മെക്സിക്കോ സിറ്റി: യുഎസിലെ ഗൂഗിള്‍ മാപ്പില്‍ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കിയ തീരുമാനം പിൻവലിക്കണമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം. പിന്‍വലിച്ചില്ലെങ്കില്‍ ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു. പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റ ആദ്യ ദിവസം തന്നെയാണ് ഗൾഫ് ഓഫ് മെക്സിക്കോയെ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന് പുനർനാമകരണം ചെയ്തുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചത്.
‘മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് മാറ്റാൻ യാതൊരു അവകാശവും ഗൂഗിളിനില്ലെന്നും മൂന്ന് രാജ്യങ്ങളാണ് മെക്‌സിക്കന്‍ ഉള്‍ക്കടല്‍ പങ്കിടുന്നതെന്നും ഇതില്‍ യാതൊരു മാറ്റത്തിനും ഞങ്ങള്‍ തയ്യാറല്ലെന്നും പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു. എല്ലാ മേഖലയിലും അമേരിക്കയെ ഒന്നാമത് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടായിരുന്നു ട്രംപിന്റെ നീക്കം. പിന്നാലെ ഗൂഗിൾ പേര് മാറ്റി. അതേസമയം നിയമനടപടിയിലേക്ക് നീങ്ങുന്നതിന് മുമ്പ് ഗൂഗിളിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഷെയ്ൻബോം വ്യക്തമാക്കി.