റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ന്യൂമോണിയ ബാധിച്ചിരിക്കുകയാണെന്നും ആരോഗ്യ സ്ഥിതി അല്പം സങ്കീര്‍ണ്ണമാണെന്നുമുള്ള വിവരങ്ങളാണ് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ലോകസമാധാനത്തിന്റെ അപ്പോസ്തലനായി പരിശുദ്ധ സിംഹാസനത്തില്‍ തുടരേണ്ട ഒരു കാലഘട്ടമായതിനാല്‍ അദ്ദേഹത്തിന്റെ വേഗത്തിലുള്ള രോഗമുക്തിക്കായി ഓരോരുത്തരും അകമഴിഞ്ഞ് പ്രാര്‍ത്ഥനാ നിരതരാവേണ്ട സമയമാണിത്.
മാര്‍പാപ്പയ്ക്ക് കൂടുതല്‍ ചികിത്സകള്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടത്തിയ ലബോറട്ടറി പരിശോധനകളും എക്സ്റേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും, ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതി അല്പം സങ്കീര്‍ണമായി തുടരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. സി.ടി സ്‌കാന്‍ പരിശോധനയില്‍, ഫ്രാന്‍സിസ് പാപ്പായ്ക്ക് ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പാപ്പാ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും, വിശ്രമവും പ്രാര്‍ത്ഥനകളും വായനയുമായി ദിവസം ചിലവഴിച്ചുവെന്നും പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. ആരോഗ്യസ്ഥിതി അല്പം സങ്കീര്‍ണമായി തുടരുമ്പോഴും, അദ്ദേഹം സന്തോഷവാനാണ്.
കുട്ടികളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പാപ്പായുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നും, തങ്ങളുടെ സാമീപ്യമറിയിച്ചും കത്തുകളും ചിത്രങ്ങളും അയച്ചിരുന്നു. അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും തനിക്ക് സാമീപ്യമറിയിച്ചവര്‍ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്ത പാപ്പാ, പ്രാര്‍ത്ഥനകള്‍ തുടരാന്‍ ഏവരോടും അഭ്യര്‍ത്ഥിച്ചു. 14-ാം തീയതി മുതല്‍ പാപ്പാ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ്. 2023-ലും ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മാര്‍പാപ്പയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് ആശുപത്രി വിടാന്‍ സാധിച്ചിരുന്നു.
ലോകത്ത് യുദ്ധങ്ങളും മറ്റ് അരുതായ്കകളും അനേകം മനുഷ്യ ജീവനുകളെടുക്കുന്ന സന്ദിഗ്ദ്ധ ഘട്ടത്തില്‍ സമാധാനത്തിന്റെ വക്താവായാണ് പോപ്പ് ഫ്രാന്‍സിസ് നിലകൊള്ളുന്നത്. സ്ഥാനാരോഹണത്തിനു ശേഷം ഉടന്‍ തന്നെ ഇദ്ദേഹം സഭയില്‍ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. അതിനാല്‍ 'മാറ്റങ്ങളുടെ പാപ്പ' എന്ന് മാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മാര്‍പാപ്പ 'ഫ്രാന്‍സിസ്' എന്ന പേര് സ്വീകരിക്കുന്നത്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമോദാഹരണവും രണ്ടാം ക്രിസ്തുവെന്നു വിളിക്കപ്പെടുന്നയാളുമായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമം അദ്ദേഹം സ്വീകരിച്ചത് ബോധപൂര്‍വമാണ്.
പോപ് ജോണ്‍ പോള്‍ രണ്ടാമനെപ്പോലെ യാത്രകള്‍ക്കും സാധാരണക്കാരായ ജനങ്ങളുമായി അടുത്തിടപഴകാനും താല്പര്യപെടുന്ന പോപ് ഫ്രാന്‍സിസ്, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ഫോബ്സ് പട്ടികയില്‍ നാലാം സ്ഥാനം അടുത്തയിടെ നേടിയിരുന്നു. 2019 ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ചുവരെ നടത്തിയ യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനം ചരിത്രപ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു മാര്‍പ്പാപ്പ ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിച്ചത്.
ദൈവശാസ്ത്രമേഖലയില്‍ യാഥാസ്ഥിതികനായി അറിയപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്‌മചര്യം, കൃത്രിമജനന നിയന്ത്രണം മുതലായ വിഷയങ്ങളില്‍ സഭയിലെ പരിഷ്‌കരണ വാദികളുടെ മറുചേരിയിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ ക്രിസ്തീയതയില്‍ ശക്തിപ്രാപിച്ച വിമോചന ദൈവശാസ്ത്രത്തെ മാര്‍ക്സിസത്തിന്റെ കറവീണ ആശയസംഹിതയായി കണ്ട് അദ്ദേഹം തീവ്രമായി എതിര്‍ത്തു.
എങ്കിലും സാധാരണക്കാരോടും സമൂഹത്തില്‍ താഴേക്കിടയിലുള്ളവരോടുമുള്ള ഫ്രാന്‍സിസിന്റെ പ്രതിബദ്ധതയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മതങ്ങള്‍ക്കിടയിലുള്ള ആശയവിനിമയത്തെ അദ്ദേഹം പിന്തുണക്കുന്നു. നിയന്ത്രണമില്ലാത്ത കമ്പോളവ്യവസ്ഥയെ വിമര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സമത്വരാഹിത്യത്തെ ''സ്വര്‍ഗ്ഗവാതിലിനു മുമ്പില്‍ അലമുറ ഉയര്‍ത്താന്‍ പോന്ന സാമൂഹിക പാപം'' ആയി കാണുന്നു. 'സാധാരണക്കാരനായ യാഥാസ്ഥിതികന്‍' എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.
അനധികൃത കുടിയേറ്റക്കാരോടുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസിലുള്ള ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണു ട്രംപിന്റെ നയത്തെ മാര്‍പാപ്പ വിമര്‍ശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും അദ്ദേഹം കത്തില്‍ ആഭിപ്രായപ്പെട്ടു. മെക്‌സിക്കോയുമായുള്ള യു.എസ് അതിര്‍ത്തിയില്‍ വേലി കെട്ടാനുള്ള ട്രംപിന്റെ പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട്, ''മതിലുകള്‍ക്കു പകരം സമൂഹങ്ങള്‍ തമ്മിലുള്ള പാലങ്ങള്‍ നിര്‍മിക്കണം...'' എന്ന് 2017-ല്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നതും ചര്‍ച്ചയാവുകയുണ്ടായി.
സ്നേഹിക്കാന്‍ കഴിവില്ലാതിരിക്കുന്നത് മഹാ വ്യാധിയാണെന്ന് ജെമെല്ലി ആശുപത്രിയില്‍ പ്രവേശിക്കപ്പെടും മുമ്പ് പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു. എക്സില്‍ കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ, സ്നേഹത്തിന്റെ അനിവാര്യത എടുത്തുകാട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞത്. ''ജീവിതത്തിലെ ഏറ്റവും വലിയ രോഗം സ്നേഹത്തിന്റെ അഭാവമാണ്, സ്നേഹിക്കാനുള്ള കഴിവില്ലായ്മയാണ്...'' ലോക ജനതയെ കൂടുതല്‍ ആഴത്തില്‍ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഫ്രാന്‍സിസ് മാര്‍പാപ്പ എത്രയും പെട്ടെന്ന് രോഗവിമുക്തനായി വരട്ടെ...