പ്ലിമത് മിൽസ് ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് എല്ലാ ജോലിക്കാരെയും അറിയിച്ചു. അൺഎംപ്ലോയ്‌മെന്റ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാവരുടെയും വ്യക്തിഗതവിവരങ്ങൾ കമ്പനി ശേഖരിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ കമ്പനി പൂട്ടി. ഒൻപതു വർഷക്കാലം അന്നം മുട്ടാതെതൊഴിൽ തന്ന ഒരു സ്ഥാപനം, നാലേകാൽ ഡോളറിന്റെ സ്വീപ്പർ പദവിയിൽ നിന്ന്, ഒൻപതു ഡോളറിന്റെ കട്ടർപദവിയിൽ വരെ എത്തിച്ച സ്ഥാപനം, ഓവർ ടൈമിന്റെ ഒത്തിരി സാധ്യതകളിലൂടെ കൈ നിറയെ കാശ് തന്നസ്ഥാപനം, അതിന്റെ അടഞ്ഞ വാതിലിൽ നിന്ന് തിരിഞ്ഞു നടക്കുമ്പോൾ, ആത്മ വേദനകളുടെ അജ്ഞാതമായഒരു തേങ്ങൽ അകത്തു നിന്നുയരുന്നത് ഞാൻ കേട്ടിരുന്നു.
ഇക്കാലത്താണ്,‘ ഞങ്ങൾ പാവങ്ങളാണ് സഹായിക്കണം ‘ എന്ന അഭ്യർത്ഥനയുമായി ഒരു തമിഴ് വൃദ്ധദമ്പതികൾ ഞങ്ങളുടെ വാടകക്കാരായി വന്നത്. ആകാവുന്ന സഹായങ്ങൾ ചെയ്തുകൊടുത്തു കൊണ്ടാണ്അവരെ ഞങ്ങൾ സ്വീകരിച്ചത്. മുൻ വാടകയേക്കാൾ ചെറിയൊരു തുക അവർക്ക് ഇളച്ചു കൊടുത്തു. ഞങ്ങളുടെതായി ഉണ്ടായിരുന്ന ഫർണീച്ചറുകൾ അവർക്കു ഉപയോഗിക്കാൻ കൊടുത്തു. ഞങ്ങളുടെ വാഷിങ്മെഷീൻ ഉപയോഗിക്കുന്നതിനുള്ള സൗകര്യം അനുവദിച്ചു. അവരുടേതായി കൊണ്ട് വന്ന ഒരു പഴയ സോഫാവാതിലിലൂടെ കടക്കാഞ്ഞിട്ട് ഞാൻ തന്നെ അതഴിച്ചു കഷണങ്ങളാക്കിയിട്ട് അകത്തു കൊണ്ട് വന്ന് പൂർവസ്ഥിതിയിൽ ആക്കിക്കൊടുത്തു. ( ഒരു മുഴുവൻ ദിവസവും ഇതിനു പണിയേണ്ടി വന്നു. ) പുതിയതായി ഒന്നുംതന്നെ വാങ്ങാതെ അവർക്ക് താമസം തുടങ്ങുവാൻ സാധിച്ചു.
താമസം തുടങ്ങിയ അന്ന് തന്നെ ആദ്യത്തെ കല്ലുകടി ഉണ്ടായി. എന്റെ ഭാര്യ ഞങ്ങളുടെ അടുക്കളയിൽ വച്ച്ചിരവയിൽ തേങ്ങാ ചുരണ്ടുകയായിരുന്നു. സ്വാഭാവികമായും ചിരട്ടയും ചുരവയുമായി കുറെ ശബ്ദംഉണ്ടാക്കിയിരുന്നു. അവരുടെ മകൾ എന്ന് പറയുന്ന സ്ത്രീ ചാടിക്കയറി മുകളിൽ വന്നിട്ട് "സ്റ്റോപ്പ് ദി ഫക്കിങ്നോയിസ് " എന്ന് അലറി. തുടർന്ന് തന്റെ വൃദ്ധരായ പേരന്റസ് ഹൃദയ രോഗികളാണെന്നും, ഈ ശബ്ദംഅവർക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുമെന്നും, താനിപ്പോൾത്തന്നെ പോലീസിനെ വിളിക്കാൻ പോവുകയാണെന്നുംഅവർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
എനിക്ക് വന്ന ദേഷ്യത്തിന് അതിരില്ലായിരുന്നു. അവർക്കു വേണ്ടി നമ്മൾ ചെയ്ത ഉപകാരങ്ങളൊക്കെ കട്ടപ്പൊഹ. മുൻ കോപകാരനായ ഞാൻ എത്ര നിയന്ത്രിച്ചിട്ടും അടക്കാനാവാതെ " വിളിക്കെടി പോലീസിനെ, വിളിക്കെടീ " എന്നാക്രോശിച്ചു കൊണ്ട് അവരുടെനേരെ കൈയോങ്ങിക്കൊണ്ട് ഓടിയടുത്തെങ്കിലും അവർ താഴോട്ട്ഓടിക്കളഞ്ഞു. ഭാഗ്യം! ഒന്നും സംഭവിച്ചില്ല. ഇന്ത്യൻ രീതി തലക്ക് പിടിച്ചു വട്ടായ ഞാൻ അവരുടെ ദേഹത്ത് തൊട്ടുപോയിരുന്നെങ്കിൽ അമേരിക്കൻ ജയിലിൽ അകപ്പെട്ട് ഇന്നും ഗോതമ്പുണ്ട ( ഇവിടെ ഗോതമ്പുണ്ടയാണോ ആവോ? ) തിന്നുകയായിരുന്നിരിക്കണം ഫലം ?
വാഷിങ് മെഷീനിൽ കഴുകാനായി വെളിയിൽ നിന്ന് കെട്ടുകളായി തുണി വരുന്നുണ്ടെന്നും, ഞങ്ങൾ ജോലികഴിഞ്ഞു എത്തുന്നതിനു മുമ്പ് കഴുകിക്കൊണ്ടു പോകുന്നുണ്ടെന്നും അറിവ് കിട്ടി. അന്വേഷണത്തിൽ ഇവരുടെമകനും, മരുമകളും ഡോക്ടർമാരാണെന്നും., അവരുടെ വീട്ടിലെ തുണികളാണ് ഇവിടെ കഴുകാനെത്തുന്നതെന്നുംമനസിലായി. ഞങ്ങളുടെ ഡ്രൈവെയിൽ ഇട്ട് ഇടക്കിടെ വ്യത്യസ്തങ്ങളായ കാറുകൾ കഴുകാറുണ്ടെന്നും, അത്മക്കൾ ഡോക്ടർമാരുടെ കാറുകളാവാമെന്നും മനസിലാക്കി.
എല്ലാം ഉള്ളിലൊതുക്കി മിണ്ടാതെ കഴിയുമ്പോളാണ് മറ്റൊരു വലിയ സംഭവം നടക്കുന്നത്. ശ്രീലങ്കയിൽ നിന്നുംഇവരുടെ മകളും ഭർത്താവും മൂന്നു മുതിർന്ന കുട്ടികളും കൂടി വന്ന് ഇവരോടൊപ്പം താമസമാക്കുന്നു. അവിടെവലിയ നിലയിൽ ജീവിച്ചവരാണെന്ന് വേഷവും ഭാവവും കൊണ്ട് മനസിലാക്കാം. . ഇവരുടെ ബന്ധുക്കളും, സുഹൃത്തുക്കളുമായി വലിയൊരു കൂട്ടം സന്ദർശകർ ദിവസവും വന്നു പോകുന്നു. വലിയ തീറ്റക്കുടി പാർട്ടികൾ, ഒച്ച, ബഹളം, സംഗീതം. ആകെക്കൂടി ഒരു പ്രത്യേകാവസ്ഥ. നമ്മുടെ വീട് ഒരു മദിരാശി ചന്തയായി മാറി. ഒരു രണ്ടുമാസം കൂടി കഴിഞ്ഞിട്ടാണ് ഇവർ മറ്റെങ്ങോട്ടോ മാറിയത്. അവർ വന്നപ്പോളും, പോയപ്പോളും ' വന്നു, പോയി ' എന്നീ രണ്ടു വാക്കുകൾ മാത്രമേ പാസ്റ്റർ എന്നോട് പറഞ്ഞുള്ളു.
ദേഷ്യം കൊണ്ടോ, വഴക്കു കൊണ്ടോ ഒന്നും ഞങ്ങളുടെ ടെനന്റിനെ മാറ്റാനാകില്ലെന്ന് എനിക്ക് മനസിലാസയി. നിയമങ്ങളൊക്കെ ഇഴ കീറി പരിശോധിച്ചു പഠിച്ചിട്ടാണ് മകളുടെ നിൽപ്പ്. ഇനിയെന്ത് ചെയ്യും എന്ന് ചിന്തിച്ചുനിൽക്കുമ്പോൾ ജീവിതത്തിൽ പലപ്പോളും സംഭവിച്ചിട്ടുള്ളത് പോലെ അതാ മനസ്സിൽ ഒരു തീപ്പൊരി. ആള്പാസ്റ്ററാണല്ലോ ? ബൈബിൾ തന്നെയാവട്ടെ വിഷയം എന്ന് തീരുമാനിച്ചു. കള്ള് കണ്ട കുടിയനെപ്പോലെയും, ചക്കമടൽ കണ്ട കാളയെപ്പോലെയും ബൈബിൾ കണ്ടാൽ പാസ്റ്റർക്ക് പ്രതികരിക്കാതിരിക്കാൻ ആവില്ലല്ലോ ?
പിറ്റേ ദിവസം മുതൽ ബൈബിൾ രഹസ്യങ്ങൾ പഠിക്കാനെത്തുന്ന ശിശുവിനെപ്പോലെ ഞാൻ പാസ്റ്ററുടെസവിധത്തിലെത്തി. ഞാൻ ചോദിക്കുന്ന കുനിഷ്ടു സംശയങ്ങൾക്കെല്ലാം പാസ്റ്റർ ബിബ്ലിക്കൽ ആയിട്ടുള്ളമറുപടികൾ നൽകിക്കൊണ്ടിരുന്നു. ക്രമേണ ഒരു ഗുരു ശിഷ്യ ബന്ധം ഞങ്ങൾക്കിടയിൽ വളർന്നു വന്നു. മകന്റെഭാര്യയുമായി ഒത്തു പോകാൻ പറ്റാഞ്ഞിട്ടാണ് വയസാം കാലത്ത് മാറിത്താമസിക്കുന്നത് എന്ന രഹസ്യംഅന്യനായ എന്നോട് തുറന്നു പറയാൻ മാത്രം ഞങ്ങളുടെ സൗഹൃദം വളർന്നു.
പാസ്റ്ററുമായിട്ടുള്ള ബൈബിൾ വിശകലനങ്ങൾക്കിടക്ക് ജോലി നഷ്ടപ്പെട്ട വിവരം ഞാൻ പറഞ്ഞിരുന്നു. ജോലിനഷ്ടപ്പെട്ട് കുറെ ആഴ്ചകൾ കഴിഞ്ഞപ്പോൾ പാസ്റ്റർ എന്നെ വിളിപ്പിച്ചു. ജോലി ആവശ്യമുണ്ടെങ്കിൽതനിക്കറിയാവുന്ന ഒരു സ്ഥാപനം ന്യൂ ജേഴ്‌സിയിൽ ഉണ്ടെന്നും, അവിടെ ജോലി സംഘടിപ്പിക്കാമെന്നും പറഞ്ഞു. സന്തോഷത്തോടെയാണ് ഞാൻ പാസ്റ്ററുടെ ഓഫർ സ്വീകരിച്ചത്. പാസ്റ്റർ ആരെയോ വിളിച്ചു സംസാരിച്ചു. പിറ്റേദിവസം ജോലിക്ക് കയറിക്കൊള്ളാൻ പറഞ്ഞു കമ്പനിയുടെ അഡ്രസ്സ് എനിക്ക് തന്നു.
ന്യൂ ജേഴ്സിയിൽ കാക്കൻസാക്ക് ഏരിയായിലുള്ള ലോദി എന്ന പ്രദേശത്ത് ഒരു വെയർ ഹൗസ് ആയിരുന്നുജോലി സ്ഥലം. ഇന്ത്യ ഉൾപ്പടെയുള്ള മൂന്നാം ലോക രാജ്യങ്ങളിൽ നിർമ്മിക്കുന്ന വസ്ത്രങ്ങൾ എയർ കാർഗോ വഴിഇവിടെ വരുന്നു. എയർ പോർട്ടിൽ നിന്ന് വലിയ ട്രക്ക് ലോഡുകളായിട്ടാണ് ഇത് വരുന്നത്. ഇത് അൺലോഡുചെയ്യലാണ് പ്രധാന ജോലി. അൺ ലോഡിങ് ഇല്ലാത്തപ്പോൾ ഇവ തരം തിരിച്ച് ക്ലോത്ത് ഹാങ്ങറുകളിൽതൂക്കിയിടണം. ഇപ്രകാരം തൂക്കിയിടുന്ന ഡ്രസുകൾ അമേരിക്കയിലെ പ്രമുഖ ചില്ലറ വിൽപ്പന ശാലകളുടെവിലയോടു കൂടിയ നെയിം ടാഗുകൾ പിടിപ്പിച്ച് അതാത് സ്ഥലങ്ങളിലേക്ക് ഷിപ്പ് മെന്റ് നടത്തണം ഇതാണ് ജോലി.
പാസ്റ്റർ മുഖാന്തിരം എനിക്ക് വേണ്ടി റെക്കമെന്റ് ചെയ്തത് ' അങ്കിൾ ' എന്ന് എല്ലാവരും വിളിക്കുന്ന എഴുപതുകാരനായ ഒരു ഗുജറാത്തി വൃദ്ധനായിരുന്നു. വിസിറ്റിങ് വിസയിൽ വന്നിട്ട് തിരിച്ചു പോയിട്ടില്ലാ. നാട്ടിൽ ഭാര്യയും, രണ്ടു പെൺകുട്ടികളും ഉണ്ടായിരുന്നു. പെൺമക്കൾ വിവാഹ പ്രായം എത്തി വരുന്നതിനാൽ ആവശ്യമായിവന്നേക്കാവുന്ന പൈസ ഉണ്ടാക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചതാണ്. ഓരോരോ കാരണങ്ങളാൽ മടങ്ങിപ്പോകാൻസാധിച്ചില്ല. ഇപ്പോൾ ഇരുപതോളം വർഷങ്ങളായിരിക്കുന്നു. ഇതിനിടയിൽ ഗുജറാത്തിൽ സംഭവിച്ച ഏതോകലാപക്കാലത്ത് എങ്ങോ, എവിടെയോ ഓടിപ്പോയ കുടുംബവുമായുള്ള ബന്ധം വേർപെട്ടു പോയി. ഭാര്യ മരിച്ചുപോയിയെന്നു ആരൊക്കെയോ പറയുന്നുണ്ട്. പെൺമക്കൾ എങ്ങനെയെന്നോ, എവിടെയെന്നോ നിശ്ചയമില്ല.
നാട്ടിൽ ചെന്നാലും ആരെയെങ്കിലും കണ്ടെത്താനാവുമോ എന്ന് ഉറപ്പില്ല. കണ്ടെത്തിയാലും, തൻകാര്യംനോക്കിപ്പോയ ഒരച്ഛൻ എന്ന നിലയിലാവും മക്കൾ വിലയിരുത്തുക. ഒരിക്കൽ നാട്ടിൽ പോയാൽ പിന്നെ തിരിച്ചുവരാൻ സാധിക്കുകയുമില്ല. അത് കൊണ്ട് ഗതികെട്ട് ഇവിടെത്തന്നെ കൂടുകയാണ്. വയസ് എഴുപത്കഴിഞ്ഞിരിക്കുന്നു!
മനസ്സിലെ വിങ്ങലുകളിൽ പൊതിഞ്ഞു വച്ച് അങ്കിൾ സൂക്ഷിക്കുന്ന ഇക്കഥകൾ എന്നോട് പറയാനുണ്ടായസാഹചര്യം എന്താണെന്ന് ഇന്നും എനിക്ക് നിശ്ചയമില്ല. ഗുജറാത്തി ബോസ്സിന്റെ ആട്ടും, തുപ്പും ഏറ്റു വാങ്ങിനരകിക്കുന്നതിനിടയിൽ മനുഷ്യപ്പറ്റുള്ള ഒരാളായി എന്നെ വിലയിരുത്തിയതാവാം ഒരു കാരണം എന്ന് എനിക്ക്പിന്നീട് തോന്നിയിട്ടുണ്ട്.
ചിലരുടെ കഥ കേൾക്കുമ്പോൾ നമ്മൾ എത്ര മുകളിലാണ് എന്ന് തോന്നിപ്പോകും. അവിടെ ജോലി ചെയ്യുന്നപത്തോളം ആളുകളിൽ മിക്കവരുടെയും ഉള്ളുകളിൽ ഇത്തരം മുൾ മുനകൾ കൊളുത്തി കിടക്കുന്നുണ്ടാവും. അച്ഛനും, അമ്മയും ഇവിടെ വച്ച് മരണപ്പെട്ടതിനാൽ അനാഥനായിത്തീർന്ന പതിനേഴു വയസുള്ള ഒരു പയ്യനുംഅവിടെ ജോലി ചെയ്യുന്നുണ്ട്. എമിഗ്രെഷൻ രേഖകൾ ഇല്ലാത്തതിനാൽ ഒളിച്ചാണ് ജീവിതം. അങ്കിളിന്റെകൂടെയാണ് താമസം. എന്നെങ്കിലും പേപ്പറുകൾ ശരിയാവും എന്ന പ്രതീക്ഷയിൽ കഴിയുന്നു. അങ്കിളിന്റെയും, പയ്യന്റെയും അനുഭവങ്ങൾ എന്നെ വേദനിപ്പിക്കുകയും, കണ്ണുകൾ നനയിപ്പിക്കുകയും ചെയ്തിരുന്നു.
ഇൻഡ്യാക്കാർ ഓവ്ൺ ചെയ്യുന്നതും, ഇന്ത്യൻ രീതികൾ പിന്തുടരുന്നതുമായ ഒരു കമ്പനിയായിരുന്നു അത്. ഗുജറാത്തിയായ ഒരു നാല്പതു കാരനായിരുന്നു സർവാധികാരി. അയാളുടെ ഓഫീസിൽ കടന്നു ചെല്ലുവാനോ, കാര്യം പറയുവാനോ ജോലിക്കാർക്ക് അധികാരമില്ല. എന്തെങ്കിലും പറയണമെങ്കിൽ പാക്കിസ്ഥാൻ കാരനായ ' റാണാ ' എന്ന സൂപ്പർ വൈസർ മുഖാന്തിരമേ പാടുള്ളു. നമ്മളെ അറിയിക്കാനുള്ള കാര്യങ്ങളും റാണയുടെവായിലൂടെ അയാൾ പറയും. കൂട്ടിലിട്ട പട്ടികളെപ്പോലെ ആയിരുന്നു തൊഴിലാളികൾ. അധികം പേരുംനിയമപരമായ കുടിയേറ്റ രേഖകളില്ലാതെ എത്തിപ്പെട്ട വടക്കു പടിഞ്ഞാറൻ ഇന്ത്യക്കാർ ആയിരുന്നു. വർഷങ്ങൾക്ക്മുമ്പ് ന്യൂ ജേഴ്സിയിൽ വച്ച് ഗുജറാത്തികൾ നേതൃത്വം നൽകിയ ഒരു ഇന്ത്യൻ ഫെസ്റ്റിവൽ നടന്നിരുന്നു. അതിന്റെ മറവിൽ ഇവിടെയെത്തിയിട്ട് മടങ്ങിപ്പോകാതെ മുങ്ങിയവരാണ് മിക്കവരും.
ഏഴു ഡോളറാണ് മണിക്കൂറിന് വേതനം. ചില ദിവസങ്ങളിൽ രാത്രി വളരെ വൈകിയിട്ടാവും ട്രക്ക് വരിക. അങ്ങനെയുള്ള ദിവസങ്ങളിൽ വൈകിട്ട് ആറു മണിക്ക് മറ്റു ജോലികൾ അവസാനിപ്പിച്ചു കാത്തിരിക്കണം. ഈകാത്തിരിപ്പ് എത്ര മണിക്കൂർ നീണ്ടാലും അതിന് റെഗുലർ പേയ്‌മെന്റ് കിട്ടും. ട്രക്ക് വരുമ്പോൾ അതിനുള്ളിലെലോഡ് ഇറക്കിയിട്ടേ വീട്ടിൽ പോകാൻ പറ്റുകയുള്ളു. രാത്രി മൂന്നു മണിക്കും നാല് മണിക്കുമൊക്കെ അൺലോഡിങ്ങും കഴിഞ്ഞിട്ട് ന്യൂ ജേഴ്‌സി ടേൺപൈക്കിലൂടെ എഴുപത് - എൺപത് മൈൽ സ്പീഡിൽ ഇരുപത്താറുമൈൽ ദൂരം കാറോടിച്ചു പോരുമ്പോൾ അറിയാതെ ഞാൻ തളർന്ന് ഉറങ്ങിപ്പോകും. ചുരുങ്ങിയത് മൂന്നുതവണയെങ്കിലും ഭീമൻ ട്രക്കുകളുടെ പിന്നിൽ ഇടിച്ചു - ഇടിച്ചില്ല എന്ന നിലയിൽ ഞാൻ ഞെട്ടി ഉണരുകയും, മരണത്തിന്റെ ഭീതിതമായ ഗുഹാമുഖത്തു നിന്ന് അത്ഭുതകരമായി രക്ഷപെടുകയും ഉണ്ടായിട്ടുണ്ട്. ഒന്നുംചെയ്യാതെ ഒരു നിമിഷം കിട്ടിയാൽ അപ്പോൾ ഉറങ്ങിപ്പോകുന്ന ഞാൻ രാത്രിയിൽ വണ്ടിയോടിക്കാൻയോഗ്യനല്ലെന്നു എനിക്ക് മാത്രമല്ലാ, എന്റെ വീട്ടുകാർക്കും അറിയാമായിരുന്നത് കൊണ്ട് ഇത്തരംസന്ദർഭങ്ങളൊന്നും വീട്ടിൽ പറയുകയുണ്ടായില്ല.
(മറ്റൊരു സന്ദർഭത്തിൽ രാത്രി ജോലിയും കഴിഞ്ഞെത്തിയിട്ട് ഉറങ്ങാൻ കിടന്ന ഞാൻ ഉണരാൻ താമസിച്ചുപോയി. സമയത്തിന് ജോലിക്കെത്താനുള്ള തിരക്കിൽ കാറിന്റെ സ്പീഡ് അൽപ്പം കൂടിപ്പോയി. ന്യൂ ജേഴ്‌സി ടേൺപൈക്കിലൂടെ തൊണ്ണൂറു മൈൽ വേഗതയിൽ പാഞ്ഞു പോകുന്ന എന്റെ കാറിനെ പിന്തുടർന്ന് കൊണ്ട് ഒരുഹെലികോപ്റ്റർ പറന്നു വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നെങ്കിലും അത് പോലീസാണെന്ന് തിരിച്ചറിഞ്ഞില്ല. അവസാനം ഒരു പോലീസ് കാർ അതേ വേഗത്തിലെത്തി എന്നെ തടഞ്ഞു നിർത്തുകയും, മുകളിൽ ഹെലികോപ്‌റ്ററും താഴെ എവിടെ നിന്നൊക്കെയോ വന്നു ചേർന്ന അഞ്ചാറു പോലീസ് കാറുകളും കൂടി എനിക്ക് ചുറ്റുംചുവപ്പിന്റെ ഒരു പ്രളയം സൃഷ്ടിക്കുകയും ഒക്കെ ചെയ്തപ്പോൾ ഇതെന്തു കഥ എന്നോർത്ത് ഞാൻസ്തംഭിച്ചിരുന്നു. എന്റെ നേരെ ചൂണ്ടിയ റിവോൾവറുകളുമായി നാല് ഓഫീസർ മാരാണ് നാല് വശത്തു നിന്നുംവളരെ ശ്രദ്ധയോടെയും, കരുതലോടെയും സമീപിച്ചതും, കാറിൽ നിന്ന് എന്നെ പിടിച്ചിറക്കി വിശദമായ ദേഹപരിശോധന നടത്തിയതും
പരിശോധനയെല്ലാം കഴിഞ്ഞ് പരസ്പരം നോക്കിയ പോലീസ് ഓഫീസർമാരുടെ ചുണ്ടിൽ അടക്കിപ്പിടിക്കാൻപാടുപെടുന്ന ഒരു നിഗൂഢ പുഞ്ചിരി എനിക്ക് കാണാമായിരുന്നു. തൊണ്ണൂറു മൈൽ സ്പീഡിൽ രക്ഷപെട്ടോടുന്നഒരു ടെറോറിസ്റ്റിനേയോ, ഡ്രഗ് ഡീലറെയോ കീഴ്‌പ്പെടുത്തി പ്രമോഷൻ വരെ നേടാനുള്ള ഒരു സാധ്യതയാണല്ലോഏഴു ഡോളറിന് ചുമട്ടു ജോലി ചെയ്യാൻ പോകുന്ന ഈ പാവം പിടിച്ച ഇന്ത്യൻ ദരിദ്രവാസി തകർത്ത് കളഞ്ഞത്എന്ന് അവർ ഓർക്കുകയാവും എന്ന് എനിക്ക് തോന്നി. ' എക്സ്യൂസ് മീ സാർ ' എന്ന് പറഞ്ഞു കൊണ്ട് ഇരുന്നൂറ്റമ്പത് ഡോളറിന്റെ ഒരു ടിക്കറ്റ് തന്നു. ഡ്രൈവിങ് ലൈസൻസിൻമേൽ അഞ്ചു വയലേഷൻപോയിന്റുകളും ചാർത്തിയിട്ട് 'താങ്ക്‌യൂ ' പറഞ്ഞ് അവർ പോയി. ( ഭാഗ്യം! ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെപോലീസിന്റെ മാസ്റ്റർപീസ് ക്‌ളാസിക് കട്ടത്തെറികൾ ഇവിടെ കേൾക്കേണ്ടി വന്നില്ല. ) ന്യൂ ജേർസിയിലെ ഒരുകോടതിയിൽ ഞാൻ അപ്പീലിന് പോയിയെങ്കിലും, കാരുണ്യവാനായ ജഡ്‌ജി പോയിന്റുകൾനീക്കിത്തന്നുവെങ്കിലും, അല്പമൊരു ഫൈനോടെ മുഴുവൻ തുകയും അടക്കുവാൻ തന്നെ സമക്ഷത്തിൽ നിന്ന്ദയാ പൂർവം ഉത്തരവായി.)
ഒരു ദിവസം ജോലിക്കു ചെല്ലുമ്പോൾ അന്ന് ജോലി വേറെയാണെന്ന് റാണാ അറിയിച്ചു. ഒരു വലിയ ട്രക്കിൽകയറ്റി എല്ലാവരെയും കുറെ ദൂരെ ഒരു സ്ഥലത്തു കൊണ്ട് പോയി. ബോസ് താമസിക്കുന്ന വീടാണത്. ബോസ്അവിടെ നിന്ന് താമസം മാറ്റുന്നതിനാൽ അദ്ദേഹത്തിന്റെ മുഴുവൻ ഫർണീച്ചറും ഗൃഹോപകരണങ്ങളും അവിടെനിന്ന് ട്രക്കിൽ ലോഡ് ചെയ്‌ത് മൂന്നു മൈൽ ദൂരെയുള്ള പുതിയ വീട്ടിൽ എത്തിച്ച് അവിടെ സെറ്റ് ചെയ്തുകൊടുക്കണം. ഇതാണ് അന്നത്തെ ജോലി.
ഇന്ത്യക്കാരന്റെ അഹങ്കാരത്തിന്റെ ഗർവ് ശരിക്കും ബോധ്യപ്പെട്ട ഒരു ദിവസമായിരുന്നു അത്. ബോസിന്റെ ഭാര്യഒരു യജമാനത്തിയുടെ രൂപ ഭാവങ്ങളോടെയാണ് ഞങ്ങൾക്ക് ഓർഡറുകൾ തന്നു കൊണ്ടിരുന്നത്. തന്റെഫർണീച്ചറുകൾക്ക് പോറലോ, കീറലോ പറ്റാതിരിക്കാൻ അവർ ഞങ്ങളെയാണ് ശാസിക്കുന്നത്. ഒരുസന്ദർഭത്തിൽ എഴുപതു കാരനായ അങ്കിളിന്റെ കാൽ വഴുതി താഴെ വീഴാൻ തുടങ്ങിയത് അങ്കിളിന്റെ കുറ്റമായിഅവർ ചിത്രീകരിക്കാൻ തുടങ്ങിയതിനെ ചോദ്യം ചെയ്യാൻ ഞാൻ മുതിർന്നുവെങ്കിലും, റാണാ സ്വന്തം വായപൊത്തിക്കാണിച്ചു കൊണ്ട് എന്നെ തടഞ്ഞു.
അന്ന് മുഴുവൻ പണിതിട്ടാണ് അവരുടെ ഫർണിച്ചറുകളും, വീട്ടുപകരണങ്ങളും, ഗാർഡൻ ഫിറ്റിങ്ങുകളും, കുട്ടികളുടെ കളിപ്പാട്ടങ്ങളും എല്ലാം മൂന്നു മൈൽ ദൂരത്തുള്ള മറ്റൊരു വീട്ടിൽ എത്തിച്ചു യജമാനത്തിയുടെആജ്ഞാനുസരണം ക്രമമായി അടുക്കി വച്ച് കൊടുത്തത്. ഒരു ചായ വേണോ എന്ന് ചോദിക്കാത്തത് പോകട്ടെ, താങ്ക്‌സ് എന്ന ഒരു വാക്കു പറയാൻ പോലും അവർ കൂട്ടാക്കിയില്ലാ എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഇത്തരം കുറെ മാർവാടി - ജമീന്ദാരി യജമാനന്മാരുടെ കാൽക്കീഴിൽ അമരുന്നത് കൊണ്ടും, കൊടുംക്രിമിനലുകളെത്തന്നെ ഭരണാധികാരികളായി തെരഞ്ഞെടുക്കപ്പെടുന്നത് കൊണ്ടും ആയിരിക്കണം, സഹസ്രാബ്ദങ്ങളുടെ സാംസ്കാരിക പാരമ്പര്യങ്ങളും പേറി തലയുയർത്തി നിൽക്കുന്ന ഭാരതീയ ജീവിത ധാരഎത്രയോ നൂറ്റാണ്ടുകൾക്കു ശേഷം ഇന്നും രാഷ്ട്രീയപ്പാർട്ടികളുടെ വികസന വാഗ്‌ദാനങ്ങളുടെ വെറും കുരകൾമാത്രം അവശേഷിപ്പിച്ചു കൊണ്ട് നില നിൽക്കുന്ന ഒരു രാജ്യമായി അനുഭവപ്പെടുന്നത് എന്ന് എനിക്ക് തോന്നി.
ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കാറിലുണ്ടായിരുന്ന അങ്കിളിനോട് ഇതേക്കുറിച്ചു സംസാരിച്ചു. ആദ്യം കാണുന്നത്കൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നതെന്നും, ഇന്ത്യയിൽ ആയിരിക്കുമ്പോൾ തന്നെ വളരെ വർഷങ്ങളായിതങ്ങൾ ഇതൊക്കെ അനുഭവിക്കുന്നത് കൊണ്ട് ഒരു പുതുമയും തോന്നുന്നില്ലെന്നും, നാടും, വീടും, കൂട്ടും, കുടുംബവും, നഷ്ടപ്പെട്ട തങ്ങൾക്ക് കഞ്ഞി കുടിക്കാൻ ഇനി ഇതല്ലാതെ വേറെ മാർഗ്ഗമില്ലെന്നും അങ്കിൾവേദനയോടെ പറഞ്ഞു.
ഏത് തരത്തിലുള്ള പീഡനം എവിടെ നിന്നുണ്ടായാലും പേപ്പർ ഇല്ലാത്തവർക്ക് അധികാരികളുടെ മുന്നിലെത്തിപരാതി സമർപ്പിക്കാൻ സാധിക്കുകയില്ല. അവർക്കു പേപ്പർ ഇല്ലെന്നു അറിയുന്നതോടെ ഇവിടെ നിന്നും സ്വന്തംനാട്ടിലേക്ക് ഡീപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടികൾ ആയിരിക്കും അധികാരികൾ ആദ്യം സ്വീകരിക്കുക.
( ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ചൂടും, ചൂരും ഏറ്റ് നില നിൽക്കുന്നത് കൊണ്ടാവണം, കേരളത്തിലെ ജനജീവിതം ഇവരുടേതിനേക്കാൾ എത്രയോ ഉയരത്തിലാണ് പുലരുന്നത് എന്ന് തിരിച്ചറിയുകയായായിരുന്നു ഞാൻ. )
അങ്കിളിന്റെയും, പയ്യന്റെയും അനുഭവങ്ങൾ എന്നെ വേദനിപ്പിച്ചിരുന്നു. ന്യൂ യോർക്ക് ഏരിയായിൽ താമസിക്കുന്നഅവർക്ക് മിക്കവാറും ഞാൻ റൈഡ് കൊടുക്കുമായിരുന്നു. ആ വകയിൽ അഞ്ചു മൈൽ കൂടി കൂടുതലായിഎനിക്ക് ഓടേണ്ടി വന്നിരുന്നു. മരങ്ങൾ ഒന്നും ഇല്ലാതെ വലിയ ചൂടുള്ള ഒരു പ്രദേശത്തായിരുന്നു കമ്പനിപ്രവർത്തിച്ചിരുന്നത്. ഉച്ചക്കുള്ള ഒരു മണിക്കൂർ ലഞ്ച് ബ്രെക്കിൽ ഞാൻ പുറത്തു പോയി( ജോലിക്കാരിൽ എനിക്ക്മാത്രമാണ് വണ്ടി ഉണ്ടായിരുന്നത്.) ഒരു സാൻഡ്വിച്ചും സോഡയും കഴിച്ചിരുന്നു. അവിടെ വിറ്റിരുന്ന മൂന്നുഡോളർ വിലയുള്ള തണ്ണിമത്തൻ ഒരെണ്ണം വാങ്ങിക്കൊണ്ടു വരികയും അത് മുറിച്ച് റാണ ഉൾപ്പടെയുള്ളജോലിക്കാർ മിക്കവരുമായും ഷേർ ചെയ്തു കഴിക്കുകയും ചെയ്തിരുന്നു.
ഇവരോടൊപ്പം അഞ്ചാറ് മാസത്തോളം ഞാൻ ജോലി ചെയ്തു. അങ്ങിനെയിരിക്കെ . എന്റെ അയൽക്കാരനും, സുഹൃത്തുമായ ജയിംസ് എന്നെ ജോലിയിലേക്ക് വിളിച്ചു. ജെയിംസ് ജോലി ചെയ്യുന്ന ' സ്റ്റാറ്റൻ ഐലൻഡ്കെയർ സെന്ററിൽ ' മെയിന്റനൻസ് വിഭാഗത്തിൽ ഒരു ജോലി ഒഴിവുണ്ടെന്നും, എല്ലാം വേണ്ടപോലെ പറഞ്ഞുവച്ചിട്ടുണ്ടെന്നും, ഇപ്പോൾ തന്നെ വന്ന് ജോയിൻ ചെയ്യണമെന്നും ആയിരുന്നു അറിയിപ്പ്. മുമ്പേ തന്നെജെയിംസിനോട് പറഞ്ഞു വച്ചിരുന്നതിനാൽ ജോലി കിട്ടുമെന്ന് ഏകദേശം ഉറപ്പായിരുന്നു. അവിടെ ഉണ്ടായിരുന്നസുഹൃത്തുക്കളോട് യാത്ര പറഞ്ഞ് ഉച്ചക്ക് തന്നെ തിരിച്ചു പൊന്നു. ഈ കൂട്ടത്തിൽ നിന്ന് ഒരാളെങ്കിലും പുറത്തുകടന്ന് രക്ഷപെടട്ടെ എന്ന ആശ്വാസത്തോടെയും, തങ്ങൾക്ക് പേപ്പർ ഇല്ലാത്തതിന്റെ ദുഃഖം ഉള്ളിലൊതുക്കിയും, അങ്കിളും,പയ്യനും ഉൾപ്പടെയുള്ള മിക്കവരും നിറ കണ്ണുകളോടെ എന്നെ യാത്രയാക്കി പിന്നിൽ നോക്കിനിന്നിരുന്നു.
( പറഞ്ഞിരുന്നത് പോലെ പാസ്റ്റർ കുടുംബം മകന്റെ വീട്ടിലേക്ക് മാറിത്താമസിക്കുകയും, വിപുലമായ വസ്ത്രശേഖരത്തോടെ താഴെ നിലയിൽ മേരിക്കുട്ടി ഫുൾ ടൈം ബിസിനസ് തുടരുകയും ഉണ്ടായി. പാസ്റ്ററെക്കുറിച്ചുള്ളവിവരങ്ങൾ പിന്നീട് അധികം അറിയുവാൻ സാധിച്ചില്ല. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ പാസ്റ്ററും ഭാര്യയുംമരണമടഞ്ഞതായി ആരോ പറഞ്ഞറിഞ്ഞു. )
* ‘ പാടുന്നു പാഴ്മുളം തണ്ട് പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്.