ഇ-മലയാളി കഥാമത്സരം 2024 സ്‌പെഷൽ ജൂറി അവാർഡ് ജേതാവ്
1. ഇ-മലയാളിയുടെ പുരസ്കാരം നേടിയതിൽ അഭിനന്ദനം. ഇ-മലയാളിയുടെ പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ? എഴുത്തുകാരെ അംഗീകരിച്ചുകൊണ്ട് ഇ_ മലയാളി നൽകുന്ന അവാർഡിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.
ANS- അഭിനന്ദനങ്ങള്‍ക്കു നന്ദി. തീര്‍ച്ചയായും ഇത്തവണയും പുരസ്കാരം പ്രതീക്ഷിച്ചിരുന്നു. മറ്റു പല മത്സരങ്ങളില്‍ നിന്നും വിത്യസ്തമായി എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ട്ടിയുടെ മേന്മയുടെ അടിസ്ഥാനത്തില്‍ ഇ മലയാളി നല്‍കുന്ന അവാര്‍ഡുകള്‍ വളരെയധികം പ്രോത്സാഹജനകവും ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ നല്‍കുന്ന ഇ മലയാളി നടത്തുന്നത് ശ്രേഷ്ഠമായ സാഹിത്യപ്രവര്‍ത്തനം തന്നെയാണ്.
2. നിങ്ങൾ സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ രചനകൾ നടത്തിയിട്ടുണ്ട്. നിങ്ങളുടെ സർഗ്ഗശക്തി പ്രകടിപ്പിക്കാൻ നിങ്ങൾക്ക് എളുപ്പം ഏതു വിഭാഗം കൈകാര്യം ചെയ്യുന്നതിലാണ്. നിങ്ങൾ നിങ്ങളിലെ എഴുത്തുകാരനെ എപ്പോൾ/എങ്ങനെ കണ്ടുമുട്ടി.
ANS. ഞാന്‍ അങ്ങിനെ ഒരുപാട് സാഹിത്യവിഭാഗങ്ങളില്‍ പരീക്ഷണം നടത്തിയിട്ടില്ല. ഗദ്യം തന്നെയാണ് എന്‍റെ മേഖല. ചില കുറിപ്പുകളെ ചില സുഹൃത്തുകള്‍ കവിതയെന്നു വിളിച്ചതായ അനുഭവം ഉണ്ടായതല്ലാതെ കവിതയൊന്നും എഴുതിയിട്ടില്ല. എഴുത്തില്‍ കഥയും നോവലുകളും എഴുതാന്‍ കഴിയും. അതുപോലെ ഹാസ്യം എനിക്കു വഴങ്ങുമെന്ന് തോന്നിയിട്ടുണ്ട്.
3. ഇതിനകം എത്ര പുസ്തകങ്ങൾ എഴുതി? ഏതേതു വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഏറ്റവും പ്രചാരം കിട്ടിയ പുസ്തകം. അതേക്കുറിച്ച് ചുരുക്കി പറയുക.
ANS. ഇതിനകം പുസ്തക രൂപത്തില്‍ പുറത്തിറങ്ങി എന്നു പറയാവുന്നത് നാലു കൃതികളാണ്. രണ്ടു മലയാളം കഥാസമാഹാരങ്ങളും ഇംഗ്ലീഷില്‍ ഒരു കഥാസമാഹാരവും ഒരു ലഘുനോവലും. ജെ അവറാന്‍ എന്നൊരു തൂലികാ നാമത്തിലാണ് ഇംഗ്ലീഷില്‍ എഴുതുന്നത് . കഴിഞ്ഞ വര്‍ഷം ആമസോണ്‍ വഴിയായി പ്രിസിദ്ധീകരിച്ച ‘CASA LOCAS’ എന്ന സമാഹാരം പുസ്തകരൂപത്തിലും കിന്‍ഡില്‍ രൂപത്തിലും നന്നായി വിറ്റുപോകുന്നുണ്ട്. ഈ സമാഹാരം സ്പാനിഷിലേക്ക് തര്‍ജമ ചെയ്യാനായി ഒരു പരിഭാഷക താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഉടനെ സ്പാനിഷ് പതിപ്പ് ഇറങ്ങുമെന്ന് കരുതുന്നു. മറ്റൊന്നുള്ളതു ഇംഗ്ലീഷ് ലഘു നോവലാണ് ‘MURDER IN MALTA’ എന്നപേരിലുള്ള ഒരു ക്രൈം ഫിക്ഷന്‍ കിന്‍ഡില്‍ എഡിഷന്‍ മാത്രമാണ് ലഭ്യമാവുന്നത്.
ആദ്യമായി ഇറങ്ങിയ മലയാളം സമാഹാരം ‘അന്യായ പട്ടിക വസ്തു’ 2020 ഇറങ്ങി. പ്രസാധകരുമായുള്ള കരാര്‍ അവസാനിച്ച മുറയ്ക്ക് ആ സമാഹാരവും ആമസോണില്‍ കിന്‍ഡില്‍ എഡിഷനില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കൊപ്പം പ്രിസിദ്ധീകരിച്ചിട്ടുണ്ട്. ആളുകള്‍ ‘അന്യായ പട്ടിക വസ്തു’ എന്ന സമാഹാരത്തെ നന്നായി സ്വീകരിക്കുകയും വായിച്ചു രസിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആമസോണ്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ നിന്നു മനസ്സിലാക്കുന്നത്. പുറമേക്ക് ബഹളപ്പാടില്ലാതെ നിശബ്ദമായി കുറേപ്പേര്‍ എന്നെ വായിക്കുന്നുണ്ടെന്നതു വലിയ സന്തോഷം നല്‍കുന്നു.
അവസാനമായി കഴിഞ്ഞ വര്‍ഷം ഇറങ്ങിയത് ‘ആണ്ടവന്‍ സൊല്‍റെന്‍’ എന്ന കഥാ സമാഹാരമാണ്. കൊല്ലം ചാത്തന്നൂരുള്ള സുജലി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. എല്ലാത്തരത്തിലുള്ള വായനക്കാര്‍ക്കും ഇഷ്ട്ടമാകുന്ന പതിമൂന്നു കഥകളുടെ സമാഹാരമാണ്. പുസ്തകം വാങ്ങി വായിക്കുന്നവര്‍ക്ക് പണം നഷ്ട്ടമായെന്ന തോന്നല്‍ ഉണ്ടാകില്ലെന്ന ഉറപ്പാണ് എഴുത്തുകാരന്‍ എന്നനിലയില്‍ ഈ പുസ്തകത്തിനെക്കുറിച്ചും മറ്റു പുസ്തകങ്ങളെക്കുറിച്ചും എനിക്കു വായനക്കാരോട് പറയുവാനുള്ളത്. രണ്ടു നോവലുകളും ഒരു കഥാസമാഹാരവും കൂടി തയ്യാറായിട്ടുണ്ട്. പറ്റിയ പ്രസാധകരെ കണ്ടെത്തിയാല്‍ പ്രിസിദ്ധീകരിക്കാമെന്നു കരുതിയിരിക്കുന്നു.
4. ഇ-മലയാളിയുടെ പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഇ-മലയാളിയുടെ പ്രവർത്തനശൈലിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ.
ANS.-കഴിഞ്ഞ ഒന്നുരണ്ടു തവണ ഇക്കാര്യത്തില്‍ എന്‍റെ അഭിപ്രായം പറഞ്ഞിരുന്നു. അതുതന്നെയാണ് ഇപ്പോഴുമുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല.
5.എഴുത്ത് എന്ന അനുഭവത്തെക്കുറിച്ച് പറയുക. ക്ലാസ്സിക്ക് കൃതികൾ പുതിയ തലമുറ അവഗണിച്ച്കൊണ്ട് ആധുനികത എന്ന ഒരു രീതിയിൽ അഭിരമിക്കുന്നു. ഇത്തരം രചനകൾക്ക് സാഹിത്യമൂല്യം കുറയുമോ? പൊതുവെ സാഹിത്യമേഖല മന്ദീഭവിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?
ANS.-കലയും സാഹിത്യവും ഓരോ ജനതയുടെയും ജീവിത കാലഘട്ടവും സാഹചര്യങ്ങളും അനുസരിച്ചാണ് ഉത്ഭവിച്ചതും വികാസം പ്രാപിച്ചതും എന്നതാണ് എന്‍റെ അഭിപ്രായം.
ഉദാഹരണമായി ആധുനിക കലയായ സിനിമയില്‍ വന്ന ഭ്രമിപ്പിക്കുന്ന മാറ്റങ്ങള്‍ നോക്കുക ജനങ്ങളുടെ ജീവിതരീതിക്കും കാഴ്ചപ്പാടിനും സാങ്കേതിക വിദ്യയ്ക്കും അനുസരിച്ച് അതു മാറിക്കഴിഞ്ഞു എന്നു മാത്രമല്ല എല്ലായ് പ്പോഴും ഒരുപടി മുന്‍പില്‍ തന്നെയാണ് അതിനെറെ നില. കാലം മാറുന്നതിനു അനുസരിച്ച് മനുഷ്യരുടെ ഭാഷയും ആസ്വാദന നിലവാരവും അഭിരുചിയും മാറിക്കൊണ്ടിരിക്കും ജീവിതത്തിന്റെ സമസ്തമേഖലയിലും വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ലൈംഗീകതയിലും കാഴ്ചപ്പാടിലും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. കലയും സാഹിത്യവും ജീവിതത്തില്‍ നിന്നും വേറിട്ട് നില്‍കുന്ന ഒന്നല്ല അതു ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് അപ്പോള്‍ അതും മാറിയെ പറ്റൂ.
നമ്മള്‍ ക്ലാസ്സിക് കലകളായി കണക്കാക്കുന്ന കഥകളിയും മറ്റു ചില അനുഷ്ട്ടാന കലകളും ചിട്ടപ്പെടുത്തിയത് ഇക്കാലത്തായിരുന്നെങ്കില്‍ ഇപ്പോള്‍ നാം കാണുന്ന രൂപമേ ആയിരിക്കില്ല അതിനൊന്നും.
ചോദ്യത്തിലേക്ക് വന്നാല്‍ സാഹിത്യമൂല്യം കുറയുമോ എന്നു ചോദിച്ചാല്‍ കാലം മാറുന്നതിനനുസരിച്ചു സാഹിത്യ സാങ്കേതങ്ങളില്‍ കഥകളും നോവലുകളും പറയുന്ന രീതികളില്‍ മാറ്റം എല്ലായ്പ്പോഴും സംഭവിക്കുന്നുണ്ട് അതുകൊണ്ട് സാഹിത്യമൂല്യം കുറയുകയൊന്നുമില്ല ഓരോന്നും അതാതു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കൃതികളായിരിക്കും.
സാഹിത്യമേഖല യഥാര്‍ത്ഥത്തില്‍ മന്ദീഭവിച്ചിട്ടില്ല. വിപണിയുടെ അനിയന്ത്രിയതമായ കടന്നു കയറ്റവും സ്വയം വിലപ്പനചരക്കായി കടുത്ത മാര്‍ക്കെറ്റിംഗ് നടത്തുന്ന എഴുത്തുകാരും അവരുടെ ബ്രോക്കര്‍മാര്‍, പണം വാങ്ങി പ്രസാധനം നടത്തുന്ന കച്ചവടക്കാര്‍ ഇവര്‍ എല്ലാവരും ചേര്‍ന്നു സാഹിത്യത്തെ മലീമസമാക്കിയിരിക്കുകയാണ്. വിപണിയുടെ തിരക്കിനിടയില്‍പ്പെട്ടു ദുര്‍ബലരായ നല്ല എഴുത്തുകാരും അവരുടെ നല്ല എഴുത്തുകളും ചവിട്ടിയരക്കപ്പെടുന്നു.
6. നിങ്ങൾ ആധുനികതയുടെ വക്താവാണോ? നമ്മൾ കടന്നുപോന്ന പല പ്രസ്ഥാനങ്ങളും വീണ്ടും തിരിച്ചുവരണമെന്ന അഭിപ്രായമുണ്ടോ? (ഉദാഹരണം..ക്ളാസ്സിസിസം, നിയോ ക്ളാസ്സിസിം, റൊമാന്റിസം, സിമ്പോളിസം,മോഡേണിസം ....) എങ്കിൽ ഏതു പ്രസ്ഥാനം നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു.
ANS.-സത്യം പറഞ്ഞാല്‍ ഈ പറഞ്ഞ പ്രസ്ഥാനങ്ങളെക്കുറിച്ച് എനിക്കു യാതൊരു അറിവുമില്ല. ഇതൊക്കെ അക്കാദമിക്ക് ആയ വിഷയങ്ങളായിട്ടാണ് എനിക്കു തോന്നുന്നത്. ഞാന്‍ എന്തെങ്കിലും പ്രസ്ഥാനത്തിന്റെ ആളല്ല. എന്‍റെ എഴുത്തുകള്‍ ആളുകള്‍ക്ക് ഇഷ്ട്ടമാകുന്നു, മനസ്സിലാകുന്നു എന്ന കാര്യത്തില്‍ അഭിമാനമുണ്ട്. ഏതൊരു സാധാരണക്കാരനും മനസ്സിലാകണം എന്ന ആഗ്രഹത്തോടെയാണ് എഴുതുന്നത്. ഏതു കാലഘട്ടങ്ങളിലും പ്രസ്ഥാനങ്ങളിലും ഉള്‍പ്പെട്ട നല്ല പുസ്തകങ്ങള്‍ എക്കാലവും വായിക്കപ്പെടും എന്നതാണ് എന്‍റെ അഭിപ്രായം.
7. എഴുത്തിൽ സത്യവും ഭാവനയും കലരുമ്പോൾ ഏതിന് പ്രാമുഖ്യം നൽകുന്നു. സത്യത്തിനു മുൻ തൂക്കം നൽകുമ്പോൾ സാഹിത്യമൂല്യം കുറയാൻ സാധ്യതയുണ്ടോ. നിങ്ങളുടെ കൃതികളെ ആസ്പദമാക്കി പറയുക.
ANS.-സത്യം അഥവാ അനുഭവം അതേപോലെ പറയുമ്പോള്‍ അതൊരു ഫിക്ഷനായി മാറില്ല അതൊരു റിപ്പോര്‍ട്ടിംഗോ അല്ലെങ്കില്‍ അനുഭവക്കുറിപ്പോ ആയിട്ടാണ് രൂപപ്പെടുക.
ഫേസ് ബുക്ക് പോലുള്ള നവമാധ്യമങ്ങളുടെ കാലത്ത് ഒട്ടുമിക്ക ആളുകളും എഴുതുന്നത് അനുഭവക്കുറിപ്പാണ് അത്തരം കുറിപ്പുകള്‍ക്ക് ധാരാളം വായനക്കാരുമുണ്ട്. ഇത്തരം കുറിപ്പുകള്‍ ധാരാളമായി വരുന്ന ഈ കാലഘട്ടത്തില്‍ എഴുത്തുകാര്‍ നേരിടുന്ന ഒരു വെല്ലുവിളി വായനക്കാര്‍ കഥയില്‍കയറി അതില്‍ എഴുത്തുകാരന്‍ എവിടെയെന്നു നോക്കുന്നു. ചിലപ്പോഴെങ്കിലും കഥാപാത്രത്തിന്റെ മനോവ്യാപാരം എഴുത്തുകാരന്‍റെയാണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു. അതുചിലപ്പോള്‍ എഴുത്തുകാരന്‍റെ വ്യക്തിജീവിതത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അനുഭവത്തിനു ഭാവനയുടെ സ്വഭാവം നല്‍കേണ്ടിവരുന്നു.
സത്യത്തിനോ ഭാവനയ്ക്കോ ഏതിനാണ് മുന്‍തൂക്കം നല്‍കേണ്ടിവരിക എന്നൊരു പ്രതിസന്ധി എന്നെ സംബന്ധിച്ച് വരാറില്ല. കഥയുടെ തീം എന്താണെന്നു നിശ്ചയിച്ചു കഴിഞ്ഞാല്‍ അതങ്ങ് കഥയായി എഴുതുകയാണ് പതിവു. വായനക്കാര്‍ക്ക് വായനാവേളയില്‍ കഥവായിക്കുന്നതായി അനുഭവപ്പെടണം. ഏതു സംഭവമായാലും റിപ്പോര്‍ട്ടിംഗ് രീതിയിലല്ലാതെ ഫിക്ഷന്റെ ഭാഷയില്‍ പറഞ്ഞുപോയാല്‍ വായനക്കാര്‍ക്കു അതൊരു സംഭവമെന്നു അറിയാമെന്നിരിക്കലും അവര്‍ അതൊരു കഥയായി ആസ്വദിച്ചു വായിച്ചു പോകും.
8.എഴുത്തുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടായ രസകരമായ എന്തെങ്കിലും അനുഭവങ്ങൾ പങ്കു വയ്ക്കുക.
ANS.-രസകരം എന്നു പറഞ്ഞാല്‍ ചിരി ഉണര്‍ത്തിയ സംഭവങ്ങള്‍ പലതുമുണ്ട് എങ്കിലും ഇപ്പോഴും വായിക്കുമ്പോള്‍ എന്‍റെ തന്നെ കണ്ണുകളെ നനയിക്കുന്ന രണ്ടു കഥാപാത്രങ്ങള്‍ എന്‍റെ മനസ്സില്‍ കയറിക്കൂടിയിട്ടുണ്ട്.
“ആണ്ടവന്‍ സൊല്‍റെന്‍” എന്ന സമാഹാരത്തിലെ ‘ലാ-ലിസ്ട’ എന്നകഥയിലെ മറിയം എന്ന ബാലികയെ അവളുടെ അമ്മ തനിയെ വിട്ടു പോകുന്ന രംഗം എഴുതിയപ്പോഴും ഇപ്പോഴും ആ ഭാഗം വായിക്കുമ്പോഴും ഞാന്‍ കരഞ്ഞു പോകുന്നു.
അതേ സമാഹാരത്തിലെ ‘കാര്‍ക്കീവിലെ പള്ളിമണികള്‍’ എന്ന കഥയിലെ ഗലിയന്‍ എന്ന നിഷ്കളങ്കയായ ബാലിക തന്‍റെ സങ്കടങ്ങള്‍ കൂട്ടുകാരനായ ‘ടെഡി ബെയറിനോട്’ പറയുന്ന രംഗവും എന്‍റെ തന്നെ സൃഷ്ട്ടിയെങ്കിലും അതിപ്പോഴും എന്‍റെ കണ്ണുകളെ നനയിക്കുന്നു. ഒരു പക്ഷെ ഞാനൊരു പെണ്‍കുട്ടിയുടെ അച്ഛനായതു കൊണ്ടാവാം ഇതൊക്കെ എന്നെ ഈവിധം സ്വാധീനിക്കുന്നത്.
9. ഇ_മലയാളി എഴുത്തുകാരോടും വായനക്കാരോടും നിങ്ങൾക്ക് പറയാനുള്ളത്.
ANS.-വായനക്കാരോട് നന്ദി പറയുന്നു. അവര്‍ നല്കുന്ന വായനയാണ് അംഗീകാരം. എഴുത്തുകാര്‍ വായനക്കാരുടെ പ്രതീക്ഷകള്‍ക്ക് ഒപ്പം ഉയരണം നല്ല വായനാനുഭവം നല്‍കുന്ന രചനകള്‍ നല്‍കണം. എല്ലാ ദിവസവും പേരും പടവും പോര്‍ട്ടലില്‍ അടിച്ചുവരണമെന്ന ആഗ്രഹം ഉപേക്ഷിച്ചു വായനക്കാര്‍ നിങ്ങളെ ആഗ്രഹിക്കുന്നവരായി തീരണം.
10. നിങ്ങളുടെ ആദ്യരചന എപ്പോൾ പ്രസിദ്ധീകരിച്ചു അതേക്കുറിച്ച്
ചുരുക്കമായി പറയുക. ഒരു എഴുത്തുകാരൻ ആകാൻ നിങ്ങൾക്ക് കഴിയുമെന്നു തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കു വയ്ക്കുക.
ANS.-രണ്ടായിരത്തി പതിനാറില്‍ ആയിരുന്നു. അതിനുമുന്‍പ് ഞാനൊന്നും എഴുതിയിട്ടില്ല. ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോലും എഴുതിയിരുന്നില്ല. ആകപ്പാടെ എഴുതിയത് എന്‍റെ ഫേസ് ബുക്കില്‍ ആദ്യ പ്രണയത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പായിരുന്നു.
‘ഡിംപിള്‍ മറിയ പറഞ്ഞത്’ എന്നപേരില്‍ ഒരു കഥയെഴുതി. എഴുതി വന്നപ്പോള്‍ കുറച്ചു നീണ്ടുപോയി. പതിനെട്ടു പേജുകള്‍. ആര്‍ക്കാണ് അയച്ചുകൊടുക്കുക എന്നൊരു ധാരണയില്ല. അന്നു ‘കേരളകൌമുദി’ വാരിക അച്ചടിക്കുന്ന കാലമായിരുന്നു അവരുടെ ഇമെയില്‍ തപ്പിപ്പിടിച്ചു അയച്ചുകൊടുത്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു മറുപടി വന്നു കഥ മൂന്നു ലക്കമായി വാരികയില്‍ പ്രിസിദ്ധീകരിക്കാന്‍ പോവുന്നു എന്ന അറിയിപ്പായിരുന്നു. വിവരം വീട്ടില്‍ പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല ‘അച്ചടിച്ചു വരട്ടെ’ അപ്പോള്‍ കാണാം എന്നതായിരുന്നു നിലപാട്. എന്തായാലും അതു സംഭവിച്ചു. കേരളാ കൌമുദിക്കും അന്നത്തെ എഡിറ്റര്‍ രമ്യ മുകുന്ദനും നന്ദി.
11. ഇ-മലയാളി പതിവായി വായിക്കാറുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ വിവരിക്കുക.
ANS. ഇ മലയാളിയിലെ വാര്‍ത്താ വിഭാഗം വളരെ സമഗ്രമാണ്. ലേഖനം സാഹിത്യം എന്നിവയുടെ കാര്യത്തില്‍ കുറച്ചുകൂടെ ഗുണനിലവാരം വേണം എന്നതാണ് ഒരു വായനക്കാരന്‍ എന്ന നിലയിലുള്ള അഭിപ്രായം.
12.ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് അതിലെ ഉള്ളടക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. സാഹിത്യം, മതം, പൊതുവിവരങ്ങൾ, പ്രവാസികൾക്കായുള്ള അറിയിപ്പുകൾ, നിരൂപണങ്ങൾ, സിനിമ, കല-സാംസ്കാരിക രംഗം എന്നിവ കൂടാതെ നിങ്ങൾ ഉൾപെടുത്താൻ ആഗ്രഹിക്കുന്ന പംക്തികൾ.
ANS. മതം ജാതി എന്നിവയുടെ അതിപ്രസരണം ഒഴിവാക്കണം എന്നൊരു അഭിപ്രായമുണ്ട്.
13. എഴുതാൻ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ ? എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളിൽ ഉണ്ടായി. ഇപ്പോൾ ആ സ്വാധീനത്തിൽ നിന്നും മുക്തനായി സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് കരുതുന്നോ
ANS. പുറമേ കാണുന്ന ലാളിത്യം ഒരു കാപട്യവും അകമേ ആഴങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടെങ്കിലും എളുപ്പത്തില്‍ ആരെയും ആകര്‍ഷിക്കുന്ന ബഷീര്‍ ശൈലിയാണ് എന്നെ ആകര്‍ഷിച്ചത്. വേറൊരു എഴുത്തുകാരനും എന്നെ സ്വധീനിച്ചിട്ടുമില്ല. ബഷീറിനെ ഒരു തരത്തിലും ഞാന്‍ അനുകരിച്ചിട്ടില്ല അതുകൊണ്ടുതന്നെ അദ്ധേഹത്തിന്റെ ശൈലി എഴുത്തില്‍ എന്നെ സ്വാധീനിച്ചിട്ടില്ല. ബഷീറിനെ എനിക്കു നേരിട്ട് പരിചയമില്ല, യഥാര്‍ത്ഥ ബഷീര്‍ എങ്ങിനെയെന്നു അറിയുകയുമില്ല ‘നാരായണീയം’ എന്ന കഥയില്‍ ബഷീര്‍ കഥകളിലെ ബഷീറിനെയാണ് അവതരിപ്പിച്ചത്. ഞാന്‍ എഴുതുന്നത് എന്‍റെ ശൈലിയാണ് ചിലപ്പോള്‍ അറിഞ്ഞു അറിയാതെയും അറിഞ്ഞതും കേട്ടതുമെല്ലാം അതില്‍ കടന്നുവന്നെന്നിരിക്കും അങ്ങിനെ പലതും കേട്ടും ഉള്‍ക്കൊണ്ടുമാണല്ലോ നമ്മള്‍ നമ്മളായി ഉരുവപ്പെടുന്നതും
14. ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് നിങ്ങൾ ഇ- മലയാളിയിൽ
വായിച്ച ഏറ്റവും നല്ല രചന ഏതു?
ANS.-ഇതിനൊരു ഒറ്റ ഉത്തരം പറയാന്‍ പറ്റില്ല. അതുകൊണ്ട് ചോദ്യം സ്കിപ്പ് ചെയ്യുന്നു.
15.നിങ്ങൾ എത്ര പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവരിക്കുക.
ANS.-ഈ ചോദ്യത്തിനുള്ള ഉത്തരം ആദ്യഭാഗത്തു വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
16. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ എങ്ങനെ സ്വീകരിക്കുന്നു. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.
ANS-എഴുതി പ്രിസിദ്ധീകരിച്ചു വന്നാല്‍ ഏഴുത്തുകാരന് പിന്നെ അതില്‍ ഒന്നും ചെയ്യാനില്ല. അതുപിന്നെ വായനക്കാരുടെ സ്വത്താണ് അവരാണ് അതിന്മേല്‍ സമയവും പണവും ചെലവഴിക്കുന്നത്. ചില അഭിപ്രായങ്ങള്‍ ശരിയാണെന്ന് ബോധ്യമാകും അതു പിന്നീടു പുസ്തകമാക്കുന്ന അവസരത്തില്‍ സ്വീകരിക്കും. നല്ല വാക്കു കേള്‍ക്കുന്നത് ഒരു സുഖം തന്നെയാണ് മോശമെന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും മനോവിഷമം ഉണ്ടാകും.
17. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ ? ആ സ്വപ്നം സാക്ഷാത്‌കരിക്കപ്പെട്ടുവെന്നു നിങ്ങൾ വിശ്വസിക്കുന്നോ? ഇ മലയാളിയുടെ താളുകൾ അതിനു നിങ്ങൾക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നോ ?
ANS-അങ്ങിനെയൊരു സ്വപ്നം ഉണ്ടായിരുന്നില്ല. നാല്പത്തി അഞ്ചു വയസുവരെ ഞാന്‍ ഒന്നും തന്നെ എഴുതിയിട്ടില്ല. ആഗ്രഹിച്ച ഇടത്തേക്കു ജീവിതം ഒരിക്കലും എന്നെ കൊണ്ടുപോയിട്ടില്ല. ജീവിതം നയിക്കുന്ന വഴിയെ നടക്കുന്നു. എഴുത്തിന്‍റെ വഴിയെ ജീവിതം ഇപ്പോള്‍ നടത്തുന്നു ആ നടപ്പില്‍ ഇ മലയാളിയുടെ താളുകള്‍ തന്നെയാണ് പ്രധാന തുണ
18. അമേരിക്കൻ മലയാളി എഴുത്തുകാരിൽ അല്ലെങ്കിൽ ഇമലയാളിയിൽ എഴുതുന്ന എഴുത്തുകാരിൽ നിങ്ങൾ ആരെ ഇഷ്ടപ്പെടുന്നു.
ANS.-ഇ മലയാളിയില്‍ എഴുതുന്ന പലരെയും ഇഷ്ട്ടമാണ് അതില്‍ ഒന്നോ രണ്ടോ ആളുകളെ മാത്രം പേരെടുത്തു പറയുവാന്‍ ആഗ്രഹിക്കുന്നില്ല.
19. അവാർഡുകൾ, അംഗീകാരങ്ങൾ, അനുമോദനങ്ങൾ ഇവ നേടിയവരെ മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു. അതവർ അർഹിക്കുന്നില്ല. അർഹിക്കുന്നവർ വേറെ ചിലരാണു എന്നു തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാർഡ്.
ANS.-അവാര്‍ഡുകള്‍ അംഗീകാരങ്ങള്‍ അനുമോദനങ്ങള്‍ നേടിയവരെ മാദ്ധ്യമങ്ങള്‍ ഘോഷിക്കണം അതില്‍ തെറ്റൊന്നുമില്ല. അര്‍ഹത അനര്‍ഹത എന്നിവയെക്കുറിച്ച് പറയാനുള്ള അറിവെനിക്കില്ല.
=============================
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി സ്വദേശി.
നിയമബിരുദധാരി. വയനാട്ടിലെ വിവിധ കോടതികളിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
2004 മുതല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്ന സ്ഥാപനത്തിലെ നിയമകാര്യ മാനേജരായി ചെന്നയില്‍ ജോലി ചെയ്തു. രണ്ടായിരത്തി ഒമ്പതില്‍ അമേരിക്കയിലേക്ക് കുടിയേറി. ഇപ്പോള്‍ അമേരിക്കയിലെ മേരിലാന്‍ഡ് സംസ്ഥാനത്തിലെ മോട്ടോര്‍വാഹന വകുപ്പില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലിചെയ്തു വരുന്നു.
മലയാളത്തില്‍ രണ്ടു കഥാസമാഹാരങ്ങള്‍ പ്രിസിദ്ധീകരിച്ചിട്ടുണ്ട്.
‘അന്യായ പട്ടിക വസ്തു’(സൈകതം ബുക്സ്-ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്)
‘ആണ്ടവന്‍ സൊല്‍റെന്‍’ (സുജലി ബുക്സ് കൊല്ലം)
ഇംഗ്ലീഷില്‍ രണ്ടു പുസ്തകങ്ങള്‍ ആമസോണ്‍ വഴി പ്രിസിദ്ധീകരിച്ചിട്ടുണ്ട്
‘കാസാ ലോക്കസ്’(കഥാ സമാഹാരം),
‘മര്‍ഡര്‍ ഇന്‍ മാള്‍ട്ട’ (ലഘു നോവല്‍)
കാസാ ലോക്കാസ് എന്ന കഥാസമാഹാരത്തിനു 2024-ലെ ഇംഗ്ലീഷ് സാഹിത്യത്തിനുള്ള ഫൊക്കാന അവാര്‍ഡു(കമലാ ദാസ് പുരസ്കാരം) ലഭിച്ചു. കൂടാതെ booksie.com, vocal media തുടങ്ങിയ ഇംഗ്ലീഷ് സാഹിത്യ പോര്‍ട്ടലുകളില്‍ കഥകള്‍ പ്രിസിദ്ധീകരിച്ചു വരുന്നു. ‘കാസ ലോക്കാസ്’ എന്ന സമാഹാരം സ്പാനിഷിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള പ്രവര്‍ത്തനം നടന്നു വരുന്നു.( ഇംഗ്ലീഷില്‍ J.Avaran എന്ന പേരിലാണ് എഴുതുന്നത്)
മലയാള പ്രസിദ്ധീകരണങ്ങളായ ഗ്രന്ഥാലോകം,കേരളകൌമുദി, കലാകൌമുദി,മൂല്യശ്രുതി,പച്ചമലയാളം,മെട്രോവാര്‍ത്ത,എഷ്യാനെറ്റ് ഓണ്‍ലൈന്‍,മനോരമ ഓണ്‍ലൈന്‍,ഇ-മലയാളി എന്നിവിടങ്ങളില്‍ കഥകള്‍ പ്രിസിദ്ധീകരിച്ചിട്ടുണ്ട്.