യുറോപ്പിനെയും യുക്രൈനെയും ഒഴിവാക്കി സൗദി അറേബ്യയിൽ യുഎസും റഷ്യയും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഴിച്ചു വിട്ട ആക്രമണങ്ങൾക്കു യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി ശക്തമായ മറുപടി നൽകി.
റഷ്യയുടെ നുണപ്രചാരണങ്ങൾ ട്രംപ് വിഴുങ്ങുയെന്നു സിലിൻസ്കി ആക്ഷേപിച്ചപ്പോൾ യുക്രൈൻ നേതാവ് 4% മാത്രം ജനപിന്തുണയുള്ള ഏകാധിപതിയാണെന്നു ട്രംപ് പ്രതികരിച്ചു. ട്രംപിന്റെ ആരോപണങ്ങൾ പലതും വസ്തുത വിരുദ്ധമാണെന്നു സിലിൻസ്കി ചൂണ്ടിക്കാട്ടി. ഡിസംബറിൽ നടന്ന സർവേയിലും തനിക്കു 52% പിന്തുണ കിട്ടി.
ട്രംപ് വ്യക്തിപരമായ ആക്രമണത്തിനു മടിച്ചില്ല. ചെറുകിട ഹാസ്യനടൻ ആയിരുന്ന സിലിൻസ്കി അമേരിക്കയെ പറഞ്ഞു പറ്റിച്ചു 350 ബില്യൺ ഡോളർ കൊണ്ടുപോയെന്നു അദ്ദേഹം ആരോപിച്ചു. മുൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ ആക്രമണം നേരിടാൻ നൽകിയ ഈ സഹായത്തിനു കോൺഗ്രസ് അംഗീകാരം ഉണ്ടായിരുന്നു. ആ പണത്തിനു പകരം യുക്രൈൻ സമ്പന്നമായ പ്രകൃതി വിഭവങ്ങൾ നൽകണമെന്നാണ് ട്രംപിന്റെ ആവശ്യം.
തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സിലിൻസ്കി എന്ന് ട്രംപ് ആരോപിച്ചു. അദ്ദേഹമാണ് യുദ്ധം ആരംഭിച്ചതെന്നു പറയാനും ട്രംപ് മടിച്ചില്ല. ഇതെല്ലാം വസ്തുതാ വിരുദ്ധമാണെന്നു 'ന്യൂ യോർക്ക് ടൈംസ്' ചൂണ്ടിക്കാട്ടി. യുഎസ് നൽകിയത് $350 ബില്യൺ അല്ല, $119 ബില്യൺ ആണെന്ന് ജർമനിയിലെ കീൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
യുദ്ധം അമേരിക്കയുടെ പ്രശ്നമല്ലെന്നു ട്രംപ് വാദിച്ചു. അത് യൂറോപ്പിന്റെ പ്രശ്നമാണ്. "നമുക്കിടയിൽ വലിയ, മനോഹരമായ ഒരു സമുദ്രമുണ്ട്."
കിയവിലെ പ്രസിഡന്റ് ഓഫിസിലേക്കു മാധ്യമങ്ങളെ വിളിച്ചുവരുത്തിയാണ് സിലിൻസ്കി പ്രതികരിച്ചത്.
Trump-Zelensky war of words escalates