Image

സംഘമിത്രാ കാണ്ഡം ( നോവൽ - 8 : പുഷ്പമ്മ ചാണ്ടി, ചെന്നൈ )

Published on 16 February, 2025
സംഘമിത്രാ കാണ്ഡം ( നോവൽ - 8 : പുഷ്പമ്മ ചാണ്ടി, ചെന്നൈ )

കുട്ടികളുടെ പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴാണ് ജനനിയും സിത്തുവും തിരികെ എത്തിയത് . സിത്താര ആകെ തളർന്നിരിക്കുന്നു . അവളെ കട്ടിലിൽ കിടത്തിയിട്ട് ജനനി പറഞ്ഞു..
" ഞാൻ കുറച്ചു സമയം ഒന്നുറങ്ങട്ടെ , രാത്രിയിൽ ഒരു പോള കണ്ണടച്ചില്ല.. "

സംഘമിത്രക്ക്  കുറച്ചു ജോലി തീർക്കാനുണ്ടായിരുന്നതിനാൽ ലാപ്ടോപ്പ്  എടുത്തു കൊണ്ടവൾ  ഓഫീസിൽ മുറിയിലേക്ക് പോയി .
പദ്മക്ക കുട്ടികളുടെ കാര്യങ്ങൾ  നോക്കാമെന്നു പറഞ്ഞു . പ്രിയങ്കയുടെ അമ്മ വിശാലവും   കൂടെ ആശയും സഹായത്തിനുണ്ടാവും .

വൈകുന്നേരം റസ്റ്റിയെ പുറത്തേക്കു കൊണ്ടു പോകാൻ മേഴ്‌സിയാന്റിയുടെ വീട്ടിൽ എത്തി. ആന്റിയുടെ കാലിലെ പ്ലാസ്റ്റർ മാറ്റിയെങ്കിലും വേദനയുണ്ടെന്നു പറഞ്ഞു. കുറച്ചുദിവസം കൂടി വേണ്ടിവരും ശരിക്കു നടക്കാൻ .

രാത്രിഭക്ഷണം അവിടെ നിന്നും കഴിച്ചിട്ട് അവൾ വീട്ടിൽ എത്തിയതും അഭിനന്ദന്റെ ഫോൺ വന്നു .

സംഘമിത്ര സ്കൂട്ടിയും ഡോക്യൂമെന്റും ഇന്നലെ  കിട്ടിയില്ലേ.. ?

" സോറി ഞാൻ അത് വിളിച്ചു പറയാൻ മറന്നു , സിത്താരക്കു പെട്ടെന്ന് സുഖമില്ലാതെയായിട്ട് ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോയി.ഇന്ന് രാവിലെയാണ് അവൾ തിരികെ വന്നത്.. "

" എന്ത് പറ്റിയവൾക്ക് .. ?"

" കുട്ടികളിൽ  ചിലർക്ക്  ഇടയ്ക്കു ഫിറ്റ്സ്  വരാറുണ്ട്. ഇത് സാധാരണയാണ്.. ?"

" സുമേദ് എന്തെടുക്കുന്നു.. ?"

" അവൻ കുറച്ചു മൂഡി ആയിരുന്നു.. "

" ഫൈനാൻഷ്യലി അല്ലാതെ  സ്കൂളിനായി എനിക്ക് എന്ത് ചെയ്യാൻ സാധിക്കും.. ?"

"ഒരുപാട് തിരക്കുള്ള ആളല്ലേ , ഇപ്പോൾ ചെയ്തത് തന്നെ വലിയ കാര്യം.. "

"തിരക്ക് എന്നും കാണും .
അത് പാർട്ട് ഓഫ് ലൈവ് ,  അന്നു മിത്ര പറഞ്ഞില്ലേ ജീവിതത്തിനു ഒരർത്ഥമൊക്കെ ഉണ്ടാകണമെന്ന് . സംഘമിത്രയെ പരിചയപ്പെട്ടപ്പോൾ , ആ സ്കൂൾ സന്ദർശിച്ചപ്പോൾ , നിങ്ങളുടെ ഒക്കെ സമർപ്പണം കണ്ടപ്പോൾ എന്തോ ഞാൻ ചെയ്യുന്നതൊന്നും ഒന്നുമല്ല എന്ന്  തോന്നിത്തുടങ്ങി"

"നാളെ വൈകുന്നേരം വീട്ടിലേക്കു വരൂ വോക്കിങ് ഡിസ്റ്റൻസ്  അല്ലെയുള്ളു .."

" വീട്ടിലേക്കോ .. ?"

"എന്താ  തനിക്ക് എന്റെ  വീട്ടിൽ വരാൻ  പേടിയുണ്ടോ.. ?"

" പേടിയൊന്നുമില്ല . നാളെത്തെ കാര്യം പ്ലാൻ ചെയ്യാൻ സാധിക്കില്ല . നമ്മുടെ ദിവസങ്ങൾ അങ്ങനെയാണ്.. "

" ഫ്രീ ആണെങ്കിൽ വരൂ , ഡിന്നർ ഞാൻ ഉണ്ടാക്കാം.
ഐ ലവ് കുക്കിംഗ് .. "

"സ്കൂളിൽനിന്നും സമയത്തിനിറങ്ങാൻ സാധിച്ചാൽ ഞാൻ മെസ്സേജ് അയക്കാം.."

അഭിനന്ദനു മിത്രയോട് എന്തൊക്കെയോ സംസാരിക്കാൻ  തോന്നി .
മിത്രയിൽ ഒരു സാധാരണ സ്ത്രീയെയല്ല കണ്ടത് .
പലരും തന്നെ മോഹിപ്പിച്ചിരുന്നു . ചിലരോടൊക്കെ അടുപ്പമുണ്ടായിരുന്നു .
അതൊക്കെ ഒരു മാസത്തിലധികം നീണ്ടുപോയിട്ടില്ല . തൻ്റെ പണവും പ്രശസ്തിയും കണ്ടു വന്നവർ .
ഇവൾ അങ്ങനെയല്ല . ഇവളോട്  തോന്നുന്ന വികാരം എന്താണെന്ന് അറിയില്ല .
മോഹം , കാമം , ഇതൊന്നുമല്ല . വാക്കുകൾകൊണ്ട് പറയാൻ സാധിക്കില്ല .സ്വന്തം സഹോദരന് വേണ്ടിയാണവൾ ഐ ടി ജോലി വിട്ടത് .  അവളുടെ യാത്രയിൽ ഒപ്പം കൂടാൻ തോന്നുന്നു . കനിവാർന്ന സ്നേഹത്തിനുടമ.

അവളൊരു പ്രകാശഗോളമാണ് .
ചിലരുണ്ട് അവരുടെ ഉള്ളിലവർ സൂര്യനെ കൊണ്ടുനടക്കും . അവർ സ്വയം പ്രകാശിക്കുകയും ഒപ്പം ചുറ്റിനും ഉള്ളവർക്കു  വേണ്ടി പ്രകാശം പരത്തുകയും ചെയ്യും. 
വളരെ  അപൂർവ്വമായി മാത്രമേ അങ്ങനെയുള്ളവരെ കാണാൻ സാധിക്കൂ ...  അവരുടെ പുഞ്ചിരി മാത്രമല്ല സാന്നിധ്യവും ലോകത്തെ പ്രകാശമാനമാക്കുന്നു. 
സൂര്യൻ നിങ്ങളുടെ ആത്മാവിനെ കുളിർപ്പിക്കുന്നതുപോലെ ചിലപ്പോൾ അനുഭവപ്പെടില്ലേ .
ഒരു ആദ്ധ്യാത്മിക  പരിവേഷം എന്നു വേണമെങ്കിൽ പറയാം . 
 
സംഘമിത്ര അപ്പോൾ തന്നെ സംപ്രീതിയെ വിളിച്ച് അവളുടെ അമ്മയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം, അഭിനന്ദൻ ഡിന്നറിനു ക്ഷണിച്ച കാര്യം പറഞ്ഞു.

"എന്തോ ഒരു ഭയം.. "

"പേടിക്കാൻ ഒന്നും ഇല്ല. വേണമെങ്കിൽ ഒരു സേഫ്റ്റിക്ക് പെപ്പർ സ്പ്രേ കൈയിൽ കരുതിക്കോ .
പക്ഷേ അതൊന്നും വേണ്ടി വരില്ല.."

അയാളുടെ ഡിന്നറിനുള്ള വിളി അസ്വസ്ഥപ്പെടുത്തി. പിന്നെ മനസ്സിൽ പറഞ്ഞു .
അല്ല താനെന്തിനാ ഇത്ര ആലോചിക്കുന്നത്. അയാളെപ്പോലെ ഒരാൾ ഒരിക്കലും അതിര് കടക്കില്ല. വീടുകൾ തമ്മിൽ അത്ര ദൂരമില്ലല്ലോ. ഏറിയാൽ അഞ്ചു മിനിറ്റ് നടത്തം.
 
പിറ്റെ ദിവസം സ്കൂളിൽ പ്രത്യേകതകൾ ഒന്നും ഇല്ലാതെ കടന്നുപോയി . സിത്തു മാത്രം തളർന്ന താമര വള്ളി പോലെ കിടന്നു . ഭക്ഷണം കഴിക്കുന്നില്ല .
ജനനി വിധിയെ, ദൈവത്തെ പഴിച്ചു പ്രാർത്ഥിച്ചും കൊണ്ട് മുറിയിൽ തന്നെ കഴിച്ചുകൂട്ടി. 
 
വൈകുന്നേരം സ്കൂളിൽ നിന്നും ഇറങ്ങാൻ വൈകിയില്ല . അതുകൊണ്ടു തന്നെ അഭിനന്ദന്റെ ക്ഷണം സ്വീകരിക്കാമെന്നു വച്ചു.
അയാളെ വിളിച്ചു. വൈകുന്നേരം വരുന്നെണ്ടെന്ന വിവരം പറഞ്ഞു .

അവിടേക്കു പോകുവാൻ ഒരു സാരി ധരിക്കാൻ  ആദ്യം തോന്നിയെങ്കിലും അത് വേണ്ടെന്നു വെച്ചു, 
സംഘമിത്ര തനിക്ക് ഏറെയിഷ്ടപ്പെട്ട ബേബി പിങ്ക് ചുരിദാറും വെള്ള ദുപ്പട്ടയും അണിഞ്ഞു , കാതിൽ വലിയ കമ്മലും . കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് അവളെത്തന്നെ ഇഷ്ടമായി .
 
ബാലുവുമായി സ്നേഹത്തിൽ ആയിരുന്നിട്ടു പോലും ഒരിക്കലും അവൻ താമസിക്കുന്നിടത്തു പോയിട്ടില്ല . അവൻ പലപ്രാവശ്യം വിളിച്ചിട്ടുണ്ട് .
ഇപ്പോൾ ദാ ഇഷ്ടവേഷവും ധരിച്ച് ഒരു ചെറുപ്പക്കാരൻ തനിയെ താമസിക്കുന്നിടത്തേക്കു പുറപ്പെടുന്നു .

നമ്മളെ ഏറ്റമധികം ഭയപ്പെടുത്തുന്നത്  നമ്മൾ തന്നെയല്ലേ..! ഒളിപ്പിച്ചു വെക്കുന്ന നമ്മളെ തന്നെയാണ് നാം ഭയപ്പെടുന്നത്. അതുകൊണ്ടാണ് ഇത്ര അതിരു കവിഞ്ഞു ചിന്തിക്കുന്നത് .
 
സ്കൂട്ടി എടുക്കാതെ അവൾ അയാളുടെ വീട്ടിലേക്കു നടന്നുപോയി . 
ഗേറ്റിന്റെ  വാതിൽക്കൽ എത്തിയപ്പോൾ തിരികെ പോരാൻ തോന്നിത്തുടങ്ങി . ബെല്ലടിക്കാതെ ഒരു നിമിഷം അവിടെത്തന്നെ നിന്നു. അപ്പോൾ മുകളിലെ ബാൽക്കണിയിൽ നിന്നും അഭിനന്ദന്റെ ശബ്‍ദം കേട്ടു.

" വീട് തെറ്റിയിട്ടില്ല.. , ഗേറ്റ് തുറന്നിട്ട് അകത്തേക്ക് വരൂ .."

അയാൾ തന്നെ കണ്ടിരിക്കുന്നു .
ഇനി തിരികെ പോകാൻ സാധിക്കില്ല .

വലിയ മുറ്റം . ചെത്തിമിനുക്കിയ ചെടികൾ , പുൽത്തകിടി, മാനിക്യൂർ ചെയ്തപോലെയുള്ള തോട്ടം .
 
രണ്ടു  നിലയുള്ള വീടാണ് .
അവൾ അകത്തേക്ക് പ്രവേശിച്ചതും അയാൾ വന്നു സ്വീകരിച്ചു , സന്ദർശന മുറിയിലേക്ക് ആനയിച്ചു .

കൈയിൽ ഒരു ചെറിയ സമ്മാനം പോലും കരുതിയില്ലയെന്ന് അവൾ   അപ്പോഴാണ് ഓർത്തത് .

ആദ്യമായി ഒരാൾ വീട്ടിലേക്കു ക്ഷണിച്ചു . അതും സഹായ ഹസ്തം 
നീട്ടി നിൽക്കുന്നൊരാൾ ..!

അകത്തേക്ക് നടക്കുമ്പോൾ സംഘമിത്ര ക്ഷമാപണ സ്വരത്തിൽ പറഞ്ഞു .

"ഒരു പൂവ് പോലും വാങ്ങിയില്ല , ആദ്യമായി വന്നിട്ട്.. "

"ഫോർമാലിറ്റി ഒന്നും വേണ്ട "

വലിയ സ്വീകരണ മുറി . അവിടെ കുറെ ഫോട്ടോകൾ. പിന്നെ ശ്രീബുദ്ധന്റെ വലിയൊരു മാർബിൾ പ്രതിമ .
പശ്ചാത്തലത്തിൽ എവിടെനിന്നോ ഒഴുകിയെത്തുന്ന പഴയ മലയാള സിനിമാ ഗാനം .

സോഫയിൽ ഇരുന്നതും അഭിനന്ദൻ ചോദിച്ചു.

"കുടിക്കാൻ എന്ത് വേണം , ഫ്രഷ് ജ്യൂസ്.. , കോഫി..? "

" വെള്ളം മതി "

അയാൾ തന്നെ ഗ്ലാസ്സിലേക്കു വെള്ളം പകർന്നു .

അപ്പോഴാണ്  വീൽച്ചെയറിലിരുത്തി ഒരു അമ്മയെ അകത്തേക്ക് കൊണ്ടുവന്നത്.

എഴുപതു വയസ്സ് കാണും. മുടി അത്ര നരച്ചിട്ടില്ല .
ഒറ്റ നോട്ടത്തിൽ തന്നെ അറിയാം, അത് അഭിനന്ദന്റെ അമ്മയാണെന്ന് .

മിത്ര എഴുന്നേറ്റു കൈകൂപ്പി.

" ഇതെന്റെ അമ്മ ഇന്ദുമതി .."
"മോൾ ഇരിക്കൂ . രണ്ടു ദിവസമായി നന്ദൻ , കുട്ടിയുടെ കാര്യമാണ് പറയുന്നത് .
എന്നെ ഒരിക്കൽ നിങ്ങളുടെ സ്കൂളിൽ കൊണ്ടുപോകാമെന്നും  പറഞ്ഞു.. "

അവൾ ഉത്തരം പറയാതെ അമ്മയെയും മകനെയും മാറി മാറി നോക്കി.

തന്നോട് തന്നെ അവൾക്ക് പുച്ഛം തോന്നി . കുറച്ചു നേരത്തേക്കെങ്കിലും എന്തൊക്കൊയോ ആലോചിച്ചു കൂട്ടിയതിൽ .

" സംഘമിത്ര എന്നല്ലേ പേര് ? നല്ല പേര്  . എനിക്ക് ഇഷ്ടമായി.." 
വീട്ടിൽ ആരൊക്കെയുണ്ട് ..? " അമ്മ ചോദിച്ചു.

" അമ്മയും  മുത്തശ്ശനും ,  പിന്നെ എനിക്കൊരു അനിയനുണ്ട്. അവൻ  ഈ സ്കൂളിലാണ് .."

" നന്ദൻ പറഞ്ഞു. നിങ്ങൾ സംസാരിച്ചിരിക്കൂ "

വീൽചെയർ ഉന്തിക്കൊണ്ട് വന്ന പെൺകുട്ടി അമ്മയെയും കൂട്ടി അകത്തേക്ക് പോയി.

" 'അമ്മ എന്താ വീൽച്ചെയറിൽ ..? "

" മൂന്നു വർഷം മുൻപേ ഒരു സ്ട്രോക്ക് വന്നു .
ഒരു വർഷത്തോളം കിടപ്പായിരുന്നു. ഇപ്പോഴാണ് ഇങ്ങനെയെങ്കിലും മൂവ് ചെയ്യാൻ സാധിക്കുന്നത്. അതിരിക്കട്ടെ  സുമേദ് എന്തു പറയുന്നു ..?"

" വീട്ടിൽ കൊണ്ടുപോകാത്തതിന്റെ പരിഭവമുണ്ട്.. "
",കൊണ്ടുപോയിക്കൂടെ.. ? "

" അവിടെ ചെന്നാൽ തിരികെ കൊണ്ടുവരാൻ ബുദ്ധിമുട്ടാണ് . പിന്നെ ഭക്ഷണം  എല്ലാമൊന്നും കഴിക്കാൻ പാടില്ല . പക്ഷെ അമ്മ അതൊന്നും ശ്രദ്ധിക്കില്ല .
കഴിഞ്ഞ പ്രാവശ്യം കൊണ്ടുപോയിട്ട് , രണ്ടാഴ്ച ആശുപത്രീയിൽ കിടക്കേണ്ടി വന്നു .

സ്കൂളിലെ ഭക്ഷണം അത്ര സ്വാദുള്ളതല്ല , വീട്ടിൽ എത്തിയാൽ  കണ്ടതെല്ലാം എടുത്തു കഴിക്കും.. "

കരുണനിറഞ്ഞ കണ്ണുകളോടെ നന്ദൻ മിത്രയെ നോക്കി . ഓരോരോ ജീവിതങ്ങളും കടന്നു പോകുന്നത് ഏതെല്ലാം  പ്രതിസന്ധികളിൽ കൂടിയാണ് . ഭക്ഷണകാര്യത്തിൽ പോലും.. "

" വിശക്കുന്നുണ്ടോ .. ? എല്ലാം റെഡി ആണ് .. "

വിശപ്പ് തോന്നിയെങ്കിലും  ഒരു കവിൾ വെള്ളമെടുത്തു കുടിച്ചിട്ട്
" പതുക്കെ മതി.. " എന്നവൾ ഉത്തരം പറഞ്ഞു.
" സത്യത്തിൽ ഇന്ന് ഞാൻ കുക്ക് ചെയ്യണമെന്ന് കരുതിയതാണ് . ഇടയ്ക്കാരു ഫോൺ വന്നു . സംസാരിച്ച് സമയം പോയതറിഞ്ഞില്ല . അമ്മ അപ്പോഴേക്കും അടുക്കള കൈയ്യേറി . ശിവകാമി അക്കയെക്കൊണ്ട് എല്ലാം ഉണ്ടാക്കിച്ചു .

അഭിനന്ദനോട് എന്തൊക്കെയോ ചോദിക്കണമെന്നും , അയാളെ കുറച്ചുകൂടി അടുത്തറിയണമെന്നും തോന്നിയെങ്കിലും അവൾ മൗനമായിരുന്നു.
സ്കൂളിനെക്കുറിച്ചുള്ള ഭാവി പരിപാടികൾ എന്തൊക്കെയാണ്.. ?"

" ഒരുപാട് ആഗ്രഹങ്ങളുണ്ട് . പട്ടണത്തിനു വെളിയിൽ ചുരുങ്ങിയത്  മൂന്ന് ഏക്കർ സ്ഥലം , കുറച്ചു കൃഷി , കുറച്ചു കൂടി ഫെസിലിറ്റിയുള്ള താമസം .
ഇപ്പോൾ അന്തേവാസികൾക്ക് എല്ലാവർക്കും ഒരേ അടുക്കളയാണ് . അതൊന്നു മാറ്റണം .പിന്നെ സ്ഥിരമായിട്ട് ഒരു ഡോക്ടർ . 
ഡോക്ടർ ഇല്ലാത്തതു വളരെ ബുദ്ധിമുട്ടാണ്. ആംബുലൻസ് ഒരെണ്ണമുണ്ട് , എന്നാലും പഴയതാണ്.. "

ഒരു മിനിറ്റ് ആലോചിട്ട് അഭിനന്ദൻ
" ആംബുലൻസും , ഡോക്ടറും ഞാൻ വേണ്ട ഏർപ്പാട് ചെയ്യാം , അതോർത്തു  താൻ വിഷമിക്കേണ്ട .. "

പെട്ടെന്നൊരു നിമിഷം, 
മിത്രയുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി .

താൻ എന്തിനാ കരയുന്നത് , എന്ന് പറഞ്ഞയാൾ കണ്ണ് തുടക്കാൻ ടിഷ്യു പേപ്പർ എടുത്തു കൊടുത്തു .

" കരയാതെ "

" സന്തോഷം കൊണ്ടാണ് , ഈ സ്കൂൾ എങ്ങനെ തുടർന്നു കൊണ്ടുപോകും എന്നോർത്തു  ടെൻഷനടിക്കാത്ത ദിവസമില്ല..

" താൻ വിഷമിക്കാതെ , എല്ലാത്തിനും വഴി ഉണ്ടാകും .."

സ്കൂളിന്റെ നടത്തിപ്പിനെക്കുറിച്ച് പലകാര്യങ്ങളും സംസാരിച്ചു സമയം പോയതറിഞ്ഞില്ല .

അമ്മ രാത്രിയിൽ കഞ്ഞിയാണ് കഴിക്കുന്നതെന്നു പറഞ്ഞപ്പോൾ   തനിക്കും അതാണ് ഇഷ്ടമെന്നവൾ പറഞ്ഞു .

"ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ മറ്റു വിഭവങ്ങൾ ഉണ്ടാക്കില്ലായിരുന്നു.
കുത്തരിക്കഞ്ഞി , ചെറുപയർ , പപ്പടം , തേങ്ങാച്ചമ്മന്തി . രണ്ടു ദിവസം പട്ടിണികിടന്നു വന്നപോലെ മിത്രയത് കഴിച്ചു .
അവളതാസ്വദിച്ചു കഴിക്കുന്നത് അഭിനന്ദൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. .

" ഇവിടെ അടുത്തല്ലേ മോൾ  താമസിക്കുന്നത് .
നന്ദൻ മിക്ക ദിവസങ്ങളും  യാത്രയിലാണ്. സമയം കിട്ടുമ്പോൾ ഇടയ്ക്കൊക്കെ വരൂ , നന്ദൻ വേണമെന്നില്ല , ഞാനുണ്ടല്ലോ”

" നല്ല ആളോടാണ് അമ്മ സമയം കിട്ടുമ്പോൾ എന്ന് പറയുന്നത് , മിത്രക്ക് ഇരുപത്തിനാല് മണിക്കൂർ ദിവസത്തിന് പോരാ എന്നാണ് എനിക്ക് തോന്നിയിരിക്കുന്നത് "
" വരാം അമ്മാ , സമയം കിട്ടുമ്പോൾ .."

ഭക്ഷണത്തിനു ശേഷം അമ്മ  മുറിയിലേക്കു പോയി.

രാത്രിയിൽ യാത്രപറഞ്ഞിറങ്ങുകമ്പോൾ അഭിനന്ദൻ പറഞ്ഞു .
" നന്നായി ഇരുട്ടി , ഞാൻ കൊണ്ടുവിടാം "
" നടന്നു പോകാനുള്ള ദൂരം അല്ലേയുള്ളു . ഞാൻ തനിയെ പൊക്കോളാം .."

അയാളത് സമ്മതിക്കാതെ , കാർ എടുത്തു .

" നിലാവുള്ള ഈ രാത്രിയിൽ കടലോരത്തുകൂടി ഒരു ഡ്രൈവ് , അതു കഴിഞ്ഞു വീട്ടിൽ വിടാം .."

കാറിൽ അയാളോടൊപ്പം ഇരിക്കുമ്പോൾ ഘനീഭവിച്ച മനസ്സ് പെരുമഴയായി പെയ്തിറങ്ങിയ പോലെ , 
തൻ്റെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ , ആവശ്യപ്പെടാതെ ഒപ്പം നടക്കാൻ ഒരാൾ . 

" താൻ എന്താ ആലോചിക്കുന്നത് ..?"

" ജീവിതം എത്ര പെട്ടെന്നാണ് മാറി മറിയുന്നതെന്ന് , എന്റെ സ്വപ്ങ്ങൾ മനസ്സിലാക്കിയ ഒരാളെ കണ്ടുമുട്ടിയ സന്തോഷമാണ്.. "

" എനിക്കും അങ്ങനെ തന്നെ. ഓഫീസ്, വീട് , പ്രോജെക്ട്സ്  മറ്റൊന്നും മനസ്സിൽ ഇല്ലായിരുന്നു . ജീവിതത്തിനു  മറ്റൊരു മാനം കണ്ടെത്താൻ സംഘമിത്ര എന്നെ സഹായിച്ചു .
അരുൾ എന്നെ വിട്ടു പോയതിൽ പിന്നെ  ജീവിതത്തിലേക്ക് , ഒരു വിധത്തിലുള്ള സ്നേഹബന്ധങ്ങളും  കടന്നു വരാതെ ഞാൻ ശ്രദ്ധിച്ചിരുന്നു.. പക്ഷെ മിത്ര ആ  ചിന്താഗതിയെ മാറ്റിത്തന്നു.. "

അരുളിന്റെ മരണത്തെക്കുറിച്ച് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ചോദിച്ചില്ല . 

ആകാശത്തു തെളിഞ്ഞ പൂർണ്ണചന്ദ്രൻ, ഭൂമിയെ ചിരിപ്പിക്കുന്നതുപോലെ തോന്നി.

കാർ അഭിനന്ദൻ ബീച്ചിന്റെ അടുത്തു നിർത്തി . 
തിരമാലകൾ ശക്തിയായി തീരത്തെ പുണരുന്നു. കടലിന്റെ ആരവം മാത്രം .

അഭിനന്ദനും  മിത്രയും നിശ്ശബരായിരുന്നു .

കുറച്ചു കഴിഞ്ഞയാൾ കാർ എടുത്തു .
മിത്രയുടെ ഫ്ലാറ്റിന്റെ മുൻപിലെത്തി .
അവളോടൊപ്പം അയാളുമിറങ്ങി .

രാത്രി വളരെ ഇരുട്ടിയിരിക്കുന്നതിനാൽ പരിസരമാകെ വിജനമായിരുന്നു .
യാത്രപറഞ്ഞ മിത്രയെ അയാൾ തന്നോട് ചേർത്ത് ആശ്ലേഷിച്ചു, അവളുടെ നിറുകയിൽ അയാളൊരു  മുത്തം കൊടുത്തു . 
ഒരു ദിവ്യ സ്പർശനത്താൽ ബന്ധിതയായ നിമിഷം .

പുറകോട്ടു തിരിഞ്ഞു നോക്കാതെ അവൾ ലിഫ്റ്റിൽ കയറി . അപ്പോഴും അഭിനന്ദൻ അവിടെ നിൽപ്പുണ്ടായിരുന്നു .

സ്നേഹം വേദനിപ്പിക്കുമെന്ന് എല്ലാവരും പറയുന്നു. പക്ഷേ അത് ശരിയല്ലയെന്ന് മിത്രക്ക് തോന്നി .

ഏകാന്തത വേദനിപ്പിക്കുന്നു.
നിരസിക്കൽ വേദനിപ്പിക്കുന്നു. 
ആരെയെങ്കിലും നഷ്ടപ്പെടുന്നത് വേദനിപ്പിക്കുന്നു.
അസൂയ വേദനിപ്പിക്കുന്നു.
എല്ലാവരും ഈ കാര്യങ്ങൾ സ്നേഹവുമായി ആശയക്കുഴപ്പത്തിലാക്കുന്നു, 
എന്നാൽ വാസ്തവത്തിൽ ഈ ലോകത്തിലെ എല്ലാ വേദനകളും മറയ്ക്കുകയും ഒരാളെ വീണ്ടും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഒരേയൊരു കാര്യം സ്നേഹമല്ലേ .. 

സ്നേഹത്തിനു പല മാനങ്ങളുണ്ട് . നിരുപാധികമായ സ്നേഹം ;  തേടിനടക്കുമ്പോൾ അത് വരില്ല . നിനച്ചിരിക്കാത്ത സമയത്തു നമ്മളെ കൈപിടിച്ചുയർത്തും . 
ഈ ലോകത്ത് വേദന പൊടിയാത്ത ഒരേയൊരു വികാരം  സ്നേഹമല്ലേ...!
അതേയെന്ന് സംഘമിത്രക്ക് തോന്നി...

തുടരും...
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക