; ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹന്‍ലാല്‍

Published on 15 February, 2025
"നമുക്ക് എന്നും സിനിമയ്‌ക്കൊപ്പം നില്‍ക്കാം"; ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹന്‍ലാല്‍

മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്നും നൂറുകോടി ക്‌ളബ് എന്നതെല്ലാം നിര്‍മ്മാതാക്കളുടെ നുണക്കഥകളാണെന്നുമുള്ളസുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തു വന്ന നിര്‍മ്മാതാവി ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് നടന്‍ മോഹന്‍ലാലിന്റെ ഫേസ് ബുക്ക് കുറിപ്പ്. ''നമുക്ക് എന്നും സിനിമയ്‌ക്കൊപ്പം നില്‍ക്കാം'' എന്നായിരുന്നു ഫേസ് ബുക്കില്‍ മോഹന്‍ ലാലിന്റെ കുറിപ്പ്. ഇതോടെ നിര്‍മ്മാതാക്കളുടെ സംഘടനയും താരങ്ങളും തമ്മില്‍ പരസ്യപോരാട്ടത്തിന് കളമൊരുങ്ങുകയാണെന്നാണ് സൂചനകള്‍.

താരങ്ങളുടെ പ്രതിഫല കാര്യത്തില്‍ നേരത്തെ മലയാള സിനിമയിലെ യുവതാരങ്ങളെയടക്കം വിമര്‍ശിച്ചു കൊണ്ട് രംഗത്തു വന്ന നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരേ പൃഥ്വിരാജ്, ടൊവീനോ, ഉണ്ണി മുകുന്ദന്‍ എന്നിവരടക്കം രംഗത്തു വന്നിരുന്നു. ''എല്ലാം ഓ.കെ അല്ലേ അണ്ണാ'' എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് പങ്കു വച്ച് പൃഥ്വിരാജ് കുറിച്ചത്. അജു വര്‍ഗ്ഗീസും ആന്റണി പെരുമ്പാവൂരിന് പിന്തുണ നല്‍കി പ്രതികരിച്ചിരുന്നു.

എന്നാല്‍ ഈ സംഭവത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട് സുരേഷ് കുമാറിനൊപ്പമാണ്. സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ സുരേഷ്‌കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരേ ആന്റണി പെരുമ്പാവൂര്‍ നടത്തിയ പ്രതികരണം തീര്‍ത്തും അനുചിതമായി പോയെന്ന നിലപാടാണ് സംഘടനയ്ക്കുള്ളത്. ഇതോടെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ തന്നെ ചെറിയ രീതിയില്‍ വിള്ളല്‍ വീണെന്നാണ് ചിത്രം വ്യക്തമാക്കുന്നത്. താരങ്ങളും നിര്‍മ്മാതാക്കളില്‍ ചെറിയ ഒരു വിഭാഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരേയാണ് ഇപ്പോള്‍. ഈ വിഷയത്തില്‍ മോഹന്‍ലാല്‍ ആരുടെ പക്ഷത്ത് നില്‍ക്കുമെന്ന് സിനിമാ ലോകം ഉറ്റു നോക്കിയിരുന്നെങ്കിലും അദ്ദേഹം പരസ്യമായി ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ചതോടെ ഇന്‍ഡസ്ട്രിയില്‍ പരസ്യയുദ്ധത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക