യുഎസ് വിദേശത്തു ചെലവഴിക്കുന്ന സഹായം വെട്ടിക്കുറയ്ക്കുന്നതു മില്യൺ കണക്കിന് ആളുകൾക്കു ദുരിതമാവുമെന്നു മൈക്രോസോഫ്റ്റ് സ്‌ഥാപകൻ ബിൽ ഗേറ്റ്സ് താക്കീതു നൽകി.
ഡി ഓ ജി ഇയുടെ നേതൃത്വത്തിൽ നടക്കുന്ന നടപടിക്ക് ബ്രേക്ക് ഇടണമെന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ഗേറ്റ്സ് ആവശ്യപ്പെട്ടു.
ഈ വിഷയം പ്രസിഡന്റ് ട്രംപുമായി സംസാരിച്ചപ്പോൾ അത് തുറന്നു കേൾക്കാൻ അദ്ദേഹം തയ്യാറായിരുന്നുവെന്നു നേരത്തെ ഗേറ്റ്സ് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് ട്രംപും എലോൺ മസ്‌കും ചേർന്ന് യുഎസ് എയ്‌ഡ് തന്നെ നിശ്ചലമാക്കി. ജീവനക്കാരെ അവധിയിൽ അയച്ചു. ആയിരങ്ങൾ ജോലി എടുത്തിരുന്ന സ്‌ഥാപനത്തിൽ 300 പേരായി ചുരുക്കി.
"ജീവനക്കാരിൽ വിദേശത്തു ജോലി ചെയ്യുന്നവരിൽ 90% പേരും ക്ഷാമം, എയ്‌ഡ്‌സ് തുടങ്ങിയ പ്രതിസന്ധികളിലാണ് അമേരിക്കൻ പണം ചെലവിടുന്നത്. അത് നിർത്തലാക്കിയാൽ നമുക്കവിടെ സാന്നിധ്യം ഇല്ലാതാവും,"ഗേറ്റ്സ് പറഞ്ഞു. "യുഎസ് സാന്നിധ്യം ഉണ്ടാവേണ്ടത് സൈനികമായി മാത്രമല്ല."
പെപ്പാർ എന്നറിയപ്പെടുന്ന ചാരിറ്റിക്ക് നൽകിയിരുന്ന പണം കൊണ്ട് 26 മില്യൺ ജീവിതങ്ങളെയാണ് എച്ഐവി-എയ്ഡ്‌സ് പ്രതിരോധത്തിലൂടെ രക്ഷിച്ചതെന്നു ഗേറ്റ്സ് ചൂണ്ടിക്കാട്ടി. 20 വർഷം മുൻപ് ആരംഭിച്ച പദ്ധതിയിൽ $110 ബില്യൺ ചെലവഴിച്ചിട്ടുണ്ട്.
"ആ ജീവനക്കാരിൽ ഒട്ടേറെപ്പേരെ എനിക്കറിയാം. അവർ ചെയ്യുന്ന സേവനം അറിയാം. അതിൽ വളരെ വളരെ ഉയർന്ന ശതമാനം നികുതി കൊടുക്കുന്ന ഓരോരുത്തർക്കും അഭിമാനം നൽകുന്നതാണ്.
"എലോൺ അതിരു കടന്നു എന്നു സമ്മതിക്കുന്നു. പക്ഷെ എന്താണ് പ്രതിവിധി? മില്യൺ കണക്കിനു ജീവൻ തുടർന്നും രക്ഷിക്കാൻ ഈ ജീവനക്കാരിൽ എത്ര പേരെ നിലനിർത്തും?"
തെറ്റ് സമ്മതിച്ച മസ്‌ക് പക്ഷെ അത് തുടരുമെന്നാണ് പറഞ്ഞിട്ടുള്ളത്.
Bill Gates warns against foreign aid cut