പ്രസിഡന്റ് ട്രംപ് ജി ഓ ജി ഇ മേധാവി സ്ഥാനത്തു നിന്നു എലോൺ മസ്‌കിനെ നീക്കം ചെയ്യണം എന്നാവശ്യപ്പെടുന്ന 115,000 ഡോളറിന്റെ പരസ്യം പ്രസിദ്ധീകരിക്കാൻ 'വാഷിംഗ്‌ടൺ പോസ്റ്റ്' പത്രം വിസമമതിച്ചതായി വെളിപ്പെടുത്തൽ.
പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റം എന്ന ആരോപണം ഉയരുമ്പോൾ ശതകോടീശ്വരൻ ജെഫ് ബെസോസ് നടത്തുന്ന 'പോസ്റ്റ്' പറയുന്നത് പത്രത്തിന്റെ മുൻപേജിലും പിൻപേജിലും പൊതിയുന്ന 'റാപ് എറൗണ്ട്' ആയി ഈ പരസ്യം സ്വീകരിക്കാൻ കഴിയില്ലെന്നാണ്. ഉൾപ്പേജിലേക്ക് എടുക്കാൻ തയാറായിരുന്നു.
കോമൺ കോസ് എന്ന അഡ്വക്കസി ഗ്രൂപ്പാണ് പരസ്യം നൽകിയത്. സതേൺ പവർട്ടി ലോ സെന്റർ ആക്ഷൻ ഫണ്ട് പങ്കാളിയായിരുന്നു.
വാട്ടർഗേറ്റ് അതിക്രമം പുറത്തു കൊണ്ടുവന്നു പ്രസിഡന്റ് നിക്സനെ വീഴ്ത്തിയ പത്രം എന്തുകൊണ്ടാണ് അധികാരത്തിൽ ഇരിക്കുന്നവരെ വെല്ലുവിളിക്കാൻ മടിക്കുന്നത് എന്നു കോമൺ കോസ് പ്രസിഡന്റ് വിർജീനിയ കേസ് സോളമൻ ചോദിച്ചു.
ഏതു പരസ്യവും നിഷേധിക്കാൻ അവകാശമുണ്ടെന്നു പത്രം
'ന്യൂ യോർക്ക് പോസ്റ്റ്' ഈക്കാര്യം ഉന്നയിച്ചപ്പോൾ ഏതു പരസ്യവും നിഷേധിക്കാൻ പത്രത്തിന് അവകാശമുണ്ടെന്നു 'വാഷിംഗ്‌ടൺ പോസ്റ്റ്' ചൂണ്ടിക്കാട്ടി.
പരസ്യത്തിൽ മസ്‌ക് വൈറ്റ് ഹൗസിനു മുന്നിൽ നിൽക്കുന്ന വലിയ ചിത്രമുണ്ട്. "ആരാണ് ഈ രാജ്യം ഭരിക്കുന്നത്? ഡൊണാൾഡ് ട്രംപോ എലോൺ മസ്‌കോ" എന്ന ചോദ്യമാണ് അടിക്കുറിപ്പ്. തുടർന്ന് പറയുന്നു: "ഭരണഘടന ഒരു സമയത്തു ഒരു പ്രസിഡന്റിനെ മാത്രമേ അനുവദിച്ചിട്ടുള്ളു. ഡൊണാൾഡ് ട്രംപ് എലോൺ മസ്‌കിനെ പിരിച്ചു വിടാൻ നേരമായെന്നു നിങ്ങൾ സെനറ്റർമാരെ വിളിച്ചു പറയുക."
ഡി സിയിലുള്ള സംഘടന നേരത്തെ തന്നെ പരസ്യത്തിന്റെ കോപ്പി 'വാഷിംഗ്‌ടൺ പോസ്റ്റ്' പരസ്യ വിഭാഗത്തിനു നൽകിയിരുന്നു. അപ്പോൾ എതിർപ്പൊന്നും കണ്ടില്ലെന്നു സോളമൻ പറയുന്നു.
കോൺഗ്രസിലും പെന്റഗണിലും വൈറ്റ് ഹൗസിലും പത്രം ഈ പരസ്യവുമായി എത്തിയേനെ.
ജനാധിപത്യം ഇരുട്ടിൽ മരിക്കുന്നു
സാമൂഹ്യ മാധ്യമങ്ങളിൽ ഈ പരസ്യം ചിലർ കയറ്റാൻ തുടങ്ങി. പത്രം ട്രംപിനു കീഴടങ്ങിയെന്നു അവർ ആക്ഷേപിച്ചു.
മസ്കിന്റെ എക്‌സിൽ പുലിറ്റ്സർ ജേതാവായ പത്രപ്രവർത്തകൻ മൈക്ക് സ്റ്റാന്റൻ എഴുതി: "ജനാധിപത്യം കട്ടിങ് റൂമിന്റെ തറയിൽ മരിക്കുന്നു. ജനാധിപത്യം ഇരുട്ടിൽ മരിക്കുന്നു."
ട്രംപിനെതിരെ കമലാ ഹാരിസിനെ പിന്തുണയ്ക്കാൻ 'വാഷിംഗ്‌ടൺ പോസ്റ്റ്' വിസമ്മതിച്ചപ്പോൾ 250,000 വരിക്കാർ പത്രത്തെ തഴഞ്ഞിരുന്നു. പത്രാധിപ സമിതി അംഗങ്ങളും റിപ്പോർട്ടർമാരും രാജി വച്ചപ്പോൾ എഴുതിയത് രൂക്ഷമായ കത്തുകളാണ്.
'WaPo' refuses anti-Musk ad