ഈറനണിഞ്ഞുവോ കണ്‍പീലികള്‍?
ഇടറിയോ വാക്കുകള്‍ തൊണ്ടയില്‍?
വിട പറയുന്നേരം, സഖീ,
വിതുമ്പിയോ ചെഞ്ചുണ്ടുകള്‍?
മൂകമായ് നിന്നു കലാലയഭിത്തികള്‍
ശോകമേറുമായന്തിമനിമിഷത്തില്‍.
മിന്നിമറയുന്നൊരായിരമോര്‍മ്മകള്‍,
മണ്ണടിയുന്നൊരുപിടി സ്വപ്‌നങ്ങള്‍.
കാറ്റില്‍ പറക്കും കരിയിലപോല്‍
പാരിലലയുന്നു പലവഴി നാം,
പിന്നിട്ട വസന്തത്തിനോര്‍മ്മയുമായ്
പല തീരങ്ങളിലടിയുന്നു നാം.
ചേക്കേറാനൊരു ചില്ല തേടി,
നോക്കെത്താത്ത ദൂരത്തില്‍
പാറിപ്പറന്നു വലഞ്ഞു ഞാനിന്നീ
മരുഭൂവിലൊക്കെയൂമേകനായി.
മോഹം തളിര്‍ക്കും മലര്‍വാടി തേടി,
സ്‌നേഹത്തിന്‍ ശീതളഛായ തേടി,
സാന്ത്വനമേകുമൊരു സ്വരം ശ്രവിക്കാന്‍
കാത്തിരുന്നു ഞാനിത്രനാളും.
ഇല്ല, വരില്ല വസന്തമിനി,
സ്വപ്‌നങ്ങള്‍ പൂക്കില്ല എന്നൂ ചൊല്ലി
ചിറകടിച്ചെങ്ങോ പറന്നുപോയി
എന്റെ മോഹവിഹംഗവൃന്ദം.