വാഷിംഗ്ടൺ, ഡി.സി: 'പഴയ കാര്യങ്ങൾ കുത്തിപ്പൊക്കാൻ എനിക്ക് താൽപ്പര്യമില്ല, സ്ഥിരീകരിച്ചാൽ പിന്നോട്ട് പോകില്ല,' കാഷ് പട്ടേൽ സെനറ്റ് ഹിയറിംഗിൽ പറയുകയുണ്ടായി. അത് പോലെ എഫ്.ബി.ഐയിൽ രാഷ്ട്രീയവൽക്കരണം ഉണ്ടാകില്ല. തന്നെ നിയമിച്ചാൽ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ലെന്നും പട്ടേൽ ഉറപ്പു നൽകി.
ട്രംപിനെതിരെ റഷ്യാ ബന്ധം ആരോപിച്ചവർക്കും അത് അന്വേഷിച്ച എഫ്.ബി.ഐ ഉദ്യോഗസ്ഥർക്കും എതിരെ നടപടി എടുക്കുമെന്ന് പലരും മുൻപ് സംശയം പ്രകടിപ്പിച്ചിരുന്നു. അത് പോലെ ജനുവരി 6 കലാപത്തിൽ പങ്കെടുത്തവർക്കെതിരെ അന്വേഷിച്ചവരെയും ട്രംപ് രഹസ്യ രേഖൾ മാർ എ ലാഗോയിലേക്കു കടത്തിയത് അന്വേഷിച്ചവർക്കു എതിരെയും പട്ടേൽ പ്രതികാര നടപടികൾ സ്വീകരിക്കുമെന്നായിരുന്നു പരക്കെ കരുതിയത്. ഈ പശ്ചാത്തലത്തിലാണ് പട്ടേലിന്റെ വിശദീകരണം
എഫ്.ബി.ഐയുടെ ഒമ്പതാമത്തെ ഡയറക്ടറെന്ന നിലയിൽ, പ്രതിവർഷം 11 ബില്യൺ ഡോളറിലധികം വരുന്ന ബജറ്റിനൊപ്പം ഏകദേശം 38,000 ജീവനക്കാരുടെ ഒരു വലിയ ആഗോള ശ്റുംഘലക്ക് പട്ടേൽ മേൽനോട്ടം വഹിക്കും. ചൈന, റഷ്യ തുടങ്ങിയ ആഗോള എതിരാളികൾ ഉയർത്തുന്ന ഭീഷണികൾക്കൊപ്പം, തീവ്രവാദം, അപകടകാരികളായ കുറ്റവാളികൾ, രാഷ്ട്രീയ അഴിമതി എന്നിവയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ അദ്ദേഹത്തിനു ചുമതലയുണ്ട്.
ട്രംപ് അധികാരം വിട്ടപ്പോഴും അചഞ്ചലമായി അദ്ദേഹത്തിനൊപ്പം നിൽക്കുകയും അന്വേഷങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു എന്നതാണ് പട്ടേലിനെ ട്രംപിന്റെ പ്രിയംകരനാക്കിയത്.
ട്രംപിന്റെ ഇലക്ഷൻ പ്രചാരണത്തിനായി 1,000-ത്തിലധികം തവണ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു . ട്രംപിന്റെ എതിരാളികളെ നിശിതമായി എതിർത്തു. ന്യു യോർക്ക് ടൈംസിന്റെ അഭിപ്രായത്തിൽ ഇപ്പോൾ 'കുപ്രസിദ്ധമായ' ഒരു പുസ്തകം പട്ടേൽ എഴുതി. അതിൽ വ്യക്തമാക്കാത്ത പ്രതികാര നടപടികൾക്കായി 60 ശത്രുക്കളെ അദ്ദേഹം വേർതിരിച്ചു.
അതിനു പുറമി മൂന്ന് വാല്യങ്ങളുള്ള കുട്ടികളുടെ പരമ്പര പ്രസിദ്ധീകരിച്ചു. അതിൽ ട്രംപിനെ കിരീടധാരണം ചെയ്ത രാജാവായി ചിത്രീകരിച്ചു. 2024 ലെ പ്രചാരണ പാതയിൽ ട്രംപിന്റെ പകരക്കാരനായി (സറോഗേറ്റ്) സേവനമനുഷ്ഠിച്ചു.
ലോംഗ് ഐലൻഡ് സ്വദേശിയായ പട്ടേൽ, ആഭ്യന്തര അന്വേഷണത്തിലും പ്രവർത്തിച്ചു. ട്രംപിന് ദേശീയ സുരക്ഷാ ഉപദേശം നൽകി; 2022 ലെ വേനൽക്കാലത്ത് പ്രസിഡന്റിന്റെ ഫ്ലോറിഡ എസ്റ്റേറ്റായ മാർ-എ-ലാഗോയിൽ എഫ്.ബി.ഐ നടത്തിയ പരിശോധനയ്ക്ക് ശേഷമുള്ള ഇരുണ്ട ദിവസങ്ങളിൽ അദ്ദേഹത്തോടൊപ്പം നിന്നു.
ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിൽ ദേശീയ സുരക്ഷാ വിഭാഗത്തിലെ മുൻ വിചാരണ അഭിഭാഷകനായ പട്ടേൽ ഒരു കോൺഗ്രസ് ഇൻവെസ്റ്റിഗേറ്ററായി ജോലി ചെയ്ത. തുടർന്ന് മുൻ ട്രംപ് ഭരണകൂടത്തിൽ ദേശീയ സുരക്ഷാ ജോലികളിൽ പ്രവർത്തിച്ചു. ദേശീയ സുരക്ഷാ കൗൺസിലിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ സീനിയർ ഡയറക്ടറായി സേവനമനുഷ്ഠിച്ചു.