റേഡിയോ പ്രക്ഷേപണരംഗത്തെ മഹാപ്രതിഭയായിരുന്നു സി.പി.ആർ. എന്ന ചുരുക്കെഴുത്തില്‍ പ്രശസ്തനായിരുന്ന സി.പി.രാജശേഖരൻ.
പ്രക്ഷേപണകലയെ ജനകീയമാക്കുന്നതിൽ അക്ഷീണം പ്രയത്നിച്ച മനോഹരശബ്ദത്തിന്റെയുടമ. റേഡിയോയുടെ നല്ലകാലത്ത്, തൃശൂര്‍നിലയത്തില്‍, അസാധാരണമായ ആകര്‍ഷകത്വമുള്ള ആ ശബ്ദത്തിനുടമയെകാണാന്‍ ചെറുപ്പക്കാര്‍ ക്യൂ നിന്നിരിന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
അത് വെറുമൊരുകഥയായിരുന്നില്ല. സ്‌നേഹപൂര്‍വ്വം, യുവാവാണി, തുടങ്ങിയപ്രോഗ്രാമുകൾ കുറച്ചൊന്നുമല്ല, അക്കാലത്ത് ജനഹൃദയങ്ങളെ സ്വാധീനിച്ചത്.
കാര്യങ്ങൾ വളച്ചൊടിക്കാതെ വെട്ടിത്തുറന്നുപറയാൻ അസാമാന്യധൈര്യംകാട്ടിയ പ്രതിഭയായിരുന്നു സി.പി.ആർ. അതുമൂലം അന്നത്തെ ഉന്നതാധികാരിക്ക് അദ്ദേഹത്തെ അപ്രിയമായിരുന്നുവെങ്കിലും, പ്രക്ഷേപകനെന്നനിലയില്‍ തന്റെതായ ഉജ്ജ്വലമായൊരദ്ധ്യായം എഴുതിച്ചേര്‍ത്താണ് ഓരോ റേഡിയോ സ്റ്റേഷനുകളിൽനിന്നും അദ്ദേഹം പടിയിറങ്ങിയത്.
പക്ഷെ, അദ്ദേഹം കൊണ്ടുവന്ന പ്രോഗ്രാമുകളെല്ലാം പിന്നീടുവന്നവർക്ക് തുടരേണ്ടി വന്നുവെന്നത് അദ്ദേഹത്തിനു കിട്ടിയ അംഗീകാരവുമായി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, വിവിധ രചനകള്‍ക്കും സംവിധാനത്തിനുമായി ആകാശവാണിയുടെ പത്ത് ദേശീയഅവാര്‍ഡുകള്‍, ഇന്ത്യയിലെ ബെസ്റ്റ് പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റര്‍ അവാർഡ് തുടങ്ങി നൂറുകണക്കിന് പുരസ്‌കാരങ്ങളാണ് കഴിവിനുള്ള അംഗീകാരമായി അദ്ദേഹത്തെ തേടിയെത്തിയത്.
റേഡിയോ ശ്രോതാക്കൾക്ക് ഒരിയ്ക്കലും മറക്കാനാവാത്തൊരു ശബ്ദത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. അനേകം റേഡിയോ നാടകങ്ങളിലൂടെ അദ്ദേഹത്തിന്റെ ശബ്ദം ശ്രോതാക്കളുടെ പ്രീതിനേടിയെടുത്തു.
യുവവാണി, വയലുംവീടും, തൊഴിലാളിമണ്ഡലം, തുടങ്ങി റേഡിയോ ശ്രോതാക്കളുടെ ഇഷ്ടപ്രോഗ്രാമുകൾ പലതിന്റെയും ആശയം സി.പി.രാജശേഖരനെന്ന അസാമാന്യ കലാസ്നേഹിയുടേതായിരുന്നു.
ആകാശവാണിയുടെയും ദൂരദര്‍ശന്റെയും വിവിധസ്റ്റേഷനുകളില്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന സി.പി. ആർ. 1976ലാണ് റേഡിയോ അനൗണ്‍സറായി ആകാശവാണിയിൽഎത്തുന്നത്. 35വര്‍ഷത്തോളം സേവനമനുഷ്ടിച്ചശേഷം ആകാശവാണിയുടെയും ദൂരദര്‍ശന്റെയും സ്റ്റേഷന്‍ ഡയറക്ടറായാണ് വിരമിച്ചത്. ഇതിനുശേഷം ഇഗ്‌നോയുടെ ചാനല്‍മേധാവിയായി.
കുറച്ചുകാലം സുപ്രഭാതം മലയാളദിനപത്രത്തിന്റെ പത്രാധിപരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 45ൽപ്പരം പുസ്തകങ്ങളുടെ രചയിതാവായ സി.പി.ആറിന് കേരള സാഹിത്യഅക്കാദമി, സംഗീതനാടകഅക്കാദമി തുടങ്ങിയവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലിഭിച്ചിട്ടുണ്ട്.
‘മൂന്ന് വയസ്സന്‍മാര്‍’ എന്ന റേഡിയോ നാടകത്തിനാണ് 1987ല്‍ സാഹിത്യഅക്കാദമി അവാര്‍ഡിനര്‍ഹമായത്. ഒരുതലമുറ കാതോർത്തിരുന്ന മധുരനാദം. റേഡിയോ പ്രോഗ്രാമുകൾ ജനപ്രിയമാക്കിത്തീർത്തതിലെ ബുദ്ധി വൈഭവം.
സി.പി.രാജശേഖരൻ എന്ന ബഹുമുഖപ്രതിഭ, ഗൃഹാതുരത്വം നിറഞ്ഞൊരു ഓർമ്മയായി എന്നുമീ മലയാളമണ്ണിൽ നിറഞ്ഞു നിൽക്കും.