എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മലമ്പുഴയില്‍ വെള്ളമില്ല.വെള്ളം എത്ര വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല.സര്‍ക്കാരിന് കൊടുത്ത അപേക്ഷയിലും അതില്ല. തെറ്റായ വഴിയിലൂടെയാണ് കമ്പനി വന്നത്. അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ നിലപാടില്ലാത്ത പാര്‍ട്ടിയായി സി പി ഐ മാറി. ആര്‍ ജെ ഡിയുടെ എതിര്‍പ്പും വിഫലമായി. ഇത്തവണ സി പി ഐ ആസ്ഥാനത്ത് പോയി പിണറായി അവരെ അപമാനിച്ചു.സാധാരണ എ കെ ജി സെന്ററില്‍ വിളിച്ച് വരുത്തിയാണ് അപമാനിക്കാറ്. തീരുമാനങ്ങള്‍ മുഖ്യമന്ത്രി അടിച്ചേല്‍പ്പിച്ചു. എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണ ശാല വരാന്‍ ഒരു കാരണമവശാലും സമ്മതിക്കില്ല.
കേരളം വ്യവസായ സൗഹൃദമെന്ന് വ്യവസായ മന്ത്രി പറഞ്ഞത് ഊതിപെരുപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ്. പെട്ടികട, ബാര്‍ബര്‍ ഷോപ്പ് ഉള്‍പ്പെടെ സംരംഭ പട്ടികയിലുണ്ട്. മാളുകളും ഓണ്‍ലൈന്‍ വ്യാപാരവും മൂലം കേരളത്തില്‍ റീട്ടെയില്‍ വ്യാപാരം തകര്‍ച്ചയിലാണ്. ഇത് ചോദ്യം ചെയ്തില്ലെങ്കില്‍ കോവിഡ് കാലത്ത് മരണ സംഖ്യ മറച്ചുവച്ച് മേനിനടിച്ചപോലെ സംഭവിക്കും. മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.