പതിവില്ലാതാകാശം
പതിവായി ചോക്കുമ്പോൾ
പിടയുന്നെൻ നെഞ്ചിന്റെ
മൃദു തന്ത്രികൾ
ഭയമൊരു വിറയലാ-
യലറുന്നു നിനവിന്റെ
യപശ്രുതി കരയലായ്
പൊതിയുന്നെന്നെ
എവിടെയാണൊരു ലോഹ
പ്പക്ഷിയായ് പെരുവയർ
ഒഴിയുവാ, നിരച്ചെത്തും
ഹുങ്കാരവങ്ങൾ ?
അടിയിലെ ചെറു കൂര ത -
ന്നതിരുകൾക്കക വശം
ഇണയുടെ മടിയിലെൻ
മകനുറങ്ങുന്നു.
അവനാണ് നാളെപ്പാരിൻ
ഗതികളെ നെഞ്ചേറ്റുന്ന
പുതുയുഗ പുലരിപ്പൂ
വിരിയിക്കേണ്ടവൻ !?
അരുതരുതവനിയിൽ
വിരിയുന്ന സ്വപ്നപ്പൂക്കൾ
അരിയുന്ന ഹുംകാരവം
അകലെ നിൽക്കട്ടെ !