ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന മാർപാപ്പയുടെ ആരോഗ്യ നില മോശമായതോടെ അദ്ദേഹത്തിന്റെ പിൻഗാമിയാവാൻ ആരൊക്കെയാണ് യോഗ്യരെന്ന ചർച്ച തുടങ്ങി. 88ൽ എത്തിയ പോപ്പ് ഫ്രാൻസിസ് ഇരട്ട ന്യൂമോണിയ ആണ് നേരിടുന്നത്.
വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ഏതു റോമൻ കത്തോലിക്കനും സാങ്കേതികമായി യോഗ്യനാണ്. എന്നാൽ തിരഞ്ഞെടുപ്പ് 253 കർദിനാൾമാർക്കിടയിൽ ഒതുങ്ങി നിൽക്കും എന്നതാണ് വാസ്തവം.
വത്തിക്കാനിൽ നടക്കുന്ന ചടങ്ങുകൾ ലോകത്തിനു പരിചിതമാണ്--നിഗൂഢത ഒരിക്കലൂം വഴിമാറില്ലെങ്കിലും. 138 കർദിനാൾമാർക്കു മാത്രമേ വോട്ടവകാശം ഉളളൂ.
ഇപ്പോൾ ഉയര്ന്നു കേൾക്കുന്ന പേരുകൾ ഇവയാണ്:
കർദിനാൾ പിയട്രോ പരോളിൻ, 70, ഇറ്റലി: വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ്. ഫ്രാൻസിസ് വന്ന ശേഷം 11 വർഷമായി അദ്ദേഹം വത്തിക്കാനിലുണ്ട്.
രാഷ്ട്രീയ മിതവാദിയാണ് അദ്ദേഹം. നൈജീരിയയിലും മെക്സിക്കോയിലും വത്തിക്കാന്റെ നയതന്ത്ര പ്രതിനിധി ആയിരുന്നു. 2014ലാണ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ കർദിനാൾ ആക്കിയത്.
കർദിനാൾ ഫ്രിഡലിൻ അംബോംങ്ങോ ബേസുങ്ങു ഒരു ആഫ്രിക്കൻ സാധ്യതയാണ്. എപ്പിസ്കോപ്പൽ കോൺഫറൻസസ് ഓഫ് ആഫ്രിക്ക ആൻഡ് മഡഗാസ്കർ പ്രസിഡന്റായ അദ്ദേഹം പക്ഷെ വിവാദ പുരുഷനാണ്. ഒരേ ലിംഗക്കാരുടെ വിവാഹം നടത്താൻ അനുമതി നൽകുന്ന പാപ്പയുടെ പ്രഖ്യാപനം അദ്ദേഹം തള്ളിയിട്ടുണ്ട്. ആഫ്രിക്കയിൽ അത് വേണ്ടെന്ന അദ്ദേഹത്തിന്റെ നിലപാടിനെ ഫ്രാൻസിസ് പാപ്പാ എതിർത്തില്ല.
2019ൽ കർദിനാൾ ആയ അദ്ദേഹം ഫ്രാൻസിസ് പാപ്പായുടെ ഇടതു ചായ്വുള്ള തത്വങ്ങൾ അംഗീകരിക്കുന്നില്ല.
കർദിനാൾ വില്യം ജാക്കോബസ് ഐജിക് , 71, നെതർലൻഡ്‌സ്: മുൻ മെഡിക്കൽ ഡോക്ടറായ ഐജിക് കടുത്ത യാഥാസ്ഥിതികനാണ്. ആദ്യ വിവാഹം റദ്ദാക്കാതെ രണ്ടാമത് വിവാഹം കഴിക്കാം എന്ന ഫ്രാൻസിസ് പാപ്പയുടെ നിലപാടിനെ അദ്ദേഹം എതിർത്തിട്ടുണ്ട്. അത് വ്യഭിചാരമാണെന്നു വരെ അദ്ദേഹം പറഞ്ഞു.
പ്രൊട്ടസ്റ്റന്റ് വിശ്വാസികൾക്കു കത്തോലിക്കാ പള്ളികളിൽ വിശുദ്ധ കുർബാന സ്വീകരിക്കാം എന്ന ജർമൻ ബിഷപ്പുമാരുടെ തീരുമാനത്തെ ഫ്രാൻസിസ് ചെറുത്തില്ലെന്നു അദ്ദേഹം പരാതിപ്പെടുകയും ചെയ്തു. കർദിനാൾ ആയത് 2012ൽ.
കർദിനാൾ പീറ്റർ എർഡോ, 72, ഹങ്കറി: യൂറോപ്പിലെ ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റായിരുന്ന എർഡോ യാഥാസ്ഥിതികനാണ്. സഭാ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. വിവാഹമോചനം നേടിയവർക്കും പുനർവിവാഹം ചെയ്തവർക്കും കുർബാന കൊടുക്കുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. യൂറോപ്പ് അഭയാർഥികളെ സ്വീകരിക്കരുത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 2003ൽ ജോൺ പോൾ രണ്ടാമനാണ് അദ്ദേഹത്തെ കർദിനാൾ ആക്കിയത്.
കർദിനാൾ ലൂയി അന്റോണിയോ ടാഗിൾ, 67, ഫിലിപ്പൈൻസ്: സഭയിൽ സ്ഥാനങ്ങൾ വഹിക്കുന്ന ടാഗിൾ 'ഏഷ്യൻ പോപ്പ് ഫ്രാൻസിസ്' എന്നാണ് അറിയപ്പെടുന്നത്. എൽജിബിടി വിഭാഗത്തോടും വിവാഹമോചിതരോടും പുനർവിവാഹം ചെയ്തവരോടുമുള്ള സഭയുടെ നിലപാടുകൾ തിരുത്തണമെന്നു അദ്ദേഹം ആവശ്യപ്പെടുന്നു. പോപ്പ് ബെനഡിക്ട് 2012ൽ ഏഴാം ഏഷ്യൻ കർദിനാൾ ആക്കിയ അദ്ദേഹം മാർപാപ്പയായാൽ ഏഷ്യയിൽ നിന്ന് ആദ്യമാവും.
കർദിനാൾ റെയ്മണ്ട് ബുർക് , 76, യുഎസ്: കടുത്ത യാഥാസ്ഥിതികൻ. ഫ്രാൻസിസ് പാപ്പയുടെ ഇടതുപക്ഷ സമീപനങ്ങളെ നിശിതമായി വിമർശിച്ചിട്ടുണ്ട്. വിസ്കോൺസിനിൽ ജനിച്ചു. 2010ൽ പോപ്പ് ബെനഡിക്ട് ആണ് കർദിനാൾ ആക്കിയത്.
കർദിനാൾ മരിയോ ഗ്രെച്, 67, മാൾട്ട: സിനഡ് ഓഫ് ബിഷപ്‌സിന്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ. മിതവാദി. ലൈംഗികതയോ വിവാഹമോചനമോ മൂലം സഭ ഭ്രഷ്ട് കല്പിച്ചവർക്കു വേണ്ടി ശബ്ദമുയർത്തി. പോപ്പ് ഫ്രാൻസിസ് ആണ് 2020ൽ കർദിനാൾ ആക്കിയത്.
കർദിനാൾ മറ്റെയോ സൂപ്പി, 69, ഇറ്റലി: ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫ്രൻസ് പ്രസിഡന്റ്. റോമിൽ ജനിച്ചു വളർന്നു. ഫ്രാൻസിസ് പാപ്പയ്ക്കു ഇഷ്ടപ്പെട്ടയാൾ. 2023ൽ യുക്രൈനിലേക്കു പാപ്പയുടെ സമാധാന ദൂതനായി പോയി. 2019ൽ ഫ്രാൻസിസ് തന്നെയാണ് കർദിനാൾ ആക്കിയത്.
Probables emerge as Pope health worrying