പനാമ സിറ്റി: വിവിധ രാജ്യങ്ങളിലെ 300- ഓളം അനധികൃത കുടിയേറ്റക്കാരെ പനാമയിലേക്ക് കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാടുകടത്തിയത്. ഇറാന്‍, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയാണ് പനാമയില്‍ തടവില്‍ വച്ചിരിക്കുന്നത്.
സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങും വരെ പനാമയില്‍ കഴിയണമെന്നാണ് കുടിയേറ്റക്കാര്‍ക്ക് നല്‍കിയിട്ടുള്ള അറിയിപ്പ്. അതേസമയം ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ 'ഞങ്ങളെ സഹായിക്കൂ' എന്നെഴുതിയ പോസ്റ്ററുകളുമായി ഹോട്ടല്‍ മുറികളുടെ ജനാലകളില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
ഹോട്ടലിലുളളവരെ രാജ്യങ്ങളിലേക്ക് സ്വമേധയാ മടങ്ങാന്‍ ഇതുവരെ ഇവരെ അനുവദിച്ചിട്ടില്ല. മറ്റ് അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട് എല്ലാവരെയും അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കിയയയ്ക്കുമെന്നും അതുവരെ പനാമയില്‍ കഴിയണമെന്നുമാണ് ട്രംപിന്റെ ഉത്തരവ്. പനാമയും യുഎസും തമ്മിലുള്ള കുടിയേറ്റ കരാറിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ക്ക് വൈദ്യസഹായവും ഭക്ഷണവും എത്തിക്കുമെന്ന് പനാമ സുരക്ഷാ മന്ത്രി ഫ്രാങ്ക് അബ്രെഗോ അറിയിച്ചു. അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഒരു പാലമായി പ്രവര്‍ത്തിക്കാമെന്ന് പനാമ നേരത്തെ സമ്മതിച്ചിരുന്നു. ഇതിനുള്ള ചെലവുകള്‍ അമേരിക്കയാണ് വഹിക്കുന്നത്.
നാടുകടത്തപ്പെട്ട 299 പേരില്‍ 171 പേര്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെയും യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെയും സഹായത്തോടെ സ്വമേധയാ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സമ്മതിച്ചിട്ടുണ്ടെന്നും എന്നാല്‍, തടവില്‍ കഴിയുന്ന 40 ശതമാനം ആളുകളും സ്വമേധയാ മടങ്ങിപ്പോകാന്‍ തയ്യാറല്ലാത്തവരാണെന്നാണ് പനാമ അധികൃതര്‍ വ്യക്തമാക്കുന്നത്.