ന്യൂ യോർക്: ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ, അമേരിക്കയിൽ സീറോ മലബാർ രൂപതയ്ക്കു ഊടും പാവുമേകിയ ബഹുമാനപ്പെട്ട പരേതനായ ജോസ് കണ്ടത്തിക്കുടി അച്ചന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഫെബ്രുവരി 22 ശനിയാഴ്ച വൈകുന്നേരം 4.30 ന് റോക്ക്ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ ചർച്ചിൽ വച്ച് അഭിവന്ദ്യ മാർ ജോയ് ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അച്ചനു വേണ്ടി അനുസ്മരണ ബലി അർപ്പിക്കപ്പെടും. ബ്രോങ്ക്സ് സെന്റ് തോമസ് ചർച്ച വികാരി ഫാ. കുര്യാക്കോസ് വടാനയും ഹോളി ഫാമിലി റോക്ക്ലാൻഡ് വികാരി ഫാ. സ്റ്റീഫൻ കണിപ്പിള്ളിയും സഹകാർമ്മികത്വം വഹിക്കും.
തുടർന്നു നടക്കുന്ന ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ ഉദ്ഘാടന ചടങ്ങിൽ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് കണ്ടത്തിക്കുടി അച്ചന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യും .
ന്യൂ യോർക്കിലെ ആദ്യത്തെ സീറോ മലബാർ മിഷനായ റോക്ക്ലാൻഡ് സെന്റ് മേരീസ് മിഷന്റെ ( ഇപ്പോൾ ഹോളി ഫാമിലി ) ആദ്യ ഡയറക്ടർ ആയിരുന്നു റെവ.ഫാ.ജോസ് കണ്ടത്തിക്കുടി. സീറോ മലബാർ സഭാ മക്കളുടെ കൂട്ടായ്മ രൂപീകരിക്കാനായി ചിക്കാഗോയിൽ ആരംഭിച്ച പ്രേക്ഷിത പ്രവർത്തനം റോക്ക്ലാൻഡ് മിഷനിലൂടെ വളർന്നു ബ്രോങ്ക്സ് ഫൊറോനായിലൂടെ സാഫല്യത്തിലെത്തിക്കുവാൻ ജോസ് കണ്ടത്തിക്കുടി അച്ചന് സാധിച്ചു . വ്യക്തി ബന്ധങ്ങൾ വളരെ കൃത്യതയോടെ സൂക്ഷിച്ചിരുന്നു അദ്ദേഹം. ആദ്യമായി കാണുന്നവരെപ്പോലും വളരെ നാളുകൾക്ക് ശേഷം വീണ്ടും കാണുമ്പോൾ പേര് ചൊല്ലി വിളിക്കുന്ന അത്ഭുതകരമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ജോസച്ചൻ. ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ നേതൃത്വത്തിലുണ്ടായിരുന്ന കാത്തോലിക്ക കൂട്ടയ്മയെ വളരെ തന്മയത്വത്തോടെ സീറോ മലബാർ മിഷനുകളാക്കി രൂപാന്തരപ്പെടുത്തുവാൻ ജോസച്ചന് സാധിച്ചു. ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ അഭ്യുദയകാംഷിയും ആത്മീയ ആചാര്യനുമായിരുന്നു ഫാദർ ജോസ് കണ്ടത്തിക്കുടി.
കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ട്രൈ സ്റ്റേറ്റ്സിൽ കേരളീയമായ ആരാധന ക്രമത്തിലൂടെ ക്രൈസ്തവ വിശ്വാസവും മാനവികതയും പരിപോഷിപ്പിച്ചു പോരുന്ന ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ ഓഫ് അമേരിക്കയുടെ 2025ലെ പ്രവർത്തന ഉദ്ഘാടനം സീറോ മലബാർ ചിക്കാഗോ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് പിതാവ് നിർവ്വഹിക്കും. പ്രസിഡന്റ് റോയ് ആന്റണി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലബാർ ബ്രോങ്ക്സ് വികാരി റെവ.ഫാ. കുര്യാക്കോസ് വടാന, സീറോ മലബാർ റോക്ക്ലാൻഡ് വികാരി റെവ. ഫാ. സ്റ്റീഫൻ കണിപ്പിള്ളിൽ, റോക്ക്ലാൻഡ് ലെജിസ്ലേറ്റർ ഡോ. ആനി പോൾ എന്നിവരും അതിഥികളായി പങ്കെടുക്കും.
സോണൽ ഡയറക്ടർമാരെ തെരെഞ്ഞെടുത്തു.
ന്യൂ യോർക്ക് , ന്യൂ ജേഴ്സി ,കണെക്ടിക്കട്ട് സ്റ്റേറ്റ് കളിൽ പ്രവർത്തന മണ്ഡലമുള്ളതും സീറോ മലബാർ സീറോ മലങ്കര ലാറ്റിൻ രൂപതാംഗങ്ങളുടെ കൂട്ടായ്മയും അംബ്രേല ഓർഗനൈസേഷനുമായ ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ ആറ് സോണലുകളിൽ നിന്നുള്ള ഡയറക്ടർമാരെ പ്രസിഡന്റ് റോയ് ആന്റണിയുടെ അധ്യക്ഷതയിൽ കൂടിയ ബോർഡ് ഓഫ് ട്രസ്റ്റീയുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും സംയുക്ത യോഗത്തിൽ തെരെഞ്ഞെടുത്തു.ആന്റണി ലൂക്ക് ( ടോണി നമ്പ്യാമ്പറമ്പിൽ ), ഷാജി സക്കറിയ , ഷൈജു കളത്തിൽ , പ്രിൻസ് ജോസഫ് , ഫ്രാങ്ക്‌ളിൻ തോമസ് , ജോർജ് കരോട്ട്, ടോം കെ ജോസ്, ഫിലിപ്പ് മത്തായി (രാജു ), ജോർജ്കുട്ടി , സിസിലി പഴയമ്പള്ളിൽ, ബെഞ്ചമിൻ ജോസഫ്, ബെൻ മാമൻ എന്നിവരെ തെരെഞ്ഞെടുത്തതായി സെക്രട്ടറി തോമസ് പ്രകാശ് അറിയിച്ചു .
മറ്റു സംഘടനകൾക്ക് മാർഗ്ഗദീപമായി ചാരിറ്റി പ്രവർത്തനത്തിലൂടെ ക്രിസ്തു സ്നേഹം പങ്കുവെക്കുന്ന ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ പ്രവർത്തന ഉദ്ഘാടനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പ്രസിഡന്റ് റോയ് ആന്റണിയും സെക്രട്ടറി തോമസ് പ്രകാശും ട്രഷറർ മാത്യു ജോസഫും ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ലിജോ ജോണും അറിയിച്ചു .