Image

കേരള സെന്ററും അതിന്റെ നേതാവ് ഇ.എം. എസും (സ്റ്റീഫനും) (ഡോ. നന്ദകുമാര്‍ ചാണയില്‍)

Published on 15 February, 2025
കേരള സെന്ററും അതിന്റെ നേതാവ് ഇ.എം. എസും (സ്റ്റീഫനും) (ഡോ. നന്ദകുമാര്‍ ചാണയില്‍)

സഖാവ് ഇ.എം.സ്റ്റീഫനെ പരിചയപ്പെട്ട നാള്‍ മുതല്‍ അദ്ദേഹത്തെ ഇതെഴുന്ന ആള്‍ 'നേതാവെ' എന്നാണ് സംബോധന ചെയ്യാറ്. അതൊരു ഫലിത പ്രയോഗമായിട്ടല്ല തുടങ്ങിവെച്ചത്. കേരള സെന്ററിന്റെ ചരിത്രം അറിയാവുന്നതുകൊണ്ടു കൂടിയാണ്.

കേരള സെന്റര്‍ പടുത്തുയര്‍ത്തുന്നതില്‍ സ്റ്റീഫനും കുടുംബാംഗങ്ങളും അനുയായികളും ചെയ്ത സേവനം അതിന്റെ ചരിത്രത്തില്‍ എന്നും തിളങ്ങി നില്‍ക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അദ്ദേഹത്തോടുള്ള എന്റെ നിസ്സീമമായ ആദരവും നേതാവ് എന്ന സംബോധനയില്‍ അടങ്ങിയിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ താമസിച്ചിരുന്ന കാലത്ത് കേരള സെന്ററില്‍ നടന്നിരുന്ന ഒട്ടുമിക്ക പരിപാടികളിലും, പ്രത്യേകിച്ച് പ്രതിമാസം നടന്നിരുന്ന 'സര്‍ഗ്ഗവേദി'യിലും ഞങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ കാലിഫോര്‍ണിയ  വാസത്തിൽ  പലതിന്റെയും കൂട്ടത്തില്‍   നഷ്ടമായതും അതുതന്നെ എന്ന് ഖേദപൂര്‍വ്വം സ്മരിക്കുന്നു.

'സര്‍ഗ്ഗവേദി'യില്‍ കവിതകളും ലേഖനങ്ങളും അവതരിപ്പിക്കാനും ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായി വര്‍ത്തിക്കാനും കഴിഞ്ഞത് ഒരു നേട്ടമായി ജീവിത സായാഹ്നത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം, ട്രൈസ്റ്റേറ്റ് പ്രാന്തപ്രദേശ നിവാസികള്‍ക്ക് ഒത്തുകൂടാനും സാംസ്‌കാരിക സാഹിത്യകലകളിലും രാഷ്ട്രീയ ചര്‍ച്ചകളിലും പങ്കെടുക്കാന്‍ ഒരു സൗഹൃദവേദി ഒരുക്കിയിതിന്- കേരള സെന്ററെന്ന മഹാപ്രസ്ഥാനം പടുത്തുയര്‍ത്തിയതിന് കാരണഭൂതരായ എല്ലാവര്‍ക്കും സ്തുത്യര്‍ഹരാണ്. പ്രത്യേകിച്ച് സ്റ്റീഫനും   കുടുംബാംഗങ്ങളും.

ഈ കുറിപ്പിന്റെ ശീര്‍ഷകത്തിന് വേറൊരു പശ്ചാത്തലവുമുണ്ട്. 1957ല്‍ സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പ്രഥമ മന്ത്രിസഭ രൂപീകൃതമായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിനെതിരെയുള്ള വിമോചനസമരവും ഒരു ചരിത്രം തന്നെ. ഇതു സൂചിപ്പിക്കാന്‍ കാരണം അന്നത്തെ മുഖ്യമന്ത്രിയുടെ (ഇ.എം.എസ്. നമ്പൂതിരിപ്പാട്) ചുരുക്കപ്പേരും സ്റ്റീഫന്‍ സാറിന്റെ ചുരുക്കപ്പേരും തമ്മിലുള്ള സാമ്യം സ്മരിച്ചു കൊണ്ടാണ്.

എസ്.പി. നമ്പൂതിരി  ഈ പുസ്തകത്തിന്റെ അവതാരികയില്‍ പറയുന്ന പോലെ: ന്യൂയോര്‍ക്കില്‍ മലയാളത്തിന്റെ  യശസ്തംഭ സമാനമായ് വിളങ്ങും കേരളസെന്റര്‍. എന്നാളും വിജയീ ഭവ:' ഈ മഹാസ്ഥാപനത്തിന്റെ ഉല്‍ഭവവും വികാസവും പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി 'കേരള സെന്റര്‍ ഒരു ചരിത്രരേഖ' എന്ന ഗ്രന്ഥം കൈരളിക്കു സമര്‍പ്പിച്ച ഗ്രന്ഥകാരന് അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിക്കട്ടെ.

അതെ, കേരള സെന്റര്‍ (ഒരു ചരിത്രരേഖ) എന്ന ഈ പുസ്തകം വരും തലമുറയ്ക്കുള്ള ഒരു ചരിത്രരേഖ തന്നെ സംശയമില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഒരു വേള ഒരു മലയാളി ഈ കേരളസെന്റര്‍ സന്ദര്‍ശിക്കുന്നു എന്നു വെക്കുക. സന്ദര്‍ശകന് ഇങ്ങനെ ഒരു കെട്ടിടം എങ്ങിനെ ഉണ്ടായി? ആരാണ് ഇതിന്റെ പിന്നിലെ ചാലകശക്തി എന്നൊക്കെ ചിന്തിച്ച് പകച്ചു നില്‍ക്കുമ്പോള്‍ ഉത്തരം തേടി അലയേണ്ടി വരില്ല. കാരണം ഈ പുസ്തകം ആവിധ സംശയങ്ങള്‍ക്ക് നിവാരണിയായി വര്‍ത്തിക്കും. ഭാവിയില്‍ കേരള സെന്റര്‍ എന്ന സ്ഥാപനവും കേരള സെന്റര്‍, (ഒരു ചരിത്രരേഖ) എന്ന ഗ്രന്ഥവും അണയാത്ത കെടാവിളക്കുകളായി പരിലസിക്കട്ടെ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക