വാഷിംഗ്‌ടൺ: വരുമാനം കുറവുള്ള വ്യക്തികളെയും കുടുംബങ്ങളെയും ഭീമമായ ആരോഗ്യ പരിരക്ഷ ചിലവുകൾ നേരിടാൻ സഹായിക്കുന്ന മെഡിക്കയ്ഡ് പദ്ധതിയിൽ താൻ തൊടുകയില്ല എന്ന് എലോൺ മസ്കിനൊപ്പം നടത്തിയ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഫെഡറൽ ചിലവുകൾ കുറക്കണം എന്ന് റിപ്പബ്ലിക്കനുകൾ ആവശ്യപ്പെടുന്ന സാഹചര്യത്തിലും ട്രംപ് സ്വയം ഇതിനെ അനുകൂലിക്കുന്നതിനാലും മെഡിക്കയ്ഡിന് നൽകുന്ന ഫണ്ടിംഗ് കുറച്ച ഒരു ബജറ്റിനെ മാത്രമേ ട്രംപ് അനുകൂലിക്കുകയുള്ളൂ എന്ന അഭ്യൂഹത്തിനു വലിയ പ്രചാരണം ലഭിക്കുന്നുണ്ട്.
ഏഴു കോടി ജനങ്ങൾക്കായി മെഡിക്കയ്ഡ് നൽകുന്ന സഹായം 2023ൽ 872 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഇതിൽ കൂടുതൽ ആകാനാണ് സാധ്യത. ഈ പദ്ധതിയിലൂടെ അർഹരല്ലാത്ത മില്യൺ കണക്കിന് ജനങ്ങൾ സഹായം നേടുന്നുണ്ട് എന്ന പരാതി വര്ഷങ്ങളായി ഉയരുന്നുണ്ട്. തന്റെ തിരഞ്ഞെടുപ്പ് വിജയത്തിനും സത്യ പ്രതിജ്ഞക്കും ഇടയിൽ ലഭിച്ച ദിനങ്ങളിൽ ട്രംപും ടീമിലെ മറ്റു അംഗങ്ങളും ഫെഡറൽ ഭരണത്തെയും വിദേശ നയങ്ങളെയും സംബന്ധിച്ച വിഷയങ്ങളിൽ തീവ്ര ഗവേഷണം നടത്തിയിരുന്നു എന്നാണ് ഇപ്പോൾ ട്രംപ് നടത്തുന്ന ഓരോ പ്രഖ്യാപനങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
ഫെഡറൽ ഗവൺമെന്റിന്റെ ചിലവുകൾ എവിടെയൊക്കെ കുറയ്ക്കാം എന്ന് ട്രംപിനും സംഘത്തിനും വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇതനുസരിച്ചു നയ മാറ്റം സ്വീകരിച്ചെങ്കിലേ യു എസിന്റെ സാമ്പത്തികാവസ്ഥയെ അപകടകെണികളിൽ നിന്ന് രക്ഷിക്കാനാവു. ട്രംപിന്റെ വിമർശകർക്ക് ഇതിനോട് യോജിക്കാൻ പ്രയാസമാണ്.
എന്നാൽ രാജ്യത്തിൻറെ താല്പര്യത്തിനു ബില്യൺ കണക്കിന് ഡോളറുകൾ ഒഴുക്കി കളയുന്നതിനു ഒരു അടിയന്തിര തടയണ ആവശ്യമായിരുന്നു. അടുത്ത നാളുകളിൽ അവതരിപ്പിക്കുവാൻ പോകുന്ന ബഡ്ജറ്റിൽ ഇതിന്റെ വിശദവിവരങ്ങൾ പ്രതീക്ഷിക്കാം.
നാനാ വംശങ്ങൾക്കും വിഭാഗങ്ങൾക്കും പ്രാധാന്യം നൽകുവാനായി ആരംഭിച്ച ഡിവേഴ്സിറ്റി, ഇക്വിറ്റി ആൻഡ് ഇൻക്ലൂഷൻ പരിപാടികൾ യാർത്ഥത്തിൽ ഒരു വിഭാഗത്തെ മാത്രം പരിഗണിച്ചു വെളുത്ത വർഗക്കാരായവരെയും ഏഷ്യൻ വംശജരെയും പരിഗണിച്ചിരുന്നില്ല എന്ന് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് പുറപ്പെടുവിച്ച മെമ്മോയിൽ പറഞ്ഞു.
സ്കൂളുകളും കോളേജുകളും വിദ്യാർത്ഥികളെ നാനാത്വത്തിന്റെയോ അതിനു തുല്യമായ മറ്റു പരിയോക്തികളുടെയോ കാരണം പറഞ്ഞു തിരഞ്ഞെടുക്കുന്നത് വംശം ആധാരമാക്കിയുള്ള തിരഞ്ഞെടുപ്പല്ല എന്ന അബദ്ധ ധാരണയിൽ മുന്നോട്ടു പോവുകയാണ്.
അതിനാൽ അമേരിക്കയിലെ സ്കൂളുകളും കോളേജുകളും ഡിവേഴ്സിറ്റി ഇനിഷ്യറ്റീവ്‌സ് പതിനാലു ദിവസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കണം എന്ന് വിദ്യാഭ്യാസ വിഭാഗത്തിന്റെ മെമ്മോയിൽ പറഞ്ഞു. ഇല്ലെങ്കിൽ ഫെഡറൽ സഹായം നിലയ്ക്കും എന്നും മുന്നറിയിപ്പ് നൽകി. ക്രെയ്ഗ് ട്രെയ്നർ, ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ഫോർ സിവിൽ റൈറ്സ് ഇനി മുതൽ വിദ്യാർത്ഥികളെ മെറിറ്റിന്റെയും നേട്ടങ്ങളുടെയും സ്വഭാവത്തിന്റെയും മാനദണ്ഡങ്ങളിൽ മാത്രം വിലയിരുത്തണമെന്നു പറഞ്ഞു.
മെമ്മോയിലെ നിർദേശങ്ങൾ ചില പൗരാവകാശ സംഘടനകളിൽ നിന്നും ചില കലാലയ സംഘടനകളിൽ നിന്നു വിമർശനങ്ങൾ ഏറ്റു വാങ്ങി. വംശ സംബന്ധിയായ ഏതെങ്കിലും വീക്ഷണം നടപടികളിൽ ഉണ്ടായാൽ അതിനെതിരെ നടപടി എടുക്കുവാൻ മെമ്മോയിലെ ഭാഷ സഹായിച്ചേക്കും എന്നും വിമർശകർ പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ ഡി ഇ ഐ നിർത്തലാക്കണം എന്ന എക്സിക്യൂട്ടീവ് ഓർഡറിന്റെ വിപുലീകരണമാണ് ഇതെന്ന് മറ്റു ചിലർ വിലയിരുത്തി. ഫെഡറൽ ഗവൺമെന്റിന്റെ വിവേചന വിരുദ്ധ നിയമങ്ങളിൽ നിന്നുള്ള വ്യതിചലനമായി മറ്റു ചിലർ വിശേഷിപ്പിച്ചു. ഈ മെമ്മോ വംശം ഒരു ഘടകമായി അഡ്മിഷൻ നൽകുന്നതിന് ഉപയോഗിക്കുവാൻ പാടില്ല എന്ന സുപ്രീം കോടതിയുടെ 2023 ലെ വിധിയും ചൂണ്ടിക്കാട്ടുന്നുണ്ട്.