ഇ-മലയാളി കഥാമത്സരം 2024 ഹസ്ന വി പി: ജൂറി അവാർഡ് ജേതാവ്
1. ഇ-മലയാളിയുടെ പുരസ്കാരം നേടിയതിൽ അഭിനന്ദനം. ഇ-മലയാളിയുടെ പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ? എഴുത്തുകാരെ അംഗീകരിച്ചുകൊണ്ട് ഇ_ മലയാളി നൽകുന്ന അവാർഡിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.
ഈ പുരസ്കാരം തികച്ചും അപ്രതീക്ഷിതമാണ്.നവാഗതരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുള്ള ഇ-മലയാളിയുടെ ഈ പദ്ധതി വളരെയധികം സ്തുത്യർഹമാണ്.ഇനിയും ഒരുപാട് കലാകാരൻമാരെ വളർത്തിയെടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. .
2. നിങ്ങൾ സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ രചനകൾ നടത്തിയിട്ടുണ്ട്. നിങ്ങളുടെ സർഗ്ഗശക്തി പ്രകടിപ്പിക്കാൻ നിങ്ങൾക്ക് എളുപ്പം ഏതു വിഭാഗം കൈകാര്യം ചെയ്യുന്നതിലാണ്. നിങ്ങൾ നിങ്ങളിലെ എഴുത്തുകാരനെ എപ്പോൾ/എങ്ങനെ കണ്ടുമുട്ടി.
- ഞാൻ കവിതകളും കഥകളുമെല്ലാം എഴുതാറുണ്ടെങ്കിലും കഥകളോടാണ് കുറച്ചധികം താൽപര്യമുള്ളത്..കവിതയെക്കാൾ ജനകീയമല്ല കഥ? പുസ്തക പ്രേമികളായ മാതാപിതാക്കളെ കണ്ടു വളർന്നതു കൊണ്ടാവണം ചെറുപ്പം മുതലേ വായനയോടും എഴുത്തിനോടുമെല്ലാം എനിക്ക് ഭ്രമമുണ്ടായിരുന്നു.ഉപ്പയും എഴുത്തിൽ കഴിവു തെളിയിച്ചൊരു വ്യക്തിയാണ്.സ്കൂളിലെ കഥാരചനാ മത്സരങ്ങളിൽ പലപ്പോഴും ഒന്നാം സ്ഥാനക്കാരിയായപ്പോഴാണ് എൻ്റെ ഉള്ളിലും ഒരെഴുത്തുകാരിയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്.
3. ഇതിനകം എത്ര പുസ്തകങ്ങൾ എഴുതി? ഏതേതു വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഏറ്റവും പ്രചാരം കിട്ടിയ പുസ്തകം. അതേക്കുറിച്ച് ചുരുക്കി പറയുക.
- പുസ്തകങ്ങൾ ഇതു വരെ പബ്ലിഷ് ചെയ്തിട്ടില്ല.ദൈവാനുഗ്രഹമുണ്ടെങ്കിൽ ഈ വർഷം പുറത്തിറക്കും.ഇപ്പോൾ അതിനുള്ളൊരു തയ്യാറെടുപ്പിലാണ്.
4. ഇ-മലയാളിയുടെ പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഇ-മലയാളിയുടെ പ്രവർത്തനശൈലിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ.
ഇ-മലയാളിയുടെ എല്ലാ പ്രവർത്തനങ്ങളിലും ഞാൻ അതീവ സന്തുഷ്ടയാണ്.കൂടുതൽ മികവോടെ ഇനിയും ഉന്നതങ്ങളിലേക്ക് പറക്കാൻ സാധിക്കട്ടെ.
5.എഴുത്ത് എന്ന അനുഭവത്തെക്കുറിച്ച് പറയുക. ക്ലാസ്സിക്ക് കൃതികൾ പുതിയ തലമുറ അവഗണിച്ച്കൊണ്ട് ആധുനികത എന്ന ഒരു രീതിയിൽ അഭിരമിക്കുന്നു. ഇത്തരം രചനകൾക്ക് സാഹിത്യമൂല്യം കുറയുമോ? പൊതുവെ സാഹിത്യമേഖല മന്ദീഭവിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?
വായന മരിച്ചെന്ന് വിലപിക്കുന്ന ഒരു കൂട്ടം സാഹിത്യ പ്രേമികൾ നമുക്ക് ചുറ്റുമുണ്ടെങ്കിലും ഇന്നത്തെ തലമുറ വളരെ ആവേശത്തോടെ പുസ്തകങ്ങളെ ചേർത്തു പിടിക്കുന്ന കാഴ്ചയാണധികവും കാണാൻ കഴിയുന്നത്.ക്ലാസിക് കൃതികളെ അവർ പാടെ അവഗണിക്കുന്നുവെന്ന വാദത്തോട് ഞാൻ യോജിക്കുന്നില്ല.ആധുനിക കഥകളിലും കാമ്പുള്ള, ഹൃദയ സ്പർശിയായവ അപൂർവ്വമായെങ്കിലും സൃഷ്ടിക്കപ്പെടുന്നുണ്ട്.
6. നിങ്ങൾ ആധുനികതയുടെ വക്താവാണോ? നമ്മൾ കടന്നുപോന്ന പല പ്രസ്ഥാനങ്ങളും വീണ്ടും തിരിച്ചുവരണമെന്ന അഭിപ്രായമുണ്ടോ? (ഉദാഹരണം..ക്ളാസ്സിസിസം, നിയോ ക്ളാസ്സിസിം, റൊമാന്റിസം, സിമ്പോളിസം,മോഡേണിസം ....) എങ്കിൽ ഏതു പ്രസ്ഥാനം നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു.
കടന്നു പോന്ന പ്രസ്ഥാനങ്ങളെക്കാൾ ആധുനികതയെ ഇഷ്ടപ്പെടുന്നൊരാളാണ് ഞാൻ. പക്ഷേ എന്നിലെ കഥാകാരിയെ വളർത്തിയത് ആ പഴയ കൃതികളാണെന്നു പറയാൻ എനിക്കെന്നും അഭിമാനമേയുള്ളൂ.
7. എഴുത്തിൽ സത്യവും ഭാവനയും കലരുമ്പോൾ ഏതിന് പ്രാമുഖ്യം നൽകുന്നു. സത്യത്തിനു മുൻ തൂക്കം നൽകുമ്പോൾ സാഹിത്യമൂല്യം കുറയാൻ സാധ്യതയുണ്ടോ. നിങ്ങളുടെ കൃതികളെ ആസ്പദമാക്കി പറയുക.
ഒരിക്കലുമില്ല, എൻ്റെ കൃതികളിലെ കഥാപാത്രങ്ങളെല്ലാം എനിക്ക് ചുറ്റും ഞാൻ കണ്ടു മുട്ടിയ വ്യക്തികൾ തന്നെയാണ്. അവരിൽ കൂടുതൽ അതിശയോക്തി കലർത്താതെ ചിത്രീകരിക്കാനാണ് ഞാനെപ്പോഴും ശ്രമിക്കാറുള്ളത്.കഥകളുടെ പശ്ചാത്തലമനുസരിച്ച് ചിലപ്പോൾ ഭാവനകൾക്കും പ്രാധാന്യം കൊടുക്കാറുണ്ട്.ഓരോ കഥാകൃത്തിനും അവരുടെതായ സ്പെയ്സുണ്ടല്ലോ
8. എഴുത്തുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടായ രസകരമായ എന്തെങ്കിലും അനുഭവങ്ങൾ പങ്കു വയ്ക്കുക.
ഒരുപാട് അനുഭവങ്ങളുണ്ട്.ഇ-മലയാളിയുടെ ജൂറി അവാർഡ് ജേതാവാകാൻ സാധിച്ചതും എഴുത്തു വഴിയിലെ വളരെ രസകരമായൊരനുഭവമാണ്.രചനകളയക്കേണ്ട അവസാന തീയതിയിലാണ് ഞാനെന്റെ കഥ മെയിൽ ചെയ്തത്. വിന്നറാകുമെന്ന് ലവലേശം പോലും പ്രതീക്ഷയില്ലായിരുന്നു.ഒട്ടും വിചാരിക്കാതെ ലഭിച്ചതു കൊണ്ടാവാം ഈ അവാർഡിന് ഇത്തിരി മധുരം കൂടുതലുള്ളത് പോലെ..
9. ഇ_മലയാളി എഴുത്തുകാരോടും വായനക്കാരോടും നിങ്ങൾക്ക് പറയാനുള്ളത്.
മനുഷ്യ മനസ്സുകളുടെ മാറുന്ന കാഴ്ചപ്പാടുകളുടെ വൈവിധ്യങ്ങളാണ് ഇ-മലയാളിയിൽ പ്രസിദ്ധീകരിക്കുന്ന ഓരോ രചനയും.നിങ്ങൾക്കവയെല്ലാം വ്യത്യസ്തമായൊരനുഭവം സമ്മാനിക്കാതിരിക്കില്ല.
10. നിങ്ങളുടെ ആദ്യരചന എപ്പോൾ പ്രസിദ്ധീകരിച്ചു അതേക്കുറിച്ച്
ചുരുക്കമായി പറയുക. ഒരു എഴുത്തുകാരൻ ആകാൻ നിങ്ങൾക്ക് കഴിയുമെന്നു തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കു വയ്ക്കുക.
ആദ്യ രചന പ്രസിദ്ധീകരിച്ചത് മലയാള മനോരമ ദിനപത്രത്തിലെ പെൺമ എന്ന പേജിലാണ്.2022 ഒക്ടോബറലായിരുന്നു.അതിനു ശേഷമാണ് എഴുത്തിൽ കുറച്ചധികം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത് .പിന്നീട് തനിമ ചാപ്റ്റർ മഞ്ചേരി നടത്തിയ ചെറുകഥാ മത്സരത്തിലും സിപിഎം അങ്കമാലി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ കഥാ മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു. ഏകദേശം അമ്പതോളം രചനകളിൽ നിന്നും ഒന്നാം സ്ഥാനക്കാരിയാവാൻ സാധിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വെയ്യ.പുതുമയുള്ള കഥകൾ വീണ്ടുമെഴുതുമെന്ന് തീരുമാനിച്ചത് അന്നാണ്.
11. ഇ-മലയാളി പതിവായി വായിക്കാറുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ വിവരിക്കുക.
കെട്ടിലും മട്ടിലും പുതുമയോടെ തന്നെയാണ് ഓരോ ലക്കവും മാഗസിൻ പുറത്തിറങ്ങുന്നത്. പരിചയ സമ്പന്നരായ എഡിറ്റേഴ്സിനൊപ്പം മാറ്റങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച് ഇനിയും മുന്നോട്ട് പോവാൻ സാധിക്കട്ടെ
12. . ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് അതിലെ ഉള്ളടക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. സാഹിത്യം, മതം, പൊതുവിവരങ്ങൾ, പ്രവാസികൾക്കായുള്ള അറിയിപ്പുകൾ, നിരൂപണങ്ങൾ, സിനിമ, കല-സാംസ്കാരിക രംഗം എന്നിവ കൂടാതെ നിങ്ങൾ ഉൾപെടുത്താൻ ആഗ്രഹിക്കുന്ന പംക്തികൾ.
വീട്ടമ്മമാർക്കുപകരിക്കുന്ന പുതിയ പാചക പരീക്ഷണങ്ങൾ ഉൾപ്പെടുത്താവുന്നതാണ്.
13. എഴുതാൻ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ ? എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളിൽ ഉണ്ടായി. ഇപ്പോൾ ആ സ്വാധീനത്തിൽ നിന്നും മുക്തനായി സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് കരുതുന്നോ
തീർച്ചയായും എം ടി സാറാണ്.അദ്ദേഹത്തിൻ്റെ 'നിൻ്റെ ഓർമ്മയ്ക്ക്' എന്ന കഥയിലൂടെയാണ് ഞാൻ വായിച്ചു തുടങ്ങിയത്.ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും മനസ്സിൽ കയറിക്കൂടിയ ആ കഥാകാരൻ്റെ രചനകൾ മുഴുവനും ലൈബ്രറിയിൽ നിന്നും തേടിപ്പിടിച്ച് വായിച്ച് തീർത്തത് .എങ്കിലും അദ്ദേഹത്തിൻ്റെ ശൈലികളൊന്നും ഒരിക്കലും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല.സ്വന്തമായൊരു ശൈലി രൂപപ്പെടുത്താൻ ഏറെക്കുറെ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
14. ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് നിങ്ങൾ ഇ- മലയാളിയിൽ
വായിച്ച ഏറ്റവും നല്ല രചന ഏതു?
- ഓരോ ലക്കവും പ്രസിദ്ധീകരിക്കുന്ന ചെറുകഥകളാണ് ഞാൻ ആകാംക്ഷയോടെ കാത്തിരിക്കാറുള്ളത്
15.നിങ്ങൾ എത്ര പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവരിക്കുക.
രചിച്ചിട്ടില്ല
16. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ എങ്ങനെ സ്വീകരിക്കുന്നു. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.
- ഏതു തരത്തിലുള്ള അഭിപ്രായവും മാനിക്കാറുണ്ട്.പ്രതികൂലമായ കമൻ്റുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ തിരുത്താനും ശ്രമിക്കാറുണ്ട്.
17. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ ? ആ സ്വപ്നം സാക്ഷാത്‌കരിക്കപ്പെട്ടുവെന്നു നിങ്ങൾ വിശ്വസിക്കുന്നോ? ഇ മലയാളിയുടെ താളുകൾ അതിനു നിങ്ങൾക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നോ ?
തീർച്ചയായും. . ആ സ്വപ്നം പാതിയെങ്കിലും ഇന്നു സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. ഉറപ്പായും ഇ-മലയാളിയുടെ താളുകളും എൻ്റെ എഴുത്ത് യാത്രയിലെ ഒരു സുപ്രധാന വഴിത്തിരിവാണ്.
18. അമേരിക്കൻ മലയാളി എഴുത്തുകാരിൽ അല്ലെങ്കിൽ ഇമലയാളിയിൽ എഴുതുന്ന എഴുത്തുകാരിൽ നിങ്ങൾ ആരെ ഇഷ്ടപ്പെടുന്നു.
എബ്രഹാം തോമസ് സാർ എഴുതുന്ന 'അഭ്രപാളികളിൽ' എന്ന പംക്തി വളരെയധികം ശ്രദ്ധേയമാണ്. അദ്ദേഹത്തിൻ്റെ രചനാ ശൈലിയും മറ്റുള്ളവയിൽ നിന്നും വേറിട്ട് നിൽക്കുന്നു.
19. അവാർഡുകൾ, അംഗീകാരങ്ങൾ, അനുമോദനങ്ങൾ ഇവ നേടിയവരെ മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു. അതവർ അർഹിക്കുന്നില്ല. അർഹിക്കുന്നവർ വേറെ ചിലരാണു എന്നു തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാർഡ്.
എല്ലാ അവാർഡുകളും അനർഹരായവർക്കാണ് ലഭിക്കുന്നതെന്നെനിക്കഭിപ്രായമില്ല.ചിലയിടത്തെങ്കിലും ഇന്നും സത്യസന്ധമായ മൂല്യ നിർണ്ണയം നടക്കുന്നുണ്ട്.ഒരു തുടക്ക്ക്കാരിയായ ഞാൻ ഇ-മലയാളിയുടെ ജൂറി അവാർഡ് വിന്നറായതു തന്നെ ഇതിനൊരുദാഹരണമല്ലേ.