Image

ആയുധങ്ങൾ 7 ദിവസത്തിനകം തിരികെ നൽകണം’: മണിപ്പൂർ ജനതയ്ക്ക് അന്ത്യശാസനവുമായി ഗവർണർ

Published on 20 February, 2025
  ആയുധങ്ങൾ  7 ദിവസത്തിനകം തിരികെ നൽകണം’: മണിപ്പൂർ  ജനതയ്ക്ക് അന്ത്യശാസനവുമായി ഗവർണർ

ഇംഫാല്‍: മണിപ്പുര്‍ ജനതയ്ക്ക് അന്ത്യശാസനയുമായി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല. കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങള്‍ തിരികെ നല്‍കണം. ഏഴു ദിവസത്തിനുള്ളില്‍ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കണമെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികളുണ്ടാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, ഒരാഴ്ചയ്ക്കു ശേഷവും ആയുധം കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. സമാധാനത്തെയും സാമുദായിക സൗഹാര്‍ദത്തെയും ബാധിച്ച ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ കാരണം മണിപ്പുരിന്റെ താഴ്വരയിലും പര്‍വതപ്രദേശങ്ങളിലുമുള്ള എല്ലാ ജനങ്ങളും കഴിഞ്ഞ 20 മാസമായി ദുരിതമനുഭവിക്കുകയാണ്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായും ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും പരസ്പര ശത്രുത അവസാനിപ്പിച്ച് ക്രമസമാധാനം തിരിച്ചുപിടിക്കാന്‍ സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളും മുന്നോട്ടുവരണമെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇതിനായി പ്രത്യേകിച്ചും, യുവാക്കള്‍ ആയുധങ്ങള്‍ അടുത്ത പൊലീസ് സ്റ്റേഷനിലോ സൈനിക ക്യാംപിലോ ഔട്ട്‌പോസ്റ്റുകളിലോ ഏല്‍പ്പിക്കണം. ആയുധം തിരികെ നല്‍കുന്ന ഈ ചെറിയ പ്രവൃത്തി മണിപ്പുരില്‍ സമാധാനം ഉറപ്പാക്കുന്നതിലേക്കുള്ള ശക്തമായ സന്ദേശമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക