പ്രണയത്തിനു പ്രായമില്ല എന്നാണല്ലോ പറയുന്നത്. .ഏതു പ്രായത്തിലും ഇഷ്ടം തോന്നുന്ന ഒരു സ്ത്രീയും പുരുഷനും പരസ്പരം മടുക്കാതെയിരിക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്..?
വളരെ മിതമായി മാത്രം പരസ്പരം സ്നേഹിക്കുക. എനിക്ക് നീ മാത്രമേ ഉള്ളു എന്ന് തോന്നിക്കുന്ന വിധത്തിൽ ആഴമേറിയ ഒരു ബന്ധം അതു സൗഹൃദമായാലും പ്രണയമായാലും വെച്ചു പുലർത്താതിരിക്കുക. കാരണം ജീവിതം എപ്പോഴും പ്രവചനങ്ങൾക്ക പ്പുറമാണ്. നാളെ രണ്ടു പേരിൽ ഒരാൾ ഇല്ലാതായാൽ അതു താങ്ങാൻ കഴിവുള്ളവരായിരിക്കണം ആ രണ്ട് പേരും.,അവനോ അവളോ ചിലപ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെയാകാം മറ്റേയാളിൽ നിന്നും ഇറങ്ങി പോകുന്നത്.(തേപ്പ് ഈയിടെ പോസ്റ്റുകളിലെ പ്രധാന വിഷയമായി ഏറി വരുന്നത് കാണാറുണ്ട്,)
ബന്ധങ്ങൾ ജീവിതത്തിലെ വിരസത മാറ്റാൻ കണ്ടു പിടിക്കുന്ന വെറും നേരമ്പോക്കുകളാണെങ്കിൽ അവിടെ ആഴത്തിലുള്ള ആത്മബന്ധത്തിന് ഒരു സാധ്യതയുമില്ല. പിന്നെ മധ്യവയസ്‌ക്കരെങ്കിൽ ഒരുമിച്ച് കാണാൻ ഏറെ സ്വപ്‌നങ്ങളൊന്നും ഉണ്ടാകണമെന്നുമില്ലല്ലോ. അപ്പോൾ കൂടുതൽ ശ്രദ്ധിക്കണം..ഇതൊന്നും ചിന്തിക്കാതെ ചെന്നു പെട്ടു പോകുന്ന പടുകുഴികളിൽനിന്നും കര കയറാനും പ്രലോഭനങ്ങളെ അതിജീവിക്കാനും സ്ത്രീയ്ക്കാണ് കൂടുതൽ കരുത്തു വേണ്ടത്. കാരണം പുരുഷൻ ഒരു വിഭാര്യൻ കൂടി ആണെങ്കിൽ അയാൾ സർവത്ര സ്വതന്ത്രനായിരിക്കുമല്ലോ അവൻ പുറത്ത് തന്റെ സ്വാതന്ത്ര്യം വിവിധ തരത്തിൽ ആഘോഷിക്കുമ്പോൾ അവൾ വീട്ടിലെ ഏകാന്തതയിൽ ചിലപ്പോൾ തനിച്ചായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ അകപ്പെട്ടാൽ മനസ്സുറപ്പില്ലാത്ത ചിലർ വല്ലാതെ തകർന്നു പോകും. ഒരു തരം ഡിപ്രെഷനിൽ പോലും അകപ്പെടും, അതു കൊണ്ടു വെറും ഒരു നേരമ്പോക്കിനായി മാത്രം ആർക്കു മുന്നിലും അടിമയാകാതിരിക്കുക. ഒരു പരിധിയിൽ കൂടുതൽ ആരെയും വിശ്വസിക്കാതിരിക്കുക. കാരണം ഒരാളുടെ വാക്കിലോ നോക്കിലോ പ്രത്യക്ഷതയിലോ ആയിരിക്കില്ല യഥാർത്ഥ സൗന്ദര്യം..അതയാളുടെ ആത്മാവിലായിരിക്കും. അതു തിരിച്ചറിയാൻ ചിലപ്പോൾ ഏറെ നാളുകൾ ഒരാളെ പഠിക്കേണ്ടി വരും. ഇരുവർക്കുമിടയിൽ ഒന്ന് വിളിച്ചാൽ ഓടിയെത്തുന്ന ദൂരം ഉണ്ടാകരുത്. ഒരുവളെ അറിഞ്ഞു കഴിഞ്ഞ് മോഹം തീർന്ന് ഒരു സുപ്രഭാതത്തിൽ കാരണം പോലും എന്തെന്ന് വ്യക്തമാക്കാതെ അനായാസേന പടിയിറങ്ങി പോകുന്നവരെ കാത്ത് കിടക്കുന്ന പെരുവഴിയിലും ഉണ്ടാകില്ലേ അയാളെ അല്ലെങ്കിൽ അവളെ വീഴ്ത്താൻ മാത്രം ആഴത്തിൽ ജീവിതം തീർക്കുന്ന വാരിക്കുഴികൾ.?
എല്ലാവരും ഇങ്ങനെയാകണമെന്നില്ല കേട്ടോ. എത്ര നാൾ കഴിഞ്ഞാലും മങ്ങാതെ മായാതെ ചിലർക്ക് ആത്മാർത്ഥമായി പരസ്പരം ചേർത്ത് പിടിക്കാൻ കഴിഞ്ഞെന്നു വരാം. ഏതു സങ്കടത്തിലും കൂടെ ചേർന്ന് നിൽക്കുന്നവർ. പക്ഷെ അങ്ങനെ ചിലർ വളരെ അപൂർവ്വമായിരിക്കും എന്ന വ്യത്യാസമേ ഉള്ളു. അങ്ങനെ ഒരാൾ ജീവിതത്തിലുണ്ടെങ്കിൽ അയാൾ ഒപ്പമില്ലെങ്കിലും എത്ര അകലെയാണെങ്കിലും അതാണ് ഏറ്റവും വലിയ സൗഭാഗ്യവും സന്തോഷവും. അതൊരിക്കലും അവസാനിക്കുന്ന ഒന്നല്ല.
ശരീരങ്ങളുടെ ദാഹം തീർക്കാനുള്ള ലയനം മാത്രമായി അവസാനിക്കാത്ത ആ ഇഷ്ടത്തിനാണ് , അതു സമ്മാനിക്കാൻ തയാറുള്ള അത്ര മേൽ പ്രിയപ്പെട്ട ആളോടാണ് നമ്മൾ വീണ്ടും വീണ്ടും നന്ദി പറയേണ്ടതും അവസാനം വരെ കടപ്പെട്ടിരിക്കേണ്ടതും..ഉണ്ടോ നിങ്ങളുടെ ജീവിതത്തിൽ അത്ര മേൽ പ്രിയപ്പെട്ടൊരാൾ.? ഉണ്ടെങ്കിൽ കൈവിട്ടു കളയാതിരിക്കുക.. ഹൃദയത്തോട് ചേർത്ത് പിടിക്കുക.