ഫീനിക്സ് : അരിസോണയിൽ രണ്ട് ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പറക്കലിനിടെയാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അറിയിച്ചു.
അമേരിക്കയില്‍ ഒരു മാസത്തിനിടെ ഇത് നാലാമത്തെ വിമാനാപകടമാണ്. കാനഡയിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 3.30ന് ടൊറന്റോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ഡെൽറ്റ 4819 യാത്രാവിമാനം തലകീഴായി മറിഞ്ഞ് 19 യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. നാലു കാബിൻ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യുഎസിലെ മിനിയപ്പലിസിൽനിന്നു ടൊറന്റോയിലെത്തിയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ആഴ്ച, അരിസോനയിൽ ഗായകൻ വിൻസ് നീലിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ ജെറ്റ് റൺവേയിൽ നിന്ന് തെന്നിമാറി ബിസിനസ് ജെറ്റുമായി കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു.
ജനുവരിയിൽ വാഷിങ്ടനിലെ റൊണാൾഡ് റെയ്ഗൻ നാഷനൽ എയർപോർട്ടിൽ യാത്രാ വിമാനം ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ അപകടത്തിൽ 67 പേരാണ് മരിച്ചത്.