മേരി ജോണിന് എമ്പത്തേഴു വയസിന്റെ യൗവനം-പിറന്നാൾ കേക്ക് പങ്കുവച്ചുകൊണ്ടു പറഞ്ഞു-പതിമൂന്നു സംഘടനകളിൽ സജീവാംഗമാണ് ഞാൻ. മൂന്നു ഗ്രാമങ്ങൾ ദത്തെടുത്തിട്ടുണ്ട്. സമയമില്ല, വിശപ്പുമില്ല, രണ്ടു ദിവസമായി ശരിക്കു ഭക്ഷണം കഴിച്ചിട്ട്.
കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയുടെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ പിറന്നാൾ കേക്കു മുറിച്ച ദിവസവും ഉച്ചക്കു പട്ടിണിയിരുന്നു. ഡ്രൈവർ ജോഷി അതിരംപുഴയിലെ ശ്രീനീലകണ്ഠമന്ദിരം ഹോട്ടലിൽ ഊണുകഴിച്ചു കൊണ്ടിരിക്കുമ്പോൾ അരികിലിരുന്നു ചായ മാത്രം കുടിച്ചു.
വീണ്ടുമൊരങ്കത്തിന് ബാല്യം-മേരി ജോൺ
യൂണിവേഴ്‌സിറ്റി നടത്തുന്ന ആറുമാസത്തെ ഡിമെൻഷ്യ കോഴ്‌സിൽ ചേർന്നു പഠിക്കുകയാണിപ്പോൾ. കാരണം ഡിമെൻഷ്യ, അൽഷൈമേഴ്‌സ് ഒക്കെ കേരളത്തിൽ പടർന്നു കൊണ്ടിരിക്കുകയാണല്ലോ.
കോഴ്സ് കോർഡിനേറ്റർ പ്രൊഫസർ ഡോ രാജു ഡി. കൃഷ്‌ണപുരം ആമുഖമായി പറഞ്ഞു: മറവി ഒരു രോഗമല്ല, എന്നാൽ മറവിരോഗം എന്നൊന്നുണ്ട്. അതു വളർന്നു ഡിമെൻഷ്യയും അൽഷൈമേഴ്‌സും ആയേക്കാം. രണ്ടിനും ലോകം മരുന്നു കണ്ടു പിടിച്ചിട്ടില്ലെന്നു ഓർക്കുക. റിമെംബർ ഹു കനോട് റിമെംബർ-ഓമ്മയില്ലാത്തവരെ ഓർമ്മിക്കുക.
മക്കൾ ജബീൻ, സീത, നൂതൻ-സീതയും നൂതനും യുഎസിൽ
കോട്ടയം മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 36 വർഷം അദ്ധ്യാപികയായിരുന്നു മേരി ജോൺ എംഎ, ബിഎഡ്. ഹിന്ദി വിദ്വാൻ നേടി സ്‌കൂളിൽ കയറിയ അവർ പ്രൈവറ്റായും അല്ലാതെയും പഠിച്ചു ഇംഗ്ലീഷിലും മലയാളത്തിലും എഡ്യൂക്കേഷനിലും ബിരുദവും മലയാളത്തിൽ ബിരുദാന്തര ബിരുദവും നേടി.
"ജീവിതം മുഴുവൻ പോരാടിയ ആളാണ് ഞാൻ. അദ്ധ്യാപകനായ ഭരണങ്ങാനം ചിറക്കടവ് വെട്ടുവേലിൽ ചാക്കോ മകൻ ജോണുമായി വിവാഹം ഉറപ്പിച്ചപ്പോൾ സ്‌കൂൾ അധികൃതർ നിവൃർത്തിയില്ലാതെ അവധി നൽകി. "രാത്രി ഉറക്കമിളച്ചിട്ടു ക്ലാസ്സിൽ വന്നു ഉറങ്ങാനല്ലേ?'' എന്നായിരുന്നു കന്യാസ്ത്രീയായ ഹെഡ്മിസ്ട്രസിന്റെ കുസൃതി ചോദ്യം. പ്രസവത്തിനു നിയമാനുസൃതം നൽകേണ്ട മൂന്ന് മാസത്തെ മറ്റേർണിറ്റി അവധിക്കും തടസം പറഞ്ഞു.
87ആം പിറന്നാളിനു ആശയുടെ ആശ്ലേഷം; പ്രൊഫ. രാജു ഡി. കൃഷ്ണപുരം
'ഏതായാലും ഞങ്ങൾക്ക് നാലു ഓമന സന്താനങ്ങളെ കിട്ടി. നാലുപേരും ജീവിതത്തിൽ ജയിച്ചു കയറിയവർ. ഏക മകൻ സാജൻ ദുബൈയിൽ. പെൺമക്കളിൽ ജബീൻ കൊച്ചിയിൽ ആർകിടെക്ട്. സീത ന്യൂജേഴ്‌സിയിൽ മുൻ ഡപ്യൂട്ടി അറ്റോർണി ജനറൽ. നൂതൻ ന്യൂയോർക്കിൽ ബിഎൻവൈ മെലൺ ബാങ്ക് മുൻ വൈസ് പ്രസിഡന്റ്. ജബീന്റെ പെണ്മക്കളിൽ-ആരതി ആർക്കിടെക്ട്, ഉത്തര ഫാഷൻ ഡിസൈനർ. ഐശ്വര്യ ഡോക്ടർ.
തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ബിആർക് നേടിയ ജബീൻ അവിടെ അദ്ധ്യാപികയായി. കൂടെപ്പഠിച്ച ലാലിച്ചൻ സക്കറിയാസിനെ വിവാഹം ചെയ്തു ജബീൻ സക്കറിയാസ് എന്ന ആർക്കി ടെക്ച്ചറൽ-ഡിസൈൻ സ്റ്റുഡിയോയുടെ മുഖ്യ സാരഥിയായി.
വർത്തമാനപുസ്തകം-പരാവർത്തനം ചെയ്ത നീലൂർ ജോൺ മാളിയേക്കൽ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയർ ഡിസൈനിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റായിരുന്നു. എറണാകുളം ലേക് ഷോർ ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി മന്ദിരങ്ങൾക്കു രൂപകല്പന ചെയ്തു. സച്ചിൻ ടെൻഡുൾക്കറുടെ വീടിന്റെ ഇന്റീരിയർ ചെയ്തു. ലോകമൊട്ടാകെ സഞ്ചരിക്കുന്നു.
ചേറ്റുതോട് പാറേമ്മാക്കൽ കുറുപ്പംപറമ്പിൽ മാത്യുവിന്റെയും റോസമ്മയുടെയും ഏഴുമക്കളിൽ ഒരാളായ മേരി പതിനൊന്നുതവണ അമേരിക്ക സന്ദർശിച്ചിട്ടുണ്ട്. സഹോദരങ്ങൾ ചെറിയാനും തോമസും ജോസും ലിസിയും ലില്ലിയും മക്കൾ സീതയും നൂതനും അവിടെയുണ്ട്. ഒടുവിൽപോയി വന്നതു ഏതാനും മാസം മുമ്പ്.
ചരിത്രപുരുഷനായ പാറേമ്മാക്കൽ ഗോവർണദോർ മേരിയുടെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാൻപാ (മുതു മുത്തശ്ശൻ) യുടെ അനുജനായിരുന്നു.
ജോണിന്റെ ആയിരം പേജുള്ള കുടുബചരിത്രത്തിൽ 1938ലെ ഒരപൂർവചിത്രം
പാലയ്ക്കടുത്ത് കടനാട് 1736ൽ ജനിച്ച പാറേമാക്കിൽ തോമ്മാകത്തനാർ 1778-86 കാലത്തു റോമും പോർട്ടുഗലിലെ ലിസ്ബനും സന്ദർശിച്ച് എഴുതിയ 'വർത്തമാനപുസ്തകം' ഇന്ത്യൻ ഭാഷകളിലെആദ്യത്തെ യാത്രാവിവരണം ആണ്. പുസ്തകം എഴുതിയതിനല്ല പോയതിനാണ് സഭാചരിത്രത്തിൽ പ്രാധാന്യം. വിദേശത്തുനിന്നു കെട്ടിയിറക്കിയവർക്കു പകരം നാട്ടുകാരെ സഭാഭരണം ഏൽപ്പിക്കണമെന്ന് നിവേദനം നടത്തുകയായിരുന്നു ലക്ഷ്യം.
ലക്ഷ്യം വിജയിച്ചു. ഒപ്പം ഉണ്ടായിരുന്ന കരിയാറ്റിൽ ജോസഫ് മൽപ്പാനെ പോർട്ടുഗലിൽ വച്ച് മെത്രാനായി അഭിഷേകം ചെയ്തു. മടങ്ങി വരുമ്പോൾ ഗോവയിൽ വച്ച് മെത്രാനു മാരകമായ അസുഖമായി. മരിക്കും മുമ്പ് തോമ്മാ കത്തനാരെ കൊടുങ്ങല്ലൂർ രൂപതയുടെ ഗോവർണ്ണദോർ (ഗവർണർ) ആയി നിയമിച്ചു, 13 വർഷം ആ സ്ഥാനത്തു തുടർന്ന കത്തനാർ 1799ൽ 66 ആം വയസിൽ രാമപുരത്തു അന്തരിച്ചു. അവിടെ അടക്കി.
മേരിയുടെ മൂന്നര സെന്റിലെ വീട്, ആർക്കിടെക്ട് മകളുടെ ആദ്യ സമ്മാനം
'തോമാ കത്തനാർ വൈദേശിക മേധാവിത്തതിനെതിരെ പോരാടി ജയിച്ച ആദ്യത്തെ ഭാരതീയൻ ആയിരുന്നു,' മേരി ടീച്ചർ അഭിമാനത്തോടെ പറയുന്നു. 'മഹാത്മജി ബ്രിട്ടീഷുകാർക്കെതിരെ 'ക്വിറ്റ് ഇന്ത്യ' സമരം പ്രഖ്യാപിച്ചതു 1942ൽ. അതിനു ഒന്നര നൂറ്റാണ്ടു മുമ്പാണ് 'ജാതിക്കൊരു തലവൻ ജാതിയിൽ നിന്നു വേണം' എന്നാവശ്യപ്പെട്ട് പാറേമ്മാക്കൽ കത്തനാർ സ്വാതന്ത്ര്യ കാഹളം മുഴക്കിയത്.
വർത്തമാനപുസ്തകം ശുദ്ധമലയാളത്തിൽ പാരാവർത്തനം ചെയ്ത ഒരാളുണ്ട് പാറേമാക്കിൽ കുടുംബത്തിൽ-നീലൂരിലെ ജോൺ മാളിയേക്കൽ. പത്തുവർഷത്തെ അധ്വാനം കൊണ്ട് കുടുംബത്തിന്റെ 1095 പേജുള്ള ചരിത്രവും അദ്ദേഹം പുറത്തിറക്കി. പന്ത്രണ്ടു തലമുറകളുടെ ചരിത്രമാണ് അദ്ദേഹം ക്രോഡീകരിച്ചത്. 56 ശാഖകളും 57 വൈദികരും ആ കുടുംബത്തിനുണ്ട്.
ജീവിതത്തിന്റെ ഏടുകളിലേക്കു ഒരു തിരിഞ്ഞു നോട്ടം
ടീച്ചറുടെ ഭർത്താവ് വി.സി. ജോൺ ചങ്ങനാശ്ശേരി എസ്ബി കോളജിൽ ബിഎസ് സി സുവോളജിക്കു രണ്ടാം റാങ്ക് വാങ്ങി അവിടെ ട്യൂട്ടർ ആയി സേവനം ചെയ്തയാൾ. പല സ്‌കൂളുകളിൽ അദ്ധ്യാപകനായി. എഇഒ ആയി റിട്ടയർ ചെയ്തു. ഇംഗ്ളീഷിലും ഹിന്ദിയിലും എംഎ എടുത്ത അദ്ദേഹം തികഞ്ഞ ഗാന്ധിയനും ഗ്രന്ഥ കർത്താവും ആയിരുന്നു. രാഷ്‌ട്രപതി അബ്ദുൾകലാമുമായി കത്തുകൾ എഴുതാറുണ്ടായിരുന്നു. കലാം ഒരിക്കൽ കോട്ടയത്തു വന്നപ്പോൾ ജോണിനെ കാണാനെത്തുകയും ചെയ്തു. 2022 ൽ അന്തരിച്ചു.
മൗണ്ട് കാർമൽ സ്‌കൂളിനു വിളിപ്പാടകലെ കോട്ടയം ദേവലോകം റോഡിൽ മൂന്നര സെന്ററിൽ അവർ ഒരു വീടുപണിതു. ജബീൻ രൂപകൽപന ചെയ്ത ആദ്യത്തെ വീട് ഒരദ്ഭുതമാണ്. ഗുരുകുലം എന്ന മൂന്നു നില വീട്ടിൽ രണ്ടു ബെഡ്റൂം, ലിവിങ്, കിച്ചനെറ്റ്, സ്റോർ, കാർ പോർച് എല്ലാമുണ്ട്. ലിവിങ് റൂം നിറയെ ടീച്ചർ നേടിയ പുരസ്‌ക്കാരങ്ങൾ. മുറ്റത്തൊരു വലിയ ചക്കരമാവ്, മഞ്ഞപ്പൂക്കൾ വിരിഞ്ഞ സിൽവസ്റ്റർ മരം. ഇതിനിടയിൽ മരുമകൾ സ്നേഹ നടത്തുന്ന ഗ്ലോബൽ സ്‌കൂളിനു കീഴിലുള്ള കിഡ്സ് പ്ലേ സ്‌കൂൾ.
മകൾ സീത ഹോംസ് ന്യൂജേഴ്‌സി അറ്റോർണി ജനറലായപ്പോൾ ഒപ്പം
ഗുരുകുലത്തിൽ എപ്പോഴും സന്ദർകരുടെ തിരക്കാണ്. മൊബൈൽ ഇടവിടാതെ കിണുങ്ങി ക്കൊണ്ടിരിക്കും. ദുബായിൽ നിന്ന് കിട്ടിയ നോട്ട് പാഡിൽ ടീച്ചർ ഒരാഴ്ച്ചത്തേക്കുള്ള പരിപാടികൾ അക്കമിട്ടു എഴുതി വച്ചിരിക്കും.
അയൽ വക്കത്തെ ചെങ്കല്ലുകൊണ്ടു പണിത നാരായണീയംവീട്ടിന്റെ ഉടമ സിനിമ സംവിധായകൻ ജയരാജ് മൗണ്ട് കാർമ്മൽ സ്‌കൂളിൽ ശിഷ്യൻ ആയിരുന്നു. വീടിനു തൊട്ടെതിർ വശം ജസ്റ്റിസ് കെ.ടി. തോമസിന്റെ തടത്തിൽ വീട്.
ജയരാജിന്റെ അച്ഛൻ രാജശേഖരൻ നായർ വാങ്ങിയ പുതിയ അംബാസഡർ കാറിൽ മൈസൂറിലേക്ക് ഉദ്ഘാടന യാത്ര പോയത് ഓർക്കുന്നു. അവിടെ ത്രിവേണി സംഗമത്തിൽ 'ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു' (1973) എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. ശ്രീകുമാരൻ തമ്പി എഴുതി യേയൂദാസ് പാടിയ 'ആറാട്ടിനാനകൾ എഴുന്നെള്ളി' തുടങ്ങിയ ഹിറ്റുഗാനങ്ങൾ ഉള്ള ചിത്രം. നസീറിനെയും ജയഭാരതിയെയും തൊട്ടടുത്ത് നിന്ന് കണ്ടു, പരിചയപെട്ടു.
സുഗതകുമാരി, ഗാന്ധിജിയുടെ കൊച്ചുമകൾ ഇള ഗാന്ധി, മേരി ജോൺ
നാൽപാത്തിമല, ആർപ്പൂക്കര, കരിക്കാട്ടൂർ എന്നിങ്ങനെ മൂന്നു ഗ്രാമങ്ങൾ ദത്തെടുത്തിട്ടുണ്ട് ടീച്ചർ. പാവങ്ങൾക്ക് വീടുവച്ചു കൊടുക്കുക, കുട്ടികളെ പഠിപ്പിക്കുക, ചികിൽസിക്കുക തുടങ്ങിയ പരിപാടികളിൽ സജീവസാന്നിദ്ധ്യം. എവിടെ പോയാലും തന്റെ ടൊയോട്ട ക്വാളിസിലെ ഏഴു സീറ്റിലും ആളുണ്ടാവും. അർബുദ അതിജീവിത അനുവും ലീലാമണിയുമാണ് അടുത്ത കൂട്ടുകാർ.
ഒരു രാത്രി എന്നെ വിളിച്ചു. കവിത ഇഷ്ട്ടമാണോ എന്ന് ചോദ്യം. 'ഇഷ്ട്ടമാണ് പക്ഷെ ഇന്നത്തെ കവിതകളെല്ലാം ഗദ്യമാണ്. അവയ്ക്ക് കാവ്യഭംഗിയില്ല' എന്ന് മറുപടി. 'അതെന്തുമാകട്ടെ, കവികളുടെ ഒരു സംഗമം സംഘടിപ്പി ക്കണം. കവിത ചെല്ലുന്നത് കേട്ടിരിക്കാൻ എന്ത് സുഖമാണെന്നോ!'
ഭർത്താവ് വിസി ജോണും മക്കളും കൊച്ചുമക്കളുമൊത്ത്
നാനൂറോളം ഉദ്ധരണികൾ കൊരുത്തിറക്കിയ 'ഗുരുവചനങ്ങൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ടീച്ചർ. യൂണിവേഴ്‌സിറ്റി തുടർവിദ്യാഭ്യാസ വകുപ്പ് മുൻ തലവനും യൂണിവേഴ്‌സിറ്റി ഓഫ് ദി തേർഡ് കൈൻഡ് എന്ന പ്രസ്ഥാനത്തിന്റെ പ്രയോക്താവുമായ ഡോ. തോമസ് എബ്രഹാമിന്റെ അവതാരിക.
പോരാട്ടത്തിൽ ഒരിക്കലും വിശ്രമിക്കാത്ത ഫീൽഡ് മാർഷൽ ആണ് 1937നവംബർ 16 നു ജനിച്ച മേരി ജോൺ. ജവഹർലാൽ നെഹ്‌റു നവംബർ 14നും ഇന്ദിരാഗാന്ധി നവംബർ 19നുമാണ് ജനിച്ചത്. ഐശ്യര്യ റായിയും ഷാരൂഖ് ഖാനും കമൽ ഹാസനും നവംബറിൽ ജനിച്ചവർ. ബ്രിട്ടനിലെ ഫീൽഡ് മാർഷൽ മോണ്ട് ഗോമറിയും.