ഹൈദരാബാദ്∙ 72ാം ലോക സുന്ദരി കിരീട മത്സരം ഇത്തവണ തെലങ്കാനയിൽ നടക്കും. മേയ് 7 മുതൽ 31വരെയാണ് മിസ് വേൾഡ് മത്സരം നടക്കുക. മിസ് വേൾഡ് ലിമിറ്റഡ് ചെയർപഴ്‌സനും സിഇഒയുമായ ജൂലിയ മോർലിയും ടൂറിസം, സംസ്കാരം, പൈതൃകം, യുവജനകാര്യങ്ങൾ എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്മിത സഭർവാളും ഇക്കാര്യം സ്ഥിരീകരിച്ചു. ഉദ്ഘാടന ചടങ്ങും ഗ്രാൻഡ് ഫിനാലെയും ഹൈദരാബാദിലും മറ്റു പരിപാടികൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നടക്കും.
കഴിഞ്ഞ വർഷം കിരീടം നേടിയ ചെക്ക് റിപ്പബ്ലിക്കിൽനിന്നുള്ള ക്രിസ്റ്റിന പിസ്‌കോവയാണ് പുതിയ വിജയിയെ കിരീടം ധരിപ്പിക്കുക. 120ലധികം രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ കിരീടത്തിനായി മത്സരിക്കും. ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 വിജയി നന്ദിനി ഗുപ്തയാണ് ഈ വർഷത്തെ മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.