ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ തിരഞ്ഞെടുത്തു. ഷാലിമാർ ബാഗിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പഴയ ആർഎസ്‌എസ് നേതാവും ബിജെപിയിലെ പ്രമുഖ ബനിയ നേതാവുമാണ് രേഖ ഗുപ്ത. കെജ്‌രിവാളിനെ അട്ടി മറിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രിയാകും. സ്പീക്കറായി വിജേന്ദ്ര ഗുപ്തയെയും യോഗം നിർദേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ആം ആദ്മി പാർട്ടിയുടെ ഭരണത്തിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരശീല വീണത്. ഷാലിമാർ ബാഗ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെയും കോൺഗ്രസിന്റെ പർവീൺ കുമാർ ജെയിനിനെയും പരാജയപ്പെടുത്തി 29.595 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചുത്.
ഡൽഹി മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാകും രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.അഭിഭാഷകയായ ഗുപ്ത, 1996 മുതൽ 1997 വരെ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (DUSU) പ്രസിഡന്റായാണ് രാഷ്ട്രീയ യാത്ര ആരംഭിച്ചത്. പിന്നീട് മുനിസിപ്പൽ രാഷ്ട്രീയത്തിലേക്ക് മാറി, 2007 ൽ ഉത്തരി പിതംപുരയിൽ (വാർഡ് 54) നിന്ന് ഡൽഹി കൗൺസിലർ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും 2012 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
27 വർഷത്തിനുശേഷം ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ പാർട്ടി അംഗങ്ങൾ, സഭാ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി പാർട്ടിയുടെ ഡൽഹി ഓഫീസിൽ യോഗം ചേർന്നു. പാർട്ടിയുടെ രണ്ട് കേന്ദ്ര നിരീക്ഷകരാണ് ഇന്ന് മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുകയെന്ന് ഡൽഹി ബിജെപി പ്രസിഡന്‍റ് വീരേന്ദ്ര സച്ച്ദേവ സ്ഥിരീകരിച്ചിരുന്നു. പ്രധാനമന്ത്രി, ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പാർട്ടിയുടെ കേന്ദ്ര നേതൃത്വം, ഓട്ടോറിക്ഷാ ഡ്രൈവർമാർ, തൊഴിലാളികൾ, സിവിൽ സമൂഹത്തിലെ അറിയപ്പെടുന്ന ചിലർ എന്നിവർ നാളെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.