നീയാണെനിക്കേറ്റവും പ്രിയമുള്ളവള്‍
സീമന്തിനിയോടു മൊഴിഞ്ഞു കാന്തന്‍
പ്രഥമന്‍ നീ പ്രാണനാഥാ എന്‍റെ ഉളളില്‍
പ്രിയതമ മറുവാക്കതിനു ചൊല്ലി!
ഛായാമുഖിയെന്നൊരത്ഭുത ദര്‍പ്പണം
ആരോ ഒരുനാളവര്‍ക്കു നല്കി;
എങ്കിലും ഇരുവരതില്‍ നോക്കിടാതെ
ശങ്കയോടെന്തേ മുഖം മറച്ചു?
ഇതിനുത്തരം തേടി ഞാന്‍ തെരഞ്ഞു
ജിജ്ഞാസയോടെ മഹാഭാരതം;
ഭീമനു കാന്ത ഹിഡുംബി സമ്മാനിച്ച
ഈ ദര്‍പ്പണത്തിന്‍റെ കഥ വിചിത്രം:
കണ്ണാടിയതിലാരു നോക്കിയെന്നാലും
കണ്ണില്‍ തെളിയില്ല സ്വന്ത മുഖം
വ്യക്തമായ് കാണും താനേറെ സ്നേഹിക്കുന്ന
വ്യക്തി തന്‍ രൂപം അതില്‍ പകരം!
ഭീമനൊന്നാ മുകുരത്തില്‍ നോക്കീടവെ
ദ്രൗപദി തന്‍ മുഖം പ്രത്യക്ഷമായി
ഏറെ ഇതില്‍ മനംനൊന്തു ഹിഡുംബി
ഏകയായ് ലക്ഷ്യമില്ലാതലഞ്ഞു!
മാന്ത്രിക കണ്ണാടിയതിലൊന്നു നോക്കാന്‍
പാഞ്ചാലിയോടപെക്ഷിച്ചു ഭീമന്‍
അവളതില്‍ നോക്കവെ ക്ഷിപ്രം തെളിഞ്ഞു
അര്‍ജുനന്‍റെ സുന്ദര വദനം,
തന്‍ മുഖം കാണുമെന്നാശിച്ചതാലവന്‍
അസ്വസ്ഥനായതിലില്ലത്ഭുതം!
മര്‍ത്ത്യന്‍റെ ഏറെ നിഗൂഡ മനസിലെ
സത്യം നല്‍കീടും അനര്‍ത്ഥമെങ്കില്‍
എന്തിനു ഛായാമുഖിയതില്‍ നോക്കണം
എന്തിനു മാടി വിളിക്കുന്നു ദുഃഖം!!
**********