തിരുവനന്തപുരം: വേദ പണ്ഡിതനും ഹിന്ദി ഭാഷാ പ്രചാരകനും ഗ്രന്ഥകരനുമായിരുന്ന പ്രൊഫസര്‍.കെ. കെ. കൃഷ്ണന്‍ നമ്പൂതിരി. അന്തരിച്ചു. രാത്രി തിരുവനന്തപുരം തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ വിവിധ മേഖലകളില്‍ മാതൃകാപരമായ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ്.
മക്കള്‍:ഹരി നമ്പൂതിരി (യുഎസ്എ),ഡോ. ശ്രീലത (കാലടി സംസ്‌കൃത കോളേജ്),മഞ്ജു/മരുമക്കള്‍:മായ (യുഎസ്എ),കെ. എസ്പിഎന്‍ വിഷ്ണു നമ്പൂതിരി,ബ്രഹ്മദത്തന്‍ നമ്പൂതിരി
വേദസംസ്‌കാരം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് സാഹിത്യം, അദ്ധ്യാപനം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സമ്പുഷ്ടമായ മേഖലകള്‍. കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്ന് ആദ്യകാല വേദ വിദ്യാഭ്യാസം നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒന്നാം ക്ലാസോടെ ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ദേശീയ ഭാഷ പഠിപ്പിച്ചു. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഹിന്ദി വിഭാഗം മേധാവിയായി വിരമിച്ച ശേഷം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും മറ്റ് പ്രമുഖ പഠന കേന്ദ്രങ്ങളിലും അദ്ധ്യാപനം തുടര്‍ന്നു. സര്‍വകലാശാലാ തല പരീക്ഷാ ബോര്‍ഡുകളിലും ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളില്‍ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു.
പ്രശസ്തമായ ശ്രീ ശങ്കര ട്രസ്റ്റിന്റെ കൗണ്‍സില്‍ അംഗമായും അതിന്റെ ദക്ഷിണ മേഖലാ ചെയര്‍മാനായും പ്രവര്‍ത്തിച്ച അദ്ദേഹം ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആത്മീയ പഠന പാരമ്പര്യത്തിന്റെ ആഴങ്ങളിലേക്കും സൂക്ഷ്മതകളിലേക്കും യുവതലമുറയെ പരിചയപ്പെടുത്താനുള്ള അന്വേഷണത്തില്‍ നിരന്തരം പ്രവര്‍ത്തിച്ചു. ജന്മഭൂമി ദിനപത്രത്തിന് പുറമേ ഭക്തപ്രിയ, യജ്ഞോപവീതം, സന്നിധാനം, എ. കേസരി തുടങ്ങിയ ആനുകാലികങ്ങളിലും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
1993ല്‍ അദ്ദേഹത്തിന്റെ ‘ഗണിത് കെ അത്ഭുത് മനീഷി ശ്രീനിവാസ രാമാനുജന്‍’ എന്ന ഹിന്ദി പുസ്തകത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. ‘ഹിന്ദു ധര്‍മ്മസ്വരൂപം’ എന്ന പുസ്തകം വേദങ്ങളില്‍ വേരൂന്നിയ തത്ത്വചിന്തയെയും വേദ ആചാരങ്ങളെയും അടയാളപ്പെടുത്തുന്നു. ഈ കൃതി നിരവധി അംഗീകാരം നേടി.
സനാതന ധര്‍മ്മത്തിനും ദേശീയോദ്ഗ്രഥനത്തിനുമുള്ള സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തിന് ഹിന്ദി വിദ്യാപീഠത്തിന്റെ പി.ജി. വാസുദേവ് പുരസ്‌കാരം, കേരള ഹിന്ദി അക്കാദമിയുടെ രഘുവംശ കീര്‍ത്തന അവാര്‍ഡ്, കൃഷ്ണായന പുരസ്‌കാരം, അഭേദ കീര്‍ത്തി അവാര്‍ഡ്, ധര്‍മ്മശ്രേഷ്ഠ അവാര്‍ഡ്, ശ്രീ ശങ്കര ട്രസ്റ്റിന്റെ വിജ്ഞാനപീഠം അവാര്‍ഡ് എന്നിവ ലഭിച്ചു.
ഗാന്ധിയനായി സര്‍വോദയ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന അദ്ദേഹം 1969ലെ ഗാന്ധി ശതാബ്ദി ആഘോഷങ്ങള്‍ നയിക്കുകയും സംഘടിപ്പിക്കുകയും ചെയ്തു.
വേദ പണ്ഡിതനെന്ന നിലയില്‍ 2007, 2013 വര്‍ഷങ്ങളില്‍ 56ദിവസത്തെ മുറജപം ഉത്സവം സംഘടിപ്പിക്കുന്നതിലും തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടത്തുന്ന യജുര്‍വേദ പാരായണത്തിലും നിര്‍ണായക പങ്ക് വഹിക്കാനായി.
ബ്രഹ്മസ്വം മഠത്തിന്റെ വേദപാഠശാലയുടെ രക്ഷാധികാരി കൂടിയായ കൃഷ്ണന്‍ നമ്പൂതിരി. ജില്ലാ യോഗക്ഷേമ സഭ, ഭാരതീയ വിചാര കേന്ദ്രം തുടങ്ങിയ സംഘടനകളില്‍ സജീവ പങ്കാളിയായിരുന്നു.
വെള്ളിയാഴ്ച (21) രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ, തൈക്കാട് കുടല്‍മന വസതിയില്‍ പൊതുദര്‍ശനം.ശനിയാഴ്ച (22) ഉച്ചയ്‌ക്ക് 1 മണി, തലവടി കുടല്‍മന തറവാട് വീട്ടില്‍ സംസ്‌ക്കാരം