Image

ഹാഗാർ ; മകനെ മാറോട് ചേർത്തുപിടിച്ച് ഓടിപ്പോകുന്ന അമ്മ : മിനി ബാബു

Published on 17 February, 2025
ഹാഗാർ ; മകനെ മാറോട് ചേർത്തുപിടിച്ച് ഓടിപ്പോകുന്ന അമ്മ : മിനി ബാബു

എബ്രഹാത്തിന് വാർദ്ധക്യത്തിൽ ഒരു കുഞ്ഞിനെ ദൈവം വാഗ്ദാനം ചെയ്യുന്നു. അബ്രഹാം വിശ്വാസത്തോടെ കുഞ്ഞിനെ കാത്തിരിക്കുന്നു. കൂടെ ഭാര്യയായ സാറായും. മനുഷ്യന്റെ സമയവും ദൈവത്തിന്റെ സമയം രണ്ടാണല്ലോ ? മനുഷ്യന് എല്ലാ നല്ല കാര്യങ്ങളും ഉടനെ നടക്കണം. നടക്കാൻ താമസിച്ചാൽ എന്താണ് അതിനുള്ള മാർഗം എന്നിങ്ങനെ തിരക്കി കൊണ്ടിരിക്കും. വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർക്ക് കുഞ്ഞുണ്ടായില്ല. സാറാ ചിന്തിച്ചു തുടങ്ങി, "ദൈവം കുഞ്ഞിനെ തരുമെന്നാണല്ലോ പറഞ്ഞത് അതും എബ്രഹാത്തിന് എന്റെ പേര് അവിടെ ദൈവം എടുത്തു പറഞ്ഞില്ലല്ലോ അതുകൊണ്ട് കുഞ്ഞിന്റെ അമ്മ ഞാൻ ആകണമെന്നില്ല"

അങ്ങനെ സാറാ കുഞ്ഞു ജനിക്കാനായി പല മാർഗങ്ങൾ ആലോചിക്കുന്നു. "സാറായുടെ സുന്ദരിയായ ദാസി ഹാഗാറിൽ എന്തുകൊണ്ട് എബ്രഹാത്തിന് ഒരു കുഞ്ഞു ജനിച്ചുകൂടാ. എന്നിട്ട് അതിനെ സ്വന്തം കുഞ്ഞായി വളർത്തുക പാരമ്പര്യം നിലനിർത്തുക."

സാറാ ഇത് എബ്രഹാമിനെ കൊണ്ട് സമ്മതിപ്പിക്കുന്നു അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നു. എബ്രഹാമിനും ഹാഗാറിനും. ഇസ്മായിൽ.

വൈകാതെ ദൈവം തന്റെ വാഗ്ദാനം നിറവേറ്റുന്നു സാറാ ഗർഭിണിയാവുന്നു. സാറയ്ക്ക് ഒരു കുഞ്ഞ് ജനിക്കുന്നു ഇസഹാക്ക്.

ഇസഹാക്കും ഇസ്മയിലും സഹോദരങ്ങൾ. ഒരുമിച്ച് കളിക്കുന്നു. ഒരുമിച്ച് നടക്കുന്നു. സാറയ്ക്ക് ഇത് ഇഷ്ടമായില്ല. സാറ ചിന്തിച്ചു:

" ഇങ്ങനെ പോയാൽ ശരിയാവില്ല, കാലം കഴിയുമ്പോൾ അവകാശം ചോദിച്ച് എത്തിയേക്കാം." മാത്രമല്ല സാറായ്ക്ക് വല്ലാതെ അസൂയയും തോന്നി.

സാറ എബ്രഹാമിനോട് പറഞ്ഞു : ഹാഗാറിനെ പറഞ്ഞു വിടുക. ഹാഗാറിനെയും ഇസ്മമെയിലിനെയും. എബ്രഹാമിന് വല്ലാതെ സങ്കടം തോന്നി.

ഹാഗാറും ഇസ്മയിലും ആ വീട്ടിൽ നിന്ന് ആട്ടിയിറക്കപ്പെട്ടു മരുഭൂമിയിലേക്ക് പോകുന്ന രംഗം ഞാനിങ്ങനെ ഭാവനയിൽ കാണാറുണ്ട്. മകനെ മാറോട് ചേർത്തുപിടിച്ച് ഓടിപ്പോകുന്ന അമ്മ. ഓടിപ്പോകുന്നത് മരുഭൂമിയിലേക്ക്. ഒരുകൂട്ടം മനുഷ്യർ എബ്രഹാമിന്റെ വീട്ടിലുള്ളവർ അവന്റെ ദാസി ദാസന്മാർ ഒക്കെ ഇങ്ങനെ ഹാഗാറിന്റെ ആ പോക്ക് നിസ്സഹായതയോട് കൂടി നോക്കി നിൽക്കുന്നുണ്ടാകും. ഹൃദയത്തില് വല്ലാത്ത വിങ്ങലോട് കൂടി ഏതാണ്ട് കരച്ചിലിന്റെ വക്കോളം എത്തിയിട്ടുണ്ട് ഈ ഒരു സ്ത്രീയുടെ ഈ ഓട്ടം ഇങ്ങനെ മനസ്സിൽ കാണുമ്പോൾ. കൈയിൽ ഉണ്ടായിരുന്ന ഭക്ഷണവും വെള്ളവും ഒക്കെ തീർന്നപ്പോൾ കുഞ്ഞിനെ ഒരു സ്ഥലത്ത് വിട്ടിട്ട് ഹാഗാർ മാറിനിൽക്കുന്നു കുഞ്ഞു മരിക്കുന്നത് കാണാൻ കഴിയാത്തതുകൊണ്ട്, പക്ഷേ അവളുടെ പ്രാർത്ഥന ദൈവം കേട്ടു. മരുഭൂമിയിൽ അവൾക്ക് നീരുറവയും ഭക്ഷണവും നൽകുന്നു.

വല്ലാതെ ഒട്ടും ദയയില്ലാതെ പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് സാറാ.

എബ്രഹാമും ഇസ്മയിലിനെ ഓർത്ത് ദൈവത്തോട് പ്രാർത്ഥിക്കുന്നത്തായിട്ട് കാണുന്നു. ദൈവം ആ പ്രാർത്ഥന കേട്ടതായിട്ടും ബൈബിളിൽ ഉണ്ട്.

ഹാഗാറിന് എന്തും സംഭവിക്കാം, പിന്നീട് എന്ത് സംഭവിച്ചു എന്ന് ലേശം മനസ്സാക്ഷി കുത്തോടുകൂടി ഒരിക്കലും സാറാ തിരിഞ്ഞു നോക്കുന്നില്ല.

രണ്ട് സ്ത്രീകൾ. സാറായും ഹാഗാറും.

രണ്ടും അമ്മമാർ. ചിലപ്പോഴെങ്കിലും അമ്മയാകുക എന്ന് വെച്ചാൽ സ്വാർത്ഥരാകുക എന്നും അർത്ഥമുണ്ടാവും.

May be an illustration

 


 

Join WhatsApp News
Jayan varghese 2025-02-19 03:54:41
ദൈവ സ്നേഹിതനായ അബ്രഹാം ആ ചിന്നവീട് ഓഫർ.സ്വീകരിക്കരുതായിരുന്നു. അഥവാ സ്വീകരിച്ചു പോയെങ്കിൽ മാന്യമായി അവരെയും സംരക്ഷിക്കണമായിരുന്നു. പെൺവാക്ക്‌ കേൾക്കുന്നവൻ പെരുവഴിയിൽ എന്ന പഴഞ്ചൊല്ലിൽ പതിരില്ലെന്നു തെളിയിച്ചു കൊണ്ട് യിശ്മായിലിന്റെയും ഇസഹാക്കിന്റെയും സന്തതികൾ പശ്ചിമേഷ്യയിൽ പരസ്പരം കൊന്നു തീർക്കുമ്പോൾ ചിന്ന വീടുകളിൽ അന്തിയുറങ്ങുന്ന ആധുനിക അബ്രഹാമുകൾ സൂക്ഷിക്കുക ! “ ദേവകിയുടെ മകനാണ് ഞാൻ ഇനിയാരും, ചാവരുതെടാ ദുഷ്‌ടാ നീ മൂലമീ ലോകത്തിൽ ” എന്ന ആക്രോശവുമായി കൊലക്കത്തിയുമായി പിതാവിനെ സമീപിക്കുന്ന ജാര പുത്രന്റെ വാക്കുകളിൽ ബഹുമാന്യനായ സി. ജെ. മണ്ണുംമൂട് വരച്ചിടുന്നതും ഈ വാങ്മയ മുന്നറിയിപ്പാണ്. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക