എഫ് ബി ഐ മേധാവിയായ ആദ്യത്തെ ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ അമേരിക്കയുടെ ശത്രുക്കൾക്കു ശക്തമായ താക്കീതുമായി വ്യാഴാഴ്ച്ച ചുമതല ഏറ്റെടുത്തു: "ഈ ഗ്രഹത്തിന്റെ ഓരോ കോണിലും ഞങ്ങൾ നിങ്ങളെ വേട്ടയാടും."
ഏജൻസിയുടെ 9ആം ഡയറക്‌ടറായ പട്ടേൽ ഏഷ്യൻ വംശജനായ ആദ്യ മേധാവിയുമാണ്. സെനറ്റിൽ വ്യാഴാഴ്ച്ച നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തിനു സ്ഥിരീകരണം ലഭിച്ചത്: 51-49. റിപ്പബ്ലിക്കൻ അംഗങ്ങളായ ലിസ മുർക്കോവ്സ്കി, സൂസൻ കോളിൻസ് എന്നിവർ എതിർത്തു വോട്ട് ചെയ്തു. ഡെമോക്രാറ്റിക് അംഗങ്ങൾ ഒന്നടങ്കം എതിർക്കയും ചെയ്തു.
എക്‌സിൽ പട്ടേൽ കുറിച്ചു: "ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഒൻപതാം ഡയറക്ടറായി സ്ഥിരീകരിക്കപ്പെട്ടത് ആദരമായി ഞാൻ കാണുന്നു.
"അമേരിക്കൻ ജനത സുതാര്യതയുള്ള, ഉത്തരവാദിത്തമുള്ള, നീതി ബോധമുള്ള എഫ് ബി ഐ അർഹിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയെ രാഷ്രീയത്തിനു ഉപയോഗിച്ചപ്പോൾ അതിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടമായി. അത് ഇന്നവസാനിക്കുന്നു.
"എന്റെ ദൗത്യം വ്യക്തമാണ്: നല്ല പോലീസുകാർ തുടരട്ടെ. എഫ്ബിഐ യിൽ വിശ്വാസം വീണ്ടെടുക്കട്ടെ. ബ്യുറോയിലെ അർപ്പണ ബോധമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഒപ്പം ജോലി ചെയ്തു ഞാൻ എഫ്ബിഐയെ അമേരിക്കൻ ജനതയ്ക്കു അഭിമാനത്തോടെ കാണാവുന്ന സ്ഥാപനമാക്കും.
"പ്രഥമ ദൗത്യം: അമേരിക്ക ഫസ്റ്റ്. നമുക്ക് ജോലി ആരംഭിക്കാം."
എഫ്‌ബിഐ ആസ്ഥാനത്തിനു പുറത്തുവച്ചു ഒരു ഡെമോക്രാറ്റിക് സെനറ്റർ പറഞ്ഞു: "നമുക്ക് പിന്നിലുള്ള ഈ കെട്ടിടത്തിൽ പട്ടേൽ തിന്മ അഴിച്ചു വിടും."
പട്ടേലിന് എതിരെ വോട്ട് ചെയ്ത റിപ്പബ്ലിക്കൻ കോളിൻസ് പ്രസ്താവനയിൽ പറഞ്ഞു: "പട്ടേൽ തന്റെ പുസ്തകത്തിൽ എഫ്ബിഐയെ തരം താഴ്ത്തുന്ന നിരവധി കാര്യങ്ങൾ എഴുതി. മറ്റു പലേടത്തും അദ്ദേഹം അത് ആവർത്തിച്ചു. അതേ സ്‌ഥാപനത്തെ നയിക്കാൻ അദ്ദേഹത്തെ നിയമിക്കുമ്പോൾ ആ അഭിപ്രായങ്ങൾ അദ്ദേഹത്തിനു രാഷ്ട്രീയ ലക്ഷ്യം ഇല്ലാതെ പ്രവർത്തിക്കാൻ കഴിയുമെന്നു വിശ്വസിക്കാൻ കഴിയാതാക്കുന്നു.
ട്രംപിന്റെ രണ്ടാം ഭരണത്തിൽ ഏറെ വിവാദമായ ഒരു നിയമനമാണിത്. പീറ്റ് ഹേഗ്സേഥ് ഡിഫൻസ് സെക്രട്ടറി ആയതു വൈസ് പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടിലാണ്. ഡയറക്റ്റർ ഓഫ് ഇന്റലിജൻസ് തുൾസി ഗബ്ബാർഡ്, ആരോഗ്യ സെക്രട്ടറി റോബർട്ട് കെന്നഡി ജൂനിയർ എന്നിവരും കടുത്ത എതിർപ്പ് നേരിട്ടു. എതിർത്തവരിൽ റിപ്പബ്ലിക്കൻ സെനറ്റർമാരും ഉണ്ടായിരുന്നു.
Patel starts with a warning to America's enemies