ആദ്യകാല മനുഷ്യർ കാട്ടു ചെന്നായ്ക്കളുമായി ഒരു സഹജീവി ബന്ധം സ്ഥാപിച്ചത് 40,000 വർഷമെങ്കിലും മുൻപാണെന്ന് ചരിത്രം പറയുന്നു! ഒരു താരതമ്യത്തിന് വേണ്ടി എടുക്കുകയാണെങ്കിൽ യേശുക്രിസ്തു ജനിച്ചതും, അദ്ദേഹത്തിൻറെ ജീവിതവും പഠിപ്പിക്കലുകളും ലോക ചരിത്രത്തിൽ സ്വാധീനം ചെലുത്തി തുടങ്ങിയതും വെറും 2025 വർഷങ്ങൾക്ക് മുൻപ്! യേശു ജനിക്കുമ്പോഴേക്കും നിരവധി സഹസ്രാബ്ദങ്ങളായി നായ്ക്കൾ മനുഷ്യ സമൂഹത്തിൻറെ അവിഭാജ്യ ഘടകമായിരുന്നു
വേട്ടയാടുന്ന മനുഷ്യൻ വലിച്ചെറിയുന്ന അവശേഷിച്ച അവശിഷ്ടങ്ങൾക്കായി ചെന്നായ്ക്കൾ മനുഷ്യരെ പിന്തുടരാൻ തുടങ്ങിയിരിക്കാം. സാവധാനം സംരക്ഷണത്തിനും വേട്ടയാടാൻ സഹായിക്കാനുമായി മനുഷ്യർ ചെന്നായ്ക്കളെ ഇണക്കി വളർത്തി, കാലക്രമേണ വളർത്തു ചെന്നായ്ക്കൾ നായ്ക്കളായി, പല സംസ്കാരങ്ങളിലും നായ്ക്കൾ മനുഷ്യ സമൂഹത്തിലെ അവിഭാജ്യ ഘടകമായി മാറി!
പുരാതന ഈജിപ്തിൽ ഫറവോൻമാർ പലപ്പോഴും നായ്ക്കളെ അവയുടെ പ്രാധാന്യത്തിൻറെ പ്രതീകങ്ങളായി മമ്മിയാക്കി ഉടമകളോടൊപ്പം അടക്കം ചെയ്തു; സൈനിക ക്യാമ്പുകൾ സംരക്ഷിക്കുന്നതിനും അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനും റോമാക്കാർ നായ്ക്കളെ യുദ്ധത്തിൽ ഉപയോഗിച്ചു; ജപ്പാനിലെ അകിത ഇനു, അവരുടെ ശക്തി, വിശ്വസ്തത, ധൈര്യം എന്നിവയാൽ വിലമതിക്കപ്പെട്ടിരുന്നു; ചൈനീസ് ചക്രവർത്തിമാർക്ക് ചിലപ്പോൾ കൂട്ടാളികളായി നായ്ക്കൾ ഉണ്ടായിരുന്നു.
മധ്യകാലഘട്ടത്തിലും ആധുനിക കാലഘട്ടത്തിൻറെ തുടക്കത്തിലും, വേട്ടയാടുന്ന നായ്ക്കൾ പ്രഭുവർഗ്ഗത്തിൻറെ സ്റ്റാറ്റസ് സിംബലുകളായി കാണപ്പെട്ടു, നായ്ക്കളെ വളർത്തുന്നത് രാജകുടുംബത്തിനും സമ്പന്നർക്കും ഇടയിൽ പ്രചാരത്തിലായിരുന്നു! പത്തൊൻപതാം നൂറ്റാണ്ടോടെ, യൂറോപ്പിലും അമേരിക്കയിലും, നായ്ക്കളെ വളർത്തുമൃഗങ്ങളായും കൂട്ടാളികളായും കാണാൻ തുടങ്ങി, പ്രത്യേകിച്ച് മധ്യ-ഉന്നത വിഭാഗങ്ങൾക്കിടയിൽ.
വൈകല്യമുള്ള വ്യക്തികളെ സഹായിക്കാൻ; ഉത്കണ്ഠ ഉള്ള വ്യക്തികൾക്ക് ആശ്വാസവും പിന്തുണയും നൽകാൻ; മഞ്ഞിലൂടെ സ്ലെഡുകൾ വലിക്കാൻ; അന്ധരെ നയിക്കാൻ; എന്തിന്, മയക്കുമരുന്നുകളും, സ്‌ഫോടകവസ്തുക്കളും തിരയാൻ തുടങ്ങി രക്ഷാപ്രവർത്തനങ്ങൾക്ക് പോലും നായ്ക്കൾ നിയമപാലകരിലും സൈന്യത്തിലും സേവനം അനുഷ്ഠിക്കുന്നു.
ചരിത്രപരമായി ഇന്ത്യയിലെ നായ്ക്കളെ പലപ്പോഴും വീടിന് പുറത്തുനിറുത്തി, ആടുകളെയും കന്നുകാലികളെയും മേയ്ക്കൽ, വീടുകൾ സംരക്ഷിക്കൽ ആയിരുന്നു അവരുടെ ജോലി! സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന വലിയ കോമ്പൗണ്ടുകളോ മുറ്റങ്ങളോ ഉള്ള വീടുകളിൽ, അല്ലെങ്കിൽ ഗേറ്റുകളോ അടച്ചിട്ട പ്രദേശങ്ങളോ, ഗ്രാമപ്രദേശങ്ങളിലെ തുറസ്സായ സ്ഥലങ്ങളിലോ നായ്ക്കൾ സ്വതന്ത്രമായി ചുറ്റിക്കറങ്ങുന്നത് സാധാരണ കാഴ്ചയാണ്.
നായകളോടുള്ള സ്നേഹവും വാത്സല്യവും സാർവത്രികമാണെങ്കിലും, അവയെ "കുട്ടികൾ" ആയി കണക്കാക്കുന്ന രീതി-അവരെ വസ്ത്രം ധരിക്കുക, അവരുടെ ജന്മദിനങ്ങൾ ആഘോഷിക്കുക, സ്വയം അവരുടെ പപ്പയും മമ്മിയും ആയി അറിയപ്പെടാൻ ആഗ്രഹിക്കുന്നതും ഒരു പരിധി വരെ പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
"ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തന്നെ തിന്നണം" എന്ന് കേട്ട് വളർന്നതുകൊണ്ടാകാം, സമീപ വർഷങ്ങളിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് ചേക്കേറിയ ഇന്ത്യക്കാർക്കിടയിൽ കൗതുകകരമായ ഒരു പ്രവണത കാണാൻ സാധിക്കും; അമേരിക്കൻ ജീവിതത്തിൻറെ ഏറ്റവും മികച്ചതും അല്ലാത്തതുമായ വശങ്ങളുടെ സംയോജനം. ഒരു പുതിയ സംസ്കാരത്തിൻറെ നല്ലതും ചീത്തയും ചിലപ്പോൾ വൃത്തികെട്ടതുമായ ഭാഗങ്ങൾ പോലും മലയാളികളും ഏറ്റെടുക്കുന്നു, പ്രത്യേകിച്ച് വളർത്തുമൃഗങ്ങളുടെ ഉടമസ്ഥതയുടെ മേഖലയിൽ!!
പല ഇന്ത്യൻ കുടുംബങ്ങളും തങ്ങൾ വിലക്ക് വാങ്ങിയ നായ്ക്കളെ വളർത്തുമൃഗങ്ങളെപ്പോലെ മാത്രമല്ല, കുട്ടികളെപ്പോലെ കുടുംബത്തിലെ അംഗങ്ങളായി പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് അതിശയിപ്പിക്കുന്ന ഒരു മാറ്റമാണ്! ഒരു നായയെ വസ്‌ത്രം ധരിപ്പിച്ചതുകൊണ്ടോ അല്ലെങ്കിൽ ഒരു കുട്ടിയെപ്പോലെ കൈകാര്യം ചെയ്യുന്നതുകൊണ്ടോ നായ്ക്കൾ കുഞ്ഞുങ്ങളായി മാറുന്നില്ല, അവ മൃഗങ്ങൾ തന്നെയാണ്; ഒരു നായ ഒരു കുട്ടിക്ക് പകരമാവില്ല.
കാർപെറ്റിൽ കിടന്നുരുളുന്ന വളർത്തുമൃഗത്തെ കൈയിലെടുത്ത് താലോലിച്ച ശേഷം, അതിഥികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിനോ വിളമ്പുന്നതിനോ മുമ്പ് കൈകൾ നന്നായി കഴുകേണ്ടത് ശുചിത്വത്തിന് അത്യാവശ്യമാണ്, തീൻ മേശയിലിരിക്കുന്ന എല്ലാവരുടെയും ആസ്വാദനം നിലനിർത്തുന്നതിനുള്ള ലളിതമായ ഒരു പരിശീലനമാണ്.