see: https://ccdn.emalayalee.com/pdf/1a-BabuVarghesePagesforemweekly_1739977886.pdf
ഫ്ലോറിഡ ബോർഡ് ഓഫ് പ്രൊഫഷണൽ എഞ്ചിനീയർസിന്റെ ചെയർമാനായി സേവനമനുഷ്ടിച്ചിട്ടുള്ള ബാബു വർഗീസ്, ബോർഡിലെ ഒരു ദശാബ്ദത്തിലേറെയുള്ള സേവനത്തിനു ശേഷം വിരമിച്ചു. 108 വർഷത്തെ ചരിത്രത്തിൽ ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ. 16 മണിക്കൂർ ദൈർഘ്യമുള്ള രണ്ടുദിവസം നീളുന്ന പരീക്ഷയിൽ എഞ്ചിനീയറിംഗ് രംഗത്തെ പരിജ്ഞാനം മുഴുവൻ അളന്ന ശേഷമാണ് ഈ സ്ഥാനത്തെത്തുന്നത്. ബോർഡ് മെമ്പറാകുന്ന ആദ്യ മലയാളി. ഇക്കഴിഞ്ഞ ഡിസംബർ വരെ തുടർച്ചയായി പത്തുവർഷം പ്രസ്തുത സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. റിക് സ്‌കോട്ട്, റോൺ ഡിസാന്റസ് എന്നീ ഗവർണർമാരാണ് രണ്ടുതവണ നിയമിച്ചത്.
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഫ്ലോറിഡയിലെ മയാമി. അതിനടുത്തുള്ള ഡേവി നഗരസഭയുടെ ഉദ്യാനത്തിലെ ഗാന്ധി സ്‌ക്വയർ, അമേരിക്കയിലുള്ള ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. നൂറിലധികം രാജ്യത്തെ ജനങ്ങള്‍ അധിവസിക്കുന്ന ഫ്ലോറിഡയിൽ ഒരു ലക്ഷത്തിലധികം ജനങ്ങളുള്ള ഡേവി നഗരസഭ മഹാത്മജിക്ക് സ്‌മാരകം പണികഴിപ്പിക്കാൻ സൗജന്യമായി സിറ്റിയുടെ അര ഏക്കര്‍ സ്ഥലം ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് അനുവദിച്ചപ്പോൾ, അതിന്റെ നിർമ്മാണ ചുമതല ഏല്പിച്ചത് ഒരു മലയാളിയെയാണ്. ആബ്ടെക് എഞ്ചിനീയറിംഗ് ഗ്രൂപ്പ് സാരഥിയായ തൃശൂർ അയ്യന്തോൾ സ്വദേശി ബാബു വർഗീസ് തന്റെ കരിയറിലെ നാഴികക്കല്ലായി ആ നേട്ടം ഹൃദയത്തോട് ചേർക്കുന്നു. 2012 ഒക്ടോബർ 2, ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്‌ക്വയറിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെ.അബ്ദുൽ കലാമിന്റെ അഭിനന്ദനവാക്കുകൾ മുന്നോട്ടുള്ള യാത്രയിൽ എന്നും പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഫ്ലോറിഡ ബോർഡ് ഓഫ് പ്രൊഫഷണൽ എഞ്ചിനീയർസിന്റെ ചെയർമാനായി സേവനമനുഷ്ടിച്ചിട്ടുള്ള ബാബു വർഗീസ്, ഇ-മലയാളി മാൻ ഓഫ് ദി ഇയർ അവാർഡ് ,ഗർഷോം അവാർഡ്,പ്രവാസി രത്ന അവാർഡ്(നോർവേ),ഫ്ലവേർസ് ടിവി പുരസ്‌കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക്...
ആദ്യകാലജീവിതം?
തൃശൂർ അയ്യന്തോളാണ് സ്വദേശം. സ്‌കൂൾ പഠനമൊക്കെ അവിടെ തന്നെയായിരുന്നു.സെന്റ് തോമസ് കോളജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയ ശേഷം ഇലക്ട്രിക്കൽ എൻജിനീറിങ്ങിന് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു.ഷിപ്പ് ടെക്നോളജിക്ക് കൂടുതൽ സാധ്യതയുണ്ടെന്നറിഞ്ഞ് പിന്നീട് ആ ബ്രാഞ്ചിലേക്ക് തിരിഞ്ഞു. കുസാറ്റും ജർമ്മൻ യൂണിവേഴ്‌സിറ്റിയും തമ്മിൽ കൊളാബറേറ്റ് ചെയ്ത്,ജർമ്മൻ അദ്ധ്യാപകരാണ് ക്ലാസ് എടുത്തിരുന്നത്. ഇന്ത്യയിൽ തന്നെ ആ ബാച്ചിൽ ഷിപ്പ് ടെക്‌നോളജിക്ക് മുപ്പത് വിദ്യാർത്ഥികളേ ഉണ്ടായിരുന്നുള്ളു.അവസാന സെമസ്റ്ററിൽ തന്നെ ഞങ്ങളിൽ പലരെയും ചില കമ്പനികൾ മോഹിപ്പിക്കുന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഹയർ ചെയ്തു. നേവല്‍ ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ശേഷം, ബോംബെയിലെ മസഗോണ്‍ ഡോക്കിന്റെ ഡിസൈന്‍ ആൻഡ് ഡവലപ്പ്മെന്റ് സെക്ഷനില്‍ 9 മാസം ജോലി ചെയ്തു. അതിനിടയിലാണ് അമേരിക്കയിൽ ഫുൾ സ്കോളർഷിപ്പോടെ ഉപരിപഠനത്തിന് അവസരം ഒരുങ്ങിയത്. അങ്ങനെ 1984ൽ ഫ്ലോറിഡയിലെത്തി.
അമേരിക്കയിൽ ഉന്നതപഠനത്തിന് സ്‌കോളർഷിപ്പ് ലഭിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് അക്കാലത്ത് ആരാണ് മാർഗ്ഗനിർദ്ദേശം നൽകിയത്?
മെന്റർ എന്നുപറയാൻ ആരും ഉണ്ടായിരുന്നില്ല. എൺപതുകളുടെ തുടക്കത്തിൽ കേരളത്തിൽ കോട്ടയം പോലുള്ള ചുരുക്കം ജില്ലകളിൽ നിന്നുമാത്രമേ ആളുകൾ അമേരിക്കയിലേക്ക് പോയിരുന്നുള്ളു.തൃശൂർ നിന്നൊന്നും ആരും അങ്ങോട്ട് പോയി തുടങ്ങിയിരുന്നില്ല. അമേരിക്കയിലേക്ക് എത്തപ്പെട്ടത് ഏറെക്കുറെ ആകസ്മികമായിരുന്നു. ബോംബെയിൽ മെച്ചപ്പെട്ട താമസസ്ഥലം ലഭിക്കുന്നതിന് മാത്രമായി ഒരു ജർമ്മൻ കോഴ്സിന് ചേർന്നതാണ് വഴിത്തിരിവായത്. ഐഐടി യിൽ നിന്ന് പഠിച്ചിറങ്ങിയവരായിരുന്നു അവിടെ കൂടുതൽ.മിക്കവരുടെയും കയ്യിൽ 'ജിആർഇ' എന്നൊരു പുസ്തകം കണ്ടാണ് അതിനെക്കുറിച്ച് അന്വേഷിച്ചത്. എന്റെ സഹമുറിയനായ ഹിന്ദിക്കാരന്റെ പക്കലും ആ പുസ്തകം കണ്ടു.അമേരിക്കയിൽ ഉപരിപഠനത്തിന് പോകുന്നതിന് സ്‌കോളർഷിപ്പ് പരീക്ഷ എഴുതുന്നതിനെക്കുറിച്ച് അവനിൽ നിന്നാണ് അറിഞ്ഞത്.രണ്ടുമൂന്നു മാസത്തിനുള്ളിൽ അവൻ പരീക്ഷ പാസായി കടൽ കടന്നതുകണ്ടപ്പോൾ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് എനിക്കും തോന്നി. ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയില്‍ (FAU) നിന്നും ഫുള്‍സ്‌കോളര്‍ഷിപ്പും ടാറ്റാ സ്‌കോളര്‍ഷിപ്പും, ആര്‍.ഡി. സെത്ന, ടൈം ആന്‍ഡ് ടാലന്റ് സ്‌കോളര്‍ഷിപ്പും ലഭിച്ചു. അങ്ങനെ ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു.
ഫീസ് അടയ്ക്കാനുള്ള പണം നൽകുന്നതിൽ ഒതുങ്ങുന്നതല്ല ടാറ്റായുടെ സ്‌കോളർഷിപ്പ്. ഓരോ വർഷവും വിവിധ രംഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അവർ സ്‌കോളർഷിപ്പ് നൽകും.എഞ്ചിനീയറിങ്ങിൽ ആ വർഷം എനിക്കാണ് ലഭിച്ചത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവർ ഒരു കോക്ക്-ടെയിൽ പാർട്ടി നൽകുകയും അമേരിക്കയിൽ പോകുന്നതിന് മുൻപ് അറിയേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞുതരികയും ചെയ്തിരുന്നു. ഗൂഗിളിന് മുൻപുള്ള കാലമാണ്. അതുകൊണ്ടുതന്നെ, എനിക്കത് ഏറെ പ്രയോജനം ചെയ്തു.അമേരിക്കയിലേക്കുള്ള എയർ ടിക്കറ്റും ക്യാമ്പസിൽ എത്തുന്നതുവരെയുള്ള എല്ലാക്കാര്യങ്ങളും അവർ തന്നെയാണ് ചെയ്തുതന്നത്.
കൾച്ചർ ഷോക്ക് അനുഭവപ്പെട്ടിരുന്നോ?
വടക്കേ ഇന്ത്യക്കാർ കുറച്ചുപേർ ഉണ്ടായിരുന്നെങ്കിലും മലയാളിയായി ക്യാമ്പസിൽ മറ്റാരുമില്ലായിരുന്നു. ആദ്യവർഷം കോളജ് ക്യാമ്പസിൽ തന്നെയായിരുന്നു താമസം. കൾച്ചറൽ ഷോക്ക് അനുഭവപ്പെട്ടില്ല.മലയാളികൾ ഇല്ലാതിരുന്നതുകൊണ്ട് സ്വാഭാവികമായും ഹോസ്റ്റലിലെ അമേരിക്കൻ വിദ്യാർത്ഥികളുമായി സൗഹൃദത്തിലായി. അമേരിക്കയുടെ സംസ്കാരം ആഴത്തിൽ മനസ്സിലാക്കാൻ ആ സൗഹൃദങ്ങളാണ് എന്നെ സഹായിച്ചതെന്ന് ഇപ്പോൾ തിരിഞ്ഞുചിന്തിക്കുമ്പോൾ തോന്നുന്നു. ചെറുപ്രായമായിരുന്നതുകൊണ്ടുതന്നെ സാഹചര്യങ്ങളുമായി ഇഴുകിച്ചേരാനും പൊരുത്തപ്പെടാനും പ്രയാസമുണ്ടായിരുന്നില്ല. നമുക്കറിയാത്തൊരു കാര്യം കൂടെയുള്ളവർ പറഞ്ഞുതന്നാലോ കളിപറഞ്ഞാലൊ ഒക്കെ ലാഘവത്തോടെ കാണാൻ കഴിഞ്ഞതുകൊണ്ടും മാനസികമായി ക്ലേശങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല.പൊതുവില്‍ അമേരിക്കക്കാര്‍ തുറന്ന മനസ്സും ന്യായബോധമുള്ളവരുമാണ്.ഈ രാജ്യത്തിന്റെ തനിമയും സംസ്‌ക്കാരവും മൂല്യങ്ങളും കൂടുതല്‍ മനസ്സിലാക്കുകയും അറിയുകയും ചെയ്യുമ്പോള്‍ പരസ്പര ബഹുമാനത്തിലേക്കാണ് അത് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്.
ഷിപ്പ് ഡിസൈൻ ആൻഡ് ഓഷ്യന്‍ എഞ്ചിനീയറിംഗ് രംഗത്തുനിന്ന് എങ്ങനെ സ്ട്രക്ചറൽ എഞ്ചിനീയറിങ്ങിലേക്ക് തിരിഞ്ഞു?
1985 ല്‍ ഓഷ്യന്‍ എഞ്ചിനീയറിംഗ് പ്രോഗ്രാമില്‍ മാസ്റ്റേഴ്സ് ഡിഗ്രി ബെസ്റ്റ് ഇന്റര്‍ നാഷ്ണല്‍ സ്റ്റഡന്റ് സ്‌കോളര്‍ഷിപ്പോടു കൂടി പൂര്‍ത്തിയാക്കാൻ കഴിഞ്ഞു. അമേരിക്കയിൽ നേവൽ ആർകിടെക്ച്ചറൽ എഞ്ചിനീയർമാരെ ആവശ്യമുള്ളത് ഡിഫൻസ് രംഗത്താണ്. ആ ജോലി അമേരിക്കൻ പൗരന്മാർക്കേ നല്കിയിരുന്നുള്ളു. ഇന്റർവ്യൂ പാസായിട്ടും അവർക്ക് എന്നെ ജോലിക്കെടുക്കാൻ സാധിക്കാതെ വന്നു. ആഗ്രഹിച്ചതുപോലെ നല്ലൊരു അവസരം ലഭിക്കാതെ, കിട്ടിയ ജോലിയിൽ തൃപ്തിപ്പെട്ട് ഒരുവർഷം കഴിച്ചുകൂട്ടി. എന്റെ മുമ്പില്‍ രണ്ടു വഴികളെ ഉണ്ടായുള്ളൂ ഒന്നുകില്‍ ഇന്ത്യയിലേക്ക് തിരികെ പോകുക. അല്ലെങ്കില്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചു മാറുക. ഏതായാലും രണ്ടാമത്തെ വഴി ഞാന്‍ തിരഞ്ഞെടുത്തു. തുടര്‍ന്ന് പുസ്തകങ്ങളിലൂടെ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് തനിയെ പഠിച്ച് അമേരിക്കയിൽ ജോലി ചെയ്യാൻ ആവശ്യമായ ലൈസൻസ് കരസ്ഥമാക്കി. മയാമിയിലെ വളരെ വലിയ ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിംഗ് സ്ഥാപനത്തില്‍ ജോലി ലഭിച്ചു.
സ്വന്തമായൊരു സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചത്?
സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരിക്കെ യാദൃച്ഛികമായി ഉരുത്തിരിഞ്ഞ ആശയമാണ് സ്വന്തമായി സ്ഥാപനം തുടങ്ങുക എന്നുള്ളത്. എവിടെ എന്നുള്ളതായിരുന്നു മുൻപിൽ ഉണ്ടായിരുന്ന ചോദ്യം.ബിസിനസ് തുടങ്ങുന്നതിന് എപ്പോഴുമൊരു റിസ്കുണ്ട്. രണ്ടുവർഷം പരീക്ഷണാർത്ഥം നടത്തിനോക്കാമെന്നാണ് കരുതിയത്. നാട്ടിലാകുമ്പോൾ താരതമ്യേന കുറഞ്ഞ ചിലവിൽ കാര്യങ്ങൾ നടപ്പാക്കാം. എറണാകുളം ഇൻഫോപാർക്കിൽ ആരംഭിച്ചാൽ സമരം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും വൈദ്യതി ഉൾപ്പെടെ പലതിനും ലാഭമുണ്ടെന്നും പരിചയമുള്ളവർ പറഞ്ഞു. എന്നാൽ, ജനിച്ചുവളർന്ന അയ്യന്തോളിൽ തന്നെ ബിസിനസ് ആരംഭിക്കാമെന്നാണ് ഞാൻ തീരുമാനിച്ചത്. ടാറ്റായുടെ സ്കോളർഷിപ്പിനായി നടത്തിയ അഭിമുഖം നടത്തിയപ്പോൾ, അമേരിക്കയിൽ ഉപരിപഠനാർത്ഥം പോകുന്ന ഞങ്ങളാരും തിരികെ നാട്ടിൽ വരാൻ സാധ്യത ഇല്ലെന്നറിയാമെന്നും അവസരമുണ്ടായാൽ സ്വന്തം നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ഓർമ്മപ്പെടുത്തിയിരുന്നു. ആ വാക്കുകൾ എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചിരിക്കാം. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, ഞാനെടുത്ത തീരുമാനങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു അതെന്ന് ഉറപ്പിച്ചുപറയാം.
ആബ്ടെക് എന്‍ജിനീയറിംഗ് എന്ന സ്ഥാപനം അമേരിക്കയിൽ ഇന്ന് അറിയപ്പെടുന്ന നാമധേയമാണ്, ഈ പേരിലേക്ക് എത്തപ്പെട്ടത് എങ്ങനെയാണ്?
ബിസിനസ് എന്നൊരു സാഹസത്തിന് മുതിർന്നപ്പോൾ ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് ഭാര്യ ആഷയാണ്. ഞങ്ങളുടെ ഇരുവരുടെയും പേരുചേർത്ത് 'ആഷാ ബാബു ടെക്നൊളജി' എന്ന് തമാശമട്ടിൽ പറഞ്ഞ്, അതിൽ നിന്നാണ് ആബ്ടെക് എന്നുള്ള പേരിലേക്ക് എത്തിച്ചേർന്നത്.അഞ്ച് എഞ്ചിനീയർമാരുമായിട്ടായിരുന്നു തുടങ്ങിയത്. ഇന്ന് ഫ്ളോറിഡായിലും തൃശൂരുമായി നൂറോളം എൻജിനീയര്‍ന്മാര്‍ ഇതിൽ ജോലി ചെയ്യുന്നുണ്ട്. എഞ്ചിനീയറിംഗ് റിപ്പോര്‍ട്ട്, ഡ്രോയിംഗുകള്‍, കണക്കുകൂട്ടലുകളിലെ കൃത്യത, ഗുണനിലവാരത്തിലെ പൂര്‍ണ്ണത, ജോലിക്കാരുടെ സമര്‍പ്പണം, ഈശ്വരാനുഗ്രഹം എല്ലാം ഒത്തുചേർന്നുവന്നതുകൊണ്ടാണ് വിജയം കരഗതമായത്. ഏറ്റെടുത്ത പദ്ധതികള്‍ വേഗത്തിൽ കാര്യക്ഷമമായി കുറഞ്ഞ ചിലവിൽ പൂർത്തീകരിക്കാൻ സാധിച്ചതുകൊണ്ടാണ് ക്ലയന്റ്സിന്റെ വിശ്വാസം നേടാൻ കഴിഞ്ഞത്. ചെറിയ കമ്പനികളിലും, ഡിസ്‌നി, യൂണിവേഴ്സല്‍ പോലുള്ള വന്‍ കോര്‍പ്പറേറ്റുകളുടെ കാര്യത്തിലും സമീപനം ഒന്നുതന്നെയാണ്. ഓരോ പ്രോജക്ടുകളും പൂര്‍ത്തീകരിക്കുമ്പോൾ അതില്‍ വന്ന ന്യൂനതകൾ മനസ്സിലാക്കാനും അടുത്ത തവണ അത് പരിഹരിക്കാനും ശ്രദ്ധിക്കാറുണ്ട്. സ്വയം നവീകരിക്കുന്നത് ഈ രംഗത്ത് പ്രധാനമാണ്.
എംപ്ലോയർ എന്ന നിലയിൽ ശ്രദ്ധിക്കുന്ന കാര്യങ്ങൾ?
ആബ്ടെക്കിൽ ജോലി ചെയ്യുന്നവർക്ക് മറ്റു സ്ഥാപനങ്ങളിൽ ഉള്ളവരെ അപേക്ഷിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവസരം നൽകാറുണ്ട്. അസംബിൾ ചെയ്യുന്നവൻ അതുമാത്രം ചെയ്‌താൽ മതി എന്ന് പറയാറില്ല. ഒരുകാര്യം മാത്രം പരിശീലിപ്പിക്കുന്നത് അവർക്ക് മുൻപിൽ പരിമിതി സൃഷ്ടിക്കുന്നതിന് തുല്യമാണ്. എല്ലാ നിലയിലും പ്രാവീണ്യമുള്ളവർ എന്നതുകൊണ്ട് എനിക്കൊപ്പം പ്രവർത്തിക്കുന്നവരെ റാഞ്ചാൻ ഒരുപാടുപേർ ചുറ്റുമുണ്ടെന്നറിയാം. ബോണ്ട് പോലെ യാതൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഒപ്പം നിൽക്കുന്നവർക്ക് മറ്റൊരിടത്തേക്ക് ചാടാൻ തോന്നാത്ത തരത്തിൽ അവരെ പരിഗണിക്കുക എന്നുള്ളതാണ് ഞാൻ സ്വീകരിക്കുന്ന മാർഗം.
ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഫിലോസഫി?
കൊടുക്കുംതോറും ഏറിടുന്ന ഒന്നാണ് ധനം എന്നെനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഒരു ചാരിറ്റി ഓർഗനൈസേഷന് ചെക്ക് എഴുതിക്കൊടുക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. ചുറ്റുമുള്ളവരുടെ സങ്കടങ്ങൾ കാണാനും പരിഹരിക്കാനും ശ്രമിക്കാറുണ്ട്. വീട്ടിലെ പ്രത്യേക സാഹചര്യങ്ങൾ കാരണം പുറത്തുപോയി ജോലി ചെയ്യാൻ കഴിയാതെ വിഷമിക്കുന്നവർക്ക് അവരുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാവുന്ന തൊഴിൽ നൽകിയിട്ടുണ്ട്. സഹായമായി പണം നൽകുമ്പോൾ ചിലർക്കെങ്കിലും അത് സ്വീകരിക്കാൻ പ്രയാസം തോന്നും. ജോലി ചെയ്ത് സമ്പാദിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി ഒന്നുവേറെയാണ്. അവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുന്നത് നമുക്ക് നേരിൽകണ്ട് ആനന്ദിക്കുകയും ചെയ്യാം.
ഫ്ലോറിഡ ബോർഡ് ഓഫ് പ്രൊഫഷണൽ എഞ്ചിനീയർസിന്റെ ചെയർമാനായി പ്രവർത്തിച്ചിരുന്നല്ലോ?
അതാത് സ്റ്റേറ്റിന്റെ ഗവർണറാണ് ഈ സ്ഥാനത്തേക്കുള്ള നിയമനം നടത്തുന്നത്.1920 കളിലും 30 കളിലും സെന്റ് ഫ്രാൻസിസ് അണക്കെട്ട് തകർന്ന് അഞ്ഞൂറുപേരും ടെക്‌സാസിൽ ഗ്യാസ് പൊട്ടിത്തെറിച്ച് മുന്നൂറുപേരും മരണപ്പെട്ടതോടെയാണ് ഇങ്ങനെയൊരു ബോർഡ് രൂപീകരിച്ചത്. റോഡ്, പാലം പോലുള്ളവ നിർമ്മാണം പൂർത്തിയായ ശേഷം അതിനെന്ത് സംഭവിച്ചാലും നാട്ടിലേതുപോലെ ഉത്തരവാദിത്വത്തിൽ നിന്ന് നിർമ്മാതാക്കൾക്ക് ഒഴിഞ്ഞുമാറാൻ ഈ ബോർഡിലെ നിയമങ്ങൾ അനുവദിക്കില്ല. 108 വർഷത്തെ ചരിത്രത്തിൽ പ്രസ്തുത ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ എന്നതിൽ അഭിമാനമുണ്ട്. 16 മണിക്കൂർ ദൈർഘ്യമുള്ള രണ്ടുദിവസം നീളുന്ന പരീക്ഷയിൽ എഞ്ചിനീയറിംഗ് രംഗത്തെ പരിജ്ഞാനം മുഴുവൻ അളന്ന ശേഷമാണ് ഈ സ്ഥാനത്തെത്തുന്നത്. ബോർഡ് മെമ്പറാകുന്ന ആദ്യ മലയാളി ഞാനാണ്. ഇക്കഴിഞ്ഞ ഡിസംബർ വരെ തുടർച്ചയായി പത്തുവർഷം പ്രസ്തുത സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. റിക് സ്‌കോട്ട്, റോൺ ഡിസാന്റസ് എന്നീ ഗവർണർമാരാണ് എന്നെ രണ്ടുതവണ നിയമിച്ചത്.
കരിയറിൽ ഏറ്റവും സംതൃപ്തി നൽകിയ അനുഭവം?
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഫ്ലോറിഡയിലെ മയാമി. അതിനടുത്തുള്ള ഡേവി നഗരസഭയുടെ ഉദ്യാനത്തിലെ 'ഗാന്ധി സ്‌ക്വയർ',അമേരിക്കയിലുള്ള ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്.നൂറിലധികം രാജ്യത്തെ ജനങ്ങള്‍ അധിവസിക്കുന്ന ഫ്ലോറിഡയിൽ ഒരു ലക്ഷത്തിലധികം ജനങ്ങളുള്ള ഡേവി നഗരസഭ, മഹാത്മജിക്ക് സ്‌മാരകം പണികഴിപ്പിക്കാൻ സൗജന്യമായി സിറ്റിയുടെ അര ഏക്കര്‍ സ്ഥലമാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് അനുവദിച്ചത്. അതിന്റെ നിർമാണച്ചുമതല എന്നെ ഏല്പിച്ചത് ഏറെ സംതൃപ്തി നൽകിയ അനുഭവമാണ്. സ്വാഭാവികമായും മറ്റു ചില രാജ്യക്കാർ ഇതിനെ എതിർത്തു. സിറ്റി ബോർഡിലും മേയറിനരികിലും ചെന്ന് ഗാന്ധിജി ഇന്ത്യയുടെ മാത്രം നേതാവല്ലെന്നും ,ലോകമനസ്സാക്ഷിയുടെ നെറുകയില്‍ സമാധാനത്തിന്റെ പ്രതിരൂപമായി ആദരിക്കപ്പെടുന്ന മഹാത്മാവാണെന്ന് ബോധ്യപ്പെടുത്തുകയും രൂപകൽപന മുതൽ നിർമ്മാണം വരെ എല്ലാക്കാര്യങ്ങളും അതീവ ശ്രദ്ധയോടെ നിർവ്വഹിക്കാൻ സാധിച്ചതും കരിയറിലെ മഹാഭാഗ്യമായി കരുതുന്നു. വെറുമൊരു ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ കോൺട്രാക്ട് ആയിട്ടല്ല ഞാനത് കണ്ടത്. ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന ഒന്നായി ഗാന്ധി സ്‌ക്വയർ വർത്തിക്കണമെന്ന നിർബന്ധബുദ്ധികൊണ്ടുകൂടിയാണ്, ഏറ്റവും മികച്ച രീതിയിൽ അത് പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഇന്ത്യയിൽ നിന്ന് ഏത് രാഷ്ട്രീയ പ്രമുഖർ വന്നാലും ഗാന്ധി സ്‌ക്വയർ സന്ദർശിക്കും.
കുടുംബം?
ഭാര്യ ആഷയും മൂന്നുമക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം. മൂത്തമകൻ ജോർജ്ജ് യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിയിൽ നിന്ന് എഞ്ചിനീയറിങ്ങിൽ മാസ്റ്റേഴ്സ് നേടിയ ശേഷം ഒരു കമ്പനിയിൽ അഞ്ചുവർഷം ജോലി ചെയ്തു. മകൾ ആൻ മറിയും എഞ്ചിനീയറായി രണ്ടുവർഷം മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തു. മറ്റു സ്ഥാപനങ്ങളിലെ കൾച്ചർ മനസ്സിലാക്കാൻ വേണ്ടി ഞാൻ തന്നെയാണ് അങ്ങനൊരു നിർദ്ദേശം വച്ചത്. ആറുമാസം മുൻപ് രണ്ടുപേരും ആബ്ടെക്കിനുവേണ്ടി പ്രവർത്തിച്ചുതുടങ്ങി.ഇളയമകൻ പോൾ കോളജ് വിദ്യാർത്ഥിയാണ്.