സ്റ്റിറോയ്ഡ് ഒളിംപിക്‌സ് എന്നു വിശേഷിപ്പിക്കുന്ന പ്രഥമ എന്‍ഹാൻസ്ഡ് ഗെയിംസ് ഈ വര്‍ഷാവസാനം ഒരു അമേരിക്കന്‍ നഗരത്തില്‍ നടത്തുവാന്‍ ഒരുങ്ങുമ്പോള്‍ അതിന്റെ പണപ്പിരിവ് ദശലക്ഷക്കണക്കിനു ഡോളര്‍ ആയി. വിവാദമാകുന്ന ഈ കായികമേളയ്ക്ക് സംഭാവന നല്‍കിയവരില്‍ ഡോണാള്‍ഡ് ട്രമ്പ് ജൂനിയറും ഉള്ളതായാണ് കേട്ടത്. എന്‍ഹാന്‍സ്ഡ് ഗെയിംസിന്റെ പ്രസിഡന്റ് ഓസ്‌ട്രേലിയന്‍ വ്യവസായി ആരോണ്‍ ഡിസൂസയാണ് 'ഫണ്ടിംഗ് റൗണ്ട' കഴിഞ്ഞെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു
ട്രാക്ക്, സ്വിമ്മിങ്ങ്, വെയ്റ്റ് ലിഫ്റ്റിങ്, കോംബാറ്റ്, ജിംനാസ്റ്റിക്‌സ് ഇനങ്ങളാണ് പ്രഥമ എന്‍ഹാന്‍സ്ഡ് ഗെയിംസില്‍. ട്രമ്പിനു പകരം ബൈഡന്‍ വീണ്ടും പ്രസിഡന്റ് ആയിരുന്നെങ്കില്‍ തങ്ങള്‍ ഈ ഗെയിംസ് അമേരിക്കയില്‍ നടത്തില്ലായിരുന്നുവെന്ന് ഡിസൂസ പറഞ്ഞു. അംഗീകൃത ഉത്തേജകങ്ങള്‍ ഉപയോഗിച്ച് മത്സരിച്ച് ലോക റെക്കോര്‍ഡ് തിരുത്തുക എന്നതാണ് വിവാദ ഗെയിംസിന്റെ ലക്ഷ്യം. വലിയ സമ്മാനത്തുകയാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. പക്ഷേ, വൈദ്യ പരിശോധനയുണ്ട്. ഹൃദയവും തലച്ചോറുമൊക്കെ പരിശോധനയ്ക്കു വിധേയമാക്കും.
രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക് വെല്ലുവിളിയുമായാണ് പുതിയ നീക്കം. ട്രമ്പ് ജൂനിയറിനു പുറമെ വ്യവസായ പ്രമുഖരായ ബാലാജി ശ്രീനിവാസന്‍, ആങ്കര്‍ മേയര്‍ , തിയല്‍ തുടങ്ങിയവരൊക്കെ പിന്തുണയ്ക്കുന്നുവെന്നാണ് അറിയുന്നത്. താന്‍ ഉത്തേജകം ഉപയോഗിക്കാറുണ്ടെന്നാണ് ഡിസൂസയുടെ വെളിപ്പെടുത്തല്‍. ട്രാക്ക്, നീന്തല്‍ ഇനങ്ങളില്‍ റെക്കോര്‍ഡ് തിരുത്തിയാല്‍ 10 ലക്ഷം ഡോളര്‍ ആണു സമ്മാനം. മത്സരിക്കുന്നവർക്ക് ആറക്കം വരെ പ്രതിഫലം നല്‍കും.
ഫാസ്റ്റ് ഫുഡിനും പ്രോസസ്ഡ് ഫുഡിനുമെതിരെയുള്ള പ്രചാരണവും ഇതിനൊപ്പമുണ്ട്. രണ്ട് അമേരിക്കന്‍ കുത്തക കമ്പനികളെയാണ് ലക്ഷ്യമിടുന്നത്. ഇതിനകം ഓസ്‌ട്രേലിയയുടെ നീന്തര്‍ താരം ഒളിംപ്യന്‍ ജെയിംസ് മാഗ്നൂസന്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടത്രെ. 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റെക്കോര്‍ഡ് തകര്‍ത്താല്‍ 15 ദശലക്ഷം ഡോളര്‍ ആണ് സമ്മാനമായി അദ്ദേഹത്തിനു വാഗ്ദാനം ചെയ്തിരിക്കുന്നത്.
2028 ല്‍ ലൊസാഞ്ചലസില്‍ ഒളിംപിക്‌സ് നടക്കാനിരിക്കെ, ഉത്തേജകത്തെ പ്രോത്സാഹിപ്പിച്ചും രാജ്യാന്തര ഒളിംപിക്‌സ് കമ്മിയെ വെല്ലിവിളിച്ചും സംഘടിപ്പിക്കുന്ന എന്‍ഹാന്‍സ്ഡ് ഗെയിംസിന്റെ പ്രത്യാഘാതങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്നു കാണാം.