പിണറായി സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും വാതോരാതെ പ്രശംസിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളുടെയും അണികളുടെയും കടുത്ത രോഷത്തിന് പാത്രമായിരിക്കുകയാണ് ശശി തരൂര്‍ എം.പി. ഇക്കാര്യത്തില്‍ തരൂരിനോടുള്ള വിയോജിപ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ അറിയിച്ച് കഴിഞ്ഞു. വിശ്വപൗരന്‍ എന്ന് വിശേഷിക്കപ്പെടുന്ന വ്യക്തിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമാണ് തരൂര്‍. തല്‍ക്കാലം തരൂരിനെതിരെ അച്ചടക്ക നടപടി വേണ്ട എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. എന്നാല്‍ ശശി തരൂരിനെ ഇങ്ങനെ കയറൂരി വിടരുത് എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് ഘടകം ഒന്നടങ്കം പറയുന്നത്. നല്ലത് ആര് ചെയ്താലും അത് പറയുമെന്ന് വ്യക്തമാക്കിയ ഡോ. ശശി തരൂരിന് സി.പി.എമ്മിന്റെ വികസനവിരുദ്ധ നയങ്ങളെക്കുറിച്ച് മനസിലാക്കാന്‍ തക്ക ചരിത്രബോധമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണം' എഡിറ്റോറിയല്‍ എഴുതിയാണ് തരൂരിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്. ഇടതു സര്‍ക്കാര്‍ വിരുദ്ധവികാരം ആളിക്കത്തുമ്പോള്‍ അതിന് ഊര്‍ജ്ജം പകരേണ്ടവര്‍ വെള്ളം ഒഴിക്കുന്നത് വികലമായ രാഷ്ട്രീയ രീതിയാണെന്ന് 'ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ..?' എന്ന തലക്കെട്ടില്‍ വന്ന മുഖപ്രസംഗത്തില്‍ അരോപിക്കുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് പറയുന്ന മുഖപ്രസംഗത്തില്‍, എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്ന് തരൂരിനെ ഓര്‍മിപ്പിക്കുകയാണ് വീക്ഷണം.
കേരളത്തിലെ കൃഷിക്കും വ്യവസായത്തിനും വെള്ള പുതപ്പിച്ചവര്‍ക്ക് പ്രശംസാപത്രം നല്‍കുന്നത് ആരാച്ചാര്‍ക്ക് അഹിംസ അവാര്‍ഡ് നല്‍കും പോലെയാണ്. രാമ സ്തുതികള്‍ ചൊല്ലേണ്ടിടത്ത് രാവണ സ്തുതി ചൊല്ലുന്നത് വിശ്വാസവിരുദ്ധമാണെന്നും തരൂരിന്റെ പേരെടുത്ത് പറയാതെ വീക്ഷണം കുറ്റപ്പെടുത്തുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. മോദി ട്രംപിനെ കണ്ട് മടങ്ങിയെത്തിയ ശേഷം അമേരിക്കയിലെ അനധിക ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് തന്നെയാണ് സൈനിക വിമാനത്തില്‍ തിരികെയെത്തിച്ചത്. കുടിയേറ്റ ഇന്ത്യക്കാരെ ബന്ധനസ്ഥരാക്കി നാടുകടത്തിയ വൈകാരിക സാഹചര്യം ഉയര്‍ത്തിക്കാട്ടിയാണ് ദോദി-ട്രംപി കൂടിക്കാഴ്ചയെ വീക്ഷണം വിമര്‍ശിച്ചത്.
'ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍' എന്ന പേരില്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് തരൂരിന്റെ വിവാദ ലേഖനം വന്നത്. എന്നാല്‍ താനെഴുതിയത് ഇംഗ്ലീഷ് അറിയാവുന്നവര്‍ക്ക് മനസിലാവുമെന്നാണ് തരൂരിന്റെ വിശദീകരണം. ''കേരളത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയെക്കുറിച്ചോ അതില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രകടനത്തെപ്പറ്റിയോ അല്ല എന്റെ ലേഖനം ചര്‍ച്ച ചെയ്തത്. തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയിലെ മുരടിപ്പും കൈകാര്യം ചെയ്യുന്നതില്‍ ഈ സര്‍ക്കാരിനുണ്ടായിട്ടുള്ള പരാജയം നിശിതമായി വിമര്‍ശിച്ച ആളാണ് ഞാന്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ ഒരിക്കലും ഞാന്‍ ക്ലീന്‍ ചിറ്റ് കൊടുത്തിട്ടില്ല...'' തരൂര്‍ പറയുന്നു.
അതേസമയം, 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണ് എന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞത്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28-ാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്ക് എത്തിയതിനെക്കുറിച്ചും തരൂര്‍ വിവരിക്കുന്നുണ്ട്. ഇത് കമ്മ്യൂണിസ്റ്റുകള്‍ കാര്യം മനസിലാക്കി പഴയ നിലപാടില്‍ നിന്ന് മാറാന്‍ തയ്യാറായത് കൊണ്ടാണ് എന്നൊരു കുത്തും ലേഖനത്തിന്റെ അവസാന ഭാഗത്ത് ഉണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ അടിക്കാന്‍ വടികിട്ടിയ ആവേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അതെല്ലാം അവഗണിച്ച് തരൂരിന് പ്രശംസയുമായി രംഗത്ത് എത്തുകയായിരുന്നു.
തരൂരിന്റെ വാഴ്ത്തുപാട്ട് പിണറായി സര്‍ക്കാരിനും സി.പി.എമ്മിനും കിട്ടിയ ബോണസായിരുന്നു. ''നാടിന്റെ വികസനം ചില മേഖലകളില്‍ വലിയ തോതില്‍ ഉണ്ടായിട്ടുണ്ട്. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകത്തക്ക രീതിയിലുള്ള വികസനമാണ് എന്നത് നമ്മുടെ സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദമായി മനസിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കുകയുണ്ടായി...'' എന്നാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. തരൂരിന്റെ ലേഖനം വസ്തുതാ പരമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പുകഴ്ത്തി. നാടിന്റെ താത്പര്യമാണ് തരൂര്‍ തുറന്നുപറഞ്ഞതെന്ന് വ്യവസായ മന്ത്രി പി രാജീവും കേരളത്തിന്റെ വ്യവസായ വികസനം ലോകത്തിനുമുന്നില്‍ നന്നായി അവതരിപ്പിക്കാന്‍ തരൂരിന് കഴിഞ്ഞെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞു.
തരൂരിന്റെ നിലപാടിന്റെ രാഷ്ട്രീയ ആഘാതം അറിയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത ഭാഷയില്‍ത്തന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. യാഥാര്‍ത്ഥ്യം അറിയാതെയുള്ള പ്രതികരണമെന്ന് കെ.സി വേണുഗോപാലും ലേഖനം വായിച്ചില്ലെന്നും വിവാദമുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കുമെന്നും കെ സുധാകരനും പറഞ്ഞു. എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വ്യാഖ്യാനമെന്ന് അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയും മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരനും തരൂരിനെതിരെ ശക്തമായി രംഗത്തുവന്നു.
ഇതിനിടെ, ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും വികസന വിരുദ്ധ സമീപനങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെ ഓര്‍മിപ്പിക്കുന്നുമുണ്ട്. 1991-94-ല്‍ കെ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് പാര്‍ട്ടിയോട് ആലോചിക്കാതെ ആലപ്പുഴ ജില്ലാ വികസന സമിതി പ്രസിഡന്റ് പദവി സ്വീകരിച്ചതിന്റെ പേരില്‍ കെ.ആര്‍ ഗൗരിയമ്മയ്ക്കെതിരെ നടപടി എടുത്ത പാരമ്പര്യമാണ് സി.പി.എമ്മിന്റേത് എന്ന കാര്യം ശശി തരൂര്‍ ഓര്‍ക്കേണ്ടതായിരുന്നു എന്നാണ് ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസുകാര്‍ കുറ്റപ്പെടുത്തുന്നത്.
5000 കോടി രൂപയുടെ വിഴിഞ്ഞം പദ്ധതിയില്‍ ''6000 കോടിയുടെ കടല്‍ക്കൊള്ള'' എന്നു പറഞ്ഞ മഹാനാണ് പിണറായി വിജയന്‍. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് അയല്‍ സംസ്ഥാനങ്ങള്‍ കോടികളുടെ വിദേശനിക്ഷേപം നേടിയെടുത്തപ്പോള്‍ കേരളം വികസന ബഡായി പറഞ്ഞിരിക്കുകയായിരുന്നു. 2022-ല്‍ ദുബായില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ മുഖ്യമന്ത്രി പിണറായിയും വ്യവസായമന്ത്രി പി രാജീവും പങ്കെടുത്തിരുന്നു. പത്തു രൂപയുടെ പോലും നിക്ഷേപ വാഗ്ദാനം കേരളത്തിന് ലഭിച്ചില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിദേശനിക്ഷേപം കൊണ്ടുവരാന്‍ മുഖ്യമന്ത്രി പരിവാര സമേതം എട്ട് തവണ വിവിധ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഒരു പോലും നിക്ഷേപം വന്നില്ലെന്നും ഇതൊന്നും തരൂര്‍ കാണുന്നില്ലേ എന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം.
കൊച്ചിയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ 'അസെന്‍ഡ് കേരള' എന്നൊരു പരിപാടി 2020 ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടത്തി. ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം വേദിയില്‍ത്തന്നെ ലഭിച്ചുവെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചെങ്കിലും ഈ പ്രഖ്യാപനം നടത്തിയ ഒരാള്‍ പോലും കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. കെ.എസ്.ഐ.ഡി.സി യുടെ കീഴില്‍ ഓവര്‍സിസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ സെല്‍ എന്നൊരു പുതിയ സംവിധാനം വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ രൂപീകരിച്ചെങ്കിലും അതും മറ്റൊരു വെള്ളാനയായി തുടരുന്നു. വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോക കേരളസഭ മൂന്ന് വട്ടം കോടികള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നടത്തിയെങ്കിലും ഒരു മൊട്ടുസൂചി കമ്പനി പോലും ഇവിടെ തുടങ്ങാന്‍ ആരും ശ്രമിച്ചില്ലെന്നും കോണ്‍ഗ്രസ് ആക്ഷേപിക്കുന്നു.
എന്തുകൊണ്ടാണ് തരൂര്‍ മോദിയെയും പിണറായിയെയും പുകഴ്ത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ പ്രവര്‍ത്തക അംഗമായിട്ടും ദേശീയ-സംസ്ഥാന തലങ്ങളില്‍ വേണ്ടത്ര പരിഗണന കിട്ടാത്തതിലെ നിരാശയാണ് ശശി തരൂരിന്റെ പ്രകോപനത്തിന് കാരണമത്രേ. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് ശശി തരൂരിന്റെ ശ്രമമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ സംസാരം.
മാധ്യമങ്ങളുടെ തലക്കെട്ട് പിടിക്കാനുള്ള ഗിമ്മിക്കുകള്‍ നന്നായി പ്രയോഗിക്കാന്‍ സിദ്ധിയുള്ള തരൂര്‍ സമയാസമയങ്ങളില്‍ അത് പ്രയോഗിക്കുന്നതില്‍ വിരുതനുമാണ്. പ്രവര്‍ത്തകസമിതി അംഗമായിട്ടും സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നതിലെ നിരാശയാണ് തരൂരിനെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്. കടുത്ത കമ്യൂണിസ്റ്റുകാര്‍ പോലും പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ താത്പര്യം കാണിക്കാത്ത സ്ഥിതിക്ക് ശശി തരൂര്‍ സുഖിപ്പിക്കല്‍ ലേപനവുമായി രംഗത്ത് വന്നത് പാര്‍ട്ടിയോടുള്ള നന്ദികേടായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമര്‍ഷത്തോടെ കാണുന്നത്.