ഇ മലയാളി കഥാമത്സരം 2024 രണ്ടാം സമ്മാനം
ഇ-മലയാളിയുടെ പുരസ്കാരം നേടിയതിൽ അഭിനന്ദനം. ഇ മലയാളിയുടെ പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ? എഴുത്തുകാരെ അംഗീകരിച്ചുകൊണ്ട് ഇ_ മലയാളി നൽകുന്ന അവാർഡിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.
= അഭിനന്ദനത്തിന് ഹൃദയപൂർവ്വം നന്ദി.അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അയച്ച കഥ ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയിരുന്നു.ഇ - മലയാളി നൽകുന്ന അവാർഡ് മലയാളത്തിലെ എഴുത്തുകാർക്ക് വലിയ പ്രോത്സാഹനമാണ്. മത്സരത്തിന് ലഭിച്ച കഥകൾ വായനക്കാർക്കായി ആദ്യമേ പ്രസിദ്ധീകരിക്കുന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്. അതു കൊണ്ടു തന്നെ മത്സരവും മൂല്യനിർണ്ണയവുമെല്ലാം സുതാര്യമായി അനുഭവപ്പെട്ടു. മത്സരത്തിൽ പങ്കെടുക്കുന്നതോടൊപ്പം കഥയെപ്പറ്റിയുള്ള വായനക്കാരുടെ അഭിപ്രായങ്ങൾ കൂടി അറിയുവാനും മുന്നോട്ടുള്ള എഴുത്തിൽ അഭിപ്രായങ്ങൾ പ്രയോജനപ്പെടുത്താനും ഒക്കെയുള്ള അവസരം ഇ- മലയാളിയുടെ കഥാ മത്സരം എഴുത്തുകാർക്ക് മുമ്പിൽ തുറന്നു തരുന്നു
2. നിങ്ങൾ സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ രചനകൾ നടത്തിയിട്ടുണ്ട്. നിങ്ങളുടെ സർഗ്ഗശക്തി പ്രകടിപ്പിക്കാൻ നിങ്ങൾക്ക് എളുപ്പം ഏതു വിഭാഗം കൈകാര്യം ചെയ്യുന്നതിലാണ്. നിങ്ങൾ നിങ്ങളിലെ എഴുത്തുകാരനെ എപ്പോൾ/എങ്ങനെ കണ്ടുമുട്ടി.
= കഥകൾ കൂടാതെ ലേഖനങ്ങളും എഴുതാറുണ്ടെങ്കിലും എൻ്റെ സർഗ്ഗ ശക്തി പ്രകടിപ്പിക്കുവാനുള്ള മാധ്യമം കഥയാണ്. ചെറുപ്പം മുതൽ എഴുത്തിലും വായനയിലും താത്പര്യമുണ്ടായിരുന്നു. സ്കൂൾ കോളേജ് തലത്തിൽ നടക്കുന്ന രചന മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹമാവുകയും ചെയ്തിട്ടുണ്ട്. ചെറിയ നോട്ടുബുക്കുകളിൽ കഥകളും കുറിപ്പുകളുമൊക്കെ എഴുതി സൂക്ഷിക്കുന്ന ശീലം ചെറുപ്പം മുതലേ ഉണ്ട് .പൊതുവേ സാഹിത്യ പ്രവർത്തനങ്ങൾ കുറഞ്ഞ ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിൽനിന്ന് എഴുത്തിൽ മുന്നോട്ടു വരുവാൻ ഒട്ടേറെ പരിമിതികൾ ഉണ്ടായിരുന്നു. നാല് വർഷം മുൻപ് കാലിന് പരിക്ക് പറ്റി ആറ് മാസത്തോളം വിശ്രമത്തിലായ കാലത്താണ് എഴുത്ത് സജീവമായത്. കുടുംബശ്രീ സംസ്ഥാനതലത്തിൽ നടത്തിയ സർഗ്ഗം കഥാ ക്യാമ്പ് എഴുത്തിൽ ഒരു വഴിത്തിരിവായി മാറി. എൻ്റെ കഥ അവിടെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇത് എഴുത്തിൽ കൂടുതൽ മുന്നോട്ടു പോകുവാനുള്ള ഊർജമായി .തുടർന്ന് സംസ്ഥാനതലത്തിൽ നടന്ന നിരവധിയായ കഥാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹമാകുകയും ചെയ്തു.
3. ഇതിനകം എത്ര പുസ്തകങ്ങൾ എഴുതി? ഏതേതു വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഏറ്റവും പ്രചാരം കിട്ടിയ പുസ്തകം. അതേക്കുറിച്ച് ചുരുക്കി പറയുക.
= എഴുത്ത് സജീവമായി തുടരുന്നുണ്ടെങ്കിലും പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. ആദ്യ പുസ്തകമായി കഥാസമാഹാരം വൈകാതെ പുറത്തിറങ്ങും.
4. ഇ-മലയാളിയുടെ പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഇ-മലയാളിയുടെ പ്രവർത്തനശൈലിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ.
=ഇ- മലയാളിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. കൂടുതൽ മലയാളി എഴുത്തുകാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രവർത്തനങ്ങൾ ആഗ്രഹിക്കുന്നു. ഇ- മലയാളിയുടെ സാഹിത്യപ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന എഴുത്തുകാരെ കൂടി എഴുത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് സഹായകരമാകുന്നുണ്ട് . .ഈ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നത് .എല്ലാ എഴുത്തുകാർക്കും ഒരേ പോലെ മലയാളത്തിലെ പ്രിൻറ് മീഡിയകളിൽ അവസരം ലഭിക്കണമെന്നില്ല .ആ ഒരു പശ്ചാത്തലത്തിൽ നോക്കുമ്പോൾ മലയാളി എഴുത്തുകാർക്ക് മുമ്പിൽ ഇ മലയാളി പ്രസ്ഥാനം വലിയ സാധ്യതകളാണ് തുറന്നിടുന്നത്.
5.എഴുത്ത് എന്ന അനുഭവത്തെക്കുറിച്ച് പറയുക. ക്ലാസ്സിക്ക് കൃതികൾ പുതിയ തലമുറ അവഗണിച്ച്കൊണ്ട് ആധുനികത എന്ന ഒരു രീതിയിൽ അഭിരമിക്കുന്നു. ഇത്തരം രചനകൾക്ക് സാഹിത്യമൂല്യം കുറയുമോ? പൊതുവെ സാഹിത്യമേഖല മന്ദീഭവിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?
= ക്ലാസിക്ക് കൃത്രികൾ പുതിയ തലമുറ പൂർണ്ണമായും അവഗണിക്കുന്നു എന്ന് പറയാനാവില്ല.പുതിയ തലമുറയും ക്ലാസിക് കൃതികൾ വായിക്കുന്നുണ്ട്. മലയാള സാഹിത്യ രംഗത്ത്, പ്രത്യേകിച്ചും നോവലിൽ വലിയ മാറ്റത്തിന്റെ കാലമാണിത് .എഴുത്തിന് സ്വീകരിക്കുന്ന വിഷയത്തിലും ക്രാഫ്റ്റിലും പുതിയ തലമുറ വലിയ പരീക്ഷണങ്ങൾ നടത്തുന്നത് കാണാം . അതിനു ധാരാളമായി വായനക്കാരെയും കിട്ടുന്നുണ്ട് .ഈ കൃതികൾക്ക് സാഹിത്യ മൂല്യം കുറയുന്നു എന്നത് ഒരു പ്രശ്നമാണ് .എന്നാൽ വായനക്കാരെ സംബന്ധിച്ച് ആ പരിഗണനകൾ ഒന്നുമില്ലാതെ അവർ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള രചനകൾ വൻതോതിൽ സ്വീകരിക്കപ്പെടുന്നു.
പുതിയ കാലത്തിൻ്റെ അഭിരുചികൾക്കൊത്ത് എഴുത്തിൽ വരുന്ന മാറ്റങ്ങളാണ് കാണുന്നത് .ഇത് സാഹിത്യ മേഖലയെ മന്ദീഭവിപ്പിക്കും എന്ന് പറയാനാകില്ല.
6. നിങ്ങൾ ആധുനികതയുടെ വക്താവാണോ? നമ്മൾ കടന്നുപോന്ന പല പ്രസ്ഥാനങ്ങളും വീണ്ടും തിരിച്ചുവരണമെന്ന അഭിപ്രായമുണ്ടോ? (ഉദാഹരണം..ക്ളാസ്സിസിസം, നിയോ ക്ളാസ്സിസിം, റൊമാന്റിസം, സിമ്പോളിസം,മോഡേണിസം ....) എങ്കിൽ ഏതു പ്രസ്ഥാനം നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു.
= നിങ്ങൾ ആധുനികതയുടെ വക്താവാണോ എന്ന ചോദ്യം ഒറ്റവാക്കിൽ ഉത്തരം പറയാവുന്ന ഒന്നല്ല. എഴുത്തുകാരെ ഏതെങ്കിലും രചനാ പ്രസ്ഥാനത്തോട് ചേർത്ത് വയ്ക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല.എല്ലാ സമ്പ്ര ദായത്തിലുമുള്ള നല്ല രചനകൾ കാലത്തെ അതിജീവിച്ചിട്ടുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ ഏതെങ്കിലും ഒരു ധാരയോട് പ്രത്യേക മമത ഇല്ല. എഴുത്തിലെ പുതിയ പരീക്ഷണങ്ങൾ ഇഷ്ടവുമാണ്. ഉദാഹരണമായി ചോദ്യത്തിൽ സൂചിപ്പിച്ചിരിക്കുന്ന ധാരകൾ അപ്പാടെ അപ്രസക്തമായി എന്ന് പറയാനാവില്ല. വരും കാലത്ത് കൂടുതൽ കരുത്തോടെയും മാറ്റങ്ങളോടെയും തിരിച്ചു വരില്ല എന്നും കരുതുക വയ്യ
7. എഴുത്തിൽ സത്യവും ഭാവനയും കലരുമ്പോൾ ഏതിന് പ്രാമുഖ്യം നൽകുന്നു. സത്യത്തിനു മുൻ തൂക്കം നൽകുമ്പോൾ സാഹിത്യമൂല്യം കുറയാൻ സാധ്യതയുണ്ടോ. നിങ്ങളുടെ കൃതികളെ ആസ്പദമാക്കി പറയുക.
= എഴുത്തിൽ ഭാവനക്ക് തന്നെയാണ് മുൻതൂക്കം. എന്നാൽ അനുഭവങ്ങളുടെ ചൂട് എഴുത്തിന് കരുത്താകും. എൻ്റെ മിക്ക കഥകളും ഞാൻ ചുറ്റുപാടുകളിൽ നിന്ന് കണ്ടെടുക്കുന്നവയാണ്. മനസ്സിൽ തട്ടുന്ന ഒരു അനുഭവമോ സംഭവമോ ഒക്കെ ഭാവനക്ക് വഴി തുറക്കാറുണ്ട്.ഞാൻ കേട്ടറിഞ്ഞതോ കണ്ടറിഞ്ഞതോ അനുഭവിച്ചറിഞ്ഞതോ ആയ ഒരു യാഥാർത്ഥ്യത്തിൽ നിന്നാണ് പലപ്പോഴും കഥയുടെ കേന്ദ്രം രൂപപ്പെടുന്നത് .പിന്നീട് അതിനെ പ്രകൃതിയും ഭാവനയും ഭാഷയും ഒക്കെ ഉപയോഗിച്ച് കഥയാക്കി മാറ്റുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോൾ യാഥാർത്ഥ്യത്തിന്റെ ശക്തി കുറയുന്നു എന്നു പറയാൻ ആവില്ല. ഒരു സംഭവം അതുപോലെ തന്നെ എഴുതുമ്പോൾ അതിനെ സാഹിത്യസൃഷ്ടി എന്ന് പറയാൻ ആകില്ലല്ലോ. ഭാവന കൂടി ചേരുമ്പോഴാണ് അതൊരു സർഗ്ഗസൃഷ്ടിയായി മാറുന്നത്.
8. എഴുത്തുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടായ രസകരമായ എന്തെങ്കിലും അനുഭവങ്ങൾ പങ്കു വയ്ക്കുക.
= ദേവികുളം ആകാശവാണി നിലയത്തിലേക്ക് പ്രക്ഷേപണത്തിനായി ഞാൻ “ താലന്ത് “എന്ന കഥ അയച്ചു.റെക്കാഡിംങ് സമയത്തു പ്രോഗ്രം എക്സിക്യൂട്ടീവ് എന്റെ നേരെ നോക്കികൊണ്ട്
'ഇത് എൻ്റെ ജീവിതമാണല്ലോ എഴുതിയിരിക്കുന്നത് “എന്ന് പറഞ്ഞു കൊണ്ട് ചിരിച്ചു. കഥാകൃത്ത് കഥാപാത്രത്തെ കണ്ടുമുട്ടിയ നിമിഷം.ആ കഥാപാത്രം തന്നെ കഥ റെക്കാഡ് ചെയ്ത രസകരമായ അനുഭവ0 ഒരിക്കലും മറക്കാനാവില്ല.
9. ഇ_മലയാളി എഴുത്തുകാരോടും വായനക്കാരോടും നിങ്ങൾക്ക് പറയാനുള്ളത്.
= എഴുത്തിൻ്റെയും വായനയുടേയും വലിയ സാധ്യതയാണ് ഇ- മലയാളി.എനിക്കു നൽകിയ അംഗീകാരത്തിനും അവസരത്തിനും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇ-മലയാളിയിൽ എഴുതുന്ന എഴുത്തുകാർക്ക് കിട്ടുന്നത് വലിയ സ്വീകാര്യതയും അംഗീകാരവുമാണ്.ഇത് എഴുത്തുകാരുടെ ഉത്തരവാദിത്തം കൂട്ടുന്നുണ്ട്.ഇ - മലയാളി വായിക്കുന്ന വായനക്കാരുടെ ഒരു വലിയ സമൂഹം തന്നെയുണ്ട്. അവർ നൽകുന്ന പ്രോത്സാഹനങ്ങളെയുo ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു.
10. നിങ്ങളുടെ ആദ്യരചന എപ്പോൾ പ്രസിദ്ധീകരിച്ചു അതേക്കുറിച്ച്
ചുരുക്കമായി പറയുക. ഒരു എഴുത്തുകാരൻ ആകാൻ നിങ്ങൾക്ക് കഴിയുമെന്നു തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കു വയ്ക്കുക.
= കുടുംബശ്രീയുടെ 25 മത് വാർഷിക സുവനീറിൽ 'പിങ്ക് നിറമുള്ള സ്വപ്നങ്ങൾ എന്ന എൻ്റെ ലേഖനം കവർ സ്റ്റോറിയാ യി പ്രസിദ്ധീകരിച്ചു കൊണ്ടാണ് തുടക്കം. ആ സുനീറിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് അത് ഏറ്റുവാങ്ങാൻ ആയത് വളരെ സന്തോഷം അനുഭവിച്ച സംഭവമാണ്. സ്വന്തം അക്ഷരങ്ങൾ അച്ചടിമഷി പുരണ്ട് കണ്ട ആ മുഹൂർത്തം തന്നെയാണ് എനിക്ക് എഴുത്തിൽ മുന്നേറാൻ ആകുമെന്ന ബോധ്യവും ഞാൻ എഴുത്തുകാരി ആണെന്ന തോന്നലും എന്നിൽ ഉണ്ടാക്കിയത്. അതോടു കൂടി എഴുതിയതും എഴുതാനുള്ളതുമായ കഥകൾക്ക് ജീവൻ വച്ചു.ഇത് വലിയ ആത്മാഭിമാനം ഉണ്ടായ കാര്യമാണ്.പ്രസിദ്ധീകരിച്ചിരുന്നില്ലെങ്കിലും അതിന് മുൻപും ധാരാളം എഴുതിയിട്ടുണ്ട്
11. ഇ-മലയാളി പതിവായി വായിക്കാറുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ - വിശ്വസിക്കുന്ന കാര്യങ്ങൾ വിവരിക്കുക. '
=മറ്റു ലോകഭാഷകളിൽ പുറത്തിറങ്ങുന്ന ശ്രദ്ധേയങ്ങളായ കഥകളും കവിതകളും പഠനങ്ങളും ഒക്കെ മലയാളത്തിലേക്ക് പരിഭാഷ ചെയ്തു വായനക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ അതൊരു വലിയ സഹായമാണ് .ലോക സാഹിത്യത്തിൽ ഉണ്ടാകുന്ന വളരെ വേഗത്തിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടുവാനും സ്വന്തം എഴുത്തിനെ ശക്തിപ്പെടുത്താനും ഇത് എഴുത്തുകാരെയും സഹായിക്കും.ഇ- മലയാളിക്ക് നവ മാധ്യമങ്ങളിൽ നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്.കേരളത്തിൽ കുറച്ചു കൂടി വിപുലമായ നവമാധ്യമ പ്രചാരം നൽകുന്നത് ഏറെ പ്രയോജനപ്പെടും.
12. . ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് അതിലെ ഉള്ളടക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. സാഹിത്യം, മതം, പൊതുവിവരങ്ങൾ, പ്രവാസികൾക്കായുള്ള അറിയിപ്പുകൾ, നിരൂപണങ്ങൾ, സിനിമ, കല-സാംസ്കാരിക രംഗം എന്നിവ കൂടാതെ നിങ്ങൾ ഉൾപെടുത്താൻ ആഗ്രഹിക്കുന്ന പംക്തികൾ.
= ഇ -മലയാളയിൽ വരുന്ന പംക്തികൾ ശ്രദ്ധേയങ്ങളാണ് .
അറിവും ആസ്വാദനവും പങ്കുവയ്ക്കുന്ന നിരവധി രചനകൾഇ- മലയാളിയിൽ കാണാറുണ്ട്. നാട്ടുവിശേഷങ്ങൾ (കേരളത്തിലെ) ഉൾപ്പെടുത്തി ഒരു പംക്തി തുടങ്ങിയാൽ നല്ലതാണ്.
13. എഴുതാൻ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ ? എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളിൽ ഉണ്ടായി. ഇപ്പോൾ ആ സ്വാധീനത്തിൽ നിന്നും മുക്തനായി സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് കരുതുന്നോ
= ബഷീറിൻ്റെയും തകഴിയുടേയും എം ടിയുടേയുമൊക്കെ കഥകൾ വായിച്ചാണ് ഞാൻ വളർന്നത്. അതിന് പ്രത്യേകമായ കാരണം അന്വേഷിച്ചാൽ, അവരുടെയൊക്കെ കഥയിൽ കണ്ടു പരിചയിച്ച കഥാപാത്രങ്ങളെ ഞങ്ങളുടെയൊക്കെ ജീവിത പരിസരങ്ങളിൽ തന്നെ കാണുവാൻ കഴിയുമായിരുന്നു. അങ്ങനെ ജീവിതങ്ങളും അറിവുകളുമായുള്ള അവരുടെ രചനകളുടെ ബന്ധമാണ് ആ വായനയിലേക്ക് അടുപ്പിച്ചത് പക്ഷെ, അവരുടെ ശൈലി അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. സ്വന്തമായ ഒരു രീതിക്കാണ് ശ്രമിക്കുന്നത്.
14. ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് നിങ്ങൾ ഇ- മലയാളിയിൽ
വായിച്ച ഏറ്റവും നല്ല രചന ഏതു?
= ഇ-മലയാളിയിൽ വായിച്ച ശ്രീ .ജോസഫ് എബ്രഹാമിൻ്റ
'ഗൗരിയും തോമാശ്ലീഹായും ' എന്ന രചന വളരെ ഇഷ്ടമായി
15.നിങ്ങൾ എത്ര പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവരിക്കുക.
= ഒരു കഥാസമാഹരത്തിനായുള്ള കഥകൾ രചിച്ചിട്ടുണ്ട്. അത് വൈകാതെ തന്നെ പുസ്തകമായി ഇറങ്ങും എന്നാണ് പ്രതീക്ഷ.
16. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ എങ്ങനെ സ്വീകരിക്കുന്നു. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.
= വായനക്കാരുടെ കാമ്പുള്ള വിമർശനങ്ങൾ സ്വീകരിച്ച് പിന്നീടുള്ള എഴുത്തിൽ ശ്രദ്ധിക്കാറുണ്ട്. അനുകൂലമായ അഭിപ്രായങ്ങളേക്കാൾ ഏറെ പ്രതികൂലമായ അഭിപ്രായങ്ങൾക്ക് വില കൊടുക്കാറുണ്ട്. പലപ്പോഴും എഴുത്തിനെ മുന്നോട്ടു നയിക്കുന്നത് ഇത്തരം പ്രതികൂല അഭിപ്രായങ്ങളാണ്. എഴുത്തിലും വായനയിലും ഒക്കെ ഉന്നത സ്ഥാനങ്ങളിലുള്ളവർ പറയുന്ന നല്ല അഭിപ്രായങ്ങൾ വലിയ പ്രോത്സാഹനമായി മാറിയ അനുഭവങ്ങൾ ധാരാളമുണ്ട്.
17. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ ? ആ സ്വപ്നം സാക്ഷാത്‌കരിക്കപ്പെട്ടുവെന്നു നിങ്ങൾ വിശ്വസിക്കുന്നോ? ഇ മലയാളിയുടെ താളുകൾ അതിനു നിങ്ങൾക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നോ ?
= എഴുത്തുകാരിയാകുക എന്നത് ബാല്യകാലം മുതലുള്ള സ്വപ്നമാണ്. പക്ഷേ, ജീവിതത്തിൻ്റെ ചില ഘട്ടങ്ങളിലെക്കെ ആ സ്വപ്നം കൈവിട്ടു പോയിട്ടുണ്ട്. എഴുത്ത് കൈവിട്ട് പോയിരുന്നെങ്കിലും വായനയെ മുറുകെ പിടിക്കാൻ അന്നെല്ലാം ശ്രദ്ധിച്ചിട്ടുണ്ട് .അത് പിന്നീട് ഒരിക്കൽ എഴുത്തിലേക്ക് മടങ്ങി വന്നപ്പോൾ ഏറെ സഹായകരമായി. എഴുത്തിനു പറ്റിയ അക്കാഡമിക്കൽ ആയിട്ടുള്ള ഒരു അന്തരീക്ഷമൊന്നും ഉണ്ടായിരുന്നില്ല. നവമാധ്യമങ്ങളുടെ പ്രചാരം എഴുത്തുകാരി എന്നുള്ള നിലയിൽ രചനകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് സഹായകരമായിട്ടുണ്ട്. ഓൺലൈൻ പ്രസിദ്ധീകരണങ്ങളും ആകാശവാണി ദേവികുളം നിലയവും എന്നെ സ്വപ്നത്തിലേക്ക് തിരികെ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട് .ആ സ്വപ്ത്തിലൂടെയുള്ള യാത്രയിലാണ് ഞാൻ. ആ യാത്രയിൽ ഇ-മലയാളി തീർച്ചയായും സഹായകരമാണ്
18. അമേരിക്കൻ മലയാളി എഴുത്തുകാരിൽ അല്ലെങ്കിൽ ഇമലയാളിയിൽ എഴുതുന്ന എഴുത്തുകാരിൽ നിങ്ങൾ ആരെ ഇഷ്ടപ്പെടുന്നു.
= അമേരിക്കൻ മലയാളി എഴുത്തുകാരിൽ ശ്രീ.ജോസഫ് എബ്രഹാമിൻ്റെ രചനകൾ ഇഷ്ടമാണ്.
19. അവാർഡുകൾ, അംഗീകാരങ്ങൾ, അനുമോദനങ്ങൾ ഇവ നേടിയവരെ മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു. അതവർ അർഹിക്കുന്നില്ല. അർഹിക്കുന്നവർ വേറെ ചിലരാണു എന്നു തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാർഡ്.
= അവാർഡുകളെ എല്ലാം ഒരു പോലെ കാണാൻ കഴിയില്ല.ചില അവാർഡ് പ്രഖ്യാപനങ്ങൾ വരുമ്പോൾ നമ്മുടെ പ്രതീക്ഷകൾ തകിടം മറിയാറുണ്ട്. അവാർഡുകൾ നേടുന്നവരെ സ്വാഭാവികമായും മാധ്യമങ്ങൾ കൊട്ടിഘോഷിക്കാറുണ്ട്. അവാർഡുകൾ മാത്രമല്ല എഴുത്തിൻ്റെ മൂല്യം നിശ്ചയിക്കുന്നതെന്ന ബോധ്യമുള്ള വായനക്കാർ ഉണ്ടന്നത് ആശ്വാസകരമാണ്
=============================
ഇടുക്കി ജില്ലയിലെ ജോസ്ഗിരി തയ്യിൽ വീട്ടിൽ കർഷക ദമ്പതികളായ തോമസിൻ്റെയും അന്നക്കുട്ടിയുടേയും നാല് പെൺമക്കളിൽ മൂത്തയാളായി ജനനം. സ്കൂൾ കാലഘട്ടം മുതൽ എഴുത്തിലും വായനയിലും താത്പര്യം .വിവാഹശേഷം കുടുംബത്തോടൊപ്പം( വടക്കേടത്ത് വീട് )മുനിയറയിൽ താമസം.
കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. 2023ലെ കുടുംബശ്രീ സംസ്ഥാന തല കഥാ പുരസ്കാരം,,എം.എസ്. സുരേന്ദ്രൻ സംസ്ഥാന കഥാപുരസ്കാരം, 2024 ലെ ഇ-മലയാളി കഥാ മത്സരത്തിൽ രണ്ടാം സ്ഥാനം, മൊഴി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച സംസ്ഥാന തല കഥാ മത്സരത്തിൽ രണ്ടാം സ്ഥാനം, മലയാള കാവ്യ സാഹിതി സംസ്ഥാന കഥ പുരസ്‌കാരം,സ്നേഹവീട് കഥ പുരസ്കാരം, സ്കൂൾ ഓർമ്മകൾ സംസ്ഥാന പുരസ്‌കാരം തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. കൂടാതെ തകഴി അയ്യപ്പ കുറിപ്പ് കഥ മത്സരത്തിൽ സ്പെഷ്യൽ ജൂറി അവാർഡ്,കെ പങ്കജാക്ഷയമ്മ കഥ മത്സരത്തിൽ ജൂറി അവാർഡ് എന്നിവ കിട്ടിയിട്ടുണ്ട്.കുടുംബശ്രീ സംസ്ഥാന തലത്തിൽ നടത്തിയ റീൽസ്
മത്സരത്തിൽ രണ്ടാം സ്ഥാനത്തിന് അർഹയായി.കേരള പബ്ലിക് റിലേഷൻ വകുപ്പ് നടത്തിയ ഓൺലൈൻ ക്വിസ് മൽസരത്തിലും വിജയിച്ചു സമ്മാനം നേടിയിട്ടുണ്ട്
കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീറിൽ 'പിങ്ക് നിറമുള്ള സ്വപ്നങ്ങൾ ' എന്ന ലേഖനം കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ചു. ദേവികുളം ആകാശവാണി നിലയത്തിൽ നിന്നും പത്തോളം കഥകൾ പ്രക്ഷേപണം ചെയ്തു.പഞ്ചായത്ത് രാജ് മാസികയിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്.കുടുംബശ്രീ മിഷനിൽ അടിമാലി ബ്ലോക്ക് എം.ഇ.സി ആയി ജോലി ചെയ്യുന്നു, ഒപ്പം ഇടുക്കി ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ PLV ആയി സേവനം ചെയ്യുന്നു.
ഭർത്താവ് - റ്റിജി, മക്കൾ - ഡാനിയേൽ ജോ , ടോം അൽഫോൻസ്.( വിദ്യാർത്ഥികൾ ).