അശ്ലീല ഉള്ളടക്കമുള്ള യാതൊന്നും ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കരുതെന്ന് കർശന നിർദേശവുമായി കേന്ദ്ര സർക്കാർ. ഗ്രേറ്റ് ഇന്ത്യ ടാലൻ്റ് ഷോയിൽ അശ്ലീലരൂപത്തിൽ തമാശ പറഞ്ഞത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഇത്തരമൊരു നിർദ്ദേശം. ഒ ടി ടിക്കും ബ്രോഡ്കാസ്റ്റിംഗ് സെൽഫ് റെഗുലേഷൻ ബോഡിക്കുമാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകിയത്. 2021ലെ ഐ ടി നിയമ ചട്ടങ്ങൾ പാലിക്കണം. നിയമം ലംഘിക്കുന്ന ഒ ടി ടി, ബ്രോഡ്കാസ്റ്റിംഗ് സെൽഫ് റഗുലേഷൻ ബോഡിക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഒ ടി ടി പ്ലാറ്റ് ഫോമുകളിലും സാമൂഹിക മാധ്യമങ്ങളിലും പോണോഗ്രഫി, അശ്ലീല ഉള്ളടക്കം എന്നിവ പ്രചരിക്കുന്നതായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് എം പിമാരിൽ നിന്നും ചില സംഘടനകളിൽ നിന്നും ജനങ്ങളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം പുറപ്പെടുവിച്ച വാർത്താ കുറിപ്പിൽ പറയുന്നു. നിയമപ്രകാരം നിരോധിച്ച യാതൊന്നും കൈമാറരുതെന്ന് ഒ ടി ടി പ്ലാറ്റ്ഫോമുകളോട് മന്ത്രാലയം ആവശ്യപ്പെട്ടു. കുട്ടികൾക്ക് പ്രവേശനം നിയന്ത്രിക്കുന്നതിന് ‘എ’ റേറ്റ് ചെയ്ത ഉള്ളടക്കത്തിന് പ്രത്യേക നിയന്ത്രണ സംവിധാനം നടപ്പിലാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തിനും നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി നിർദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം നിർദേശം പുറപ്പെടുവിച്ചത്.
English summery:
No obscene content should be circulated; the central government issues strict guidelines for OTT platforms