Image

"....ഭ്രാന്തായാൽ എന്തു സുഖം, സകറാത്തുൽ മൗത്തിന്ന് എന്തു രസം..." (ഷുക്കൂർ ഉഗ്രപുരം )

Published on 19 February, 2025
"....ഭ്രാന്തായാൽ എന്തു സുഖം, സകറാത്തുൽ മൗത്തിന്ന് എന്തു രസം..." (ഷുക്കൂർ ഉഗ്രപുരം )

പ്രണയത്തെ / ഇശ്ഖിനെ കുറിച്ച് തന്നെയാണ് പറയാനുള്ളത്.

കുറേ ആയി പറയണമെന്ന് വിചാരിക്കുന്നു. പക്ഷേ ഇന്നാണ് അതിന് ഒരു സന്ദർഭം ഒത്തു കിട്ടിയത്.

"എല്ലാ മനുഷ്യർക്കും - പണമുള്ളവനും ഇല്ലാത്തവനും ചെരുപ്പുകുത്തിക്കും  ചുമട്ടുകാരനും തോട്ടിപ്പണിക്കാരനും ഉൾപ്പെടെയുള്ള എല്ലാ മനുഷ്യർക്കും ഒരു പ്രണയമുണ്ടാകുമെന്ന് പറഞ്ഞത് വൈക്കം മുഹമ്മദ് ബഷീറാണ്.

പ്രണയത്തിന് പകരം നിൽക്കാൻ കഴിയുന്നത് പ്രണയത്തിന് മാത്രമാണ്. ലൈലയേയും മജ്നുവിനേയുമൊക്കെ സൃഷ്ടിക്കാൻ കഴിയുക പ്രണയത്തിനല്ലാതെ മറ്റെന്തിനാണ്.

"ഒരിക്കൽ ലൈലക്ക് ഒരു മാറാ രോഗം പിടിപെട്ടു. അസുഖം മാറുന്നതിന് വേണ്ടി, ഫഖീറായ ആളുകൾക്ക് ഭക്ഷണം വെച്ച് നൽകാം എന്ന് അവൾ നേർച്ച വെച്ചു .

അപ്പോൾ അസുഖം മാറി, നേർച്ച വെച്ചത് പ്രകാരം ലൈല കൊട്ടാരത്തിന് മുൻപിൽ വെച്ച് ഭക്ഷണം വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്.

ഒരുപാട് ഫഖീറൻമാർ ഭക്ഷണത്തിനു വേണ്ടി വന്നു ചേർന്നു. എല്ലാവരും ഒരു വരിയായി നിന്നു. വരിയുടെ അങ്ങേ അറ്റത്ത് "മജ്നൂനും" ഉണ്ട്.

അങ്ങനെ "മജ്നൂൻ്റെ" ഊഴമെത്തി. ലൈല ഓരോരുത്തർക്കും ഭക്ഷണം അവരുടെ കയ്യിലുള്ള തളികയിൽ  നൽകികൊണ്ടിരിക്കുകയാണ്.

"മജ്നൂനെ" കണ്ടതും ലൈല അവൻ്റെ കയ്യിലെ ഭക്ഷണ തളിക വാങ്ങി എറിഞ്ഞു പൊട്ടിച്ചു .

"മജ്‌നൂൻ" ഇത് കണ്ട് നൃത്തം വെക്കാൻ തുടങ്ങി. (മജ്നുവിന് ഒരു പേരും നാടും മേൽവിലാസവും ഉണ്ടായിരുന്നു. ലൈലയുടെ പ്രണയത്തിൽ  ഭ്രാന്തനായപ്പോൾ അവന് മജ്‌നൂൻ എന്ന് പേര് ലഭിച്ചു)

ആളുകൾ പറഞ്ഞു, ഇയാൾക്ക് ഭ്രാന്ത് തന്നെ. നൃത്തം ചെയ്യുന്നതിനിടെ മജ്‌നൂൻ പറയുന്നുണ്ടായിരുന്നു".

"എൻ്റെ ലൈല എന്നെ തിരിച്ചറിഞ്ഞു"

ഞാൻ പറഞ്ഞു വരുന്നത്  ഈയിടെയായി വൈറലായ ഒരു സൂഫി ഗാനത്തെ കുറിച്ചാണ്.  "....ഭ്രാന്തായാൽ എന്തു സുഖം

സകറാത്തുൽ മൗത്തിന്ന് എന്തു രസം..." പലരും തെറ്റായി ആഖ്യാനം മനസ്സിലാക്കിയ വരികളാണ് അതിനുള്ളത്. ആളുകൾക്ക് ആഖ്യാനം മനസ്സിലായില്ല എന്നത് പോവട്ടെ ആളുകൾ ആ വരികളുടെ പൊരുളെങ്കിലും മനസ്സിലാക്കണമായിരുന്നു. പിന്നെ സാധാരണക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ലോകം എല്ലാ കാലത്തും അങ്ങിനെയാണ്. ജ്ഞാനമുള്ളവർ തെറ്റു തിരുത്തിക്കൊടുക്കണമായിരുന്നു; അതും സംഭവിച്ചില്ല.

പിന്നെ ആ പാട്ടിൻ്റെ വരികളുടെ പൊരുളും ആഴവും വസ്തുതയും അറിയുന്നവർ ഒരു തവണയെങ്കിലും സർവ്വേശ്വരൻ്റെ പ്രണയ നോട്ടമെങ്കിലും ലഭിച്ചവരാണ്. ഏറ്റവും ശുദ്ധമായ സുഖമുള്ള പ്രണയാനുഭവം ആസ്വദിക്കുന്ന ആ മനുഷ്യർക്ക് നിങ്ങളെന്ത് പേരിട്ട് വിളിച്ചാലും ഒരു പ്രശ്നവുമില്ല. മനുഷ്യൻ്റെ പ്രണയം ലഭിച്ചാൽ പോലും നിങ്ങൾക്ക് എന്തൊരു അനുഭൂതിയാണല്ലെ? പിന്നെ പടച്ചോൻ്റെ പ്രണയ നോട്ടം ലഭിച്ചാലുള്ള സൂഫികളുടെ കാര്യം പറയണോ?!

അവർ മജ്നുവിൻ്റെ മറ്റൊരു വേർഷനാണ്.

ഒരു തവണയെങ്കിലും നിങ്ങൾ അള്ളാഹുവിനെയൊന്ന് പ്രണയിച്ച് നോക്കൂ. ഓരൊറ്റത്തവണ മാത്രം! യഥാർത്ഥ പ്രണയം അപ്പോൾ മാത്രമെ നിങ്ങൾക്ക് ഗ്രഹിക്കാനാകൂ. നിങ്ങളുടെ ജീവിതവും ജീവിതാനന്തരവും ധന്യമാവാൻ അതുമതി!

ജലാലുദ്ധീൻ റൂമിയുടെ മസ്നവിയിൽ വെളിച്ചത്തെ പ്രണയിച്ച് വിളക്കിനു ചുറ്റും പാറിപ്പറന്ന് തീയിൽ വെന്തെരിയുന്ന പാറ്റയെ കുറിച്ച് പറയുന്നുണ്ട്.

ആ പാറ്റയും പാടുന്നത് സഖറാത്തുൽ മൗത്തിന്ന് എന്തു രസം എന്നു തന്നെയായിരിക്കും.

"....ഭ്രാന്തായാൽ എന്തു സുഖം

സകറാത്തുൽ മൗത്തിന്ന് എന്തു രസം"

ഖലീൽ ജിബ്രാൻ പറഞ്ഞ പോലെ മുസ്തഫയെ പ്രണയിച്ച് / ഈശ്വരനെ പ്രണയിച്ച് ഭ്രാന്തായാൽ എന്തു സുഖം എന്നല്ലാതെ പിന്നെ എന്ത് ആഖ്യാനമാണ് അതിന് - ആ വരികൾക്ക് നൽകേണ്ടത്.

സക്ർ എന്ന് പറയുന്ന അറബി പദത്തിന് നിഘണ്ടുവിൽ മധുരമെന്ന് ഒരു അർത്ഥവുമുണ്ട് - സകറാത്തുൽ മൗത്ത് പടച്ചോനെ പ്രണയിക്കുന്നവർക്ക് ഓനെ കാണാൻ പോകുന്ന നാളിലെ മധുരതരമായ അനുഭൂതിയെ കുറിച്ചാണ് പറയുന്നത് - പടച്ചോനെ പ്രണയിക്കുന്നവർക്ക്  മരണം അങ്ങിനെയല്ലാതെ പിന്നെ എങ്ങിനെയാണ്?

പ്രണയം ഒരു അനുഭവമാണ് - ഒരു അനുഭൂതിയും. പരിപൂർണമായ പ്രണയം സമ്പൂർണ്ണനായ പടച്ചോനും പ്രവാചകനും മാത്രം സാധ്യമായതുമാത്രമാണ്.

അവൻ അത്രമേൽ നിങ്ങളെ പ്രണയിച്ചിട്ടും നിങ്ങളെന്തിനാണ് വെറുപ്പോടെ മുഖം തിരിക്കുന്നത്?

നഷ്ടവും നോവും നിങ്ങൾക്ക് മാത്രമായിരിക്കും; സമ്പൂണനായ പടച്ചോന് എന്നും സ്നേഹം നിങ്ങളോട് മാത്രമായിരിക്കും. അവൻ നിങ്ങളെ ഒരിക്കലും കൈവിടില്ല.

"....ഭ്രാന്തായാൽ എന്തു സുഖം

സകറാത്തുൽ മൗത്തിന്ന് എന്തു രസം" 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക