ഇ-മലയാളി കവിത മത്സരം 2024 വേണു നമ്പ്യാർ ജൂറി അവാർഡ് ജേതാവ്
1. ഇ-മലയാളിയുടെ പുരസ്കാരം നേടിയതിൽ അഭിനന്ദനം. ഇ-മലയാളിയുടെ പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ? എഴുത്തുകാരെ അംഗീകരിച്ചുകൊണ്ട് ഇ_ മലയാളി നൽകുന്ന അവാർഡിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.,
'വരിക്കപ്പിലാവ്' എന്ന കഥയും 'ഈ നിമിഷം' എന്ന കവിതയുമാണ് മത്സരത്തിന് കൊടുത്തത്. കഥ പ്രസിദ്ധീകരിച്ചു വന്ന സമയം,ശ്രീ സുധീർ പണിക്കവീട്ടിൽ നല്ല ഒരു അഭിപ്രായം എഴുതിയിരുന്നു. അതിനാൽ ആ കഥയ്ക്ക് ഒരു ജൂറി അവാർഡെങ്കിലും കിട്ടുമെന്ന്
ഞാന്തം പ്രതീക്ഷിച്ചു പോയി. ഫലപ്രഖ്യാപനം വന്നപ്പോൾ ജൂറി അവാർഡ് എന്റെ 'ഈ നിമിഷം' എന്ന കവിതയ്ക്ക്! കഥയ്ക്ക് കിട്ടാതിരുന്നത് കവിതയ്ക്ക് കിട്ടിയല്ലോ. സന്തോഷമായി. ഇമലയാളി അവാർഡ് ഭാഷാ സാഹിത്യത്തിന്റെ വളർച്ചക്ക് സ്തുത്യർഹമായ ഒരു പങ്ക് വഹിക്കുമെന്നതിനു യാതൊരു സംശയവുമില്ല. ഇമലയാളിക്ക് നന്ദി. ഹൃദയംഗമമായ ആശംസകൾ.
2. നിങ്ങൾ സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ രചനകൾ നടത്തിയിട്ടുണ്ട്. നിങ്ങളുടെ സർഗ്ഗശക്തി പ്രകടിപ്പിക്കാൻ നിങ്ങൾക്ക് എളുപ്പം ഏതു വിഭാഗം കൈകാര്യം ചെയ്യുന്നതിലാണ്. നിങ്ങൾ നിങ്ങളിലെ എഴുത്തുകാരനെ എപ്പോൾ/എങ്ങനെ കണ്ടുമുട്ടി.
ആദ്യമൊക്കെ കഥയെഴുത്തിലായിരുന്നു ആഭിമുഖ്യം.
പിന്നീടത് കവിതയിലേക്ക് തിരിഞ്ഞു.
കവിതയിൽ കാച്ചിക്കുറുക്കി പറയാനുള്ള
സ്വാതന്ത്ര്യമുണ്ടല്ലോ.
3. ഇതിനകം എത്ര പുസ്തകങ്ങൾ എഴുതി? ഏതേതു വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഏറ്റവും പ്രചാരം കിട്ടിയ പുസ്തകം. അതേക്കുറിച്ച് ചുരുക്കി പറയുക.
ഇതിനകം അഞ്ചോളം പുസ്തകങ്ങളിറക്കാനുള്ളത്രയും കഥകളും കവിതകളും പല പ്രസിദ്ധീകരണങ്ങളിലായി
അച്ചടിച്ചു വന്നിട്ടുണ്ടെങ്കിലും ഒരു പുസ്തകമിറക്കാനുള്ള ആത്മധൈര്യം
ഇപ്പോഴുമില്ലെന്നു വേണം പറയാൻ.
4. ഇ-മലയാളിയുടെ പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഇ-മലയാളിയുടെ പ്രവർത്തനശൈലിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ.
ഇമലയാളിയുടെ പ്രവർത്തന ശൈലി
മികവുറ്റതാണ്. മാറ്റം നിർദ്ദേശിക്കാനുള്ള
സാങ്കേതിക പാടവം എനിക്കില്ലെന്നറിയിക്കുന്നതിൽ ഖേദമുണ്ട്. ഇമലയാളിയിൽ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന ഒരു പ്രതിവാര കാർട്ടൂൺ പംക്തി തുടങ്ങുന്നത്
ഉചിതമായിരിക്കുമെന്നു തോന്നുന്നു.
5.എഴുത്ത് എന്ന അനുഭവത്തെക്കുറിച്ച് പറയുക. ക്ലാസ്സിക്ക് കൃതികൾ പുതിയ തലമുറ അവഗണിച്ച്കൊണ്ട് ആധുനികത എന്ന ഒരു രീതിയിൽ അഭിരമിക്കുന്നു. ഇത്തരം രചനകൾക്ക് സാഹിത്യമൂല്യം കുറയുമോ? പൊതുവെ സാഹിത്യമേഖല മന്ദീഭവിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?
5. ജീവിതത്തിന്റെ ഏതു മേഖലയിലായാലും ശരി, പഴമ മറ്റൊരു വാതിലിലൂടെ പുതിയ വേഷം കെട്ടി കടന്നു വരുന്നതു
കാണാം. ക്ലാസ്സിക്കായാലും ആധുനികമായാലും സാഹിത്യം ജീവിതത്തിലേക്ക് ഉൾക്കാഴ്ച പകരുന്നതാകണം.
6. നിങ്ങൾ ആധുനികതയുടെ വക്താവാണോ? നമ്മൾ കടന്നുപോന്ന പല പ്രസ്ഥാനങ്ങളും വീണ്ടും തിരിച്ചുവരണമെന്ന അഭിപ്രായമുണ്ടോ? (ഉദാഹരണം..ക്ളാസ്സിസിസം, നിയോ ക്ളാസ്സിസിം, റൊമാന്റിസം, സിമ്പോളിസം,മോഡേണിസം ....) എങ്കിൽ ഏതു പ്രസ്ഥാനം നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു.
ഞാൻ ആധുനികതയുടെ വക്താവല്ല.
എനിക്കിഷ്ടം objective art ആണ്. ആരു കടന്നു ചെന്നാലും കരഞ്ഞു പോകുന്ന
ഒരു മുറി രൂപകല്പന ചെയ്ത ഒരു ആർക്കിടെക്റ്റിന്റെ സർഗ്ഗശക്തിയുണ്ടല്ലോ, അത് രചനകളിൽ പ്രതിഫലിപ്പിക്കുക എന്നതാണ് എന്റെ വ്യക്തിപരമായ സർഗ്ഗദൌത്യം. സിമ്പോളിസം മോഡേണിസം ഇവ ഇഷ്ടമാണ്
7. എഴുത്തിൽ സത്യവും ഭാവനയും കലരുമ്പോൾ ഏതിന് പ്രാമുഖ്യം നൽകുന്നു. സത്യത്തിനു മുൻ തൂക്കം നൽകുമ്പോൾ സാഹിത്യമൂല്യം കുറയാൻ സാധ്യതയുണ്ടോ. നിങ്ങളുടെ കൃതികളെ ആസ്പദമാക്കി പറയുക.
ഭാവനയിലൂടെ സത്യത്തിൽ എത്തിച്ചേരാം. എന്നാൽ ഭാവന കേവലം ഒരു മാർഗ്ഗമാണെന്നു തിരിച്ചറിയണം. മുഖ്യവിഷയം സത്യസാക്ഷാത്ക്കാരവും അതിന്റെ അനുഭൂതിയുമാകണം.
8. എഴുത്തുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടായ രസകരമായ എന്തെങ്കിലും അനുഭവങ്ങൾ പങ്കു വയ്ക്കുക.
മുപ്പത്തിയഞ്ച് വർഷത്തോളം കാലം ജീവിതം മറുനാട്ടിലായിരുന്നു. ഡെഹ്റാ ഡൂണിൽ താമസിക്കുന്ന കാലത്ത് സഹൃദയനായ ഒരു ബംഗാളി
സുഹൃത്ത് ശ്രീ മാനസ് ചക്രവർത്തി എന്റെ രചനകൾ പുസ്തകരൂപത്തിലാക്കണമെന്നും അതിനുള്ള ചിലവൊക്കെ അദ്ദേഹം വഹിക്കുമെന്നും നിരന്തരം പറയാറുണ്ടായിരുന്നു. വേറൊരു സംഭവം എന്റെ ബോസ് ശ്രീ ആർ കെ സിങ്ങിന്റെ ആത്മസുഹൃത്തും
പണ്ഡിതനും സഹൃദയനും ഓഎൻജി സിയിൽ ഡെപ്യുട്ടി ജനറൽ മാനേജരുമായിരുന്ന ശ്രീ ഝാ ആവശ്യപ്പെട്ടതനുസരിച്ച് ഒരു ദിവസം ഞാൻ പുഴ മാഗസിനിൽ വന്ന എന്റെ ഒരു കവിത, ഇംഗ്ലീഷിൽ വിവർത്തനം ചെയ്തിട്ട് അദ്ദേഹത്തെ കാണിക്കുകയുണ്ടായി. കവിത വായിച്ചതിനു ശേഷം അദ്ദേഹം എന്റെ തലയിൽ കൈ വെച്ച്ആശിർവദിച്ചു. ആ നിമിഷം ഒരിക്കലും മറക്കുവാൻ കഴിയില്ല.
9. ഇ_മലയാളി എഴുത്തുകാരോടും വായനക്കാരോടും നിങ്ങൾക്ക് പറയാനുള്ളത്.
മലയാളമുണ്ടെങ്കിലേ നമുക്ക് സാഹിത്യമുള്ളൂ. മലയാളത്തനിമയെ താലോലിച്ച് വളർത്തുവാൻ എഴുത്തുകാരനും വായനക്കാരനും ഒരു പോലെ ബാദ്ധ്യസ്ഥരാണ്.
10. നിങ്ങളുടെ ആദ്യരചന എപ്പോൾ പ്രസിദ്ധീകരിച്ചു അതേക്കുറിച്ച്
ചുരുക്കമായി പറയുക. ഒരു എഴുത്തുകാരൻ ആകാൻ നിങ്ങൾക്ക് കഴിയുമെന്നു തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കു വയ്ക്കുക.
കൗമാരകാലത്ത് മാതൃഭൂമിയുടെ ബാലപംക്തിയിലേക്ക് അയച്ച കഥയാണ് ആദ്യമായി വെളിച്ചം കാണുന്നത്. അതിനോടനുബന്ധമായി
കുഞ്ഞുണ്ണി അയച്ച കാർഡിലെ വരികൾ ഇപ്പോഴും ഓർമ്മയുണ്ട്: "വേണുവിനു കഥയെഴുതാൻ കഴിയും; വിടാതെകൂടിക്കോളൂ."
11. ഇ-മലയാളി പതിവായി വായിക്കാറുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ വിവരിക്കുക.
കാലികമായ വിഷയങ്ങളിൽ എഴുത്തുകാർക്കും വായനക്കാർക്കും
സംവാദചർച്ചയ്ക്കുള്ള ഒരു കോളം തുടങ്ങാം. അതു വഴി കമന്റ് കോളത്തിന്റെ സ്ഥൂലത ഒഴിവാക്കാം.
ടി കോളത്തിൽ വരുന്ന വിലപ്പെട്ട പല കാഴ്ചപ്പാടുകളും ഇപ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകയാണ്.
12. . ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് അതിലെ ഉള്ളടക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. സാഹിത്യം, മതം, പൊതുവിവരങ്ങൾ, പ്രവാസികൾക്കായുള്ള അറിയിപ്പുകൾ, നിരൂപണങ്ങൾ, സിനിമ, കല-സാംസ്കാരിക രംഗം എന്നിവ കൂടാതെ നിങ്ങൾ ഉൾപെടുത്താൻ ആഗ്രഹിക്കുന്ന പംക്തികൾ.
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന ഒരു പ്രതിവാര കാർട്ടൂൺ പംക്തി
13. എഴുതാൻ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ ? എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളിൽ ഉണ്ടായി. ഇപ്പോൾ ആ സ്വാധീനത്തിൽ നിന്നും മുക്തനായി സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് കരുതുന്നോ.
ബഷീർ, വി കെ എൻ, പി, ഇടശ്ശേരി,വൈലോപ്പിള്ളി എന്നീ എഴുത്തുകാരെഇഷ്ടമാണ്. അവരുടെ കൃതികൾഎന്റെ രചനകൾക്ക് ഊർജ്ജം നൽകാറുണ്ട്.
14. ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് നിങ്ങൾ ഇ- മലയാളിയിൽ
വായിച്ച ഏറ്റവും നല്ല രചന ഏതു?
എഴുത്തിൽ തെളിമയും പ്രസാദവും മനോജ്ഞമായി കാത്തുസൂക്ഷിക്കുന്ന ശ്രീ സുധീർ പണിക്കവീട്ടിലിന്റെ
മിക്ക രചനകളും മികച്ച വായനാനുഭവം നൽകുന്നവയാണ്
15.നിങ്ങൾ എത്ര പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവരിക്കുക.
എന്റെ രചനകളിൽ നിന്നു നല്ല ചിലതു തിരഞ്ഞെടുത്ത് ഒരു പുസ്തകം ഇറക്കണമെന്ന ചിന്ത ഇടയ്ക്കൊക്കെ അലട്ടാറുണ്ട്. അത് പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്നില്ല. കാരണം അലസത തന്നെ.
16. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ എങ്ങനെ സ്വീകരിക്കുന്നു. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.
ഒരു ജനാധിപത്യ സമൂഹത്തിൽ
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം
ഓരോരുത്തർക്കുമുണ്ട്. അത്
ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കണമെന്നു മാത്രം. യുക്തിപരമായും മാന്യതയോടെയും ചെയ്യുമ്പോഴേ സംവാദം
സാർത്ഥകമാകൂ.
17. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ ? ആ സ്വപ്നം സാക്ഷാത്‌കരിക്കപ്പെട്ടുവെന്നു നിങ്ങൾ വിശ്വസിക്കുന്നോ? ഇ മലയാളിയുടെ താളുകൾ അതിനു നിങ്ങൾക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നോ ? Not replied
18. അമേരിക്കൻ മലയാളി എഴുത്തുകാരിൽ അല്ലെങ്കിൽ ഇമലയാളിയിൽ എഴുതുന്ന എഴുത്തുകാരിൽ നിങ്ങൾ ആരെ ഇഷ്ടപ്പെടുന്നു.
ശ്രീ സുധീർ പണിക്കവീട്ടിൽ,ശ്രീ ജയൻ വർഗ്ഗീസ്, . ശ്രീമതി രമാപിഷാരടി, ശ്രീ രാജു തോമസ് എന്നിവരുടെ പേരുകളാണ് പെട്ടെന്ന്
ഓർമയിലെത്തുന്നത്.
19. അവാർഡുകൾ, അംഗീകാരങ്ങൾ, അനുമോദനങ്ങൾ ഇവ നേടിയവരെ മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു. അതവർ അർഹിക്കുന്നില്ല. അർഹിക്കുന്നവർ വേറെ ചിലരാണു എന്നു തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാർഡ്.
. അവാർഡു നിർണ്ണയം കുറ്റമറ്റതാക്കാൻ
അതുമായി ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ സാഹിത്യത്തിന്റെ അൾട്ടിമേറ്റ് വിധികർത്താവ് കാലമാണെന്ന
കാര്യം ആരും വിസ്മരിക്കരുത്.
------
ലഘുവിവരണം:
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്ത്,അക്കൗണ്ടൻസി,ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ ഇത്യാദി പല വേലകളിലും ഭാഗ്യം പരീക്ഷിച്ചു നോക്കിയെങ്കിലും ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത, ഡൽഹി, ഡെഹ്റാഡൂൺ. കൊൽക്കത്തയിൽ
പ്രൈവറ്റ് സെക്റ്ററിലും ഡൽഹിയിൽ
ഡിഫൻസ് മിനിസ്ടിയിലും ഡെഹ്റാഡൂണിൽ പബ്ലിക് സെക്ടറിലും
ജോലി ചെയ്തു.
എഴുത്തിന്റെ കാര്യത്തിൽ, "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, ദേശാഭിമാനി, കുങ്കുമം, കഥ, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം, ഇമലയാളി, പുഴ മാഗസിൻ , മലയാള മനോരമ ഓൺലൈൻ എന്നീ പ്രസിദ്ധീകരണങ്ങളിൽ വെളിച്ചം കണ്ടു. കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ ശകാരം നിരന്തരം ഏൽക്കേണ്ടി വന്നിരുന്നു. .'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം ലഭിച്ചു.
2010 ൽ ഓ എൻ ജി സി ഡെഹ്‌റാഡൂണിൽ എച്ച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽ ജോലി ചെയ്യവെ,വി ആർ എസ്സെടുത്തു.
ഇപ്പോൾ കണ്ണപുരത്ത് ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം.
രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338