Image

സാഹിത്യം സമൂഹത്തിന്റെ പ്രതിഫലനം- ദിവ്യാഞ്ജലി പി (ഇമലയാളി കഥാമത്സരം 2024 ജൂറി അവാർഡ് ജേതാവ്)

Published on 15 February, 2025
 സാഹിത്യം സമൂഹത്തിന്റെ പ്രതിഫലനം- ദിവ്യാഞ്ജലി പി (ഇമലയാളി കഥാമത്സരം 2024  ജൂറി അവാർഡ് ജേതാവ്)

1. ഇ-മലയാളിയുടെ പുരസ്കാരം നേടിയതിൽ അഭിനന്ദനം.  ഇ-മലയാളിയുടെ പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ? എഴുത്തുകാരെ അംഗീകരിച്ചുകൊണ്ട് ഇ_ മലയാളി നൽകുന്ന അവാർഡിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.

പുരസ്ക്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പുരസ്ക്കാരം ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. എഴുത്തിനെ എന്നു മാത്രമല്ല, ഏതു കലയേയും അംഗീകരിക്കുന്ന തരത്തിലുള്ള എല്ലാ ഉദ്യമങ്ങളും തീർത്തും സ്വാഗതാർഹമാണ്. അങ്ങനെ നോക്കുമ്പോൾ ഇ മലയാളി  ലോകമലയാളികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ഈ ഒരു സാഹിത്യ മൽസരം തീർത്തും അഭിനന്ദനാർഹമാണ്.

2. നിങ്ങൾ സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ രചനകൾ നടത്തിയിട്ടുണ്ട്. നിങ്ങളുടെ സർഗ്ഗശക്തി പ്രകടിപ്പിക്കാൻ നിങ്ങൾക്ക് എളുപ്പം ഏതു വിഭാഗം കൈകാര്യം ചെയ്യുന്നതിലാണ്. നിങ്ങൾ നിങ്ങളിലെ എഴുത്തുകാരനെ എപ്പോൾ/എങ്ങനെ കണ്ടുമുട്ടി.

ഞാൻ ഈ മലയാളി പുരസ്ക്കാരം ലഭിച്ച മറ്റ് എഴുത്തുകാരുമായി താരതമ്യപ്പെടുത്തുമ്പോൾ എഴുത്തിന്റെ പാതയിലെ ന്യൂകമർ ആണ്. കഥകൾ എഴുതി തുടങ്ങുന്നത് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ്. പഠനകാലത്ത് മറ്റേതൊരു വിദ്യാർഥിയേയും പോലെ എല്ലാ എഴുത്തു മൽസരങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു. കഥയും കവിതയും ഉപന്യാസവും ഒക്കെ എഴുതാറുണ്ടായിരുന്നു. ഇഷ്ട മാധ്യമം എന്നും കഥ തന്നയായിരുന്നു.

3. ഇതിനകം എത്ര പുസ്തകങ്ങൾ എഴുതി? ഏതേതു വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഏറ്റവും പ്രചാരം കിട്ടിയ പുസ്തകം. അതേക്കുറിച്ച് ചുരുക്കി പറയുക.

ഇന്നുവരെ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടില്ല. എഴുതിയ കഥകൾ ഒക്കെ കൂട്ടിയിണക്കി ഒരു കഥാസമാഹാരം പുറത്തിറക്കണമെന്ന ചിന്തയിലാണ്.

4. ഇ-മലയാളിയുടെ പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഇ-മലയാളിയുടെ പ്രവർത്തനശൈലിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ.

ഇ മലയാളി വായിക്കാൻ തുടങ്ങിയിട്ട് വളരെ കുറച്ച് സമയമേ ആയിട്ടുള്ളൂ. കേരളത്തിലെ മലയാളി വായനക്കാരിലേക്ക് മാസികയെ കൂടുതൽ പരിചിതമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരുടെ രചനകളും മറ്റും ഉൾപ്പെടുത്തുന്നത് കൂടുതൽ അഭികാമ്യമാകും

5.എഴുത്ത് എന്ന അനുഭവത്തെക്കുറിച്ച് പറയുക. ക്ലാസ്സിക്ക് കൃതികൾ പുതിയ തലമുറ അവഗണിച്ച്കൊണ്ട് ആധുനികത എന്ന ഒരു രീതിയിൽ അഭിരമിക്കുന്നു. ഇത്തരം രചനകൾക്ക് സാഹിത്യമൂല്യം കുറയുമോ? പൊതുവെ സാഹിത്യമേഖല മന്ദീഭവിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?

സാഹിത്യം സമൂഹത്തിന്റെ പ്രതിഫലനമാണ്. ഓരോ കാലഘട്ടത്തിനനുസരിച്ച് എഴുത്തിന്റെ രീതിയും ഭാഷയും നവീകരിക്കപ്പെടുന്നു. അതു തീർത്തും സ്വാഭാവികമായ കാര്യമാണ്. പുതിയ എഴുത്തുകാരെ ഒരുപാട് ശ്രദ്ധയോടെ വായിച്ച ഒരു സമയമാണ് എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം. പുതിയ പല എഴുത്തുകാരും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈയ്യിടെ വായിച്ച എസ് ഹരീഷിന്റെ പട്ടുനൂൽപ്പുഴു എന്ന നോവലും, ആർ രാജശ്രീയുടെ നോവലുമൊക്ക എനിക്ക് പ്രിയപ്പെട്ടവയാണ്.

ക്ലാസിക്ക് കൃതികൾ വായിക്കുന്നത് തീർത്തും അഭിനന്ദനാർഹമാണ്. നമ്മൾ ഇന്ന് ക്ലാസിക്കെന്ന് വിശേഷിപ്പിക്കുന്ന മിക്ക കൃതികളും അതെഴുതിയ കാലഘട്ടത്തിൽ ആധുനിക, ഉത്തരാധുനിക കൃതികൾ എന്ന് ചാപ്പ കുത്തിയവയും തഴയപ്പെടുകയും ചെയ്തവയാണ്. കാഫ്ക്കയ്ക്കോ, മാക്സിനോ അവർ ജീവിച്ചിരുന്ന കാലത്ത് വേണ്ട അംഗീകാരങ്ങളോ പരിഗണനയോ കിട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ പഴയത് മികച്ചതും പുതിയത് പൊള്ളയുമാണെന്ന അഭിപ്രായം എനിക്കില്ല. സാഹിത്യ മേഖല മന്ദീഭവിക്കുന്നു എന്നും എനിക്ക് അഭിപ്രായമില്ല. ഞാൻ വ്യക്തിപരമായി രണ്ടും വായിക്കാൻ ശ്രമിക്കുന്ന വായനക്കാരിയാണ്.

6. നിങ്ങൾ ആധുനികതയുടെ വക്താവാണോ? നമ്മൾ കടന്നുപോന്ന പല പ്രസ്ഥാനങ്ങളും വീണ്ടും തിരിച്ചുവരണമെന്ന അഭിപ്രായമുണ്ടോ? (ഉദാഹരണം..ക്ളാസ്സിസിസം, നിയോ ക്ളാസ്സിസിം, റൊമാന്റിസം, സിമ്പോളിസം,മോഡേണിസം ....) എങ്കിൽ ഏതു പ്രസ്ഥാനം നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു.

ഞാൻ ആധുനിക ഉത്തരാധുനിക നോവലുകളും, കവിതകളും, സിനിമകളും നാടകങ്ങളും ഒക്കെ ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ്. എങ്കിലും കീറ്റ്സും, വേർഡ്സ് വേർത്തും, ബ്രോന്റേ സഹോദരികുളും ഒക്കെ എന്റെ വായനയെ സ്വാധീനിച്ചവരാണ്. കടന്നു പോയ പ്രസ്ഥാനങ്ങൾ തിരിച്ചു വരണമെന്നൊന്നും ഞാൻ  ആഗ്രഹിക്കുന്നില്ല. എന്റെ അഭിപ്രായത്തിൽ പുതിയ എഴുത്തിൽ ഇതിന്റെ ഒക്കെ സ്വാധീനമുണ്ട്. റൊമാന്റിസവും സിമ്പോളിസവും ഒക്കെ ഇന്നത്തെ എഴുത്തിലും കാണാൻ പറ്റും.

7. എഴുത്തിൽ സത്യവും ഭാവനയും കലരുമ്പോൾ ഏതിന് പ്രാമുഖ്യം നൽകുന്നു. സത്യത്തിനു മുൻ തൂക്കം നൽകുമ്പോൾ സാഹിത്യമൂല്യം കുറയാൻ സാധ്യതയുണ്ടോ. നിങ്ങളുടെ കൃതികളെ ആസ്പദമാക്കി പറയുക.

ഉദാഹരിച്ചു പറയാൻ ഞാൻ കൃതികൾ എഴുതിയിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഭാവനയെപ്പോലും സത്യമാണെന്ന തരത്തിൽ അവതരിപ്പിക്കാൻ പറ്റുമ്പോഴാണ് ഒരു എഴുത്തുകാരൻ വിജയിക്കുന്നത്. പത്തു തലകളുള്ള ഒരു മനുഷ്യൻ അസാധാരണമായ ഒന്നാണെന്നറിയുമ്പോഴും രാവണൻ എന്ന കഥാപാത്രത്തെ പലരും സത്യത്തിൽ ഉള്ള ഒരാളായി കണക്കാക്കുകയും, രാവണനെ കൊന്ന രാമനെ ദൈവമായി പൂജിക്കുകയും ചെയ്യുന്നു. തീർത്തും ഭാവനാപരമായ ഒന്നിനെ സത്യം പോലെ അംഗീകരിക്കുകയാണവിടെ. ഇത്തരം വൈരുദ്ധ്യങ്ങൾ എല്ലാ വിശ്വാസങ്ങളിലും കാണാം. സത്യം സത്യം പോലെ വിവരിക്കുമ്പോൾ അതൊരു സർഗാത്മക സൃഷടിയാവുന്നില്ലെന്ന് ഞാൻ കരുതുന്നു. സത്യവും മിഥ്യയും കൂടിച്ചേരുമ്പോഴാണ് വായന രസകരമാകുന്നത്.

8. എഴുത്തുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടായ രസകരമായ എന്തെങ്കിലും അനുഭവങ്ങൾ പങ്കു വയ്ക്കുക.

അത്തരം രസകരമായ അനുഭവങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു.

9. ഇ_മലയാളി എഴുത്തുകാരോടും വായനക്കാരോടും നിങ്ങൾക്ക് പറയാനുള്ളത്.

വായിക്കുക. വായിക്കാൻ അനുവദിക്കുക. വായന ഒരു മനുഷ്യനെ നവീകരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു

10. നിങ്ങളുടെ ആദ്യരചന എപ്പോൾ പ്രസിദ്ധീകരിച്ചു  അതേക്കുറിച്ച്
ചുരുക്കമായി പറയുക. ഒരു എഴുത്തുകാരൻ ആകാൻ നിങ്ങൾക്ക് കഴിയുമെന്നു തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കു വയ്ക്കുക.

ഞാൻ ഒരു പുസ്തകം പോലും പ്രസിദ്ധീകരിച്ചിട്ടില്ല.

11. ഇ-മലയാളി പതിവായി വായിക്കാറുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ  വിവരിക്കുക.

വായിച്ച് തുടങ്ങിയിട്ട് വളരെ കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂ. ഉള്ളടക്കത്തിലെ വൈവിദ്ധ്യവും അതിന്റെ ഗുണമേന്മയും ഉറപ്പുവരുത്തി കൂടുതൽപ്പേരിലേക്ക് എത്തിക്കാൻ ഉള്ള ശ്രമങ്ങളുണ്ടാവണം.

12.  ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് അതിലെ ഉള്ളടക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.  സാഹിത്യം,  മതം, പൊതുവിവരങ്ങൾ, പ്രവാസികൾക്കായുള്ള അറിയിപ്പുകൾ, നിരൂപണങ്ങൾ, സിനിമ, കല-സാംസ്കാരിക രംഗം എന്നിവ കൂടാതെ നിങ്ങൾ ഉൾപെടുത്താൻ ആഗ്രഹിക്കുന്ന പംക്തികൾ.

നല്ല അഭിപ്രായം. ഒരന്യ നാട്ടിൽ ഇങ്ങനെ ഒരു മലയാള മാഗസീൻ ശ്രദ്ധിക്കപ്പെടുന്നു എന്നതു തന്നെ വലിയ വിജയമാണ്. ഉള്ളടക്കത്തിലെ വൈവിദ്ധ്യം മികച്ചതാണ്. കാലാനുസൃതമായുള്ള മാറ്റങ്ങളെ പരിഗണിക്കുന്ന തരത്തിൽ പംക്തികൾ കൂടുതൽ മികച്ചതാകട്ടെ.

13. എഴുതാൻ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ ? എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളിൽ ഉണ്ടായി.  ഇപ്പോൾ ആ സ്വാധീനത്തിൽ നിന്നും മുക്തനായി സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് കരുതുന്നോ

വായന തുടങ്ങുന്നത് എം.ടി യിലൂടെയാണ്. എം.ടി യുടെ കഥകളും നോവലുകളും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും ഒരു പ്രത്യേക എഴുത്തുകാരന്റെയോ എഴുത്തുകാരിയുടയോ സ്വാധീനം കൊണ്ടല്ല എഴുതി തുടങ്ങിയത്. എഴുതി തുടങ്ങിയപ്പോൾ വായനാ ശീലം എഴുത്തിനെ സഹായിച്ചിരിക്കാം എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ. എന്റെ ശൈലിയിൽ മറ്റൊരാളുടെ സ്വാധീനം ഉണ്ടോ എന്ന് എനിക്കറിയില്ല. ആരും അങ്ങനെ ഇതുവരെ പറഞ്ഞിട്ടില്ല. എനിക്ക് പറ്റുന്ന രീതിയിൽ ഞാൻ സ്വതന്ത്രമായി കഥകൾ എഴുതുന്നു.


14. ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് നിങ്ങൾ ഇ- മലയാളിയിൽ
വായിച്ച ഏറ്റവും നല്ല രചന ഏതു?

കഥാ മൽസരത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മിക്ക കഥകളും എനിക്ക് ഇഷ്ട്ടപ്പെട്ടിരുന്നു.

15.നിങ്ങൾ എത്ര  പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവരിക്കുക.

ഒന്നു പോലുമില്ല. ഇരുപതോളം കഥകൾ എഴുതിയിട്ടുണ്ട്.

16. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ എങ്ങനെ സ്വീകരിക്കുന്നു. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.

അഭിപ്രായങ്ങൾ തീർത്തും സ്വാഗതാർഹമാണ്. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ എഴുത്തിന്റെ വഴികളിൽ സഹായകമാണ്.

17. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ ? ആ സ്വപ്നം സാക്ഷാത്‌കരിക്കപ്പെട്ടുവെന്നു നിങ്ങൾ വിശ്വസിക്കുന്നോ? ഇ മലയാളിയുടെ താളുകൾ അതിനു നിങ്ങൾക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നോ ?

എഴുത്തുകാരിയാവുക എന്നത് എന്റെ വലിയ സ്വപ്നമാണ്. അത് സാക്ഷാത്ക്കരിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇ മലയാളി പുരസ്ക്കാരവും, മാഗസീനും എന്റെ എഴുത്തിന്റെ വഴിയിലെ സഹായകങ്ങളാകുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്.

18. അമേരിക്കൻ മലയാളി എഴുത്തുകാരിൽ അല്ലെങ്കിൽ ഇമലയാളിയിൽ എഴുതുന്ന എഴുത്തുകാരിൽ നിങ്ങൾ ആരെ ഇഷ്ടപ്പെടുന്നു.

പേരേടുത്ത് ഒരാളെ പറയാൻ ബുദ്ധിമുട്ടാണ്. ഈയിടെ വായിച്ച ചില ലേഖനങ്ങളും എഴുത്തുകളും എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.

19. അവാർഡുകൾ, അംഗീകാരങ്ങൾ, അനുമോദനങ്ങൾ ഇവ നേടിയവരെ മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു. അതവർ അർഹിക്കുന്നില്ല. അർഹിക്കുന്നവർ വേറെ ചിലരാണു എന്നു തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാർഡ്.

അവാർഡുകൾ ലഭിക്കുന്ന ഒരാൾക്ക് കിട്ടുന്ന മീഡിയ അറ്റൻഷൻ തികച്ചും സ്വാഭാവികമാണ്. അവാർഡുകൾ ലഭിക്കുന്ന എല്ലാ കൃതികളും മികച്ചതാണെന്ന അഭിപ്രായമില്ല. ചില കൃതികൾക്കൊക്കെ ആവശ്യാനുസരണം ശ്രദ്ധ കിട്ടിയില്ലല്ലോ എന്നും തോന്നിയിട്ടുണ്ട്. പിന്നെ ഏതൊരു പുരസ്ക്കാരവും ജൂറി തീരുമാനങ്ങളും ആപേക്ഷികമാണ്. ഒരാൾക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാൾക്ക് മോശമായി അനുഭവപ്പെട്ടേക്കാം. നല്ല എഴുത്തുകൾ ശ്രദ്ധിക്കപ്പേടണം എന്നു തന്നെയാണ് ഏതൊരു വായനക്കാരനെപ്പോലെ ഞാനും ആഗ്രഹിക്കുന്നത്.
=============================

ദിവ്യാഞ്ജലി പി 
ഇ-മലയാളി കഥാമത്സരം 2024 മൂന്നാം സമ്മാനം നേടിയ എഴുത്തുകാരി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക