Image

മാനസികരോഗിയെ പാംസ് വെസ്റ്റ് ആശുപത്രിയിൽ എങ്ങനെ പ്രവേശിപ്പിച്ചുവെന്ന് പുത്രി

Published on 20 February, 2025
മാനസികരോഗിയെ  പാംസ് വെസ്റ്റ് ആശുപത്രിയിൽ  എങ്ങനെ പ്രവേശിപ്പിച്ചുവെന്ന് പുത്രി

വെസ്റ്റ് പാം ബീച്ച്, ഫ്ലോറിഡ —
അപകടകാരിയായ ഒരു മാനസികരോഗിയെ   പാംസ് വെസ്റ്റ് ആശുപത്രിയിൽ  എങ്ങനെ പ്രവേശിപ്പിച്ചുവെന്ന് ആക്രമണത്തിനിരയായ മലയാളി നഴ്സ് ലീലയുടെ, 67, പുത്രിയും ഡോക്ടറുമായ സിൻഡി ചോദിക്കുന്നു. പാംസ് വെസ്റ്റിൽ സൈക്യാട്രി ഇല്ല. ബേക്കർ ആക്റ്റ് പ്രകാരമുള്ള (മാനസിക പ്രശ്നമുള്ളവർ)  രോഗികളെ കൈകാര്യം ചെയ്യാൻ അവർ സജ്ജരല്ല.  അയാൾക്ക്  സമഗ്രമായ ഒരു മാനസിക വിലയിരുത്തൽ നടത്തിയിരുന്നുവോ  എന്നും  അവർ ചോദിച്ചു.

25 WPBF  റിപ്പോർട്ടർ ടെറി പാർക്കറുമായി നടത്തിയ   അഭിമുഖത്തിൽ, ഡോ. സിൻഡി   ആശുപത്രി സുരക്ഷയെക്കുറിച്ചും  ഉത്തരങ്ങൾ ആവശ്യപ്പെടുന്നു.    

'ഇന്നലെ (ചൊവ്വാഴ്ച)  ഉച്ചയ്ക്ക് 2 മണിക്ക് എനിക്ക് അമ്മയുടെ  ഫോണിൽ നിന്ന് ഒരു കോൾ ലഭിച്ചു. എടുത്തപ്പോൾ അത് അമ്മയല്ല. അത് മറ്റാരോ ആയിരുന്നു. ഞാൻ പരിഭ്രാന്തിയിലായി. ഒരു രോഗി അമ്മയെ ആക്രമിച്ചുവെന്നും ഞാൻ ഉടൻ അവിടെ എത്തണമെന്നും അവർ എന്നോട് പറഞ്ഞു,' ഡോ. സിൻഡി   ഫോണിൽ പറഞ്ഞു.

ഉടൻ തന്നെ താനും ഭർത്താവും രണ്ട് കുഞ്ഞുങ്ങളും  മെൽബണിൽ നിന്ന് സെന്റ് മേരീസ് മെഡിക്കൽ സെന്ററിലെ ഐസിയുവിൽ അമ്മയുടെ കിടക്കയ്ക്കരികിലേക്ക്  പരിഭ്രാന്തരായി എത്തി. അവിടെ ചെന്നപ്പോൾ സ്ഥിതി  താൻ വിചാരിച്ചതിലും മോശമാണെന്ന് കണ്ടു .

തലയിലും മുഖത്തും നിരവധി തവണ കടുത്ത മര്ദനമേറ്റതായി കണ്ടു. അക്രമം ഇത്രയും വഷളാകുന്നത് വരെ കാത്തിരിക്കാതെ നേരത്തെ തന്നെ ആരും ഇടപെടാതിരുന്നതെന്നതെന്തെന്ന്  ആശ്ചര്യം തോന്നുന്നു, സിൻഡി പറഞ്ഞു.

ടിവി റിപ്പോർട്ടർ പോലീസ് റിപ്പോർട്ടിന്റെ ഒരു പകർപ്പ് തനിക്കു  നൽകുന്നതുവരെ, എന്താണ് സംഭവിച്ചതെന്ന്   കൃത്യമായി അറിയില്ലായിരുന്നുവെന്ന് ഡോ. സിൻഡി പറഞ്ഞു.

പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിന്റെ അറസ്റ്റ് സത്യവാങ്മൂലത്തിൽ, 33 കാരനായ സ്റ്റീഫൻ സ്കാൻറിൽബറി മൂന്നാം നിലയിലെ ആശുപത്രി കിടക്കയിലായിരുന്നുവെന്ന് പറയുന്നു. പെട്ടെന്ന് അയാൾ കിടക്കയിലേക്ക് ചാടികയറി  67 വയസ്സുള്ള നഴ്‌സിനെ ആക്രമിക്കുകയായിരുന്നു .

മുറിയിലുണ്ടായിരുന്ന മറ്റൊരാൾ സഹായത്തിനായി പുറത്തേക്ക്  ഓടി.  രണ്ടാമത്തെയാൾ അകത്തേക്ക് ഓടിയെത്തിയപ്പോൾ,  വീണു കിടക്കുന്ന നഴ്‌സിന്റെ മേൽ സ്കാൻറിൽബറി   മുഷ്ടിചുരുട്ടി  ആവർത്തിച്ച് ഇടിക്കുന്നതു  കണ്ടു.

ഇത്രയും വിവരം തനിക്ക് നേരത്തെ കിട്ടിയിരുന്നില്ലെന്നവർ പറഞ്ഞു. ഒരു ആക്രമണം നടന്നുവെന്ന് മാത്രമാണ് ആളുകൾ പറഞ്ഞത്.

അക്രമത്തിനു  ശേഷം സ്കാൻറിൽബറി മൂന്നാം നിലയിൽ നിന്ന് ഷർട്ടില്ലാതെ   ഓടി   ഇറങ്ങി ലോബി  കടന്ന് സമീപത്തുള്ള  റോഡിലെത്തി. അവിടെ വച്ചാണ് പോലീസ്  പിടിയിലായത്.

മൂന്നാം നിലയിലായിരുന്ന വ്യക്തി ഇങ്ങനെ ഓടി പോകുമ്പോൾ ആശുപത്രിയുടെ സെക്യൂരിറ്റി എവിടെ ആയിരുന്നുവെന്ന് ഡോ. സിൻഡി  രോഷാകുലയായി ചോദിക്കുന്നു.

പാംസ് വെസ്റ്റ് ആശുപത്രിയിൽ  ബേക്കർ ആക്റ്റ് പ്രകാരമുള്ള രോഗികളെ സ്വീകരിക്കുന്നതിനു  സൗകര്യമല്ലെന്ന് HCA ഫ്ലോറിഡ സ്ഥിരീകരിക്കുന്നു.  എന്നാൽ ഒരു രോഗി   ആശുപത്രിയിൽ വന്ന് മാനസിക രോഗ ലക്ഷണങ്ങളോ പെരുമാറ്റങ്ങളോ പ്രകടിപ്പിക്കാൻ തുടങ്ങിയാൽ,   ഒരു മാനസികാരോഗ്യ വിലയിരുത്തൽ നടത്തുന്നു.

കുറച്ചു ദിവസങ്ങളായി അയാൾ അക്രമസ്വഭാവത്തോടെ  പെരുമാറുകയായിരുന്നുവെന്ന് ഡെപ്യൂട്ടികൾ പറഞ്ഞു.

ബേക്കർ ആക്ട് പ്രകാരമുള്ള ഫാസിലിറ്റിയിൽ  കിടക്ക ലഭ്യമല്ലാത്തതിനാൽ അയാളെ  താൽക്കാലികമായി പാംസ് വെസ്റ്റിൽ  കൊണ്ടുവന്നതാണ്.

സ്കാൻറ്റിൽബറി ഇപ്പോൾ കൊലപാതകശ്രമക്കുറ്റം നേരിടുന്നു.

'ഇപ്പോൾ എനിക്ക് കടുത്ത  സങ്കടവും ദേഷ്യവുമുണ്ട്. അമ്മ  എനിക്ക് എല്ലാം,  എന്റെ ലോകം തന്നെയാണ്,'  അവർ പറഞ്ഞു.

അമ്മയ്ക്ക് നിരവധി ശസ്ത്രക്രിയകൾ  വേണ്ടി വരുമെന്ന് അവർ പറഞ്ഞു .

തന്റെ മകളുടെ ഒന്നാം ജന്മദിനം ആഘോഷിക്കാൻ ഈ വാരാന്ത്യത്തിൽ എല്ലാവരും   അറ്റ്ലാന്റയിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.

https://www.wpbf.com/article/daughter-nurse-beaten-hospital-questions-dangerous-psychiatric-patient-admitted/63845620

see also

മലയാളി നഴ്‌സിന്റെ മുഖത്തെ എല്ലുകൾ ഒടിഞ്ഞുവെന്നും കാഴ്ചശക്തി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസ് റിപ്പോർട്ട് 

നഴ്‌സിനെ ആക്രമിച്ചതിനെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അപലപിച്ചു; സുരക്ഷിതത്വം ഉറപ്പാക്കണം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക