Image

സൂക്ഷിക്കണം, 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' - റിവ്യൂ

Published on 21 February, 2025
സൂക്ഷിക്കണം, 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' - റിവ്യൂ

ഇരട്ട, നായാട്ട്, ഇലവീഴാ പൂഞ്ചിറ എന്നീ ചിത്രങ്ങളുടെ തിരക്കഥയെഴുതിയ ഷാഹി കബീര്‍ തിരക്കഥയെഴുതി നവാഗത സംവിധായകനായ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' സമീപ കാലത്ത് തിയേറ്ററുകളില്‍ നിറഞ്ഞാടിയ അനേകം ത്രില്ലര്‍ സിനിമകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ശക്തമായ ഉള്‍ക്കാമ്പുളള ഇമോഷണല്‍ ത്രില്ലറാണ്. തൊണ്ണൂറുകളിലും രണ്ടായിരത്തിലുമൊക്കെ കോളേജ് വിദ്യാര്‍ത്ഥിനികളുടെ ഹരമായിരുന്ന കുഞ്ചാക്കോ ബോബന്റെ പക്വതയാര്‍ന്ന പോലീസ് ഓഫീസറായുള്ള പ്രകടനം കൊണ്ട് ഓരോ നിമിഷവും ത്രില്ലടിക്കുന്ന സിനിമ. 
യുവാക്കളെ വഴി തെറ്റിക്കുന്ന, ഒരു തലമുറയെ തന്നെ നശിപ്പിക്കുന്ന ലഹരിയെന്ന വിപത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളെ കുറിച്ച് വളരെ വ്യക്തമായി കാട്ടിത്തരുന്ന ചിത്രമാണ് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'. തങ്ങളുടെ മക്കള്‍ക്കൊപ്പം തന്നെ മാതാപിതാക്കള്‍ കാണേണ്ട ചിത്രം. പ്രണയത്തിന്റെ പേരില്‍ വിലപ്പെട്ട ബന്ധങ്ങള്‍ ഉള്‍പ്പെടെ സകലതും പിന്നിലുപേക്ഷിച്ചു കുതിച്ചു പായുകയും പിന്നീട് ചതിക്കുഴികളില്‍ വീണ് ജീവന്‍ വരെ നഷ്ടപ്പെടുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഒരു നല്ല മെസ്സേജും ഈ ചിത്രത്തിലുണ്ട്.

കര്‍മ്മനിരനായ ഒരു പോലീസ് ഓഫീസറാണ് ഹരിശങ്കര്‍. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ അല്‍പ്പം എടുത്തു ചാട്ടം നടത്തിയതിന്റെ പേരില്‍ സര്‍വ്വീസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി തരംതാഴ്ത്തപ്പെട്ട് കഴിയുകയാണ് അയാള്‍. അധ്യാപികയായ ഭാര്യ ഗീതയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന സന്തോഷം നിറഞ്ഞ കുടുംബം. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ഒരു ദുരന്തം ഹരിശങ്കറിന്റെ കുടുംബം തകര്‍ത്തുടയ്ക്കുന്നു. ആ കടുത്ത മാനസികാഘാതത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപെടുന്ന അയാള്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നു. ചാര്‍ജ്ജെടുത്ത ആദ്യ ദിവസം തന്നെ മുക്കു പണ്ടം പണയം വച്ച ഒരു കേസ് ഹരിയുടെ മുന്നിലേക്കെത്തുന്നു. നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തുന്ന ഹരിക്ക് ആരോടും വിട്ടുവീഴ്ചയില്ല. കേസിന്റെ തുമ്പില്‍ പിടിച്ച് അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോകുന്ന ഹരിശങ്കര്‍ നിഗൂഢതയുടെ പുകമറയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ഞെട്ടിക്കുന്ന ചില സത്യങ്ങളിലേക്കാണ് കടന്നു ചെല്ലുന്നത്. സത്യം കണെത്താന്‍ ഹരിശങ്കര്‍ നടത്തുന്ന യാത്രയും അതിനോടനുബന്ധിച്ചിട്ടുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ കരിയര്‍ ബെസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ് ഇതിലെ ഹരിശങ്കര്‍. നോട്ടം കൊണ്ടും ശരീരഭാഷ കൊണ്ടും അളന്നു മുറിച്ച സംഭാഷങ്ങളും കിടയറ്റ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും പോലീസ് ഓഫീസറെ അതിഗംഭീരമാക്കാന്‍ കുഞ്ചാക്കോ ബോബന് കഴിഞ്ഞു. അതിസങ്കീര്‍ണ്ണമായ വൈകാരിക ഭാവങ്ങളിലൂടെ കടന്നു പോകുന്ന അല്‍പ്പം മാനസികാസ്വാസ്ഥ്യമുള്ള പോലീസ് ഓഫീസറായി ഉജ്ജ്വലമായ പ്രകടനമാണ് താരം പകര്‍ന്നു വയ്ക്കുന്നത്. 2025ന്റെ തുടക്കത്തില്‍ ഹരിശങ്കര്‍ എന്ന കിടിലന്‍ കഥാപാത്രവുമായി ലാന്‍ഡിങ്ങ് നടത്തിയ ചാക്കോച്ചന് എന്തു കൊണ്ടും അഭിമാനിക്കാവുന്ന നേട്ടമാണിത്.

ഹരിശങ്കറിന്റെ ഭാര്യയായി എത്തിയ പ്രിയാമണി പക്വതയുള്ള അഭിനയമാണ് കാഴ്ച വച്ചത്. ക്രിസ്റ്റി സാവിയോ എന്ന വില്ലനായി എത്തിയ ആനന്ദം ഫെയിം വൈശാഖ് നായര്‍ കുഞ്ചാക്കോ ബോബനോടൊപ്പം നില്‍ക്കുന്ന പ്രകടനം തന്നെ പുറത്തെടുത്തിട്ടുണ്ട്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഫൈറ്റ് സീനുകളും വയലന്‍സും കൊണ്ട് സ്‌ക്രീനില്‍ തകര്‍ത്താടാന്‍ വൈശാഖിന് കഴിഞ്ഞു. ജഗദീഷ്, മീനാക്ഷി അനൂപ്, മനോജ് കെ.യു, ഉണ്ണി ലാലു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. നര്‍ത്തകനായ റംസാന്‍ ശ്യാം ബാബു എന്ന വില്ലന്‍ കഥാപാത്രത്തെയും ഗംഭീരമായി അവതരിപ്പിച്ചു. നെഗറ്റീവ് റോളുകളിലെത്തിയ പെണ്‍കുട്ടികളും കിടിലന്‍ പെര്‍ഫോമന്‍സ് കൊണ്ട് സ്‌ക്രീനില്‍ തിളങ്ങി.

ഷാഹി കബീറിന്റെ കരുത്തുറ്റ തിരക്കഥയാണ് ചിത്രത്തിന്റെ അടിത്തറ. അതിന്റെ മേല്‍ സംവിധായകന്‍ ജിത്തു അഷ്‌റഫ് പണിക്കുറ്റം തീര്‍ത്തെടുത്ത ചിത്രമാണ് ഓഫീസര്‍ഓണ്‍ ഡ്യൂട്ടി. മികച്ച സംവിധായകരുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെ ഇടം പിടിക്കുന്ന ക്കേിങ്ങ് മികവാണ് ജിത്തു അഷ്‌റഫ് നല്‍കിയിരിക്കുന്നത്. വില്ലന്‍മാരുടെ ഭൂതകാലം കാട്ടിത്തന്നു കൊണ്ട് ആരും ക്രിമിനലുകളായി ജനിക്കുന്നില്ല, സാഹചര്യമാണ് അവരെ കുറ്റവാളികളാക്കുന്നത് എന്നൊരു സന്ദേശം കൂടി ഷാഹി ഈ ചിത്രത്തിലൂടെ നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. വയലന്‍സ് രംഗങ്ങള്‍ കാട്ടുന്നുണ്ടെങ്കിലും അവ തിരക്കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ മാത്രമാണ് അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ കണ്ണു പൊത്തുന്ന രീതിയില്‍ അത് സ്‌ക്രീനില്‍ കാട്ടുന്നില്ല എന്നതും ശ്രദ്ധേയമാണ്.

 

മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച ചിത്രം സാങ്കേതിക മേഖലയിലും ഏറെ മികവ് പുലര്‍ത്തുന്നു. റോബിന്‍ വര്‍ഗ്ഗീസ് രാജിന്റെ ഛായാഗ്രഹണവും ചമന്‍ ചാക്കോയുടെ എഡിറ്റിങ്ങും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ഇമോഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന് അനുയോജ്യമായ മൂഡ് നിലനിര്‍ത്താന്‍ ജേക്‌സ് ബിജോയിയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒപ്പം നിന്നു. ഓരോ പ്രേക്ഷകനും തിയേറ്ററില്‍ തന്നെ കണ്ടിരിക്കേണ്ട അതി ഗംഭീര സിനിമയാണ് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.' മസ്റ്റ് വാച്ച്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക