ലോക്സാഹാച്ചി, ഫ്ലോറിഡ — മലയാളി സമ്മോഹത്തെ ഞെട്ടിച്ചു കൊണ്ട് ഫ്‌ലോറിഡയിൽ ആക്രമണത്തിനിരയായ മലയാളി നഴ്‌സിന്റെ മുഖത്തെ എല്ലുകൾ എല്ലാം തന്നെ ഒടിഞ്ഞുവെന്നും രണ്ടു കണ്ണിന്റെയും കാഴ്ചശക്തി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസിന്റെ റിപ്പോർട്ട്. പരിക്കുകളുടെ ഗുരുതരാവസ്ഥ കാരണം അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകാൻ അവർക്ക് കഴിഞ്ഞില്ല.
പാം ബീച്ച് കൗണ്ടിയിലെ HCA ഫ്ലോറിഡ പാംസ് വെസ്റ്റ് ആശുപത്രിയിലെ മൂന്നാം നിലയിലെ രോഗികളുടെ മുറിക്കുള്ളിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:20 ഓടെയാണ് ആക്രമണം നടന്നത്.
മാനസിക പ്രശ്നങ്ങൾക്കു ചികിത്സയിലായിരുന്ന വെല്ലിംഗ്ടണിൽ നിന്നുള്ള 33 കാരനായ സ്റ്റീഫൻ സ്‌കാൻറ്റിൽബറിക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ഫ്ലോറിഡയിലെ ബേക്കർ ആക്ട് പ്രകാരം (മാനസിക പ്രശ്നമുള്ളവരെ ബാധിക്കുന്ന നിയമം) ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ ഈ നഴ്‌സിന്റെ പരിചരണത്തിലായിരുന്നു.
സംഭവ സമയം അപ്രതീക്ഷിതമായി സ്‌കാൻറ്റിൽബറി തന്റെ കിടക്കയ്ക്ക് മുകളിൽ ചാടിക്കയറി നഴ്‌സിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇത് കണ്ട ഒരാൾ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി സഹായത്തിനു മറ്റാളുകളെ വിളിച്ചു.
സഹായത്തിനു ആൾ എത്തിയപ്പോഴേക്കും അക്രമി താഴെ വീണു കിടക്കുന്ന നഴ്‌സിന്റെ മുഖത്ത് ആവർത്തിച്ച് ഇടിക്കുന്നതാണ് കണ്ടത്.
സഹായത്തിനെത്തിയ ആൾ ഒച്ച വച്ചതോടെ അക്രമി നഴ്‌സിനെ അടിക്കുന്നത് നിർത്തി മുറിക്ക് പുറത്തേക്ക് ഓടി.
അയാൾ ആശുപത്രി പരിസരവും പാർക്കിംഗ് ലോട്ടും കടന്ന് വാഹന തിരക്കുള്ള സതേൺ ബുലവാർഡിലെത്തി.
ECGക്കുള്ളതെന്നു കരുതുന്ന പ്ലാസ്റ്റിക്ക് നെഞ്ചിൽ ഘടിപ്പിച്ചിട്ടുള്ള അക്രമി ഷർട്ട് ധരിക്കാതെ റോഡിലൂടെ ഓടുന്നതായി വീഡിയോയിൽ കാണാം.
പിന്നാലെ എത്തിയ പോലീസ് ഓഫീസർ സ്റ്റൺ ഗൺ ചൂണ്ടിയതോടെ അക്രമി നിലത്ത് കിടന്നു.
തുടർന്ന് പാം ബീച്ച് കൗണ്ടി ഡെപ്യൂട്ടികൾ അയാളെ കസ്റ്റഡിയിലെടുത്തു.
ഗുരുതരമായ പരിക്കുകൾ കാരണം നഴ്‌സിനെ ട്രോമ ഹോക്ക് മെഡിക്കൽ ഹെലികോപ്റ്ററിൽ സെന്റ് മേരീസ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയതായി പോലീസ് സത്യവാങ്മൂലത്തിൽ പറയുന്നു.
'ഇരയുടെ മുഖത്തെ എല്ലാ അസ്ഥികളും ഒടിഞ്ഞിട്ടുണ്ട്, ഇരയുടെ രണ്ട് കണ്ണുകളുടെയും ഉപയോഗം നഷ്ടപ്പെടാൻ സാധ്യതയുണ്ട്,' സത്യവാങ്മൂലത്തിൽ പറയുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി സ്കാൻറ്റിൽബറി ഭ്രാന്തനായി പെരുമാറുന്നു എന്നും തന്റെ ജീവിതത്തിലെ പരസപരം ബന്ധമില്ലാത്ത സംഭവങ്ങളെക്കുറിച്ച് ആളുകളെ കുറ്റപ്പെടുത്തുന്നുവെന്നും മൂന്നാമത്തെ സാക്ഷി ഡിറ്റക്ടീവുകളുമായി പറഞ്ഞു.
പ്രതി ഫെബ്രുവരി 25 ന് ആദ്യമായി കോടതിയിൽ ഹാജരാകും.