Image

ചരിത്രമുറങ്ങുന്ന കടവല്ലൂർ (വിജയ് സി.എച്ച്)

Published on 17 February, 2025
ചരിത്രമുറങ്ങുന്ന കടവല്ലൂർ (വിജയ് സി.എച്ച്)

കുന്നംകുളം-കുറ്റിപ്പുറം പാതയിൽ പെരുമ്പിലാവ് കഴിഞ്ഞു അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ മധ്യകേരളത്തിലെ അതിപുരാതനമായ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്താം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) രേഖകൾ അനുസരിച്ചു കടവല്ലൂർ ക്ഷേത്രത്തിനു 900 വർഷത്തിലേറെ പ്രാചീനതയുണ്ട്. ഭാരതീയ പുരാവസ്തു ഗവേഷണ വകുപ്പ് ദേശീയ സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള ഈ മഹാക്ഷേത്രം ഒരു സംരക്ഷിത സൗധമാണ്. ചരിത്ര പ്രസിദ്ധമായ 'കടവല്ലൂർ അന്യോനം' എന്ന വാർഷിക വേദപാണ്ഡിത്യ മത്സരത്തിൻ്റെ മഹത് വേദിയും കൂടിയാണ് ഈ ക്ഷേത്രം. കടവല്ലൂർ പോലെ, തീർത്ഥാടകരുടെയും ചരിത്രാന്വേഷികളുടെയും ശ്രദ്ധ സമാനമായി ക്ഷണിക്കുന്ന മറ്റൊരിടം സംസ്ഥാനത്തുള്ളതായി അറിവില്ല.

Description: 🟥 പദോൽപത്തി

ഭീമസേനന് ഹിഡുംബിയിൽ ജനിച്ച ഘടോൽകചൻ പ്രതിഷ്ഠിച്ചതാണ് ക്ഷേത്രത്തിലെ വിഗ്രഹമെന്നാണ് ഐതിഹ്യം. ഇക്കാരണത്താൽ അമ്പലം നിൽക്കുന്ന പ്രദേശം ആദ്യം ഘടോൽകച പുരമെന്നും, പിന്നീട് ഘടോൽകച ഊരെന്നും അറിയപ്പെട്ടു. ഘടോൽകച ഊർ എന്ന മൂലഭാഷാപരമായ സ്ഥലപ്പേര് നൂറ്റാണ്ടുകളിൽ പലരും പല കുറി പറഞ്ഞപ്പോൾ അതു കടവല്ലൂരായി പരിണമിക്കുകയും ചെയ്തു!

Description: 🟥 ശിലാലിഖിതങ്ങൾ

ക്ഷേത്രത്തിനകത്തു വിവിധ ഇടങ്ങളിൽ കാണാനാകുന്ന ശിലാലിഖിതങ്ങൾ കടവല്ലൂർ ദേവസ്ഥാനത്തിൻ്റെ മഹനീയമായ പൗരാണികത വിളിച്ചോതുന്നു. പ്രധാന ഗോപുരം കടന്നെത്തുന്ന ചെറിയ ഇടനാഴിയുടെ വലത്തു ഭാഗത്തും, മുകൾ ഭാഗത്തും, കൂത്തമ്പലത്തിൻ്റെ ഇടത്തു ഭാഗത്തും, വലത്തു ഭാഗത്തു ഭഗവാനെ അഭിമുഖീകരിച്ചും, ഉപക്ഷേത്രത്തിൻ്റെ അടിത്തറയിലും മറ്റുമാണ് വട്ടെഴുത്തു ലിഖിതങ്ങൾ കാണാനാകുന്നത്. ക്ഷേത്രം നിർമിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന മൂപ്പേറിയ കൃഷ്ണശാലാ കട്ടകളുടെ കുത്തനെയുള്ളതും, നേരിട്ടു കാണാവുന്നതുമായ പാർശ്വങ്ങളിൽ അക്ഷരങ്ങൾ കോറിവരച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ മലയാളമെഴുതാൻ ഉപയോഗിച്ചിരുന്ന വട്ടെഴുത്ത് സമ്പ്രദായത്തിലുള്ള ലിപിയിലാണ് ലിഖിതങ്ങളുടെ മുദ്രണം. ബ്രാഹ്മി ലിപിയിൽ നിന്നു രൂപം കൊണ്ട വട്ടെഴുത്ത് ഇന്നു പ്രചാരത്തിലില്ലാത്തൊരു വരമൊഴിയാണ്. ക്ഷേത്രത്തിൽ ദർശിക്കാനായ ശിലാലിഖിതങ്ങളിലെ വിവരങ്ങൾ എന്താണെന്നറിയാൻ ഈ ലേഖകൻ ASI-യുടെ പ്രാദേശിക പുരാതത്ത്വ ഭവൻ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തിയ എല്ലാ ശ്രമങ്ങളും നിർഭാഗ്യവശാൽ പരാജയപ്പെടുകയാണുണ്ടായത്. മലയളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതിനായി കണ്ടെത്തിയ തെളിവുകളിൽ കടവല്ലൂർ ലിഖിതങ്ങൾ, നമ്മുടെ മാതൃഭാഷയിലല്ലാത്തതിനാൽ, ഉൾപ്പെട്ടതുമില്ലയെന്നതും ഖേദകരമാണ്.

Description: 🟥 ഭൂമിശാസ്ത്രം

തൃശ്ശൂർ നഗരത്തിൽ നിന്നും 33 കിലോമീറ്റർ വടക്കുപടിഞ്ഞാറു മാറിയാണ് കടവല്ലൂരിൻ്റെ സ്ഥാനം. തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത്. ദേശീയപാതയിൽ നിന്നു ക്ഷേത്രത്തിലേയ്ക്കുള്ള വഴി തുടങ്ങുന്നിടത്തു പുതിയതായി പണികഴിപ്പിച്ചിട്ടുള്ള മനോഹാരമായ ഗെയ്റ്റിൻ്റെ പടിഞ്ഞാറ് ഒരു കിലോമീറ്റർ എത്തും മുമ്പേ മലപ്പുറം ജില്ല തുടങ്ങുന്നു. പാലക്കാട് ജില്ലയുടെ അതിർത്തിയും കടവല്ലൂരിനടുത്തു തന്നെ. അടയ്ക്ക വ്യാപാര കേന്ദ്രമായ ചങ്ങരംകുളം, രാമക്ഷേത്രത്തിൻ്റെ ഏകദേശം അഞ്ചു കിലോമീറ്റർ അകലെയാണ്.

Description: 🟥 വാസ്തുവിദ്യ

പടിഞ്ഞാറു ദർശനമുള്ള ക്ഷേത്രത്തിൻ്റെ പ്രവേശന കവാടമായ ഗോപുരവും, രണ്ടു നിലകളിലായി രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ള ശ്രീകോവിലും കടവല്ലൂർ രാമക്ഷേത്രത്തിൻ്റെ ആകർഷകമായ വാസ്തുവിദ്യാസവിശേഷതകളിൽ ചിലതാണ്. അമ്പലത്തിൻ്റെയത്ര പുരതനമായതാണ് ചുറ്റമ്പലത്തിൻ്റെ വടക്കുകിഴക്കു മൂലയിലുള്ള മണിക്കിണർ. ചെറുതെങ്കിലും, ചുറ്റമ്പലത്തിനു കിഴക്കു ഭാഗത്തുമൊരു വാസ്തുവിദ്യാസാരവത്തായ ഗോപുരനടയുണ്ട്.

Description: 🟥 ക്ഷേത്രഘടന

കടവല്ലൂർ ശ്രീരാമക്ഷേത്രം നിർമിച്ചിരിക്കുന്നതു പഞ്ചപ്രകാര സമ്പ്രദായത്തിലാണ്. അകത്തേബലിവട്ടം, അന്തഹാര, മധ്യഹാര, ബാഹ്യഹാര, മര്യാദ മുതലായവയാണ് പഞ്ചപ്രകാരം. ഇവയ്ക്കു പുറമെ, ഉപക്ഷേത്രങ്ങൾ, വലിയ ബലിക്കല്ല്, ദീപസ്തംഭങ്ങൾ, ഗോപുരങ്ങൾ, പത്തായപ്പുര, ഓട്ടുപുര, കിണർ, കുളം മുതലായവയും കടവല്ലൂരമ്പലത്തിൻ്റെ വിശിഷ്ടമായ ഭാഗങ്ങളാണ്. മൂന്നു പടികളുള്ള സോപാനത്തിൻ്റെ കൈവരിക്കാലുകളിൽ ഉഗ്രരൂപത്തിലുള്ള വ്യാളിമുഖങ്ങൾ! പടിഞ്ഞാറേ ഗോപുരവാതിലിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ കൊടിമരവും ബലിക്കല്ലുമുള്ള മനോഹരമായ നടപ്പുരയിലെത്തും. വലിയമ്പലത്തിൻ്റെ ഇടതുഭാഗത്താണ് അംഗുലിയാങ്കം കൂത്തും, അന്യോന്യവും അരങ്ങേറുന്ന കൂത്തമ്പലം. ഹൃദ്യമായ നിരവധി  വാസ്തുവിദ്യാപണികളുള്ള കൂത്തമ്പലത്തിനു അരങ്ങും അണിയറയുമുണ്ട്. ഗണപതിയുടെ ഉപദേവാലയം, കിഴക്കോട്ടു മുഖമായി, ചുറ്റമ്പലത്തിൻ്റെ തെക്കുഭാഗത്താണ്. വടക്കുപടിഞ്ഞാറായി, മര്യാദയ്ക്കു വെളിയിൽ, അയ്യപ്പസ്വാമിയുടെ ഉപക്ഷേത്രവുമുണ്ട്. എട്ടു നിലയിൽ തെളിയിക്കാവുന്ന വിളക്കുമാടം മനോഹരമായൊരു നിർമിതിയാണ്. പ്രത്യേക ദിവസങ്ങളിൽ പരശ്ശതം പിച്ചള വിളക്കുകൾ ഒരുമിച്ചു പ്രകാശിപ്പിക്കുമ്പോൾ ക്ഷേത്രത്തിൻ്റെ മധ്യഹാരം അതിശയിപ്പിക്കും വിധം അലംകൃതമാകുന്നു. മുഖമണ്ഡപവും സോപാനവും കഴിഞ്ഞാൽ ഐശ്വര്യത്തോടെ ശ്രീകോവിൽ! കല്ലിൽ കൊത്തിവച്ച ദ്വാരപാലകർ അനുപമസൗന്ദര്യമുള്ള ശിൽപങ്ങളാണ്. മരത്തടിയിൽ കടഞ്ഞെടുത്ത ദേവിദേവന്മാരുടെ മനോഹര രൂപങ്ങൾ ശ്രീകോവിലിനെ തികച്ചും ദൈവീകമാക്കുന്നു. ശിലയിൽ ചേലൊത്തു തീർത്ത, 169 സെൻ്റീമീറ്റർ പൊക്കമുള്ള രാമവിഗ്രഹത്തിനു ടിപ്പുവിൻ്റെ പട്ടാളക്കാർ അൽപം നാശം വരുത്തി. മൈസൂരിൽ നിന്നെത്തിയവരുടെ ആക്രമണത്തിൽ അമ്പലത്തിൻ്റെ ധ്വജം പൂർണമായും നശിപ്പിക്കപ്പെട്ടു.

Description: 🟥 ദാരുശിൽപങ്ങൾ

ഗർഭഗൃഹം ഉൾക്കൊള്ളുന്ന ശ്രേഷ്ഠനിർമിതിയുടെ പുറം ഭിത്തി അലങ്കരിക്കുന്ന താങ്ങുപടി (ബ്രാക്കറ്റ്) രൂപേണെയുള്ള 29 ദാരുശിൽപങ്ങളും, ഒപ്പമുള്ള മറ്റു കലാസൃഷ്ടികളും ചരിത്രപ്രാധാന്യമുള്ള പുരാവസ്തുശാസ്ത്ര കലാരൂപങ്ങളായി കണക്കാക്കപ്പെടുന്നു. മേൽക്കൂരയുടെ കഴുക്കോലുകളെയും തുലാങ്ങളെയും താങ്ങിനിർത്തുന്നതു പോലെ ചെരിച്ചു ഘടിപ്പിച്ചിട്ടുള്ള മരത്തിൻ്റെ താങ്ങുപടികളിൽ കാണുന്നത് ഹൃദയഹാരികളായ കൊച്ചു ശിൽപങ്ങളാണ്. ASI ഒരിക്കൽ പുതുക്കിപ്പണിഞ്ഞ ഈ ചെറുപ്രതിമകളിൽ വേദപുരാണേതിഹാസങ്ങളെല്ലാം വായിച്ചെടുക്കാം! ഏറെ കമനീയമായ ഈ ദാരുശിൽപങ്ങളിൽ ദക്ഷിണാമൂർത്തി, ബ്രഹ്മാവ്, ഇന്ദ്രൻ, അഗസ്ത്യമുനി, നരസിംഹം, വാമനൻ, ചതുർഭുജ ശിവൻ, കിരാത രൂപനായ ശിവൻ, അർജുനന് പാശുപതാസ്ത്രം നൽകുന്ന ശിവൻ, വിഷ്ണു, അർജുനൻ്റെ പശ്ചാത്താപം മുതൽ സീതാദേവിയെ അപഹരിച്ചു ലങ്കയിലേയ്ക്കു കൊണ്ടുപോകുന്ന രാവണൻ വരെയുണ്ട്!

Description: 🟥 മൂന്നു ചെറുക്ഷേത്രങ്ങൾ

വടക്കു ഭാഗത്തു ദേവസ്വം കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടവും, എതിർവശത്തു അടുത്തടുത്തു നിലകൊള്ളുന്ന മൂന്നു കൊച്ചു ക്ഷേത്രങ്ങളും ഭക്തരെ ആകർഷിച്ചില്ലെങ്കിലേ അതിശയമുള്ളൂ! പ്രഭാസത്യക സമേതനായ ധർമശാസ്താവ് തെക്കും, ഭദ്രാവിധാനത്തിലുള്ള ഭഗവതി വടക്കും, ശ്രീ അയ്യപ്പൻ മധ്യത്തിലും നിറഞ്ഞുനിന്നു ഈ മൂന്നു ചെറുക്ഷേത്രങ്ങൾക്കു ചേതനയേകുന്നു.

Description: 🟥 ഇലച്ചാർത്തോടെ അശോകം

പ്രധാന പ്രവേശന കവാടമായ പടിഞ്ഞാറേ ഗോപുരത്തിനു തൊട്ടു മുമ്പിൽ ഇലച്ചാർത്തോടെ തഴച്ചുവളർന്നു നിൽക്കുന്ന അശോകം, ലങ്കാധിപതി രാവണൻ സീതാദേവിയെ അപഹരിച്ചുകൊണ്ടുപോയി ഇരുത്തിയ പുണ്യവൃക്ഷത്തിൻ്റെ സ്മരണകളിലേയ്ക്കു ക്ഷേത്രസന്ദർശകരെ പതുക്കെ എത്തിക്കുന്നുണ്ട്.

Description: 🟥 പൊതു വേദി

ക്ഷേത്രത്തിനും ദേവസ്വം കാര്യാലയത്തിനുമിടയിൽ നിർമിച്ചിരിക്കുന്ന പൊതു വേദിയിലാണു ക്ഷേത്രകലകളും, മറ്റു കലാപരിപാടികളും അരങ്ങേറുന്നത്. അംഗുലിയാങ്കം കൂത്തു മാത്രമാണ് ക്ഷേത്രത്തിനകത്തുള്ള കൂത്തമ്പലത്തിൽ സാക്ഷാൽക്കരിക്കപ്പെടുന്നത്. കൂടിയാട്ട കലാകാരികൾ അറിഞ്ഞിരിക്കേണ്ടതായ അംഗുലിയാങ്കം അക്കാഡമിക് പരിവേഷം അധികമുള്ള അവതരണങ്ങളിലൊന്നാണ്.

Description: 🟥 തീർത്ഥക്കുളം

ഉയർത്തിക്കെട്ടിയ ഭീമൻ അതിർത്തിമതിൽക്കെട്ടും, ദീർഘചതുരാകൃതിയിലുള്ള വിശാലമായ ക്ഷേത്രക്കുളവും കടവല്ലൂർ അമ്പലത്തിൻ്റെ ബാഹ്യ രമണീയത വർധിപ്പിക്കുന്നു. തീർത്ഥക്കുളമെന്ന് അറിയപ്പെട്ടിരുന്ന തടാക സമാനമായ ജലശേഖരം സന്ധ്യാവന്ദനത്തനത്തിനു തയ്യാറെടുക്കുന്ന ഋഷിമാർ ഉപയോഗിച്ചിരുന്നതായി രേഖകളിൽ കാണുന്നു.

Description: 🟥 കടവല്ലൂർ അന്യോന്യം

അന്യോന്യം അരങ്ങേറുന്ന ക്ഷേത്രമെന്നു ഭാരതമാകെ അറിയപ്പെടുന്നതാണ് ഒരു പക്ഷേ കടവല്ലൂരിൻ്റെ ഏറ്റവും മഹനീയമായ വിശേഷണം. എക്കാലത്തും ഈ ചെറുപട്ടണം രാജ്യത്തെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി അറിയപ്പെട്ടു. ഋഗ്വേദത്തിലെ 10,472 ശ്ലോകങ്ങൾ മനഃപാഠമാക്കി, ചൊല്ലി കേൾപ്പിക്കുന്നതിലുള്ള ബുദ്ധിയും കഴിവും പാണ്ഡിത്വവും പരിശോധിക്കുന്നതാണ് പ്രാഥമികമായി അന്യോന്യമെന്ന മത്സരം. ഋഗ്വേദത്തിലെ ഏതെങ്കിലും ഭാഗത്തെ ചില ശ്ലോകങ്ങളായിരിക്കും ഒരു സമയത്തു തിരഞ്ഞെടുത്തു ചോദിച്ചു, പങ്കെടുക്കുന്നവരെ പരീക്ഷയ്ക്കു വിധേയമാക്കുന്നത്. യാദൃച്ഛികവും ക്രമരഹിതവുമായി തിരഞ്ഞെടുത്ത ഒരു ഭാഗം യാതൊരു പിഴവുമില്ലാതെ, ശരിയായ സ്വരഭേദത്തിലും, സ്വാഭാവികമായ ആരോഹണ, അവരോഹണ, ഈണ ക്രമത്തിലും ചൊല്ലണം. തൃശ്ശൂർ, തിരുന്നാവായ ബ്രഹ്മസ്വം മഠങ്ങളിലെ അദ്ധ്യോതാക്കൾ തമ്മിലുള്ള ഒരു മത്സരമായാണ് അന്യോനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 'പലക കിട്ടൽ', 'വാരമിരിയ്ക്കൽ', 'ജത', 'രഥ', 'മുമ്പിരിക്കൽ', 'കടന്നിരിക്കൽ' മുതലായ നിരവധി പരീക്ഷാ ഘട്ടങ്ങളിലൂടെ പടിപടിയായി വിജയം നേടിയതിനു ശേഷം മാത്രമേ മത്സരിക്കുന്നൊരാൾ അന്തിമമായ 'വലിയ കടന്നിരിക്കൽ' സ്ഥാനത്തെത്തുകയുള്ളൂ! വർഷം തോറും നടത്തിവരുന്ന ഋഗ്വേദ സംവാദം വൃശ്ചികം ഒന്നാം തീയതി മുതലുള്ള രണ്ടാഴ്ചകളിലാണ് അരങ്ങേറുന്നത്. ഏകാദശി, അമാവാസി ദിനങ്ങളിൽ ആന്യോന്യം കൂടാറില്ല. ആരോഗ്യകരവും ക്രിയാത്മകവുമായ മത്സര മനോഭാവം വളർത്തിയെടുക്കുന്ന ബൗദ്ധിക വ്യവഹാരമായതിനാൽ, തൃശ്ശൂരിലെയും തിരുനാവായയിലെയും ബ്രഹ്മസ്വം മഠങ്ങളിലെ വേദപണ്ഡിതർക്കുള്ള അവസാന പരീക്ഷയുമാണ് കടവല്ലൂർ അന്യോന്യം. ക്ഷേത്ര നടത്തിപ്പിനെക്കുറിച്ചു രണ്ടു വിഭാഗങ്ങൾ തമ്മിൽ 1920-ൽ ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നു, ഭരണ നിർവഹണം കൊച്ചി രാജാവ് ഏറ്റെടുത്തു. 1949-ൽ കടവല്ലൂർ ശ്രീരാമക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുമായി. 1949 മുതൽ 1988 വരെയുള്ള നീണ്ട കാലയളവിൽ അരങ്ങേറാതെപോയ അന്യോന്യം 1989-ൽ പുനഃസ്ഥാപിച്ചു. മുൻ കാലങ്ങളിൽ ഋഗ്വേദത്തിൻ്റെ മുഴുവൻ ശ്ലോകങ്ങളും ചൊല്ലിപ്പിച്ചു നടത്തിയിരുന്ന പരീക്ഷയ്ക്കു പകരം, തിരഞ്ഞെടുത്ത ഒരു ഭാഗം മാത്രം ഉപയോഗിച്ചു പഠിതാക്കളെ പരിശോധിക്കുന്ന ലാളിത്യവൽക്കരണവും അന്യോനം പുനഃരാരംഭിച്ചപ്പോൾ പ്രാവർത്തികമാക്കി. 
 

ചരിത്രമുറങ്ങുന്ന കടവല്ലൂർ (വിജയ് സി.എച്ച്)ചരിത്രമുറങ്ങുന്ന കടവല്ലൂർ (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക